വൈദികർ സമൂഹനന്മയ്ക്കായി എരിയുന്ന തിരികളാകണം: കാതോലിക്കാ ബാവാ
പരുമല ∙ സമൂഹനന്മയ്ക്കായി എരിയുന്ന മെഴുകുതിരികളായി വൈദികർ മാറണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സഭ വൈദിക സംഘം രാജ്യാന്തര സമ്മേളനം പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവർ ദുഃഖിക്കുമ്പോൾ നമ്മൾ സന്തോഷിക്കുന്ന അവസ്ഥയുണ്ടാകരുത്. സന്തോഷത്തിലും പ്രയാസത്തിലും സഹജീവികൾക്കൊപ്പം നിൽക്കാൻ കഴിയണം. വൈദികരുടെ മാതൃകാപരമായ നേതൃത്വമാണ് സഭയുടെ കരുത്ത്. ലഹരി പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ ആരാധന ലഹരിയാക്കി മാറ്റണം. പരിശുദ്ധാത്മാവാകുന്ന ലഹരി തിരിച്ചറിയാൻ കഴിയണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിസ തോമസ് സന്ദേശം നൽകി.
ജനപ്രിയമായല്ല മറിച്ച് ദൈവഹിതം അനുസരിച്ചാകണം വൈദികർ പ്രവർത്തിക്കേണ്ടതെന്ന് ഡോ. സിസ പറഞ്ഞു. ‘ക്രിസ്തുവിന്റെ സ്ഥാനപതികൾ: നിരപ്പിന്റെയും നീതിയുടെയും ശുശ്രൂഷകന്മാർ’ എന്ന ചിന്താവിഷയം വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ജേക്കബ് കുര്യൻ അവതരിപ്പിച്ചു.
വൈദിക ഡയറക്ടറിയുടെ പ്രകാശനം കുര്യാക്കോസ് മാർ ക്ലീമീസ് നിർവഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സഭ വൈദിക ട്രസ്റ്റി തോമസ് വർഗീസ് അമയിൽ, പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ.ഡോ. നൈനാൻ വി.ജോർജ്, ജോയിന്റ് സെക്രട്ടറി ഫാ. മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം നടന്ന ക്ലാസുകൾക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം, സജു സി.കുരുവിള, ഫാ.ഡോ. എം.പി.ജോർജ് എന്നിവർ നേതൃത്വം നൽകി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഏബ്രഹാം മാർ സെറാഫിം, അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് 7ന് യാക്കോബ് മാർ ഏലിയാസ് ധ്യാനം നയിക്കും, 9ന് ആരോഗ്യ പരിപാലന ക്ലാസ്: ഫാ.എം.സി.പൗലോസ്. 10ന് ചിന്താവിഷയ അവതരണം: സഖറിയാ മാർ സേവേറിയോസ്, 11.30ന് സെമിനാർ. അലക്‌സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിക്കും, 2.15ന് പൗരോഹിത്യം-അത്മായ പ്രതീക്ഷകൾ എന്ന വിഷയത്തിൽ ചർച്ച, 7.15ന് ക്ലാസ് ഫാ.ഡോ.റെജി മാത്യു. 8.45ന് ചർച്ചയ്ക്ക് കാതോലിക്കാ ബാവാ നേതൃത്വം നൽകും. സമ്മേളനം നാളെ സമാപിക്കും.