OVS - ArticlesOVS - Latest NewsOVS-Exclusive News

‘ഇതാ സാക്ഷാല്‍ ഇസ്രായേല്യന്‍, ഇവനില്‍ കപടമില്ല’

പരിശുദ്ധ കാതോലിക്കാ ബാവക്കും പരിശുദ്ധ സഭക്കും എതിരായി ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾക്കെതിരെ യുവജനപ്രസ്ഥാനം കേന്ദ്ര പത്രാധിപ സമിതി അംഗം അബി എബ്രഹാം കോശി എഴുത്തുന്ന മറുപടി.

‘ഇതാ സാക്ഷാല്‍ ഇസ്രായേല്യന്‍, ഇവനില്‍ കപടമില്ല’

മലങ്കര സഭയിലെ വിശ്വാസികൾക്ക് അവരുടെ ആത്മീയ പരമാദ്ധ്യക്ഷൻ എന്നാൽ കേവലം ഒരു സ്ഥാനി മാത്രമല്ല അദ്ദേഹം അവരുടെ പിതാവും ഇടയനും ഗുരുവും തുടങ്ങി എല്ലാം എല്ലാമാണ്. ഇതൊന്നും അറിയാതെ ഏതൊക്കെയോ കേന്ദ്രങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി പരിശുദ്ധ പിതാവിനും മലങ്കര സഭക്കും എതിരായി ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചാരണങ്ങൾ മറുപടി അർഹിക്കുന്നില്ല എങ്കിലും ചില തെറ്റിധാരണകൾ ഒഴിവാക്കപ്പെടണം.

പരിശുദ്ധ കാതോലിക്കാമാർ എല്ലാരുടെയും സ്വദേശം കോട്ടയം ആയിരുന്നില്ല. അവരെല്ലാം വിവിധ പ്രദേശങ്ങളിൽ നിന്ന് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട് മലങ്കര സഭയുടെ അധ്യക്ഷപദവിയിലേക്ക് കടന്നു വന്നവരാണ്. കുന്നംകുളം എന്ന മലങ്കര സഭയുടെ ശക്തി കേന്ദ്രത്തിൽ നിന്ന് കടന്നുവന്ന് തന്റെ മുൻഗാമികളെ പോലെ തന്നെ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായും മലങ്കര സഭയെ ഏറെ വിനയത്തോടെയും പക്വതയോടെയും നയിക്കുന്നു. സഭക്ക് തന്നെ ദോഷകരമാകുന്ന പലരുടെയും വിശ്വാസ വിപരീതങ്ങൾക്കും അധികാര – ധന- സ്ഥാന മോഹങ്ങൾക്കും എതിരെ നിലപാട് സ്വീകരിച്ചത് ആർക്കെങ്കിലുമൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരിക്കാം. ഒരിക്കലും സഭയുടെ പൈതൃകത്തെയും മൂല്യങ്ങളെയും സത്യവിശ്വാസത്തെയും പണയം വെയ്ക്കാൻ അനുവദിക്കില്ല എന്ന പിതാവിന്റെ നിലപാടുകൾക്ക് ഒപ്പമാണ് വിശ്വാസ ലക്ഷങ്ങളുടെ മനസ്‌ അതുകൊണ്ടു തന്നെയാണ് സാധാരണ വിശ്വാസികൾക്കിടയിൽ പരിശുദ്ധ പിതാവിന്റെ സ്വീകാര്യത വർധിക്കുന്നതും. മലങ്കര സഭയുടെ ഭരണനിർവ്വഹണ സംവിധാനങ്ങളിൽ ഒന്ന് മാത്രമാണ് സുന്നഹദോസ്. മലങ്കര സഭയുടെ മെത്രാപ്പോലീത്താന്മാർ മലങ്കര മെത്രാപ്പോലീത്തക്ക് വേണ്ടി ഓരോ ഭദ്രാസനങ്ങളുടെയും ഭരണം നിർവഹിക്കുന്നു. അവരുടെ ഭരണത്തിൽ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാൽ മലങ്കര മെത്രാപ്പോലീത്തക്ക് അതിൽ ഇടപെടുന്നതിനും തിരുത്തുന്നതിനും പ്രശനങ്ങൾ പരിഹരിക്കുന്നതിനും പൂർണ അധികാരവും അവകാശവും ഉത്തരവാദിത്തവും ഉണ്ട്.

ശ്രീ. ഉമ്മൻ ചാണ്ടി ഈ സഭയുടെ പുത്രനാണ്. പുതുപ്പള്ളി പള്ളി ഇടവക അംഗമാണ്. ഓരോ സാധാരണ വിശ്വാസിക്കും ഈ സഭയിൽ ഉള്ള എല്ലാ അവകാശങ്ങളും അദ്ദേഹത്തിനും ഉണ്ട്. കൂടുതലായി എന്തൊക്കെയോ കൽപ്പിച്ചു കൊടുക്കാൻ വേണ്ടിയുള്ള ആരുടെയൊക്കെയോ അമിതാവേശമാണ് ചില ഓൺലൈൻ മാധ്യമങ്ങളുടെ അടിസ്ഥാനമില്ലാത്ത വാർത്തകൾക്ക് പിന്നിൽ. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഉൾപ്പടെ മലങ്കര സഭയ്ക്ക് അനുകൂലമായി വിധിച്ച ഒരു വിധി പോലും നടപ്പിലാക്കാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ഉമ്മൻ ചാണ്ടിക്ക് സാധിച്ചില്ല. കൂടാതെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച വിശ്വാസികൾക്ക് കൊടിയ പീഡനവും വഞ്ചനയുമാണ് ഏൽക്കേണ്ടിവന്നത്. നീതി നടപ്പിലാക്കണം എന്ന് ആവിശ്യപ്പെട്ട് 8 ദിവസമാണ് പരിശുദ്ധ കാതോലിക്കാ ബാവ കോലഞ്ചേരി തെരുവിൽ നിരാഹാരം അനുഷ്ടിച്ചത്. ഈ സഭയിൽ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന അനേകം സഭാംഗങ്ങൾ ഉണ്ട് അതുകൊണ്ടു തന്നെ സഭക്ക് ഒരു രാഷ്ട്രീയ നിലപാട് ഒരുകാലത്തും ഉണ്ടായിട്ടില്ല പക്ഷേ ഭരണത്തെക്കുറിച്ചും സാമൂഹിക വിഷയങ്ങളെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

