വിശുദ്ധസ്മരണകളിൽ റാസ; പുത്തൻകാവ് കത്തീഡ്രലിലേക്കു ഭക്തജനപ്രവാഹം
പുത്തൻകാവ് :- ആയിരങ്ങൾക്ക് ആത്മീയ വെളിച്ചം പകർന്ന വിശുദ്ധന്റെ സ്മരണയിൽ പുത്തൻകാവ് ഇടവകയിൽ പുണ്യ റാസ. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 324–ാം ശ്രാദ്ധപ്പെരുനാളിനോടനുബന്ധിച്ചുള്ള റാസ പിരളശേരി സെന്റ് ജോർജ് കാതോലിക്കേറ്റ് പള്ളിയിൽ നിന്നാണ് ആരംഭിച്ചത്. മുത്തുക്കുടകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ ആയിരക്കണക്കിനു വിശ്വാസികൾ കുരിശും കൊടിയുമേന്തി പ്രാർഥനയോടെ പള്ളിമുറ്റത്തെത്തി.
വികാരി ഫാ. രാജൻ വർഗീസ് , സഹവികാരി ഫാ. ജാൾസൺ പി. ജോർജ്, റവ. ജോൺ ഡാനിയേൽ കോറെപ്പിസ്കോപ്പ, ഫാ. കെ.ജി. ചെറിയാൻ, ഫാ. മാത്യു തോമസ്, ഫാ. ഡോ. മാത്യു കോശി, ഫാ. മത്തായി കുന്നിൽ, ഫാ. പി.സി. തോമസ്, ഫാ. തോമസ് ജോസഫ്, ട്രസ്റ്റി ജോസ് കെ. ജോർജ്, സെക്രട്ടറി ജോസഫ് ജോർജ് എന്നിവർ നേതൃത്വം നൽകി.
ഇന്നു രാവിലെ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ കാർമികത്വത്തിൽ സമൂഹബലി, തുടർന്ന് ആറാം മാർത്തോമ്മാ അവാർഡ് പ്രഖ്യാപനം, പെരുനാളിന്റെ പ്രധാന ചടങ്ങായ സമൂഹസദ്യ, വൈകിട്ട് അങ്ങാടിക്കൽ ജംക്‌ഷനിൽ നിന്നു കത്തീഡ്രലിലേക്കു റാസ എന്നിവയുണ്ടാകും.