സിറിയ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച $25,000 കൈമാറി
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഭദ്രാസന തലത്തില്‍ സ്വരൂപിച്ച $25,000 (INR 16,91,750) അന്തിയോഖ്യന്‍ (ഗ്രീക്ക്) ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ആര്‍ച്ച് ഡയോസിസ് വികാരി ജനറലും കത്തീഡ്രല്‍ ഡീനുമായ ആര്‍ച്ച്പ്രീസ്റ്റ് തോമസ് സൈനെ ഏല്‍പ്പിച്ചു. ചൊവാഴ്ച സൗത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ബ്രൂക്ക്ലിൻ സെന്‍റ് നിക്കോളാസ് കത്തീഡ്രലില്‍ എത്തിയായിരുന്നു ചെക്ക് കൈമാറിയത്.
ഫാ.തോമസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു. സിറിയയിലെ യുദ്ധത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി നല്‍കിയ സാമ്പത്തിക സഹായത്തിന് ഫാദര്‍ നന്ദി പറഞ്ഞു. യുദ്ധ അന്തരീക്ഷത്തില്‍ പഠനം മുടങ്ങിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ തുക പൂര്‍ണ്ണമായും വിനിയോഗിക്കുമെന്നു അദേഹം വ്യക്തമാക്കി. കത്തീഡ്രൽ സന്ദർശനത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം അഭി. തിരുമേനിക്ക് യാത്രയയപ്പും നൽകി.