പൈതൃകം പൊളിക്കാനുള്ളതല്ല
മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ 1903 മാര്‍ച്ച് 19-ന് ചാത്തുരുത്തില്‍ കൊച്ചുമാത്തുവിന് എഴുതിയ കത്തില്‍നിന്നും ഒരു ഭാഗം:
…വിശേഷിച്ച് കബറിങ്കല്‍ വെപ്പാന്‍ രണ്ടു മാര്‍ബിള്‍ കല്ലിനു ശട്ടം കെട്ടുന്നുണ്ട്. അതില്‍ ഒന്നു അമ്പത് അറുപതു രൂപാ വില പിടിക്കുന്നതും മറ്റേതു കുറെ അധികം വില പിട്ക്കുന്നതും ആയിരിക്കും. അതില്‍ ഒന്നു കബറെല്‍ വെപ്പാനും മറ്റേതു പള്ളിയകത്തു വെപ്പാനും ആകുന്നു…
നൂറ്റാണ്ട് ഒന്നു കഴിഞ്ഞു. പരുമല പള്ളി ഒരിക്കലും കബര്‍ മുറി പലതവണയും പുതുക്കിപ്പണിതു. പക്ഷേ പ. പരുമല തിരുമേനിയുടെ കബറില്‍ മാത്രം ആരും കൈവെച്ചില്ല. 1903-ല്‍ പണിത കബറും അതില്‍ സ്ഥാപിച്ച ഫലകവും 120 വര്‍ഷങ്ങളായി അതേപടി നിലനില്‍ക്കുന്നു. അത് ഭയവും ഭക്തിയും കൊണ്ട് മാത്രമല്ല; പൈതൃകം എന്ന മൂന്നക്ഷരത്തെക്കുറിച്ചുള്ള ബോധംകൊണ്ടുകൂടിയാണ്.
വാകത്താനം വള്ളിക്കാട്ടു ദയറായിലുള്ള കേവലം 94 വര്‍ഷം മാത്രം പഴക്കുമുള്ളതും കേടുപാടുകള്‍ ഇല്ലാത്തതുമായ മലങ്കരയിലെ രണ്ടാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്റെ കബര്‍ പൊളിച്ചുപണിയണം എന്ന ചിലരുടെ സമീപകാല നിര്‍ബന്ധബുദ്ധിയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.
രണ്ടു വിചിത്രമായ കാരണങ്ങളാണ് ഈ പൊളിച്ചടുക്കിനു നിദാനമായി പറയുന്നത്.
1. ഈ കബറിടത്തിന്റെ രൂപം അനുകരണീയം അല്ല.
‘അല്ല’ എന്നറിഞ്ഞുതന്നെയാണ് 1929-ല്‍ പിന്‍ഗാമിയായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ഈ കബറിടം രൂപകല്പന ചെയ്തത്. അതിന് ചരിത്രപരവും വൈകാരികവുമായ കാരണങ്ങള്‍ ഉണ്ട്.
1925-ല്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്ത് ആരോഹണം ചെയ്ത പ. വാകത്താനത്തു ബാവായാണ് കാതോലിക്കേറ്റിനു സ്ഥാന ചിഹന്ങ്ങള്‍ രൂപകല്പന ചെയ്തത്. നല്ലൊരു കലാകാരന്‍ കൂടിയായിരുന്ന അദ്ദേഹം ഇന്ത്യയിലെ പൗരസ്ത്യ കാതോലിക്കായുടെ സ്ഥാനചിഹ്നങ്ങളായി അഹറോന്റെ തളിര്‍ത്ത വടിയുടെ സാദൃശ്യത്തിലുള്ള അംശവടി, അല്‍മുത്തി കാപ്പ, മുതലവായന്‍ മുടി, ചുമന്ന മുദ്ര മുതലായവ രൂപപ്പെടുത്തി നിര്‍മ്മിച്ചു. ഇവയില്‍ അംശവടിയും മുതലവായന്‍ മുടിയും ഇന്നും മലങ്കരസഭാദ്ധ്യക്ഷന്മാര്‍ ഉപയോഗിക്കുന്നുണ്ട്.
1929 ഫെബ്രുവരി 15-നു സിംഹാസനാരോഹണം ചെയ്ത പിന്‍ഗാമി പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ പിറ്റേന്നുതന്നെ ഈ മൂന്നു സ്ഥാനചിഹ്നങ്ങളും ഔദ്യോഗികമായി ഉപയോഗിച്ചു എന്നതിന് രേഖയുണ്ട്.
