ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ് മാർ അത്താനാസിയോസ് കാലം ചെയ്തു. കബറടക്കം ഞായറാഴ്ച്ച
മൂന്നു പതിറ്റാണ്ടിലേറെ മലങ്കര ഓർത്തഡോൿസ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് തിരുമേനി (80) കാലം ചെയ്തു. ബറോഡയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്തു വച്ചായിരുന്നു കാലം ചെയ്തത്. രാവിലെ അഞ്ചരയോടെ എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികെ നിൽക്കുകയായിരുന്നു. വാതിൽ തട്ടിയാണ് അദ്ദേഹം പുറത്തേക്കു തെറിച്ചതെന്നാണ് നിഗമനം. സഭാപ്രവർത്തനങ്ങളുമായി ബറോഡയിലായിരുന്ന അദ്ദേഹം. നെടുമ്പാശ്ശേരിയിൽ വിമാനസർവീസ് താൽക്കാലികമായി നിർത്തിയ സാഹചര്യത്തിലാണ് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചത്.
ഭൗതികശരീരം രാവിലെ 11.30 മുതൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ അരമണിക്കൂർ പൊതുദർശനത്തിനു കൊണ്ടുവന്നു. ഇവിടെനിന്ന് നാലുമണിക്ക് പരുമല പള്ളിയിൽ വിലാപയാത്രയായി എത്തിക്കും. വൈകുന്നേരം ആറുമണിക്ക് ചെങ്ങന്നൂർ പുത്തൻകാവ് ബഥേൽ അരമനയിൽ ഭൗതികശരീരം എത്തിക്കും. ശനിയാഴ്ച പുത്തൻകാവ് കത്തീഡ്രലിൽ പൊതു ദർശനത്തിന് വയ്ക്കും. ഞായറാഴ്ച മൃതദേഹം ഓതറ ദയറായിൽ കൊണ്ടുവരും. ദയറായിൽ പ്രത്യേകം തയാറാക്കിയ കബറിൽ വൈകുന്നേരം മൂന്നിനാണ് കബറടക്കം.
ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ സഹായമെത്രാനായിരുന്ന മാത്യൂസ് മാർ തിമൊഥിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പസ് (അങ്കമാലി ഭദ്രാസനം), യാക്കൂബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), ഗീവർഗീസ് മാർ യൂലിയോസ് (ബറോഡ ഭദ്രാസനം), മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട് ഭദ്രാസനം) എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. മന്ത്രി എ.സി. മൊയ്തീൻ, എം.എൽ.എ-മാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, ജസ്റ്റിസ് സുരേന്ദ്ര മോഹൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോണി നെല്ലൂർ, കെ.വി. തോമസ് എംപി, പി.സി. ചാക്കോ, ബെന്നി ബെഹനാൻ തുടങ്ങിയവർ എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിലെത്തി അന്തിമോപചാരം അർപ്പിച്ചു.
സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാളാണ്. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും മേൽനോട്ടം വഹിച്ചു. 1985-ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപീകരിച്ചതു മുതൽ ഭദ്രാസനാധിപനായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഭാപ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി ഏറെ പ്രയത്നിച്ചു.
തോമസ് മാര്‍ അത്താനാസ്യോസ് :- പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്‍റെയും ഏലിയാമ്മയുടെയും മകന്‍. ജനനം 3-4-1939. 1970-ല്‍ ഔഗേന്‍ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേല്‍ മാര്‍ പീലക്സീനോസ് കശ്ശീശാപട്ടവും നല്‍കി. ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളില്‍ വികാരി. ഒരു ഡസനോളം പള്ളികള്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചു. 1983 മെയ് 14-ന് പരുമലയില്‍ വച്ച് മാത്യൂസ് മാര്‍ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15-ന് പുതിയകാവ് കത്തീഡ്രലില്‍ വച്ച് മാത്യൂസ് പ്രഥമൻ കാതോലിക്കാ മെത്രാന്‍സ്ഥാനം നല്‍കി. 1985 ആഗസ്റ്റ് 25-ന് മെത്രാപ്പോലീത്താ ആക്കി. 1985 ആഗസ്റ്റ് 1-ന് ചെങ്ങന്നൂരിന്‍റെ ചുമതല നല്കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്തു.
https://ovsonline.in/articles/h-g-thomas-mar-athanasios-metropolitan/