സജീവനം സെന്റർ കൂദാശ നടത്തി
പാമ്പാടി ∙ ആരാധനയിലൂടെ മാത്രമല്ല കാരുണ്യപ്രവൃത്തികളിലൂടെയും ക്രിസ്തുവിന്‍റെ സന്ദേശം ഉൾക്കൊള്ളണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിലുള്ള അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി ആരംഭിക്കുന്ന സജീവനം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്‍റെ കൂദാശ നിർവഹിച്ച ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂരോപ്പട താന്നിക്കൽ സാബു മാത്യു അദ്ദേഹത്തിന്‍റെ പിതാവ് ടി.എം.മത്തായിയുടെ സ്മരണയ്ക്കായി സഭയ്ക്കു നൽകിയ സ്ഥലത്താണു മനോദൗർബല്യമുള്ളവർക്ക് അഭയകേന്ദ്രമായി സെന്റർ ആരംഭിച്ചത്. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പാമ്പാടി ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ.റോയി മാത്യു വടക്കേൽ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുഞ്ഞ് പുതുശേരി, മാത്തച്ചൻ പാമ്പാടി, പഞ്ചായത്ത് അംഗം ആശ ബിനു, എസ്എൻഡിപി യോഗം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി, ഫാ. എം.സി.പൗലോസ്, ഡോ. വർഗീസ് പുന്നൂസ്, ഫാ. കുര്യാക്കോസ് കുര്യൻ, ഫാ. എം.കെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥലം നൽകിയ താന്നിക്കൽ സാബു മാത്യുവിനെ ആദരിച്ചു.
ആർദ്ര ക്രിസ്മസ് നവവത്സരാഘോഷം
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ‘ആർദ്ര’യുടെ ക്രിസ്മസ്–നവവത്സരാഘോഷം 30 ന് 11 മുതൽ പനയമ്പാല എംജിഡി ബാലഭവനിൽ നടക്കും. ഫാ. എം.ടി. കുര്യന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. കെ.ഇ. ഏബ്രഹാം ക്രിസ്മസ് ദൂതും ഡോ. ജോർജ് മാത്യു (ബഹ്റൈൻ) നവവത്സര സന്ദേശവും നൽകും. തോമസ് കുതിരവട്ടം ക്രിസ്മസ് കേക്ക് മുറിക്കും. ഫാ. കെ.വൈ. വിത്സൻ, ഡോ. ഐസക് പാമ്പാടി എന്നിവർ പ്രസംഗിക്കും. ഇലവുങ്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക ക്വയർ കാരൾ ഗാനങ്ങൾ ആലപിക്കും.