Ancient ParishesOVS - ArticlesOVS - Latest News

പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ പള്ളികൾ – ഒരു അവലോകനം

പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ പള്ളികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളിലൂടെ 1873 -ല്‍ പാശ്ചാത്യ ചരിത്രകാരനായിരുന്നു തോമസ് വൈറ്റ്ഹൗസ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തെ കുറിച്ച് എഴുതിയ “Lingerings of light in a dark land’‘ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ തോമാസ്ളീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന 7 പള്ളികളില്‍ കേവലം രണ്ട് പള്ളികള്‍ മാത്രമാണ് പറങ്കികള്‍ കയ്യേറിയത് എന്ന് മനസിലാവും. പറങ്കികള്‍ കയ്യേറിയ ഈ പള്ളികള്‍ പിന്നീട് മലങ്കര സഭയില്‍ നിന്ന് വിഘടിച്ച് പറങ്കികള്‍ക്കൊപ്പം കൂടിയ റോമന്‍ സുറിയാനിക്കാര്‍ക്ക് ലഭിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, ഗൊക്കമംഗലം എന്നറിയപ്പെടുന്ന സൗത്ത് പള്ളിപ്പുറം പള്ളികളാണ് പറങ്കികള്‍ മലങ്കരസഭയില്‍ നിന്ന് പിടിച്ചെടുക്കുകയും പിന്നീട് റോമന്‍ സുറിയാനിക്കാര്‍ക്ക് ലഭിക്കുകയും ചെയ്തത്. ബാക്കി 6 പള്ളികള്‍ ഇപ്പോളും മലങ്കര സഭയുടെ കൈവശം തന്നെയാണുള്ളത് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മലങ്കര നസ്രാണികള്‍ക്കു പോലും അവിശ്വസനീയം എന്നു തോന്നിയേക്കാം. എന്നാല്‍ വിശ്വസിച്ചേ പറ്റൂ കാരണം തെളിവുകളും ചരിത്രരേഖകളും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. ആദ്യം നമുക്ക് കൊടുങ്ങല്ലൂര്‍, ഗൊക്കമംഗലം പള്ളികള്‍ എങ്ങനെ മലങ്കര സഭക്ക് നഷ്ടമായി എന്ന് പരിശോധിക്കാം.

