OVS - ArticlesOVS - Latest NewsOVS-Kerala News

പിറവം പള്ളി : അറിയേണ്ടതെല്ലാം

പിറവം പള്ളിയെക്കുറിച്ച് പറയാനുള്ളത്……

പിറവം വലിയ പള്ളിയുടെ കേസില്‍ വിധി വന്ന ഉടന്‍ വാസ്തവ വിരുദ്ധമായ എത്ര കഥകളാണ് പറഞ്ഞ് പരത്തുന്നത്. ഇത് ഏറ്റ് പറഞ്ഞ് സത്യത്തിന് നിരക്കാത്ത പ്രസ്ഥാവനകള്‍ ഇറക്കി വിടുന്നതില്‍ പ്രമുഖരായ പലരും എന്നത് കാര്യ ത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ സുപ്രീംകോടതി തീര്‍പ്പാക്കിയിരിക്കുന്നത് പിറവം വലിയപള്ളിയിലെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ആ പള്ളിയിലെ പാത്രിയര്‍ക്കിസ് വിഭാഗക്കാര്‍ക്ക് എതിരെ 1985-ല്‍ തുടങ്ങിയ വ്യവഹാരമാണ്. നീണ്ട കാലത്തെ വ്യവഹാര ചരിത്രത്തില്‍ ഇരുവിഭാഗവും ജയപരാജയങ്ങളിലൂടെ കടന്ന് പോയി. ഈയൊരു കാലഘട്ടത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക് (ഇടവകക്കാര്‍ക്ക് പോലും) പള്ളിയില്‍ പ്രവേശിക്കുന്നതിനോ, കര്‍മ്മങ്ങള്‍ നടത്തുന്നതിനോ, എതിര്‍ വിഭാഗം അനുവദിച്ചിരുന്നില്ല. ഇക്കാലം മുഴുവനും ഓര്‍ത്തഡോക്‌സ്‌കാരായ വൈദികരും ജനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പള്ളിക്ക് പുറത്തായിരുന്നു. എന്നാല്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം കോടതിയില്‍ അവര്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ഇപ്പോള്‍ ഇതാ ഓര്‍ത്തഡോക്‌സ് വിഭാഗത്തന്‍റെ വാദങ്ങള്‍ എല്ലാം അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ഈ അന്തിമ വിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നതിന് പകരം അതിനെതിരെ കലഹിക്കുന്നത് ജനാതിപത്യ സംവിധാനത്തിന് ഭൂഷണമല്ല.

1958 മുതല്‍ 1970 വരെയുള്ള സമാധാന കാലഘട്ടം കഴിഞ്ഞുള്ള സമയത്ത് ആരംഭിച്ച കക്ഷിവഴക്ക് ആദ്യസമയം മുതല്‍ തന്നെ ഈ ഇടവകയില്‍ ഉണ്ടായിരുന്നെങ്കിലും പ്രഗത്ഭരായ ഇടവകപ്പട്ടക്കാരാല്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് പോന്നു. ഈ കാലഘട്ടത്തില്‍ പള്ളി സംബന്ധിച്ച് പല വ്യവഹാരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 1985-ല്‍ ആരംഭിച്ച സിവില്‍ കേസാണ് ഇപ്പോള്‍ ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ എത്തി വിധിയായിരിക്കുന്നത്. 1985-ല്‍ ഈ കേസ് ഫയല്‍ ചെയ്തതിന്‍റെ ശേഷം കോടതിയുടെ ശക്തമായ ഇടപെടലോടെയായിരുന്നു ഇടവക ഭരണം നടന്ന് വന്നത്. 1995-ല്‍ സഭാ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ പിറവം പള്ളിയില്‍ മൂന്ന് പട്ടക്കാരാണ് ഉണ്ടായിരുന്നത്. അവര്‍ മൂന്ന് പേരും പാത്രിയര്‍ക്കിസ് വിഭാഗം നിര്‍ദ്ദേശിച്ചത് കോടതി അംഗീകരിച്ച് നിയമിച്ചവരുമായിരുന്നു.

