ചോക്കും ബോർഡും ഓർമ്മയായി: അട്ടപ്പാടി സെന്‍റ് ജെംസ് സ്കൂളും സ്മാർട്ടായി
അഗളി: നെല്ലിപ്പതി സെന്‍റ് ജെംസ് സ്‌കൂളില്‍ ഇനി ചോക്കും ബോര്‍ഡുമില്ല. അട്ടപ്പാടിയിലെ ആദ്യത്തെ സമ്പൂര്‍ണ സ്മാര്‍ട്ട് സ്‌കൂളെന്ന ബഹുമതി ഇനി ജെംസിന്. എഴുപതിലധികം ആദിവാസിക്കുട്ടികളടക്കം നാനൂറോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. എല്‍.കെ.ജി. മുതല്‍ പത്താം ക്‌ളാസ് വരെയുള്ള എല്ലാ ക്‌ളാസ്മുറികളെയും ഡിജിറ്റല്‍ സ്മാര്‍ട്ട് ക്‌ളാസ് മുറികളായി ഉയര്‍ത്തി. ഡിജിറ്റല്‍ സാങ്കേതികവിദ്യ കുട്ടികള്‍ക്ക് സൗജന്യമായാണ് ഒരുക്കിയിട്ടുള്ളത്. 30 ലക്ഷത്തോളം രൂപയാണ് ക്‌ളാസ് മുറികള്‍ നവീകരിക്കാന്‍ മാനേജ്‌മെന്റ് ചെലവഴിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് മാത്യു പറഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നവീന സാങ്കേതികവിദ്യ അട്ടപ്പാടിയിലെ കുട്ടികള്‍ക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജര്‍ ഫാ. എം.ഡി. യൂഹാനോന്‍ റമ്പാന്‍ പറഞ്ഞു. മാതൃഭൂമി-വി.കെ.സി. ജൂനിയര്‍ നന്മ പദ്ധതിയില്‍ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം ഈ സ്‌കൂളിനായിരുന്നു.