1) കൊടുങ്ങല്ലൂര്‍.
മലയാളക്കരയുടെ അതിപുരാതന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മുസിരിസ് എന്ന ചരിത്ര കേന്ദ്രത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ അതിപുരാതന നസ്രാണി കേന്ദ്രം കൂടിയായിരുന്നു. മാര്‍ത്തോമാ ശ്ലീഹാ സ്ഥാപിച്ച സഭാ സമൂഹവും പള്ളിയും കൊടുങ്ങല്ലൂരില്‍ ഉണ്ട് എന്ന് പൊതുവെ പ്രചരിക്കപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പറങ്കികള്‍ ആദ്യം ലക്ഷ്യം വച്ചതും ഈ കൊടുങ്ങല്ലൂര്‍ പിടിക്കുക എന്നതായിരുന്നു. അതിനായി കൊടുങ്ങല്ലൂര്‍ ഉള്‍പെടുന്ന സാമൂതിരി രാജ്യത്തിന്റെ വലിയ അകലത്തിലല്ലാതെ ചേന്നം (ഇന്നത്തെ ചേന്നമംഗലം എന്നു കരുതപ്പെടുന്ന സ്ഥലം) എന്ന സ്ഥലത്ത് ഒരു സെമിനാരി സ്ഥാപിക്കുകയാണ് പറങ്കികള്‍ ആദ്യം ചെയ്തത്. മലങ്കര സഭയില്‍ നിന്ന് ചുരുക്കം ചില ആളുകളെ ചാക്കിട്ട് പിടിച്ച് ഈ സെമിനാരിയില്‍ ചേര്‍ത്ത് റോമാ വിശ്വസം പഠിപ്പിക്കുകയും അവരില്‍ ചിലര്‍ക്ക് വൈദീക പട്ടം കൊടുക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും മലങ്കര സഭയില്‍ നിന്നും അധികം ആളുകളെ റോമാ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ പറങ്കികള്‍ ചേന്നം സെമിനാരിയില്‍ നസ്രാണികളുടെ ആരാധനാഭാഷയായ (വൈപ്പിക്കോട്ട സെമിനാരി) സുറിയാനി കൂടി പഠിപ്പിക്കാന്‍ ആരംഭിച്ചു. സാമൂതിരി നാട്ടില്‍ സര്‍വാധിപത്യം സ്ഥാപിച്ച പറങ്കികളില്‍ നിന്ന് വളരെ പീഢനം ഏല്‍ക്കേണ്ടി വന്ന മലങ്കര നസ്രാണികള്‍ക്ക് കൊടുങ്ങല്ലൂരില്‍ വലിയ പീഢനം ഏല്‍ക്കേണ്ടി വരികയും അവിടെ നിന്നും പാലായനം ചെയ്യേണ്ടതായി വന്നതായും വൈറ്റ്ഹൗസ് പറയുന്നു. പറങ്കികള്‍ക്ക് വഴങ്ങിയ നസ്രാണികള്‍ ഒഴികെയുള്ളവര്‍ കൊടുങ്ങല്ലൂര്‍ വിട്ടു പോകേണ്ടി വന്നപ്പോള്‍ പറങ്കികള്‍ക്ക് വഴങ്ങിയ ചുരുക്കം വരുന്ന നസ്രാണികളെ വച്ച് കൊടുങ്ങല്ലൂര്‍ പള്ളി പറങ്കികള്‍ പിടിച്ചെടുത്തു. ഇപ്പോള്‍ ഈ പള്ളി റോമന്‍ സുറിയാനിക്കാരുടെ കൈവശമാണ്.

2) സൗത്ത് പള്ളിപ്പുറം (ഗൊക്കമംഗലം)
മലങ്കരയിലെ മറ്റെല്ലാ പ്രദേശങ്ങളിലുമുള്ള നസ്രാണിപ്പള്ളിക്കാര്‍ക്കുണ്ടായിരുന്നത് പോലെ തന്നെ റോമിനോടും റോമാ വിശ്വാസത്തോടും കടുത്ത എതിര്‍പ്പായിരുന്നു പള്ളിപ്പുറം പള്ളിക്കാര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ഇടവകയിലേക്ക് ഉദയംപേരൂര്‍ സുന്നഹദോസിന് ശേഷം മെനസിസ് മെത്രാന്‍ സന്ദര്‍ശനം നടത്തുകയും തന്റെ സന്ദര്‍ശനം വഴി മെനെസിസ് മെത്രാന് സൗത്ത് പള്ളിപ്പുറം പള്ളിയില്‍ അല്‍പം സ്വാധീനം ഉണ്ടാക്കി എടുക്കാന്‍ സാധിച്ചു എന്നുമാണ് വൈറ്റ്ഹൗസ് വിലയിരുത്തുന്നത്. അപ്രകാരം പള്ളി കൂനന്‍ കുരിശിന് ശേഷം റോമാ ഭാഗത്ത് നിലയുറപ്പിക്കുകയും പള്ളി റോമന്‍ സുറിയാനിക്കാര്‍ക്ക് ലഭിക്കുകയും ചെയ്തു എന്ന് കരുതുന്നു.

