യുവാവിനെ തല്ലിച്ചതച്ചു കൊന്നത് വേദനാജനകം: പരിശുദ്ധ കാതോലിക്കാ ബാവാ
കൊച്ചി : അരിമോഷണം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു കൊന്ന സംഭവം വേദനാജനകമാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭക്ഷണ സാധനമെടുത്തതിന്റെ പേരിലുണ്ടായ കൊലപാതകം നടന്നതു വടക്കേ ഇന്ത്യയിലല്ല, കേരളത്തിലാണെന്നതു കൂടുതൽ വേദനിപ്പിക്കുന്നു. അതൊന്നും ദൈവഹിതമല്ല. അത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഭക്ഷണം ആവശ്യമായ പാവങ്ങൾക്ക് അതു നൽകുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസനം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച എറണാകുളം ഓർത്തഡോക്സ് ഗോസ്പൽ കൺവൻഷനായ ‘മെൽതോ’യിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കണം. ഇസ്രയേലിലെ നഷ്ടപ്പെട്ട ആടുകളെ കാണാനും അവർക്കു വചനം നൽകാനുമാണു സെന്റ് തോമസ് ഇന്ത്യയിൽ വന്നതെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുവിന്റെ ചൈതന്യം പ്രാർഥനയിലൂടെ ഉൾക്കൊള്ളുന്നവർക്കു പരിശുദ്ധാത്മാവിന്റെ നിറവിൽ പുതുജീവിതം സ്വന്തമാക്കാമെന്നു ഡോ. യാക്കോബ് മാർ ഐറേനിയസ് പറഞ്ഞു. ഫാ. ജയിംസ് വർഗീസ്, ഫാ. തോമസ് കെ. ഏലിയാസ്, ഫാ. തോമസ് വർഗീസ് അമയിൽ, ലിനോ റേച്ചൽ പ്രസാദ് എന്നിവർ പ്രസംഗിച്ചു.