വിശ്വാസത്തിൽ നിന്ന് വർഗീയത വളർത്തുന്നവർ ഭീഷണി: മുഖ്യമന്ത്രി
അടൂർ :- വിശ്വാസത്തിൽ നിന്ന് വർഗീയതയും വർഗീയതയിൽ നിന്ന് ഭീകരതയും വളർത്തുന്ന ഇരുട്ടിന്റെ ശക്തികൾ സമൂഹത്തിൽ പതിയിരിക്കുന്നതായും ഇത് രാജ്യത്തിനാകെ ഭീഷണിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം വർഗീയ – ഭീകര ശക്തികൾക്കെതിരെ സമൂഹം ജാഗ്രതയോടെ നീങ്ങണം. ദേവാലയങ്ങളും ഇത്തരം ശക്തികളുടെ കേന്ദ്രമായി മാറാതിരിക്കാൻ വലിയ ശ്രദ്ധ ഉണ്ടാകണം. മർത്തമറിയം തീർഥാടന കേന്ദ്രമായ അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ കാഴ്ചപ്പാട് ജനങ്ങളുടെ ക്ഷേമവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു കൊണ്ടുപോകാനാണ്. അവശത അനുഭവിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലാണ് ഓർത്തഡോക്സ് സഭയും ശ്രദ്ധ പതിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് സഭയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സഭ പരുമലയിൽ കാൻസർ രോഗ ചികിൽസയ്ക്കായി പ്രത്യേക വിഭാഗം തുടങ്ങിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാർ എംഎൽഎ, നഗരസഭാധ്യക്ഷ ഷൈനി ജോസ്, ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. രാജൻ മാത്യു, ഫാ. തോമസ് പി.മുകളിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഉമ്മൻ തോമസ്, വികാരി എസ്.വി.മാത്യു തുവയൂർ, ഫാ. അലക്സാണ്ടർ കൂടാരത്തിൽ, പി.എം.ജോൺ, സുനിൽ മൂലയിൽ, മോനി മാത്യു എന്നിവർ പ്രസംഗിച്ചു. ആരോഗ്യരംഗത്ത് മികച്ച സേവനത്തിനുള്ള അവാർഡ് പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോവാസ്കുലർ സെന്ററിലെ ഡോ. കെ.ജി.സുരേഷിന് സമ്മാനിച്ചു.