3) പാലൂര്‍ പള്ളി.
വളരെ രസകരമായ ഒരു ചരിത്രം ആണ് പാലൂര്‍ പള്ളിയുടേത്. ഇന്ന് പാലയൂര്‍ എന്നറിയപ്പെടുന്ന ചാവക്കാട് പള്ളിയും യഥാര്‍ത്ഥ പാലൂര്‍ പള്ളിയും ഒന്നാകാന്‍ യാതൊരു സാദ്ധ്യതയുമില്ല. ചാവക്കാട് പള്ളിയില്‍ എത്തിയ വൈറ്റ്ഹൗസ് അവിടെ പൗരാണികതയുടെ ഒന്നും തന്നെ കണ്ടില്ല എന്നദ്ദേഹം രേഖപ്പെടുത്തുന്നു. അവിടെ അദ്ദേഹം ആകെ കണ്ടത് കേവലം 12 വീടുകള്‍ മാത്രമാണ്. പള്ളിക്കും യാതൊരു പൗരാണികതയും കാണുന്നില്ല. എന്നാല്‍ വൈറ്റ്ഹൗസ് അര്‍ദ്ധശങ്കയില്ലാതെ പറയുന്നു അവിടുത്തെ ഏറ്റവും പൗരാണിക നസ്രാണി കേന്ദ്രം കുന്നംകുളം ആണെന്ന്.

പ്രദേശത്തെ നസ്രാണികളുടെ ഇടയില്‍ റോമാക്കാര്‍ക്കെതിരെയുണ്ടായിരുന്ന ശക്തമായ എതിര്‍പ്പിനെ കുറിച്ചും വൈറ്റ്ഹൗസ് വാചാലനാകുന്നു. ഉദയംപേരൂര്‍ സുന്നഹദോസിന് ശേഷം ചാവക്കാട് പള്ളി സന്ദര്‍ശിച്ച മെനസിസിനെയും കൂട്ടരുടെയും മുന്നില്‍ അവിടുത്തെ നസ്രാണികള്‍ മാര്‍ത്തോമായെയും പത്രോസിനെയും കുറിയാകോസ് സഹദായെയും കഥാപാത്രങ്ങളാക്കി ഒരു നാടകം അവതരിപ്പിക്കുകയും മെനസിസിനെയും കൂട്ടരെയും ശക്തമായി എതിര്‍ക്കുകയും ചെയ്തതായി ഗുവയായുടെ ജൊര്‍ണാദയില്‍ വിവരിക്കുന്നു. അതായത് സൗത്ത് പള്ളിപ്പുറത്ത് ഉണ്ടായത് പോലെയുള്ള അനുഭവമല്ല മെനെസിസിന് ചാവക്കാട് പള്ളിയില്‍ നിന്നുണ്ടായത്. എന്നിട്ടും പള്ളി ഇപ്പോള്‍ എങ്ങനെ റോമന്‍ സുറിയാനികളുടെ കൈവശം കിട്ടി എന്ന് വൈറ്റ്ഹൗസ് അതിശയം പ്രകടിപ്പിക്കുന്നു.

ഈ പൊരുത്തക്കേടുകള്‍ തന്നെയാണ് ചാവക്കാട് പള്ളി ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ചരിത്ര വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്നത്. കുന്നംകുളം ചാട്ടുകുളങ്ങര പ്രദേശം അതിപുരാതന വാണിജ്യ കേന്ദ്രമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടില്‍ സമ്പന്നമായ ഒരു യഹൂദ സെറ്റില്‍മെന്റ് അവിടെ ഉണ്ടായിരുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കുന്നംകുളം ചാട്ടുകുളങ്ങര പള്ളിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ നിന്നും ഒന്നാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന റോമന്‍ നാണയങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സാമൂതിരി നാടിന്റെയോ കൊച്ചിയുടെയോ ഭാഗം എന്ന് കൃത്യമായി നിര്‍വചിക്കപ്പെടാതിരുന്ന പ്രദേശം ആയിരുന്നു കുന്നംകുളം. നാട്ടുരാജാക്കന്മാരുടെ കാര്യമായ സ്വാധീനം ഇല്ലാതിരുന്ന പ്രദേശം ആയിരുന്നതിനാല്‍ തന്നെ മെനെസിസിനും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്ന പ്രദേശം ആയിരുന്നു കുന്നംകുളം.

