പാമ്പാടി തിരുമേനി മനുഷ്യനെ ശുശ്രൂഷിച്ച സന്യാസിവര്യൻ: കാതോലിക്കാ ബാവാ
പാമ്പാടി :- ദൈവത്തോടൊപ്പം നടന്നു മനുഷ്യനെ ശുശ്രൂഷിച്ച സന്യാസിവര്യനാണു പാമ്പാടി തിരുമേനിയെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനകജൂബിലിക്കു മാതൃ ഇടവകയായ സെന്റ് ജോൺസ് കത്തീഡ്രിൽ നിർമിച്ച കെഎംജി സ്റ്റഡി സെന്ററിന്റെ കൂദാശയ്ക്കു ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്യാസജീവിതം സമൂഹമധ്യേ നിന്നു കൊണ്ടു സ്തുത്യർഹമായി പാമ്പാടി തിരുമേനി നിർവഹിച്ചു. മനുഷ്യസ്നേഹവും മനസ്സലിവുമാണ് തിരുമേനി പ്രാവർത്തികമാക്കിയിരുന്നതെന്നും പരിശുദ്ധ കാതോലിക്ക ബാവാ പറഞ്ഞു. വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ജേക്കബ് കുര്യൻ അനുസ്മരണ പ്രസംഗം നടത്തി. ഇടവക ഡയറക്ടറി പ്രകാശനം, ഭവന താക്കോൽദാനം എന്നിവ നടന്നു.
ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വർഗീസ് കാവുങ്കൽ, വികാരി ഫാ. ഐസക്ക് പി. ഡേവിഡ്, ട്രസ്റ്റി കെ.എ. കുര്യൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ ജോർജ് കെ. ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാമ്പാടി തിരുമേനിയുടെ സ്ഥാനാരോഹണ പെരുന്നാൾ ദിനത്തിൽ നടന്ന സ്റ്റഡി സെന്റർ കൂദാശ ചടങ്ങുകൾക്കു പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ജോസഫ് റമ്പാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. സെന്റ് ജോൺസ് കത്തീഡ്രലിന് അഭിമുഖമായാണ് ആധുനിക നിലവാരത്തിലുള്ള സ്റ്റഡി സെന്റർ പണികഴിപ്പിച്ചത്. പാമ്പാടി തിരുമേനിയുമായി അഭേദ്യമായ ബന്ധമുള്ള കുന്നംകുളത്തു നിന്നുൾപ്പെടെ തീർഥാടകർ ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. കത്തീഡ്രൽ ക്വയർ ഗാനങ്ങളലാപിച്ചു. സ്നേഹവിരുന്നും നടന്നു.
Photos By: Joice Thottackad