രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം തുടങ്ങി
നിലമ്പൂർ :- രോഗികൾക്ക് കാരുണ്യസ്പർശമായി സിഎച്ച് സെന്ററും ഓർത്തഡോക്സ് ക്രിസ്ത്യൻ സഭ മലബാർ ഭദ്രാസനവും ചേർന്ന് ജില്ലാ ആശുപത്രിയിൽ സൗജന്യ ഉച്ച ഭക്ഷണ വിതരണം തുടങ്ങി. അന്നദാനം ഔദാര്യമല്ല, ഏവരുടെയും ഉത്തരാവാദിത്തമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മലബാർ ഭദ്രാസനത്തിന്റെ ഇടപെടൽ മഹത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സിഎച്ച് സെന്ററുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാഷണം നടത്തിയ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് പറഞ്ഞു. സിഎച്ച് സെന്റർ പ്രസിഡന്റ് പി.വി.അലി മുബാറക് ആധ്യക്ഷ്യം വഹിച്ചു. പി.വി.അൻവർ എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, മുജീബ് ദേവശ്ശേരി, ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. ജേക്കബ് വർഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം എ.കെ.ബേബി എന്നിവർ പ്രസംഗിച്ചു.
കാതോലിക്കാ ബാവായ്ക്ക് നഗരസഭാ വൈസ് ചെയർമാൻ പി.വി.ഹംസ, സ്ഥിരസമിതി അധ്യക്ഷ മുംതാസ് ബാബു, ആശുപത്രി സൂപ്രണ്ട് ഡോ. പി.സീമാമു, സ്റ്റാൻലി ജോസഫ്, സെന്റർ ഭാരവാഹികളായ കൊമ്പൻ ഷംസുദ്ദീൻ, കെ.ടി.കുഞ്ഞാൻ എന്നിവരുടെ നേതൃത്വത്തിൽ വരവേൽപ് നൽകി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഴ്ചയിൽ നാലുദിവസം സിഎച്ച് സെന്ററും മൂന്നുദിവസം ഭദ്രാസനവും ഭക്ഷണം വിതരണം ചെയ്യും. മുൻകൂട്ടി അറിയിച്ചാൽ പട്ടിണി അനുഭവിക്കുന്നവർക്കും ലഭ്യമാണ്.