കുന്നംകുളം ചാട്ടുകുളങ്ങര പള്ളിയിലാണ് കേരളത്തിലെ ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. ആ പ്രദേശത്തെ എല്ലാ നസ്രാണികളെയും കബറങ്ങിയിരുന്നതും ചാത്തം കൊണ്ടാടിയിരുന്നതും ചാട്ടുകുളങ്ങര പള്ളിയിലായിരുന്നു എന്ന് വൈറ്റ്ഹൗസ് പറയുന്നു. മലങ്കരയിലെ ആദ്യത്തെ ക്രൈസ്തവ സെറ്റില്‍മെന്റ് ചാട്ടുകുളങ്ങര ആയിരുന്നു എന്ന വസ്തുതയിലേക്കാണ് ഈ ചരിത്ര തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത്. ചാട്ടുകുളങ്ങര പള്ളിയുടെ കുരിശുപള്ളി ആയിരുന്നിരിക്കാം ചാവക്കാട് പള്ളി കൂനന്‍ കുരിശു സത്യത്തിനു ശേഷം ചാട്ടുകുളങ്ങര പള്ളിയില്‍ മലങ്കര നസ്രാണികളും റോമന്‍ സുറിയാനിക്കാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും ശക്തന്‍ തമ്പുരാന്‍ ഇടപെട്ട് ചാട്ടുകുളങ്ങര പള്ളിയുടെ സ്വത്തുക്കള്‍ കൃത്യമായി രണ്ടായി വിഭജിക്കുകയും പള്ളി ഏത് വിഭാഗത്തിന് എന്ന് കണ്ടെത്താന്‍ നറുക്കെടുപ്പ് നടത്തുകയും ചെയ്തു എന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നറുക്കിട്ടപ്പില്‍ പള്ളിയും പകുതി സ്വത്തുക്കളും മലങ്കര സഭക്കും ബാക്കി പകുതി സ്വത്തുക്കളും കുരിശുപള്ളിയും റോമാക്കാര്‍ക്കും ലഭിച്ചു എന്നും ചരിത്രം പറയുന്നു.

ചാട്ടുകുളങ്ങര പള്ളിയോട് ചേര്‍ന്ന് റോമന്‍ സുറിയാനിക്കാര്‍ക്ക് ലഭിച്ച സ്ഥലത്ത് റോമാക്കാര്‍ പിന്നീട് ഒരു പള്ളി പണിയുകയും ചെയ്തു. അപ്പോള്‍ വീതം വെയ്പില്‍ റോമാക്കാര്‍ക്ക് ലഭിച്ച കുരിശുപള്ളി ഏതാണ്. ആ കുരിശുപള്ളിയാണ് ഇന്ന് പാലയൂര്‍ എന്നറിയപ്പെടുന്ന ചാവക്കാട് പള്ളി എന്നത് തന്നെയാണ് ലോജികല്‍ ആയ ചരിത്രം. എന്നാല്‍ രസകരമായ സംഗതി ആര്‍ത്താറ്റേ റോമന്‍ സുറിയാനിക്കാര്‍ ചാട്ടുകുളങ്ങര പള്ളിയുടെ പൗരാണികത മാര്‍ത്തോമാ സ്ളീഹയുമായുള്ള ബന്ധവും അംഗീകരിക്കുന്നു എന്നതാണ്. ചാവക്കാട് പള്ളിയുടെ ചരിത്രത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ അല്‍പം വളച്ചൊടിച്ചിട്ടുണ്ടെന്ന് മാത്രം.

