OVS - Latest NewsOVS-Pravasi News

കാതോലിക്ക ബാവയ്ക്ക് സിഡ്നിയില്‍ ഊഷ്മള സ്വീകരണം

സിഡ്നി: പത്ത്  ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്നിയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സിഡ്നിയിലെ നസ്രാണി സമൂഹം ഊഷ്മള സ്വീകരണം നല്‍കി. ശനിയാഴ്ച രാവിലെ സിഡ്നി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്ന പരിശുദ്ധ ബാവ തിരുമേനിയെയും  ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയേയും  സിഡ്നി സെന്‍റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി  ഫാ.  തോമസ്‌ വര്‍ഗീസിന്‍റെയും  സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  ഇടവക  വികാരി ഫാ.   ബെന്നി ഡേവിഡിന്‍റെയും നേത്രുത്വത്തില്‍ വൈദികരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും,  വിശ്വാസികളും ചേര്‍ന്ന്   സ്വീകരിച്ചു. നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി, ന്യൂ സൌത്ത് വയില്‍സ് എക്കുമിനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി എന്നിവരും ബാവയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

ovs-news22ശനിയാഴ്ച വൈകുന്നേരം സിഡ്നി എഡന്‍സര്‍ പാര്‍ക്കിലുള്ള  പാര്‍ക്ക് സൈഡ് ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച് സിഡ്നിയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും ചേര്‍ന്ന് പരിശുദ്ധ ബാവയ്ക്ക്  പൌരസ്വീകരണം നല്‍കി. ശിങ്കാരിമേളത്തിന്‍റെയും   മുത്തുകുടകളുടെയും അകമ്പടിയോടെയാണ് ബാവയെ സമ്മേളന  വേദിയിലേക്ക് ആനയിച്ചത്. ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍  മരണ മടഞ്ഞവരോടുള്ള  ആദരം  അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്

സിഡ്നിയിലെ  സമുന്നതരായ നേതാക്കളും ഇതര ക്രൈസ്‌തവ സഭാധ്യക്ഷന്മാരും സാമുദായിക നേതാക്കളും പങ്കെടുത്ത സ്വീകരണ സമ്മേളനം പരിശുദ്ധ ബാവ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫെഡറല്‍, സ്റ്റേറ്റ് നേതാക്കന്‍മാര്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്‍സ്‌ ആര്‍ച്ച് ബിഷപ്പ്, അസ്സീറിയന്‍ ആര്‍ച്ച് ബിഷപ്പ്, അന്തിയോക്യന്‍ ഓര്‍ത്തഡോക്‍സ്‌ ആര്‍ച്ച് ബിഷപ്പ്, സിറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍, യുണയ്റ്റിംഗ് ചര്‍ച്ച് മോഡറെറ്റര്‍, നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി, ന്യൂ സൌത്ത് വെയില്സ് എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി എന്നിവരും, കൂടാതെ കോപ്ടിക് ഓര്‍ത്തഡോക്സ്, ഗ്രീക്ക് ഓര്‍ത്തഡോക്‍സ്‌, സെര്‍ബിയന്‍  ഓര്‍ത്തഡോക്‍സ്‌, എത്തിയോപ്യന്‍ ഓര്‍ത്തഡോക്സ്, മാര്‍ത്തോമ ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച് , സാല്‍വേഷന്‍  ആര്‍മി എന്നിവരെ പ്രതിനിധീകരിച്ച് പുരോഹിതരും ചടങ്ങില്‍ ബാവയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .

പരിശുദ്ധ ബാവ തിരുമേനി തന്‍റെ മറുപടി പ്രസംഗത്തില്‍ സിഡ്നിയിലെ ജനങ്ങള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി  പറയുകയും എന്നും ഇതുപോലെ പരസ്പര സാഹോദര്യത്തിലും സഹകരണത്തിലും ഓസ്ട്രേലിയന്‍ മണ്ണില്‍ കഴിയുവാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ്‌ വര്‍ഗീസ്‌ സ്വാഗതവും ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ശ്രീ ജോര്‍ജി എബ്രഹാം നന്ദിയും രേഖപെടുത്തി. പരിശുദ്ധ ബാവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച  സുവനീര്‍ പ്രകാശനവും തദവസരത്തില്‍ നടത്തപെട്ടൂ.

ovstttപിന്നീട് സിഡ്നി സെന്‍റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ എത്തിയ  പരിശുദ്ധ ബാവയെ വിശ്വാസി  സമൂഹം പരിചമുട്ടുകളിയുടെയും മാര്‍ഗംകളിയുടെയും അകമ്പടിയോടെ   പള്ളിയിലേക്ക് ആനയിച്ചു.  തുടര്‍ന്ന്  പരിശുദ്ധ  ബാവ സന്ധ്യാ  നമസ്കാരത്തിനു നേത്രുത്വം നല്‍കുകയും വിശ്വാസി സമൂഹവുമായി കൂടികാഴ്ച  നടത്തുകയും ചെയ്തു. പിറ്റേന്ന്  ഞാഴറാഴ്ച പരിശുദ്ധ  ബാവ  കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സണ്‍‌ഡേ സ്കൂള്‍ ബില്‍ഡിംഗിന്‍റെ കൂദാശ നിര്‍വഹിക്കുകയും ചെയ്തു. സിഡ്നിയിലും സമീപ പ്രദേശങ്ങളിലുമുള്ള  ദേവാലയങ്ങളിലേയും കോണ്‍ഗ്രിഗേഷനുകളിലേയും ധാരാളം വിശ്വാസികള്‍ പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു.

വൈകുന്നേരം പരിശുദ്ധ ബാവ എപ്പിംഗ് സെന്‍റ് മേരിസ് ചര്‍ച്ചില്‍ സന്ധ്യാ  നമസ്കാരത്തിനു നേത്രുത്വം നല്‍കി.  തിങ്കളാഴ്ച രാവിലെ പരിശുദ്ധ ബാവ കാന്‍ബറയിലേക്ക് തിരിച്ചു. സിഡ്നിയിലെ സന്ദര്‍ശന വേളയില്‍ ഇതര ക്രൈസ്‌തവ  സഭാധ്യക്ഷന്മാരുമായും വൈദികരുമായും, മറ്റു പല പ്രമുഖരുമായും   ബാവ കൂടികാഴ്ച നടത്തുകയുണ്ടായി.  ഇടവക  മെത്രാപോലീത്താ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് തിരുമേനി എല്ലാ  പരിപാടികളിലും ബാവയോടൊപ്പം ഉണ്ടായിരുന്നു. പരിശുദ്ധ ബാവായുടെ സിഡ്നിയിലെ പ്രഥമ ശ്ളൈഹിക സന്ദര്‍ശനം  വിജയകരമാക്കാന്‍ സഹായിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഏവരോടും ഇടവക വികാരി ഫാ. തോമസ്‌ വര്‍ഗീസ്‌ നന്ദി രേഖപെടുത്തി.

error: Thank you for visiting : www.ovsonline.in