ഫാ. ടി.ജെ.ജോഷ്വ അനേകർക്ക് വഴികാട്ടിയും ഗുരുനാഥനും: മാർ പള്ളിക്കാപ്പറമ്പിൽ
കോട്ടയം ∙ സ്വന്തം ജീവിതംവഴി മറ്റുള്ളവർക്ക് ഉത്തമ സന്ദേശം പകർന്ന വൈദിക ശ്രേഷ്ഠനാണു ഫാ. ടി.ജെ.ജോഷ്വയെന്നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ. മലങ്കര സഭാ ഗുരുരത്നം ഫാ. ഡോ.ടി.ജെ.ജോഷ്വയുടെ നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിവിശിഷ്ടമായ ജീവിതം വഴി ഒട്ടേറെപ്പേർക്കു സ്വർഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത ഫാ. ജോഷ്വ സഭയ്ക്കും സമൂഹത്തിനും വേണ്ടിയാണു ശുശ്രൂഷ ചെയ്തത്. എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രവൃത്തികളിലൂടെയും അനേകം പേർക്കു വഴികാട്ടിയും ഗുരുനാഥനുമായ ഫാ.ജോഷ്വ മലയാള മനോരമയിൽ എഴുതുന്ന ‘ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്തി ഒരു ഞായറാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ ചർച്ച ചെയ്യാനുള്ള വിഷയവും ആശയവുമാണെന്നും മാർ പള്ളിക്കാപ്പറമ്പിൽ പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു. ഫാ. ടി.ജെ.ജോഷ്വയ്ക്കു പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു കാതോലിക്കാ ബാവാ പറഞ്ഞു. ദൈവം നൽകിയ വരദാനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.
മനുഷ്യമനസ്സുകളിൽ ഉണ്ടാകുന്ന ദുഃഖങ്ങൾക്കും വേദനകൾക്കും ആശ്വാസം പകരുന്നതാണു ഫാ.ജോഷ്വയുടെ ഓരോ രചനയുമെന്നും ബാവാ പറഞ്ഞു. നവതിയിലേക്കു പ്രവേശിക്കുന്ന ഫാ.ജോഷ്വയെ കാതോലിക്കാ ബാവാ കുരിശുമാല അണിയിച്ചു.
ഫാ. ജോഷ്വ രചിച്ച ‘90 ചിന്താ മലരുകൾ’ എന്ന ഗ്രന്ഥം മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു പ്രകാശനം ചെയ്തു. മാർ ഏലിയാ കത്തീഡ്രൽ വികാരി ഫാ. കെ.എം.ഐസക് ആദ്യപ്രതി ഏറ്റുവാങ്ങി. സിഎസ്എസ് സെക്രട്ടറി റവ.ഡോ.മാത്യു ഡാനിയേൽ ഗ്രന്ഥം പരിചയപ്പെടുത്തി.
ഡോ. മാത്യൂസ് മാർ സേവേറിയോസ് അനുഗ്രഹ സന്ദേശവും ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണവും നടത്തി. അൽമായ ട്രസ്റ്റി ജോർജ് പോൾ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഡോ.ടി.ഡി.ജോൺ തെക്കിനേത്ത്, ഫാ.കുര്യൻ തോമസ് മരോട്ടിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.ടി.ജെ.ജോഷ്വ മറുപടി പ്രസംഗം നടത്തി.
ഫാ. ഡോ. എം.പി.ജോർജും ശ്രുതി ഗായക സംഘവും ഗാനാലാപനം നടത്തി. ഫാ. ജോഷ്വയെക്കുറിച്ചു റോക്കി ജോർജ് തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനവും ചടങ്ങിനു മുന്നോടിയായി നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു വിശിഷ്ടാതിഥികളെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്.
https://ovsonline.in/articles/fr-t-j-joshua/