1995-ലെ സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് പള്ളിയുടെ 6/85-)0 നമ്പര്‍ കേസില്‍ ഇടവകയിലെ വൈദികരും ഇടവകാഗംങ്ങളും സുപ്രീം കോടതി വിധി അംഗീകരിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 1934-ലെ ഭരണഘടന അംഗീകരിച്ച് എറണാകുളം I അഡീഷണല്‍ ജില്ലാക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും ഉണ്ടായി. ഈ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ 1998-ലും, 2002-ലും, 2004-ലും പള്ളിയില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നു. പള്ളിലെ ഇടവകാംഗം എന്ന നിലയിലുള്ള വോട്ടവകാശത്തിനായി ഭരണഘടന അംഗീകരിച്ച് ഓരോരുത്തരും സത്യവാങ്ങ്മൂലം എഴുതി ഒപ്പിട്ടു. ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം ഇത്തരത്തില്‍ കോടതി മുമ്പാകെ സത്യവാങ്മൂലം എഴുതി സമര്‍പ്പിച്ചത് വഴി അവിടെത്തെ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട ഇടവക ജനങ്ങളും മലങ്കര ഓര്‍ത്ത്‌ഡോക്‌സ് സുറിയാനി സഭയുടെ ഇടവകാംഗങ്ങള്‍ ആയി മാറി എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ല. മുന്‍പ് ഇടവക ഒന്നടങ്കം അംഗീകരിച്ചത് ഒന്നുകൂടി ഉറപ്പിക്കുക മാത്രമാണ് 2018 ഏപ്രില്‍ 19 ലെ വിധിയില്‍ ചെയ്തിട്ടുള്ളത്. സുപ്രീംകോടതി വിധി വാചകം തന്നെ അത് സൂചിപ്പിക്കുന്നു “As the conoversy in question has been finally decided in the case of K.S. Verghese vs. St. Peter’s & Paul’s Syrian Orth. & Ors. in C.A. NO. 3674 of 2015 etc. decided on 3rd July, 2017 [2017 (15) SCC 333], in which it has been laid down that 1934 Constitution holds the field, nothing further survives in the matters for adjudication. Consequently, the appeals stand disposed of in terms of the above judgment”.  ഇനിമുതല്‍ പള്ളി ഭരണം പിടിക്കാന്‍ 1934-ലെ ഭരണഘടന അംഗീകരിച്ച് ഒപ്പിട്ടതാണ്, ഭരണം കിട്ടിയാല്‍ ഞങ്ങള്‍ യാക്കോബായക്കാരാണ് എന്ന് പറയാന്‍ ധാര്‍മ്മികമായും നിയമപരമായും സാധിക്കില്ല.

2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തെത്തുടര്‍ന്ന് രൂപിക്യതമായ സഭാ മാനേജിംഗ് കമ്മറ്റി ഭദ്രാസനങ്ങളെ പുനക്രമീകരിച്ചപ്പോള്‍ പിറവം വലിയ പള്ളി കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെടുത്തി. ഈ തീരുമാനത്തെത്തുടര്‍ന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലിത്ത ഡോ.തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി ആ പള്ളിയിലെ മൂന്ന് പട്ടക്കാരില്‍ ഒരാളായ ഫാ. സ്‌ക്കറിയ വട്ടയ്ക്കാട്ടിലിനെ പള്ളി വികാരിയായി നിയമിച്ചു. എന്നാല്‍ ആ പള്ളിയിലുാണ്ടായിരുന്ന മറ്റ് രണ്ടു വൈദികരും കോടതി ഉത്തരവുകള്‍ ലംഘിച്ച് യാക്കോബായ വിഭാഗവുമായി ചങ്ങാത്തത്തിലായി, കൂറ് മാറ്റം പൂര്‍ണ്ണമാക്കി.

ഇതിനിടയില്‍ ഈ പള്ളിയുടെ കേസില്‍ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി അന്തിമ വിധി മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി പറഞ്ഞു. 1934-ലെ മലങ്കര സഭാ ഭരണഘടന ഈ ഇടവകക്ക് ബാധകമാണെന്നും അതനുസരിച്ച് ഭരിക്കപ്പെടണം എന്നും തീര്‍പ്പ് കല്പിച്ചു. എന്നാല്‍ സഭ ആവശ്യപ്പെട്ട ചില നിവര്‍ത്തികള്‍ കോടതി അനുവദിച്ചില്ല. ഇത് ചേദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ അപ്പില്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി അപ്പിലില്‍ വാദം കേള്‍ക്കുന്നതിനടയില്‍ ഈ ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്ന സാങ്കേതിക കാരണം കാണിച്ച് യാക്കോബായ വിഭാഗം ഒരു ഉപഹര്‍ജികൊടുത്തത് അംഗീകരിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ കേസ് തന്നെ തള്ളിച്ചു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് അന്തിമ വിധി ഉണ്ടായിരിക്കുന്നത്.