കലാഹൃദയവും പൈതൃകബോധവും ഉണ്ടായിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പൗരസ്ത്യ കാതോലിക്കാമാര്‍ക്ക് വ്യത്യസ്ഥതയുള്ള ഒരു അന്ത്യവിശ്രമ കുടീരം ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടും കാതോലീക്കേറ്റിന്റെ സ്ഥാനചിഹ്നങ്ങള്‍ രൂപപ്പെടുത്തിയ പ. വാകത്തനത്തു ബാവായോടുള്ള ആദര സൂചകവുമായി ആവണം അദ്ദേഹം വിഭാവനം ചെയ്ത മുതലവായന്‍ മുടിയുടെ രൂപത്തില്‍ ഈ കബര്‍ പണിതത്. അക്കാലത്ത് പ. വട്ടശ്ശേരില്‍ തിരുമേനി ആയിരുന്നു മലങ്കര മെത്രാപ്പോലീത്താ എന്ന വസ്തുതയും പരിഗണിക്കണം.
അമ്പത് വര്‍ഷത്തോളം അനാഥമായിക്കിടന്ന വള്ളിക്കാട്ട് ദയറാ പുനര്‍നിമ്മിക്കുവാന്‍ നേതൃത്വം നല്‍കിയത് കിഴക്കിന്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനാണ്. നിര്‍മ്മണവേളയില്‍ പ. വാകത്താനത്തു ബാവായുടെ കബറിന് യാതൊരു കേടുപാടും വരുത്തെരുത് എന്ന കര്‍ശന നിര്‍ദ്ദേശം അദ്ദേഹം നല്‍കുകയും അതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.
പുനര്‍നിര്‍മ്മണത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന വിനോയി അച്ചന്‍ (പിന്നീട് ഔഗേന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ) ഈ നിര്‍ദ്ദേശം ഭംഗിയായും സൂക്ഷ്മമായും നിര്‍വഹിക്കുകയും ചെയ്തു. ഈ പിതാക്കന്മാര്‍ക്ക് ഇല്ലാത്ത കാനോനിക തടസം ഇപ്പോള്‍ ഉയര്‍ത്താന്‍ ആര്‍ക്കാണ് യോഗ്യതയുള്ളത്?
2. സുര്‍ക്കിയില്‍ നിര്‍മ്മിച്ച കബറിന് ബലക്ഷയം ഉണ്ട്.
ഇത് ഒരു തമാശയാണ്. നാലു സഹസ്രാബ്ദം മുമ്പ് മോഹന്‍ജോദാരോ കാലം മുതല്‍ ഉപയോഗിച്ചുവന്ന നിര്‍മ്മാണവസ്തുവാണ് സുര്‍ക്കി. സുര്‍ക്കിയില്‍ നിര്‍മ്മിച്ചതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ കെട്ടിടങ്ങളും പാലങ്ങളും ഇന്നും ലോകമെങ്ങും നിലനില്‍ക്കുന്നുണ്ട്. എന്തിന് 1887-ല്‍ സുര്‍ക്കിയില്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം ഒരു നൂറ്റാണ്ടിലധികമായി മഴയും വെയിലുമേറ്റ് അതിഭീമമായ ജലസമ്മര്‍ദ്ദവും താങ്ങി കണ്‍മുമ്പില്‍ തന്നെയാണ് നിലനില്‍ക്കുന്നത്!
