പരുമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്
പരുമല ∙ തീർഥാടകർ എത്തിത്തുടങ്ങി. പരുമല ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു പദയാത്രാ സംഘങ്ങൾ വരവായി. കോട്ടയം, നിലയ്ക്കൽ ഭദ്രാസനങ്ങളിൽ നിന്നുള്ളവരാണ് പുണ്യവാന്‍റെ കബറിടം ദർശിച്ച് മടങ്ങിയത്. കനത്തമഴയിലും രാത്രി വൈകിയും തീർഥാടകർ എത്തുന്നുണ്ടായിരുന്നു. ഇന്ന് മലങ്കരയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പദയാത്രകൾ പരുമലയിൽ സംഗമിക്കും. ഈ വർഷം കൊടിയേറ്റു ദിവസം മുതലേ വിശ്വാസികൾ പദയാത്രയായി പരുമലയിലേക്കെത്തിയിരുന്നു.
വിവാഹ സഹായനിധി വിതരണം ചെയ്തു
പരുമല ∙ ആതുരസേവനം ശ്രേഷ്‌ഠമായ ആരാധനയ്ക്കു തുല്യമാണെന്നും സമൂഹത്തിൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ വലുതാണെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിലുള്ള വിവാഹ സഹായനിധിയുടെ വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മ ചെയ്യുന്നതിൽ അലംഭാവം കാണിക്കുന്നത് ദൈവത്തോടും സമൂഹത്തോടും കാട്ടുന്ന അനീതിയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
മന്ത്രി കെ.രാജു സഹായ വിതരണം നടത്തി. ഓരോ ആരാധനാകേന്ദ്രങ്ങളും ആശ്രയകേന്ദ്രങ്ങളായി മാറണമെന്നും ഓർത്തഡോക്സ് സഭ നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ പരുമല തിരുമേനിയെ പരിശുദ്ധനായി സഭ പ്രഖ്യാപിച്ചതിന്റെ സപ്തതി വർഷത്തിൽ ഒന്നാം ഘട്ടമായി 70 പെൺകുട്ടികൾക്കാണ് സഹായം നൽകിയത്.
വൈഎംസിഎ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, അസി. മാനേജർ കെ.വി.ജോസഫ് റമ്പാൻ, കൺവീനർ ഏബ്രഹാം മാത്യു വീരപ്പള്ളിൽ, കമ്മിറ്റി അംഗം ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ആയുർവേദ ക്യാംപും സെമിനാറും
പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലാ ഭാരതീയ ചികിൽസാ വകുപ്പിന്‍റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാംപും സെമിനാറും നടന്നു. വൈദിക ട്രസ്റ്റി ഫാ. എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. കെ.വി.ജോസഫ് റമ്പാൻ അധ്യക്ഷത വഹിച്ചു. ഡോ. ഷേർലി മാത്യുവും പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി ആയുർവേദ വിഭാഗത്തിലെ ഡോ. ജോൺ കെ.ജോർജും ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫാ. വൈ.മത്തായിക്കുട്ടി, മോനി കല്ലംപറമ്പിൽ, എ.പി.മാത്യു, ഡോ. ജിസ് മേരി, ഡോ. മോൾ എലിസബത്ത് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര
പരുമല ∙ മലങ്കര സഭയിൽ കാതോലിക്കറ്റിനു വിശ്വാസവും ജനാധിപത്യ ദർശനവും പകർന്ന ക്രാന്തദർശിയായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പോൾ മണലിൽ. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പരുമല തിരുമേനിയും കാതോലിക്കറ്റും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷനായിരുന്നു. ഡോ. വർഗീസ് പേരയിൽ എഴുതിയ സെന്റ് ഗ്രീഗോറിയോസ് ഓഫ് പരുമല ആൻഡ് ബിഷപ് അൽവാരിസ് ഓഫ് ഗോവ എന്ന ഗ്രന്ഥം പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുൻ അസോസിയേഷൻ സെക്രട്ടറി എം.കെ.തോമസിനു നൽകി പ്രകാശനം ചെയ്തു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാനേജർ ഫാ. എം.സി.കുര്യാക്കോസ് ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
ഇന്ന് നാലിന് പരുമല തിരുമേനി; സാമൂഹിക നവോത്ഥാന നായകൻ എന്ന വിഷയത്തിൽ വിവരാവകാശ കമ്മിഷൻ മുൻ അംഗം ഡോ. കുര്യാക്കോസ് കുമ്പളക്കുഴി പ്രഭാഷണം നടത്തും.
ഗതാഗത നിയന്ത്രണം ഇന്നു മുതൽ
പരുമല പെരുന്നാളിനോടനുബന്ധിച്ചു തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ തിരക്കു നിയന്ത്രിക്കുന്നതിനായി മാന്നാറിലും പരിസരപ്രദേശത്തും ഇന്നു മുതൽ രണ്ടു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെയും മറ്റന്നാളും ഈ വഴിക്കു ടിപ്പർ ലോറികളും മറ്റു ചരക്കു വാഹനങ്ങളും നിരോധിച്ചു.
പരുമല ജംക്‌ഷനിൽ നിന്നു ടൂറിസ്റ്റ് ബസുകൾ പരുമലപള്ളിയിലേക്ക് കടത്തി വിടില്ല. ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തു നിന്നു സ്റ്റോർ ജംക്‌ഷൻ വഴി വരുന്ന ടൂറിസ്റ്റ് ബസുകൾ സ്റ്റോർ ജംക്‌ഷനിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ആളെയിറക്കണം. തിരുവല്ല ഭാഗത്തു നിന്നു വരുന്ന ടൂറിസ്റ്റു ബസുകൾ സൈക്കിൾമുക്കിൽ ആളെയിറക്കി തിരികെ പോകണം. നാളെയും മറ്റന്നാളും തൃക്കുരട്ടി ക്ഷേത്ര ജംക്‌ഷൻ മുതൽ പന്നായി പാലം വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങും നിരോധിച്ചു.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)
https://ovsonline.in/latest-news/st-gregorios-of-parumala-2/