OVS - Latest NewsOVS-Kerala News

ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി കയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ് യുഹാനോൻ മാർ ദിയസ്കോറസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട്, പി ആർ ഒ ഫാ. മോഹൻ ജോസഫ് എന്നിവർ ആരോപിച്ചു.

തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. അദ്ദേഹം നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും യുഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.

ഓർത്തഡോക്സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മലങ്കര സഭയെ വെട്ടിമുറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അള മുട്ടിയാൽ ചേരയും കടിക്കും എന്ന് സർക്കാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന അട്ടിമറികളെ ആശങ്കയോടെയാണ് സഭ കാണുന്നതെന്നും നിമയത്തിനും സത്യത്തിനും വിരുദ്ധമായി മലങ്കര സഭയെ തർക്കാൻ ആരു ശ്രമിച്ചാലും സഭ ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോൽപ്പിക്കുമെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടി അഡ്വ ബിജു ഉമ്മൻ പറഞ്ഞു.

സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ട സഭാ വിഷയത്തില്‍ പുതിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്നലെ പുത്തന്‍ കുരിശില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രകടമാകുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിന് അവസാനം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കി സമാധാനം സ്ഥാപിക്കുന്നതിന് പകരം, ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെടുന്നതിനും കേസുകള്‍ ആരംഭിക്കുന്നതിനും സഭാഗംങ്ങള്‍ തമ്മില്ലുള്ള തര്‍ക്കം രൂക്ഷമാക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും അങ്ങനെ വീണ്ടും സഭയുടെ ഭാവി നിയമ പോരാട്ടങ്ങളിലേക്ക് വഴുതി വീഴുന്നതിനും ഇടയാക്കും.

നിയമപരമായി നിലനില്‍പ്പില്ലാത്തവര്‍ക്ക് പുതിയ അസ്തിത്വം വാഗ്ദാനം ചെയ്ത് വഴിവിട്ട സഹായം നല്‍കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാണെന്ന് അറിയിക്കുന്നതിലൂടെ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭരണഘടന ലംഘനം നടത്തിയിരിക്കുകയാണ്. നാളിതുവരെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗങ്ങളിലെല്ലാം സമാധാനം സ്ഥാപിക്കുന്നതിന് സന്നദ്ധമായിട്ടുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ചത്.

മലങ്കര മെത്രാപ്പോലീത്ത സ്ഥാനം അന്ത്യോഖ്യ പാത്രിയര്‍ക്കിസ് പ്രഖ്യാപിച്ചു എന്നത് വിചിത്രമാണ്. മലങ്കര മക്കള്‍ തിരഞ്ഞെടുത്ത് രാജകീയ വിളംബരത്തിലൂടെ അംഗീകരിക്കപ്പെട്ടിരുന്ന ഈ സ്ഥാനം ഇന്ന് കയ്യാളുന്നത് ആരാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ആസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ എത്തിയ ഒരാള്‍ ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ആഹ്വാനം പരസ്യമായി നടത്തുന്നത് നിയമലംഘനമാണ്. അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ നടത്തിയിട്ടുള്ള പ്രസ്താവനകള്‍ എല്ലാം തന്നെ പ്രകോപനപരവും ഇന്ത്യന്‍ നിയമവ്യവസ്ഥിതിയെ അവഹേളിക്കുന്നതും ആണ് എന്നവർ പറഞ്ഞു.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി

യാക്കോബായ വാദങ്ങൾ എല്ലാം തള്ളി സുപ്രീം കോടതി; വിധി പകർപ്പ്

error: Thank you for visiting : www.ovsonline.in