പ്രാർഥനാ നിറവിൽ പരുമല; പെരുന്നാൾ കൊടിയേറി
പരുമല ∙ വ്രതശുദ്ധിയിൽ പ്രാർഥനയോടെയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പരിശുദ്ധ പരുമല തിരുമേനിയുടെ 115–ാം ഓർമപ്പെരുന്നാളിന് കൊടിയേറി. പെരുന്നാളിന് തുടക്കം കുറിച്ച് പടിഞ്ഞാറെ കൊടിമരത്തിൽ തോമസ് മാർ അത്തനാസിയോസ് കൊടിയേറ്റി. സഖറിയാസ് മാർ അന്തോണിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് എന്നിവർ സഹകാർമികരായിരുന്നു. രാവിലെ മുതൽ വിശ്വാസികൾ പരുമലയിൽ എത്തിക്കൊണ്ടിരുന്നു.
രണ്ടുമണിയോടെ പള്ളിയിൽ പ്രാർഥനയ്‌ക്ക് ശേഷം പ്രദക്ഷിണമായി മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും പടിഞ്ഞാറെ കുരിശടിയിലേക്ക് നീങ്ങി. ഇവിടെ പ്രാർഥനയ്‌ക്ക് ശേഷം നേർച്ചയായി കൊടിമരത്തിലേക്ക് വെറ്റില എറിഞ്ഞു. പിന്നീട് പള്ളിമുറ്റത്തെ പടിഞ്ഞാറെ കൊടിമരത്തിലും കിഴക്കേ കൊടിമരത്തിലും കൊടിയേറ്റി. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, അസി. മാനേജർ കെ.വി.ജോസഫ് റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടർ ഏബ്രഹാം എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. നവംബർ രണ്ടിന് പെരുന്നാൾ സമാപിക്കും.
മലങ്കര സഭാ ന്യൂസ് Android Application OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
നീതിയും ധർമവും തേടിയുള്ള യാത്രയാണ് തീർഥാടനം: മാത്യു ടി.തോമസ്
പരുമല ∙ നീതിയും ധർമവും തേടിയുള്ള യാത്രയാണ് തീർഥാടനമെന്നും മനുഷ്യനിൽ നിന്നു ദൈവത്തിന്റെ പ്രകാശത്തെ കണ്ടെത്താൻ ഇത് സഹായിക്കുമെന്നും മന്ത്രി മാത്യു ടി.തോമസ്.പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. റവ. ഡോ. വൽസൺ തമ്പു പ്രഭാഷണം നടത്തി.
തോമസ് മാർ അത്തനാസിയോസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ആന്റോ ആന്റണി എംപി, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, ഫാ. ജോൺസ് ഈപ്പൻ, സൈമൺ കെ. വർഗീസ്, സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
144 മണിക്കൂർ പ്രാർഥന
പരുമല ∙ പെരുന്നാൾ പ്രമാണിച്ച് ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിൽ 144 മണിക്കൂർ അഖണ്ഡ പ്രാർഥനയ്‌ക്ക് തുടക്കമായി. സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി അജി കെ.തോമസ്, ഫാ. ഫിലിപ് തരകൻ, ജോജി പി.തോമസ്, ഫാ. എം.സി.കുര്യാക്കോസ് എന്നിവർ പ്രംസംഗിച്ചു. നവംബർ ഒന്നിന് അഞ്ചിന് അഖണ്ഡ പ്രാർഥന സമാപിക്കും.
പ്രകാശനം ചെയ്തു
പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ച് റവ. ഡോ. വൽസൺ തമ്പു രചിച്ച ദ് സെയിന്റ് ഒാഫ് പരുമല എ ട്രിബ്യൂട്ട് എന്ന കൃതി ഡോ. യാക്കോബ് മാർ ഐറേനിയസ് പ്രകാശനം ചെയ്തു.