പരുമല കബർ ലക്ഷ്യമാക്കി നിലയ്ക്കാത്ത വൻ തീർത്ഥാടന പ്രവാഹമെത്തും ; പ്രാർത്ഥനയോടെ വിശ്വാസികളൊരുങ്ങുന്നു
കൊച്ചി/പത്തനംതിട്ട : മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122 -മത് ഓർമ്മപ്പെരുന്നാളിന് പരിശുദ്ധൻ അന്ത്യ വിശ്രമം കൊള്ളുന്ന പരുമല സെമിനാരി പള്ളിയിൽ ശനിയാഴ്ച കൊടിയേറും.പെരുന്നാൾ ശുശ്രൂഷകൾക്ക് പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും.കൊടിയേറ്റം ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശുദ്ധ കാതോലിക്ക ബാവ നിർവ്വഹിക്കും.തുടർന്ന് തുടങ്ങുന്ന തീർത്ഥാടന വാരാഘോഷത്തിന് രാജ്യസഭാ എംപി ഡോ.ഹാരീസ് ബീരാൻ മുഖ്യ സന്ദേശം നൽകും.പെരുന്നാളിന്റെ പ്രധാന ദിവസമായ നവംബർ 1 വരെ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ വിവിധ ഭദ്രാസന കമ്മിറ്റികളുമായി ചേർന്ന് നടത്തുന്ന 144 മണിക്കൂർ അഖണ്ഡ പ്രാർത്ഥന വൈകീട്ട് 5 മണിക്ക് പരിശുദ്ധന്റെ ആദ്യ കാല വസതിയായ അഴിപ്പുരയിൽ ആരംഭം കുറിക്കും.
നവംബർ 1 ന് പെരുന്നാൾ നമസ്കാരത്തെ തുടർന്ന് 8 മണിക്ക് സ്ലൈഹീക വാഴ്വും 8 .15 ന് റാസ.പ്രധാന പെരുന്നാൾ ദിനമായ നവംബർ 2 ന് രാവിലെ 3 മണിക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ പള്ളിയിൽ വിശുദ്ധ കുർബ്ബാന.രാവിലെ 6 .15 മണിക്ക് ഡോ.യാക്കോബ് മാർ ഐറെനിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ ചാപ്പലിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.രാവിലെ 8 .30 ക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് പരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാർമ്മികത്വം വഹിക്കും.
പെരുന്നാളിന്റെ ഭാഗമായി തീർത്ഥാടന വാരത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം ബാസ്കയാമോ സമ്മേളനം,യുവജന സംഗമം,ഗ്രിഗോറിയൻ പ്രഭാഷണം,മദ്യ വർജ്ജന ബോധവൽക്കരണം,വിവാഹ ധനസഹായ വിതരണം,പരുമല സ്കൂൾ സംഗമം,ശുശ്രൂഷക സംഗമം,വനിതാ സമാജം സംഗമം,പിതൃ സ്മൃതി സംഗമം,പരിസ്ഥിതി സെമിനാർ,പേട്രൺസ് ഡേ,പ്രാർത്ഥന യോഗം ധ്യാനം,സന്യാസ സമ്മേളനം ,വിദ്യാർത്ഥി പ്രസ്ഥാനം സമ്മേളനം എന്നിവ നടക്കും.
ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഗ്രിഗോറിയൻ ടി വിയിലൂടെയും മറ്റും വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരുമല പെരുന്നാൾ ; 36-മത് വടക്കൻ മേഖല തീർത്ഥാടന യാത്ര മുളന്തുരുത്തിയിൽ നിന്നും