അഞ്ചലച്ചനെ ‘താപസ ശ്രേഷ്ഠന്‍’ സ്ഥാനനാമകരണം ചെയ്യും
കൊല്ലം : രണ്ടു നൂറ്റാണ്ടു മുൻപ് ഇവിടെ വസിച്ചിരുന്ന അഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പ്രധാന ചടങ്ങുകളും പ്രഖ്യാപനവും മാർച്ച് മൂന്നു മുതൽ അഞ്ചുവരെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ (അഞ്ചലച്ചന്റെ പള്ളി) നടക്കും. പരിശുദ്ധബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ കാർമികത്വം വഹിക്കും.
അഞ്ചലച്ചന്റെ ധ്യാനമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലാണ്. നാനാജാതി മതസ്ഥർ ഇവിടെ പ്രാർഥനയ്ക്ക് എത്തുന്നു. വെളിച്ചെണ്ണ, നിലവിളക്ക് എന്നിവയാണു കാഴ്ചദ്രവ്യങ്ങളായി സമർപ്പിക്കുക. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽനിന്ന് അഞ്ചൽ കടയാറ്റ് കളരി ദേവിക്ഷേത്രത്തിലേക്കു 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന തിരുമുടി എഴുന്നള്ളത്തിനെ പള്ളിയുടെ മുന്നിൽ സ്വീകരിക്കുന്നതു പതിവാണ്.ഒട്ടേറെ പേരുടെ അനുഭവസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ചലച്ചനെ ശ്രേഷ്ഠപദവിയിലേക്ക് ഉയർത്താൻ സഭ തീരുമാനിച്ചതെന്നു വികാരിമാരായ ഫാ. റെജി ലൂക്കോസ്, ഫാ. അലക്സ് തോമസ്, സൈമൺ അലക്സ് തുടങ്ങിയവർ അറിയിച്ചു.