OVS - Latest News

പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുസ്മരണ സമ്മേളനം 2024 ജൂലൈ 7 ഞായറാഴ്ച

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുസ്മരണ സമ്മേളനം 2024 ജൂലൈ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 -ന് കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെൻ്ററിൽ നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ. സഖറിയ മാർ സേവേറിയോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് അനുസ്മരണ പ്രഭാഷണം നടത്തും.

പൗരസ്ത്യ ദേശത്തെ 91-ാമത്തെ കാതോലിക്കായും 21-ാമത്തെ മലങ്കര മെത്രാപ്പോലീത്തായും മലങ്കരയിലെ 8-ാമത്തെ കാതോലിക്കായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതം ത്യാഗ നിർഭരമായിരുന്നു. കുന്നംകുളം മങ്ങാട് മാർ ഗ്രീഗോറിയോസ് പള്ളിയിലെ വിശുദ്ധ മദ്ബഹ ശുശ്രൂഷകനിൽ നിന്നാണ് പോൾ എന്ന 12 വയസുകാരൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷസ്ഥാനത്തേക്ക് ചുവടുകൾ വച്ചത്.

ദാരിദ്രവും സാമ്പത്തിക പരാധീനതകളുമൊക്കെയും ദൈവത്തിലുള്ള ഉറച്ച വിശ്വാസവും വിനയവും ആണ് പ്രതിസന്ധികളെ മറികടക്കാൻ പരിശുദ്ധ പിതാവിന് കരുത്ത് ഏകിയത്. നൂറ്റാണ്ടുകൾ നീണ്ട മലങ്കര സഭാ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും അന്ത്യം കുറിച്ച 2017 ജൂലൈ 3 -ലെ സുപ്രീം കോടതിയുടെ നിർണായകമായ വിധി ഉണ്ടായത് പരിശുദ്ധ പിതാവിന്റെ കാലത്താണ്.

തികഞ്ഞ സഭാ സ്നേഹി ആയിരുന്ന പരിശുദ്ധ ബാവാ കോടതി വിധി നടത്തി തരാത്ത വിവിധ രാഷ്ട്രീയ നേതാക്കളുടെ നടപടിയിൽ ഏറെ ദുഖിതനായിരുന്നു. വ്യവഹാരങ്ങളിലെ വിധികൾ ദൈവഹിതമാണന്നും, ഇന്നല്ലങ്കിൽ നാളെ എല്ലാം അനുകൂലമായി വരുമെന്ന കാഴ്ചപ്പാടായിരുന്നു പരിശുദ്ധ പിതാവിന് ഉണ്ടായിരുന്നത്. പരിശുദ്ധ പിതാവിന്റെ വാക്കുകൾ, നിലപാടുകൾ, തീരുമാനങ്ങൾ എന്നിവ എല്ലാം മലങ്കര സഭയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉള്ളതായിരുന്നു.

ഇത്തരം നിലപാടുകളെ സഭക്ക് അകത്തും പുറത്തും വിമർശനത്തോടെ നിരവധി ആളുകൾ കണ്ടിരുന്നു.
എത്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും ഇതിലൊന്നും മാറ്റം വരുത്താൻ ബാവാ തയ്യാറല്ലായിരുന്നു. മലങ്കര സഭാ മക്കളുടെ മനസിൽ എന്നും ജ്വലിക്കുന്ന സ്മരണകൾ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധ പിതാവിനെ സ്മരിക്കുന്നതിനായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

error: Thank you for visiting : www.ovsonline.in