എറിട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് തിരികെ അധികാരത്തിലേക്ക്
അസ്മാര: ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്നായ എറിട്രിയന്‍ സഭയുടെ കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ അന്തോനിയോസ് മൂന്നാമനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതായി ഏതാനും ദിവസം മുന്‍പ് ചേര്‍ന്ന സുന്നഹദോസ് തീരുമാനിച്ചു. രാജ്യത്തിലെ കമ്യൂണിസ്റ്റ് ഏകാധിപത്യത്തെ ചെറുത്തതു കാരണം അദ്ദേഹം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി വീട്ടു തടങ്കലിലായിരുന്നു. ഇക്കാലയളവില്‍ സുന്നഹദോസ് അദ്ദേഹത്തെ പാത്രിയര്‍ക്കാ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും പകരം സര്‍ക്കാര്‍ നോമിനിയായ അബൂനാ ദീയസ്കോറോസിനെ അവരോധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എറിട്രിയന്‍ സഭയുടെ മാതൃസഭയായ കോപ്റ്റിക് സഭ ഉള്‍പ്പെടെയുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ കാനോനിക വിരുദ്ധമായ ഈ നടപടിയെ അംഗീകരിച്ചില്ല. നൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സഹോദര സഭയായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലും സമാന സംഭവം നടന്നിരുന്നു. അന്ന് തുര്‍ക്കി സുല്‍ത്താന്റെ അംഗീകാരം പിന്‍വലിപ്പിച്ച് സുന്നഹദോസ് അംഗങ്ങള്‍ അബ്ദേദു മിശിഹാ ദ്വിതിയന്‍ പാത്രിയര്‍ക്കീസിനെ സ്ഥാനഭ്രഷ്ടന്‍ ആക്കുകയും പകരം കത്തോലിക്കാ സമുദായത്തില്‍ ചേര്‍ന്ന ശേഷം മടങ്ങിവന്ന അബ്ദുള്ളാ മോര്‍ ഗ്രീഗോറിയോസിനെ തല്‍സ്ഥാനത്ത് അവരോധിക്കുകയും ചെയ്‌തിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് വിമത പാത്രിയര്‍ക്കീസ് ദീയസ്കൊറോസ് കാലം ചെയ്തതു മുതല്‍ സഭയിലെ ആശ്രമങ്ങളും വേദശാസ്തജ്ഞന്മാര്‍ മുതലായവരും സമാധാനശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന നിര്‍ണായക സുന്നഹദോസില്‍ സഭയിലെ പത്തു മെത്രാപ്പോലീത്താമാരും അബൂനാ അന്തോനിയോസിന്റെ തിരിച്ചുവരവിനെ അനുകൂലിച്ചു നിശ്ചയത്തില്‍ ഒപ്പു വച്ചു.