4) വടക്കന്‍ പറവൂര്‍ (പട്ടമനപ്പറവൂര്‍)
വടക്കന്‍ പറവൂരില്‍ മാര്‍ത്തോമാ ശ്ലീഹാ സ്ഥാപിച്ച പള്ളിയെ ചരിത്ര പുസ്തകങ്ങളില്‍ എല്ലാം പട്ടമനപ്പറവൂര്‍ പള്ളി എന്നാണ് പറയുന്നത്. വൈറ്റ്ഹൗസും, പൗളിയും, റൗളിനിയും അടക്കമുള്ള പാശ്ചാത്യ ചരിത്രകാരന്മാരും പട്ടമനപ്പറവൂര്‍ എന്നാണ് പറവൂര്‍ പള്ളിയെ വിളിക്കുന്നത്. നിരണം ഗ്രന്ധാവരിയിലും പട്ടമനപ്പറവൂര്‍ എന്നാണ്. മാര്‍ത്തോമാ സ്ളീഹാ സ്ഥാപിച്ച വടക്കന്‍ പറവൂര്‍ പള്ളി മലങ്കര നസ്രാണികളുടെ കൈവശം തന്നെയാണെന്നും വൈറ്റ്ഹൗസ് തന്റെ ചരിത്ര പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. വടക്കന്‍ പറവൂരില്‍ തന്നെ ഫ്രാന്‍സിസ് റോസ് മെത്രാന്റെ റെസിഡന്‍സ് ആയിരുന്ന ലത്തീന്‍ വിശുദ്ധന്മാരായിരുന്ന ഗര്‍വാസീസ് പ്രോത്താസീസ് എന്നിവരുടെ നാമത്തിലുള്ള മറ്റൊരു പള്ളി ഉണ്ടെന്നും വൈറ്റ്ഹൗസ് പറയുന്നു. എന്നാല്‍ വടക്കന്‍ പറവൂരിലെ ഏറ്റവും പുരാതന പള്ളി മാര്‍ത്തോമാ ശ്ലീഹായുടെ നാമത്തിലുള്ള പള്ളി ആണെന്നും അത് മലങ്കര നസ്രാണികളുടെ കൈവശമുള്ള സെന്‍റ് തോമസ് പള്ളി ആണെന്നും വൈറ്റ്ഹൗസ് കൃത്യമായി പറഞ്ഞിരിക്കുന്നു. മലങ്കര നസ്രാണികളുടെ പട്ടമനപ്പറവൂര്‍ പള്ളിയുടെ ചരിത്രം എങ്ങനെയാണ് കൊട്ടക്കാവ് പള്ളി എന്നറിയപ്പെടുന്ന ലത്തീന്‍ കാരുടെ കൈവശമുണ്ടായിരുന്ന (ഇന്ന് റോമന്‍ സുറിയാനിക്കാരുടെ കയ്യില്‍) ഗര്‍വാസീസ് പ്രോത്താസീസ് പള്ളിക്കാര്‍ കൊണ്ടുപോയത്. മലങ്കര നസ്രാണി തങ്ങളുടെ ചരിത്രം മറന്നപ്പോള്‍ മലങ്കര പള്ളിയുടെ ചരിത്രം റോമന്‍ സുറിയാനികള്‍ കൊണ്ടു പോയി എന്നു പറയേണ്ടി വരും.

5) കൊല്ലം.
AD 1503 -ല്‍ പോര്‍ച്ചുഗീസ് കച്ചവടക്കാരനായിരുന്ന ആല്‍ബക്കര്‍ക്യൂ കൊല്ലം തുറമുഖത്ത് എത്തുമ്പോള്‍ ആറായിരത്തോളം മലങ്കരനസ്രാണികള്‍ കൊല്ലത്തുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മലങ്കര നസ്രാണികള്‍ ആല്‍ബക്കര്‍ക്യൂവിന് മാര്‍ത്തോമാ ശ്ലീഹാ സ്ഥാപിച്ച കൊല്ലത്തെ പള്ളി കാണിച്ചു കൊടുത്തു എന്നും രണ്ട് വിശുദ്ധന്മാര്‍ ആ പള്ളിയില്‍ വച്ച് മരണപ്പെട്ടതിനാല്‍ ആ പള്ളിയെ ഒരു പ്രധാന പള്ളിയായി മലങ്കര നസ്രാണികള്‍ കണ്ടിരുന്നു എന്നും തോമസ് വൈറ്റ്ഹൗസ് രേഖപ്പെടുത്തിയിരിക്കുന്നു. ഈ ചരിത്രക്കുറിപ്പുകള്‍ കൊല്ലത്തെ മാര്‍ത്തോമാ സ്ളീഹ സ്ഥാപിച്ച പള്ളി ഇന്നത്തെ തേവലക്കര പള്ളി ആവാം എന്ന നിഗമനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ മലങ്കരയിലെത്തിയ സാബോര്‍, സബോറീശോ അഫ്രോദ് എന്നീ പേര്‍ഷ്യന്‍ പിതാക്കന്മാരില്‍ 2 പേര്‍ മരണപ്പെട്ടത് തേവലക്കര പള്ളിയില്‍ വച്ചാണെന്ന് കരുതപ്പെടുന്നു. കുരുക്കണികൊല്ലം എന്ന അതിപുരാതന തുറമുഖ നഗരം ഇന്നത്തെ തേവലക്കര ആണെന്നും നിഗമനങ്ങള്‍ ഉണ്ട്. അപ്പോള്‍ പൗരാണികമായ തേവലക്കര പള്ളിയാണ് മാര്‍ത്തോമാ ശ്ലീഹാ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന കൊല്ലത്തെ പള്ളി എന്നാണ് ചരിത്രതെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്.

