പരസ്പരബന്ധം ശക്തീകരിച്ച് ക്രിസ്തീയ മൂല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണം : യൂഹാനോൻ മാർ മിലിത്തിയോസ്
തിരുവല്ല:- പരസ്പരബന്ധം ശക്തീകരിച്ച് ക്രിസ്തീയ മൂല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ത്യശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആഹ്വാനം ചെയ്തു. മരുഭൂമിയിലെ മാതൃകോണ്‍ഗ്രിഗേഷനും മരുഭൂമിയിലെ നീരുറവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതുമായ സെൻറ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക ഒത്തുചേരലില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സാംസ്കാരിക തനിമ ഉള്‍കൊണ്ട് സമൂഹത്തിന്റെ തുടിപ്പുകള്‍ ആയി മാറാന്‍ നമുക്ക് സാധിക്കണം. പറിച്ചുനട്ടു വേരറുക്കല്‍ അല്ല വളര്‍ച്ചയുടെ മുഖം, നല്ലതിലേക്കുള്ള തിരിച്ച്പോക്കിന് യുവതലമുറയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നാല്‍പ്പത്തിമൂന്ന്‍ വര്‍ഷമായി ഒഴുകികൊണ്ടിരിക്കുന്ന നീരുറവ, സഹജീവികളോടുള്ള സ്നേഹവും വിനയവും തടസമില്ലാതെ തുടരുന്നത് വെളിച്ചത്തിന്റെ മായാത്തപ്രഭയാണന്ന്‍ ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തിയ നിരണം ദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസ്റ്റോസമോസ് പറഞ്ഞു. അവനവന്റെ അകം കഴുകുന്നതാണ് ഏറ്റവും വലിയ അത്ഭുതം എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ബഥനി അരമനയില്‍ നടന്ന സമ്മേളനത്തില്‍ റവ. ഫാദര്‍ സാജന്‍ പോള്‍, ഷാജി വി മാത്യു, ചെറിയാന്‍ തോമസ്, റ്റി. ജെ. ജോണ്‍, സിസ്റ്റര്‍ സോഫിയ, റവ. ഫാദര്‍ ജോസ് എം. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. അജു ജോണ്‍ അനുമോദകരെ പരിചയപ്പെടുത്തി, പ്രിന്‍സ് മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവ. ഫാദര്‍ ജിനു ചാക്കോ നന്ദി അര്‍പ്പിച്ചു.