കരുവാറ്റ തീർത്ഥാടന പള്ളി ശതാബ്ദി ആഘോഷ സമാപനം 11 ന്
അടൂർ (പത്തനംതിട്ട) : വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രമായ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പെരുന്നാളും 4 മുതൽ 11 വരെ നടക്കും. 11ന് വൈകിട്ട് 4 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനാകും. ആരോഗ്യരംഗത്തെ മികച്ച സേവനത്തിന് ഡോ. കെ. ജി. സുരേഷിന് ഉപഹാരം നൽകി ആദരിക്കും. മംഗല്യസഹായനിധി വിതരണോദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവ്വഹിക്കും.
നാലിന് രാവിലെ ഏഴിന് സമൂഹബലി 11 ന് കൊടിയേറ്റ്, 12 ന് സമൂഹവിവാഹം. വൈകിട്ട് 4 ന് ഗാന്ധി സ്മൃതി മൈതാനത്തിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷനാകും. സൈനുദ്ദീൻ ബാക്കവി പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6. 30ന് മൂന്നിൻമേൽ കുർബ്ബാന, അഞ്ചിന് വൈകിട്ട് 7 ന് സുനിൽ മൂലയിലിന്റെ കഥാപ്രസംഗം, ആറിന് വൈകിട്ട് 4 ന് പരിസ്ഥിതി സെമിനാർ ഡോ. കെ.പി. ജോയി ഉദ്ഘാടനം ചെയ്യും. പി. ബി. ഹർഷകുമാർ അധ്യക്ഷനാകും. ഏഴിന് രാത്രി 7 ന് ഫാ. ഡോ. എം. പി. ജോർജ്ജിന്റെ സംഗീതസദസ്സ്. എട്ടിന് നിലക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നും ദീപശാഖാ പ്രയാണം, ഒൻപതിന് വൈകിട്ട് 6.30 ന് പെരുന്നാൾ റാസ കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രലിൽ എത്തി ധൂപപ്രാർത്ഥനക്ക് ശേഷം തിരികെ പള്ളിയിലെത്തും. 10 ന് രാവിലെ ഏഴിന് കാതോലിക്കാബാവയുടെ കാർമ്മികത്വത്തിൽ പെരുന്നാൾ കുർബാന. ആഘോഷപരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ഫാ. എസ് വി മാത്യു തുവയൂർ, ട്രസ്റ്റി പി എം ജോൺ, സെക്രട്ടറി സുനിൽ മൂലയിൽ, ജോയിന്റ് കൺവീനർ കോശി ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.