6) നിരണം
കേരളത്തിലെ അതിപുരാതന ചരിത്രനഗരങ്ങളില്‍ ഒന്നാണ് നെല്‍കിണ്ട എന്ന് പുരാതന ചരിത്രരേഖകളില്‍ പറഞ്ഞിരിക്കുന്ന നിരണം. മലങ്കര നസ്രാണികളുടെ പൗരണിക ഇടവകകളില്‍ ഒന്നായ നിരണം പള്ളിയുടെ ചരിത്രം ഇതുവരെ മറ്റാരും കൊണ്ടുപോകാത്തതില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടിയിരിക്കുന്നു. നിരണം പള്ളിയുടെ പുത്രീ ഇടവക ആയിരുന്ന ചെങ്ങനാശേരി പള്ളി പത്തൊന്‍പതാം നൂറ്റാണ്ടുവരെ മലങ്കര സഭയുടെ കൂടെ ഉടമസ്ഥതയിലായിരുന്നത് കൊണ്ടാവാം നിരണം പള്ളിയുടെ ചരിത്രം ചെങ്ങനാശേരിയിലേക്ക് കൊണ്ടുപോകാന്‍ റോമന്‍ സുറിയാനിക്കാര്‍ക്ക് കഴിയാതെ പോയത്.

7) നിലയ്ക്കൽ പള്ളി
മലങ്കര സഭയുടെ കൈവശം ഇരുന്ന പള്ളിയാണ് നിലയ്ക്കൽ. വന്യമൃഗങ്ങളുടെ ശല്യം മൂലം നിലയ്ക്കൽ നിന്നും പാലായനം ചെയ്യപ്പെട്ട നസ്രാണികളില്‍ ഒരു വിഭാഗം കടമ്പനാട്ടേക്കും ഒരു വിഭാഗം കാഞ്ഞിരപ്പള്ളിയിലേക്കും കുടിയേറി അവിടങ്ങളില്‍ പള്ളി സ്ഥാപിച്ചു എന്ന് വൈറ്റ്ഹൗസ് രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ കാഞ്ഞിരപ്പള്ളി പള്ളി റോമന്‍ സുറിയാനിക്കാരുടെ കൈവശം ആണെന്നും വൈറ്റ്ഹൗസ് പറയുന്നു.

വൈറ്റ്ഹൗസിന്റെ ബുക്കില്‍ അരപ്പള്ളിയെ കുറിച്ച് പരാമര്‍ശം ഇല്ല. ഇന്ന് ലോകത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയം ആണ് തിരുവിതാംങ്കോട് അരപ്പള്ളി. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയ പള്ളി നിര്‍മിക്കുന്നതിനും മുമ്പേ തിരുവിതാങ്കോട് പള്ളി നിര്‍മിക്കപ്പെട്ടു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ തിരുവിതാങ്കോട് അരപ്പള്ളി ലോകത്തിലെ ഇന്നു നിലനില്‍ക്കുന്നതില്‍ വച്ചുള്ള ഏറ്റവും പുരാതന പള്ളിക്കെട്ടിടം ആണെന്ന് നിസംശയം പറയാം.

നിർമൽ സാം

error: Thank you for visiting : www.ovsonline.in