പുതുതലമുറയെ നന്മയിലേക്ക് നയിക്കാൻ സമയം കണ്ടെത്തണം: സഖറിയാസ് മാർ അന്തോണിയോസ്
ശൂരനാട് :- ആശയവിനിമയത്തിന്റെ നവീന കാലഘട്ടത്തിൽ മനുഷ്യർ തമ്മിൽ ആംഗ്യങ്ങളിലൂടെ മാത്രം സംസാരിച്ചു തിരക്കുകളിലേക്കു മാറുകയാണെന്നും പുതുതലമുറയെ നന്മയിലേക്കു നയിക്കാൻ സമയം കണ്ടെത്തണമെന്നും ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ്.
ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ കൊല്ലം മെത്രാസനത്തിന്റെ അധ്യാപക പരിശീലന ക്ലാസും അധ്യാപകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പി.ടി.ഷാജൻ അധ്യക്ഷത വഹിച്ചു. ഫാ. ഇ.പി.വർഗീസ് ഇടവന, ഫാ. എം.എം.വൈദ്യൻ, ഫാ. ജെ.ജയിംസ്, സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെകടർ എ.സി.അലക്സാണ്ടർ മുതലാളി, ജേക്കബ് ജോർജ്, എം.ജി വിൽസൺ എന്നിവർ പ്രസംഗിച്ചു.
കൊല്ലം, കല്ലട, കുണ്ടറ, നല്ലില, പുത്തൂർ, തലവൂർ എന്നീ മേഖലകളിലെ 65 പള്ളികളിൽ നിന്നായി 600 അധ്യാപകർ പങ്കെടുത്തു. ഫാ. ഡോ. ഒ.തോമസ്, ഫാ. പി.ജയിംസ്, ഫാ. ജോൺ ടി.വർഗീസ്, ഫാ. തോമസ് വർഗീസ് അമയിൽ, പി.യു.കുര്യാക്കോസ് കോർ എപ്പിസ്കോപ്പ എന്നിവർ ക്ലാസെടുത്തു. ജോൺസൺ കല്ലട, ജയ്സൺ തോമസ് ശൂരനാട് എന്നിവരുടെ നേതൃത്വത്തിൽ ഗാന പരിശീലനവും നടത്തി. സമാപന സന്ദേശവും സർട്ടിഫിക്കറ്റ് വിതരണവും സഖറിയാസ് മാർ അന്തോണിയോസ് നിർവഹിച്ചു.