OVS - Latest NewsOVS-Kerala News

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു: കാതോലിക്കാ ബാവാ

കോട്ടയം :- സുപ്രീംകോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. 1934ലെ സഭാ ഭരണഘടനയും 1995ലെ സുപ്രീംകോടതി വിധിയും ആവർത്തിച്ച് അംഗീകരിച്ചുള്ള വിധി യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാനും സമാധാനത്തിനായി നിലകൊള്ളാനും എല്ലാവരും തയാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു.

സത്യത്തിന്റെ എല്ലാ വഴികളിലും അടിയുറച്ചു നിന്നു മുന്നോട്ടുപോയിട്ടുള്ള പാരമ്പര്യമാണ് സഭയ്ക്കുള്ളത്. വളരെ ക്ഷമയോടെ കാത്തിരുന്നതിന്റെ ഫലമാണിതെന്നും ദൈവത്തിനു നന്ദി സമർപ്പിക്കുന്നെന്നും ബാവാ പറഞ്ഞു. യാക്കോബായ വിഭാഗത്തിലുള്ള ജനങ്ങളും വിശ്വാസികളും സ്വന്തം സഹോദരൻമാരാണ്. ആരും അന്യരല്ല. ആ വികാരത്തിൽ മാറ്റമുണ്ടായിട്ടില്ല. ഇപ്പോൾ വിട്ടു നിൽക്കുന്നവർ മാതൃസഭയിലേക്കു മടങ്ങി വരണം. മുൻപു നടന്ന ചർച്ചകൾ വഴുതിപ്പോയത് യാക്കോബായ വിഭാഗത്തിന്റെ നിസഹകരണം കൊണ്ടായിരുന്നു.

ഇന്ത്യൻ നിയമവ്യവസ്ഥയെ അംഗീകരിക്കുകയും സമാധാന വഴിയിലൂടെ മുന്നോട്ടു പോവുകയുമാണു വേണ്ടത്. കലഹം കൊണ്ടു കാര്യമില്ല. നിയമാധിഷ്ഠിത മാർഗത്തിലൂടെ മുന്നോട്ടു പോകണം. സർക്കാരും ബന്ധപ്പെട്ടവരും വിധി നടപ്പാക്കിത്തരുമെന്നാണു വിശ്വസിക്കുന്നത്. ഏതു വിശ്വാസികൾക്കും കോലഞ്ചേരി പള്ളിയിൽ വരുന്നതിൽ തടസമില്ല. പക്ഷേ, ഉടമസ്ഥതയ്ക്കായി ശ്രമിക്കുമ്പോഴാണു ബുദ്ധിമുട്ടുകളുണ്ടാകുന്നത്. ഉടമസ്ഥത ആർക്കാണെന്നുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിച്ചു കഴിഞ്ഞു. ഇതു വഴി സഭയിൽ സമാധാനമുണ്ടാകട്ടെയെന്നാണ് ആശിക്കുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

കോലഞ്ചേരി പള്ളിക്കേസിൽ സുപ്രീം കോടതിയുടെ വിധി മലങ്കര സഭയിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളും കോടതി വ്യവഹാരങ്ങളും അവസാനിച്ച് സഭയിൽ സമാധാനമുണ്ടാക്കാൻ കാരണമാകുമെന്നു വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ പറഞ്ഞു. കേസുകൾ അവസാനിക്കണമെന്നുള്ളതും സഭയിൽ സമാധാനം ഉണ്ടാകണമെന്നുള്ളതും സഭാംഗങ്ങളുടെ ദീർഘകാലമായുള്ള ആഗ്രഹമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും കോടതി അംഗീകരിച്ചിരിക്കുന്ന 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലും ആയിരിക്കണം സമാധാനമുണ്ടാകേണ്ടത്. കോടതിവിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഫാ. എം.ഒ.ജോൺ പറഞ്ഞു. മുൻപു ചർച്ചകൾക്ക് എന്നും മുൻകയ്യെടുത്തത് ഓർത്തഡോക്സ് സഭയാണെന്നും ഇനിയുള്ള ചർച്ചകൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

https://ovsonline.in/latest-news/supreme-court-dismisses-jacobite-churchs-plea/

error: Thank you for visiting : www.ovsonline.in