ഇവിടെയോ? ഭാരം താങ്ങാത്ത, വെയിലും മഴയുമേല്‍ക്കാത്ത ഒരു ചെറുനിര്‍മ്മിതി മാത്രമാണ് പ. വാകത്താനത്തു ബാവായുടെ കബര്‍. ഇന്നുവരെ ഒരു പോറല്‍പോലും ഏല്‍ക്കാതെ അതു നിലനില്‍ക്കുന്നു. ഇനിയും നൂറ്റാണ്ടുകള്‍ നിലനില്‍ക്കും. ആ കബറിടത്തിന്റെ വക്കുകളില്‍ പിച്ചള കെട്ടിയത് കേവലം സൗന്ദര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല: മറിച്ച് പൊട്ടലുകള്‍ വരാന്‍ സാദ്ധ്യതയുള്ള കോണുകളുടെ സംരക്ഷണത്തിനു വേണ്ടിക്കൂടിയായിരുന്നു. ഒന്നുമാത്രം പറയട്ടെ, പൗരാണിക നിര്‍മ്മിതകളും കലാരൂപങ്ങളും അതേപടി സംരക്ഷിക്കുവാനും പുനരുദ്ധരിക്കുവാനും ഇന്ന് ആധുനിക സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ആവേശത്തള്ളലിലോ, സാര്‍ത്ഥ താല്പര്യങ്ങള്‍കൊണ്ടോ വെറും വിവരക്കേടുകൊണ്ടോ കാലത്തിന്റെ ഈടുവെപ്പുകളായ ഇത്തരം തിരുശേഷിപ്പുകളെ ആര്‍ക്കും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാം. പക്ഷേ ഒരു സഹസ്രാബ്ദം വിചാരിച്ചാലും അത് പുനഃസ്ഥാപിക്കുവാന്‍ സാദ്ധ്യമല്ല.
ഈ പൈതൃകബോധത്തിന്റെ ഫലമായാണ് ഒരു പുതിയ പള്ളി പണിയുന്നതില്‍ അധികം തുക ചിലവാക്കി കോട്ടയം ചെറിയപള്ളിയും കല്ലൂപ്പാറ പള്ളിയുമൊക്കെ അതേപടി പുനരുദ്ധരിച്ചത്. അതേ പൈതൃകബോധം മൂലമാണ് ലക്ഷക്കണക്കിനു രൂപവീതം മുടക്കി തിരുവല്ലാ പാലിയേക്കര, പുതുപ്പള്ളി, പഴയ സെമിനാരി, കോട്ടയം ചെറിയപള്ളി, പഴഞ്ഞി മുതലായ പള്ളികളിലെ ചുവര്‍ ചിത്രങ്ങള്‍ ശാസ്ത്രീയമായി പുനരുദ്ധരിച്ചത്. കായംകുളം കാദീശാ പള്ളി മുറ്റത്ത് കൂട്ടിയിട്ടിരുന്ന പൊളിച്ചുമാറ്റിയ പഴയ പള്ളിയുടെ കരിങ്കല്‍ നിര്‍മിതികള്‍ സമീപ ദിവസങ്ങളില്‍ സുരക്ഷിതമാക്കി സ്ഥാപിച്ചതും അതുകൊണ്ടുതന്നെ. ഉയര്‍ന്ന പൈതൃകബോധമാണ് കോട്ടയം പഴയ സെമിനാരി ചാപ്പല്‍ പൊളിച്ചു പണിയുന്നത് ശാശ്വതമായി നിരോധിക്കാന്‍ പ. വട്ടക്കുന്നേല്‍ ബാവായെ പ്രേരിപ്പിച്ചത്. 1892-ല്‍ പുനരുദ്ധരിക്കുക അസാദ്ധ്യമായതുകൊണ്ട് മാത്രമാണ് തിരുവിതാംകോട് തോമയാര്‍ കോവിലിന്റെ തകര്‍ന്ന കരിങ്കല്‍ മേല്‍ക്കൂര പൊളിച്ചുമാറ്റി മംഗലാപുരം കളിമണ്‍ ഓടുകള്‍ പാകാന്‍ കന്നുകുഴിയില്‍ കുരുവിള എന്‍ജിനിയറെ നിര്‍ബന്ധിതനാക്കിയത്.
പ. വാകത്താനത്തു ബാവായുടെ കബറില്‍ കൈവെക്കുന്നതിനു മുമ്പ് കുന്നംകുളം പഴയപള്ളിയിലെ പഴയ സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ സ്മാരക കബര്‍ ചവിട്ടിപ്പൊളിച്ച പരദേശി മെത്രാന് പിന്നീടെന്തു സംഭവിച്ചു എന്ന് പഠിക്കുന്നത് നന്നായിരിക്കും.
ഏതായാലും പാരമ്പര്യത്തിലും പൈതൃക സ്വത്തുക്കളുടെ സംരക്ഷണത്തിലും അതീവ ശ്രദ്ധപുലര്‍ത്തുന്ന പ. പിതാവ് ഈ നീക്കത്തിന് കൂട്ടുനില്‍ക്കില്ല എന്നാണ് ഈ ലേഖകന്റെ ഉറച്ച വിശ്വാസം.
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 01 – 03 -2023)