വി. സ്തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയില്‍; കുടശ്ശനാട് കത്തീഡ്രലിന് ഇത് പുണ്യ നിമിഷം
പന്തളം : ക്രൈസ്തവ സഭയുടെ ആദ്യ രക്തസാക്ഷി പരി. സ്തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയിൽ സ്ഥാപിച്ചു. കുടശനാട് സെന്‍റ്. സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ (സെയ്ന്റ് സ്റ്റീഫന്‍) തിരുശേഷിപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക പേടകത്തില്‍ പ്രതിഷ്ഠിച്ചു. ഭാരതത്തിൽ സ്തേഫാനോസ് സഹദയുടെ നാമത്തിൽ സ്ഥാപിക്കപെട്ട പ്രഥമ ദേവാലയമെന്ന പരിഗണനയിലും, ഭാരതത്തിന്‍റെ ഏക ദേശീയ സഭയായ മലങ്കര ഓർത്തഡോക്സ് സഭയോടുള്ള പ്രത്യേക താൽപ്പര്യത്തിലുമാണു ലോകത്തിലെ പുരാതന ക്രൈസ്തവ സന്യാസ സമൂഹമായ ഗ്രീസിലെ ഓർത്തഡോക്സ് ക്രൈസ്തവ ആശ്രമമായ മൗണ്ട് അത്തൊസില്‍ നിന്ന് കുടശ്ശനാട് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് തിരുശേഷിപ്പ് കൈമാറിയത് .
‘സ്‌തെഫനോസ്’ എന്ന ഗ്രീക്ക് വാക്കിന് ‘കീരീടം’ എന്നും , ‘സഹദാ’ എന്നതിന് ‘രക്തസാക്ഷി’ എന്നുമാണ് അര്‍ഥം. ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയായ സ്‌തെഫനോസിന്‍റെ ജീവചരിത്രം വിശുദ്ധ വേദപുസ്തകത്തില്‍ അപ്പോസ്‌തോല പ്രവൃത്തികളില്‍ 6 ,7 അധ്യായങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി 34 -ലാണ് ക്രൈസ്തവ സഭയിലെ ആദ്യ ശെമ്മാശന്‍ കൂടിയായ അദ്ദേഹത്തെ മതപീഡനങ്ങള്‍ നടക്കുന്ന സമയത്തു കല്ലുകള്‍ എറിഞ്ഞു ക്രൂരമായി വധിക്കപ്പെടുന്നത്.
പ്രതിഷ്ഠ ശുശ്രുഷകള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസ്, ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.
341 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിക്കപ്പെട്ട കുടശ്ശനാട് കത്തീഡ്രലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വിശുദ്ധ സ്‌തെഫനോസിന്‍റെ നാമത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ദേവാലയം. ഒരു ദേവാലയത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയായ ‘കത്തീഡ്രല്‍’ പദവി 1984 -ല്‍ സഭ ഈ ദേവാലയത്തിനു നല്‍കി. ഏകദേശം 800 -ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായിട്ട് ഉള്ള ഈ ഇടവക അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ള വൈദീകരെയും , അത്മായ നേതാക്കളെയും സഭയ്ക്ക് നല്‍കി, അവര്‍ സഭയുടെ വിവിധ തലങ്ങളില്‍ അനുഗ്രഹീത ശുശ്രുഷ നിര്‍വഹിക്കുന്നു.