OVS - Latest NewsOVS-Kerala News

കോടതി ഉത്തരവിലെ ശരിതെറ്റുകൾ പൊലീസ് പരിശോധിക്കേണ്ട: ഹൈക്കോടതി

കൊച്ചി: പള്ളിക്കേസിലെ കോടതി ഉത്തരവു ശരിയോ തെറ്റോ എന്നു പരിശോധിച്ചു തീരുമാനമെടുക്കാനുള്ള അധികാരമോ അവകാശമോ പൊലീസിനില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ ഓർത്തഡോക്സ് സഭാ വികാരിയെ തടസ്സപ്പെടുത്തരുതെന്ന നിരോധന ഉത്തരവു നടപ്പാക്കാൻ പൊലീസ് സഹായം നൽകണമെന്ന മുൻസിഫ് കോടതിയുടെ ഉത്തരവ് അക്ഷരാർഥത്തിൽ നടപ്പാക്കാനാണു നിർദേശം. ഏതു കോടതി ഉത്തരവ് നടപ്പാക്കണമെന്നും നടപ്പാക്കേണ്ടെന്നും തീരുമാനിക്കാൻ എത്ര ഉന്നതനായ പൊലീസ് ഓഫിസർക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ നിയമപരമായ ഉത്തരവുകൾ, കീഴ്ക്കോടതിയുടേത് ആയാലും പരമോന്നത കോടതിയുടേത് ആയാലും, നിയമാനുസൃതം നടപ്പാക്കാൻ പൊലീസിനു ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. പള്ളി 1934-ലെ സഭാ ഭരണഘടനയനുസരിച്ചു ഭരിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സഹായം നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിൽ അപാകതയില്ല. കീഴ്ക്കോടതി പറഞ്ഞിട്ടും സഹായത്തിനു മുതിരാത്ത പൊലീസ് നടപടി നിയമവിരുദ്ധവും അനുചിതവുമാണ്. കോടതി ഉത്തരവുകളുടെ ശരിതെറ്റുകൾ മേൽക്കോടതികളാണു പരിശോധിക്കേണ്ടത്. നിയമവാഴ്ച ഉറപ്പാക്കാൻ സർക്കാരിനു ഭരണഘടനാ ബാധ്യതയുണ്ട്. സംസ്ഥാന ഭരണകൂടത്തിന്റെ പ്രധാന ഘടകമെന്ന നിലയിൽ പൊലീസിനു നിയമവാഴ്ച നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും പറഞ്ഞു.

യാക്കോബായ സഭാ വൈദികർ കോടതിയുടെ നിരോധന ഉത്തരവു നിഷേധിക്കുന്ന സാഹചര്യത്തിൽ പൊലീസ് സഹായം നൽകേണ്ടതാണെന്ന മുൻസിഫ് കോടതി ഉത്തരവിനെതിരെ യാക്കോബായ സഭാംഗമായ ജോൺസൺ കുര്യാക്കോസ് ആണ് ഹർജി നൽകിയത്. ഓർത്തഡോക്സ് സഭാ വികാരിയായ ഫാ. തോമസ് പോൾ റമ്പാൻ പള്ളിയിൽ കയറുന്നതു ക്രമസമാധാന ലംഘനത്തിന് ഇടയാക്കുമെന്ന വിശ്വസനീയമല്ലാത്ത കാരണം പറഞ്ഞ് കോതമംഗലം പൊലീസ് സഹായം നൽകിയില്ലെന്നു മുൻസിഫ് കോടതി കണ്ടെത്തിയിരുന്നു. ചില കോടതിവിധികൾ മാത്രം തിരഞ്ഞുപിടിച്ചു നടപ്പാക്കാൻ പൊലീസിനു സ്വാതന്ത്ര്യമില്ലെന്ന് ഫാ. തോമസ് പോൾ റമ്പാൻ വാദിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനെന്ന പേരിൽ പൊലീസ് നിയമത്തിലെ ചില വ്യവസ്ഥകൾ ഉദ്ധരിച്ചുള്ള പൊലീസ് നടപടികളാണു കോടതിയുടെ വിമർശനത്തിനു കാരണമായത്. പൊലീസ് നിയമത്തിന്റെ പേരിൽ കോടതി ഉത്തരവു നടപ്പാക്കാനുള്ള ബാധ്യതയിൽനിന്നു പൊലീസിന് ഒഴിയാനാവില്ലെന്നു കോടതി പറഞ്ഞു.

നിയമലംഘകരെയാണു പൊലീസ് തടയേണ്ടത്. ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിച്ചട്ടവും അനുസരിച്ചുള്ള നടപടികളും പൊലീസിനു സാധ്യമാണ്. വിചാരണക്കോടതി പൊലീസ് സഹായം നൽകാൻ നിർദേശിച്ചതു നിയമവിരുദ്ധമോ അനുചിതമോ അല്ലെന്നും വസ്തുതകൾ ശരിയായി വിലയിരുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കീഴ്‌ക്കോടതി ഉത്തരവു ഹൈക്കോടതി നീക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാത്ത നിലയ്ക്ക് അതു നടപ്പാക്കണം. ബന്ധപ്പെട്ട പൊലീസ് ഓഫിസർ മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.

Courtesy: Manorama

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കോതമംഗലം പള്ളി: ഹൈ കോടതി ഓർഡർ (copy) >> Kothamangalam-order-dec

https://ovsonline.in/latest-news/kothamangalam-church-2/

error: Thank you for visiting : www.ovsonline.in