ഇന്ത്യയുടെ തലസ്ഥാനം ഡൽഹി ആണെന്നുള്ളതുകൊണ്ടു രാജ്യം മുഴുവൻ ഡൽഹിക്കാരുടെയാണ് എന്ന് പറയുന്നതിന് തുല്യമായ ബാലിശമായ വാദമാണ് സഭ കോട്ടയംകാരുടെ മാത്രമാണെന്ന വാദവും. കുന്നംകുളത്തു ജനിച്ചു വളർന്ന പിതാവിന്റെ ഭാഷ ശൈലിയും കുന്നംകുളത്തുകാരുടെ പോലെ തന്നെയായിരിക്കുക സ്വഭാവികം. ‘എടാ നീ വല്ലതും തിന്നോ? എന്ന് ഞങ്ങളുടെ പിതാവ് ഞങ്ങളോട് ചോദിച്ചാൽ അത് ആ വലിയ കരുതലിന്റെ പ്രതിഫലനമാണ് അല്ലാതെ അദ്ദേഹത്തിന്റെ ഭാഷക്ക് മാർക്കിടാൻ ഞങ്ങൾ പോവാറില്ല. കടിച്ചാൽ പൊട്ടാത്ത വാക്കുകൾ അനര്‍ഗള നിര്‍ഗളം പ്രവഹിക്കുന്നതിനെയാണ് നിങ്ങൾ പ്രസംഗം എന്ന് വിളിക്കുന്നത് എങ്കിൽ അതിനു ഞങ്ങളുടെ പിതാവിനെ കിട്ടില്ല. അദ്ദേഹം വളരെ സാവധാനത്തിൽ സാധാരണക്കാർക്ക് മനസിലാവുന്ന നിലയിലാണ് പ്രസംഗിക്കുന്നത്.

ബാവ തിരുമേനിയെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ല എന്നാണ് ചില മഹാന്മാരുടെ പുതിയ കണ്ടെത്തൽ. മലങ്കര സഭ എന്നാൽ കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങി നിൽക്കുന്ന വിശ്വാസ സമൂഹമല്ല. ജൂലൈ മാസത്തിൽ പരിശുദ്ധ പിതാവ് അമേരിക്കൻ സന്ദർശനത്തിനായി യാത്രതിരിക്കുകയാണ്. അതുപോലെ തന്നെ ധാരാളം തിരക്കുകൾ സഭയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ പരിശുദ്ധ പിതാവിനുണ്ട്. എന്തെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തെ അപമാനിക്കുന്നത് ഖേദകരമാണ്. സി.എം സ്‌റ്റീഫൻ ഉൾപ്പടെയുള്ള അധികാര കേന്ദ്രങ്ങൾ ദേശിയ തലത്തിലും സംസ്ഥാനത്തും ഉള്ളപ്പോ പോലും ഓര്‍ത്തോഡോക്സ് സഭ അധികാരശക്തിയായി മാറാൻ ശ്രമിച്ചിട്ടില്ല. പേര് പറയാൻ ധൈര്യം ഇല്ലാത്ത കമ്മിറ്റി അംഗങ്ങളെ പോലുള്ളവരെ കൂട്ടുപിടിച്ചാൽ നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും.ആപ്പിൾ ജ്യൂസിനെ തെറ്റിദ്ധരിച്ച് മദ്യം എന്ന് പ്രചരിപ്പിച്ച മദ്യ വ്യവസായിയും ചാനലും നിർവ്യാജ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശുദ്ധ ബാവ തിരുമേനി തന്നെയാണ് ആ വിഷയം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയത്. പ്രതികാരം മലങ്കര സഭയുടെ ശൈലിയല്ല.

സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പൂർവ്വ പിതാക്കന്മാരെ പോലെ സധൈര്യം സഭയെ മുൻപോട്ടു നയിച്ച വലിയ ഇടയാനാണ് പരിശുദ്ധ പിതാവ്. എന്തിന്റെ പേരിൽ ആണെങ്കിലും പരിശുദ്ധ പിതാവിനെയും പരിശുദ്ധ സഭയെയും അപമാനിക്കുന്നവർക്കുള്ള മറുപടി കാലം തരും. പരിശുദ്ധ പിതാവിന്റെ ജീവിതത്തിലും പ്രവർത്തിയിലുമുള്ള നൈർമല്യമാണ് പരിശുദ്ധ സഭയുടെ ശക്തി. ‘ഇതാ സാക്ഷാല്‍ ഇസ്രായേല്യന്‍, ഇവനില്‍ കപടമില്ല’ എന്ന് കര്‍ത്താവ് തന്‍റെ അടുക്കലേക്കു വന്ന നഥാനിയേലിനെക്കുറിച്ച് പറഞ്ഞു. പരിശുദ്ധ പിതാവിനെക്കുറിച്ചും ധൈര്യമായി നമ്മുക്ക് പറയാം ‘കർത്താവിന്റെ വിനീതനും വിശ്വസ്തനുമായ ദാസന്‍, ഇവനില്‍ കളങ്കമില്ല

error: Thank you for visiting : www.ovsonline.in