2014-ല്‍ കേരള ഹൈക്കോടതി ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി തള്ളിപ്പോയത് യാക്കോബായ വിഭാഗം ആഘോഷിച്ചു. ഭരണഘടനയോട് കൂറും വിധേയത്വവും നിലനിര്‍ത്തി പള്ളി വികാരിയുടെ ചുമതല നിര്‍വ്വഹിച്ചിരുന്ന ഫാ. സക്‌റിയ വട്ടയ്ക്കാട്ടിലിനെ കായിക ബലം ഉപയോഗിച്ച് പള്ളിയില്‍ നിന്ന് പുറത്താക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി തള്ളിയെങ്കിലും യാക്കോബായ  വിഭാഗത്തിന് അനുകൂലമായി ഒരുവാക്ക് പോലും വിധിയില്‍ ഇല്ലാതിരുന്നിട്ടും വിധി തങ്ങളുടെ വിജയമാണ് എന്ന് വ്യാഖ്യാനിച്ച് യാക്കോബായ സഭാ മെത്രാന്മാരും വൈദികരും പള്ളിയില്‍ പ്രവേശിക്കാനും കര്‍മ്മാധികള്‍ നടത്താനും തുടങ്ങി. കോടതി നിയമിച്ച മൂന്ന് വൈദികരൊഴിച്ച് യാക്കോബായ മെത്രാന്മാരും വൈദികരും കോടതി ഉത്തരവുകള്‍ ലംഘിച്ച് പള്ളിയില്‍ കയറിത്തുടങ്ങിയിട്ട് നാല് വര്‍ഷമെ ആയിട്ടുള്ളൂ എന്നത് പിറവത്തെ ആര്‍ക്കും അറിയാവുന്നതാണ്. ഹൈക്കോടതി വിധിയില്‍ തങ്ങള്‍ക്ക് അനുകൂലമായി ഒന്നും ഇല്ലാതിരുന്നിട്ടും ഉണ്ട് എന്ന് നടിച്ച് വിജയത്തോടെ വിധിനടപ്പാക്കിയ യാക്കോബായക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് കീഴ്‌ക്കോടതി വിധി തിരുത്തി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ എന്തിനാണ് സുപ്രീംകോടതിയെ ഭള്ളു പറയുന്നത്? കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കുന്നതല്ലേ ന്യായവും മര്യാദയും?

ഈ കാലഘട്ടത്തില്‍ ചരിത്രത്തോടും യാക്കോബായക്കാര്‍ നീതി പുലര്‍ത്തിയില്ല. പള്ളിയുടെ ടൗണ്‍ കുരിശില്‍ ‘Belongs to Orthodox Syrian Church’ എന്ന് കോണ്‍ക്രീറ്റ് അക്ഷരങ്ങളില്‍ എഴുതിവച്ചിരുന്നത് രാത്രിയുടെ മറവില്‍ തച്ചുടച്ചുകളഞ്ഞു. JCB യില്‍ കെട്ടിയ വലിയ ഇരുമ്പ് വടം ഉപയോഗിച്ച് പള്ളിയുടെ St. Mary’s Orthodox Syrian Church എന്ന പഴയ ആര്‍ച്ച് പൊളിച്ച് നീക്കി, പരിശുദ്ധ ഔഗേന്‍ ബാവയുടെ പേര് ആലേഖനം ചെയ്തിരുന്ന ടൗണ്‍ കുരിശ് പള്ളിയിലെ ഫലകം പൂട്ടി തേച്ച് മായിച്ച് കളഞ്ഞു. ഇങ്ങനെ നിരവധിയായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍. ചരിത്രപരമായി നിലനിന്നിരുന്ന ഈ അടയാളങ്ങള്‍ തകര്‍ത്ത് കളഞ്ഞാല്‍ ആ പള്ളിയുടെ മേലുള്ള സഭയുടെ അധികാരം ഇല്ലാതാക്കാം എന്ന് കരുതിയവര്‍ക്ക് ഈ വിധി ദൈവസന്നിധിയില്‍ നിന്നുള്ള ശക്തമായ താക്കീതാണ്. എത്രതന്നെ നുണക്കഥകള്‍ പറഞ്ഞ് പരത്തിയാലും സത്യത്തെ മൂടിവയ്ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പിറവം പള്ളിയുടെ സിവില്‍ വ്യവഹാരം അതിന്‍റെ അന്തിമഘട്ടത്തില്‍ എത്തുമ്പോള്‍ മലങ്കര സഭയുടെ തനിമയും സ്വാതന്ത്രവും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തമായ ഒരു വിധിപ്രസ്ഥാവമായി അത് മാറിയത്. ഇത് മലങ്കര നസ്രാണികളായ ഓരോരുത്തരുടെയും ദൈവസന്നിധിയുള്ള സന്തോഷമായി മാറട്ടെ എന്ന് പ്രര്‍ത്ഥിക്കുന്നു.

പിറവം പള്ളിയില്‍ നിലനിന്ന് വന്ന ധൂര്‍ത്ത്, അഴിമതി, അക്രമ ക്രമീകരണങ്ങള്‍ എന്നിവ മാറ്റുവാനും നീതിപൂര്‍വ്വമായ ഭരണ സംവിധാനം നിലവില്‍ വരുവാനും ഈ കോടതി വിധി നടപ്പാക്കേത് അത്യന്താപേഷിതമാണ്. അതിനുള്ള അവസരമായും ദൈവീക ഇടപ്പെടലായും മനസ്സിലാക്കി വിധി നടത്തിപ്പിന് സഹകരിക്കുവാന്‍ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ
കണ്ടനാട് ഈസ്റ്റ് ഭദ്രാസന കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്നത്
09.05.2018

https://ovsonline.in/news/statement-regarding-piravam-church/

error: Thank you for visiting : www.ovsonline.in