OVS - Latest NewsOVS-Kerala News

ദുരന്ത ബാധിതരെ സഹായിക്കണം ; പള്ളികളില്‍ പ്രാര്‍ത്ഥനക്ക് ആഹ്വാനം ചെയ്തു ഓർത്തോഡോക്‌സ് സഭ

കോട്ടയം : അനേകം മനുഷ്യരുടെ ജീവനെടുത്തും കോടിക്കണക്കിനു രൂപയുടെ നാശനഷ്‌ടങ്ങളുണ്ടാക്കിയും കടന്നുപോയ ഓഖി ചുഴലിക്കാറ്റിൽ ദുരന്തം ബാധിച്ചവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന്, സത്വര നടപടികൾ കൈക്കൊള്ളണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

ആധുനിക ശാസ്‌ത്ര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചും പരമ്പരാഗത മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ‘കടലറിവ്’ പ്രയോജനപ്പെടുത്തിയും പുനരധിവാസ പദ്ധതികളും പ്രതിരോധ നടപടികളും എടുക്കണം. സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളും ജീവകാരുണ്യ സംഘടനകളും ഈ കാര്യത്തിൽ ശ്രദ്ധിക്കണം. ആശ്വാസമായി എത്തിയവരെയും സാഹസികമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും ബാവാ അഭിനന്ദിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിനും കാരുണ്യ സെന്ററിനും വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്ന് ബാവാ അറിയിച്ചു.

മരിച്ചവർക്കും ദുരിതബാധിതർക്കും വേണ്ടി നാളെ ദേവാലയങ്ങളിൽ പ്രാർഥിക്കണമെന്നും ഇതിനായി പ്രത്യേകം സംഭാവന ശേഖരിച്ച് ഡോ. യൂഹാനോൻ മാർ തേവോദോറസ് പ്രസിഡന്റ്, മിഷൻ ബോർഡ് സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്റർ, തട്ടാരമ്പലം പി.ഒ. മാവേലിക്കര– 690103 എന്ന വിലാസത്തിൽ അയച്ചു കൊടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായവുമായി  തിരുവനന്തപുരം ഭദ്രാസനം 

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ദുരന്ത ഭൂമിയിൽ സ്വാന്തന ഹസ്തവുമായി ഓർത്തഡോൿസ്‌ സഭയും. ഓഖി ദുരന്തബാധിത പ്രദേശങ്ങളായ വിഴിഞ്ഞം പൂന്തുറ വലിയതുറ എന്നിവിടങ്ങളിൽ ദുരന്ത ബാധിതർക്ക് വേണ്ട ആഹാരവും മറ്റു സേവനങ്ങളും ആയി മലങ്കര സഭയുടെ മിഷൻ ബോർഡിന്റെ കീഴിലുള്ള കാരുണ്യ ഭവനും വട്ടിയൂർക്കാവ് മാർ പത്രോസ് മാർ പൗലോസ് ഓർത്തഡോൿസ്‌ ഇടവക യുവജന പ്രസ്ഥാനവും. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വീടുകളിൽ സന്ദർശിക്കുകയും അവരുടെ വേദനയിൽ പങ്കു ചേരുകയും ചെയ്തു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

error: Thank you for visiting : www.ovsonline.in