ഏകീകൃതമാകുമ്പോൾ തോന്നിയത് പോലെ ഭരിക്കാനാവില്ല ; വിഘടിത നേതൃത്വത്തിന്റേത് താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കം
പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ(വലിയ) പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പറയുന്ന വസ്തുതകൾ തിരിച്ചറിഞ്ഞു പൊതു സമൂഹം പ്രതികരിക്കണമെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.1934 -ലെ ഭരണഘടനയുടെ പേരിൽ ഇടവകാംഗങ്ങളായ ആരുടെയും അവകാശങ്ങൾ തടയപ്പെടുകയില്ല. പള്ളി പിടിച്ചെടുക്കുകയോ ധനം അന്യാധീനപ്പെടുത്താനോ സംഘർഷത്തി നോ ഓർത്തഡോക്സ് സഭ ശ്രമിക്കില്ലെന്ന് അഭിവന്ദ്യ തിരുമേനി വ്യക്തമാക്കി.
കോടതി വിധിയെ തുടർന്നുള്ള സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വിവിധ മത നേതാക്കളുടെയും സാമൂഹിക സംഘടനകളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മാർ അത്താനാസിയോസ്.
1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട ദേവാലയമാണ് പിറവം വലിയ പള്ളി എന്ന അസന്നിഗ്ധമായ വിധിയാണ് ബഹു.സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഭരണഘടന അംഗീകരിച്ചുവെന്നു അവകാശപ്പെടുകയും പ്രവർത്തനത്തിൽ പാലിക്കാതെയിരിക്കുകയും ചെയ്യുന്ന സമാന്തര രീതിയാണ് പിറവത്തുള്ളത്. കോടതി വിധിയോടെ ഇനി അത് തുടരാനാവില്ല – അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട കക്ഷികൾക്ക് ഇത് നന്നായി അറിയാമെന്നിരിക്കെ, വൈദീകരടക്കം ഏതാനും ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കമാണ് പിറവത്ത് കാണുന്നത്.ഭരണഘടന പ്രകാരം വ്യവസ്ഥാപിതമായ ഏകീകൃത ഭരണ സംവിധാനം നിലവിൽ വന്നാൽ ബജറ്റും കണക്കുമില്ലാതെ ആർക്കും തോന്നിയത് പോലെ ഭരിക്കാനാവില്ലെന്നും അഭിവന്ദ്യ തിരുമേനി അഭിപ്രായപ്പെട്ടു.
പിറവം കാതോലിക്കേറ്റ് സെന്ററിൽ ചേർന്ന യോഗത്തിൽ ഫാ.മാത്യൂസ് വാതക്കാട്ടിൽ,ഫാ.ജോസഫ് മങ്കിടി, ഫാ.തോമസ് ചകിരിയിൽ,ഫാ.യാക്കോബ് തോമസ്,ഫാ.എബ്രഹാം മാത്യു വാതക്കാട്ടിൽ വിവിധ ഹൈദവ സമുദായിക സംഘടന പ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.