OVS - ArticlesOVS - Latest NewsOVS-Kerala News

…വല്ലാമക്കളിലില്ലാമക്കളി- തെല്ലാവര്‍ക്കും സമ്മതമല്ലോ…

മലങ്കരസഭയ്ക്ക് ഏഴു മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും അതിന്റെ ഓണ്‍ലൈന്‍ ഉപഘടകങ്ങളിലും നടക്കുന്ന വോട്ടെടുപ്പില്‍ കത്തനാരുമാരുടെയും അവൈദീകരുടേയും 50% + 1 വോട്ടുകള്‍ വീതം പ്രത്യേകം പ്രത്യേകം ലഭിക്കുന്നവരെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണ്ണമാകും.

തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ശക്തമായ ഒരു വികാരമാണ് ഏഴുപേര്‍ വേണ്ട, മൂന്നോ പരമാവധി നാലോപേരെ ജയിപ്പിച്ചാല്‍ മതി എന്ന വാദം. ഇതിനെതിരെ പ. സഭ എഴെന്നു നിശ്ചയിച്ചു. അതിനാല്‍ ഏഴുപേരേയും തിരഞ്ഞെടുക്കണം എന്നൊരു മറുവാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അസോസിയേഷന്‍ നടത്തിപ്പിനു വരുന്ന കോടിക്കണക്കിനു രൂപായുടെ ചിലവ് വ്യര്‍ഥമാകുമെന്നാതാണ് അവരുയര്‍ത്തുന്ന വാദം.

ഈ രണ്ടു വാദങ്ങളും തെറ്റാണ്. ഏതു കാരണത്താലാണെങ്കിലും മൂന്നോ നാലോ മതി എന്ന വാദം അംഗീകരിക്കാനാവില്ല. കാരണം നിലവില്‍ സഹായ മെത്രാന്മാര്‍ അടക്കം പത്ത് ഒഴിവുകള്‍ മെത്രാന്‍ സ്ഥാനത്തുണ്ട്. അതായത് ഈ തിരഞ്ഞെടുപ്പില്‍ ഏഴുപേരെ തിരഞ്ഞെടുത്താലും ആസന്നഭാവിയില്‍ ഒരു മെത്രാന്‍ തിരഞ്ഞെടുപ്പുകൂടി നടത്തേണ്ടിവരും. അതിനായി വീണ്ടും അസോസിയേഷന്‍ കൂടണം. എന്തു കാരണത്താലായാലും വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതിനെ ന്യായീകരിക്കനാവില്ല. കാരണം അത് പ. സഭയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യലാവും.

എങ്ങിനെയും ഏഴ് എന്ന മറുവാദത്തിന് അത്രപോലും നിലനില്‍പ്പില്ല. സഹകരണ സംഘം തിരഞ്ഞെടുപ്പുപോലെ ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന നിശ്ചിത സംഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുക എന്ന കേവല ഭൂരിപക്ഷ സംവിധാനത്തിനു പകരം ചുരുങ്ങിയത് 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ വീതം എങ്കിലും വേണം എന്ന മാനദണ്ഡം മെത്രാന്‍ തിരഞ്ഞെടുപ്പിന് നിഷ്‌കര്‍ഷിക്കുന്നത് യോഗ്യതയും ജനസമ്മതിയും ഉള്ളവര്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടാല്‍ മതി എന്നതിനാലാണ്. ഒരാളുപോലും തിരഞ്ഞെടുക്കപ്പെടാത്ത അസോസിയേഷന്‍ വോട്ടിംഗുകള്‍ ചരിത്രത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരെ സുന്നഹദോസ് അയോഗ്യരാക്കിയ സംഭവവമുണ്ട്. ഇത്തവണ അസോസിയേഷന്‍ ഓണ്‍ലൈനില്‍ ആയതിനാല്‍ ഓണ്‍ലൈനിന് ചിലവായില്‍ പോകുന്നതൊഴികെ കാര്യമായ ചിലവുകളുമില്ല!

പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ ഗൗരവമായി ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. അത് കഴിഞ്ഞ എതാനും ദശവര്‍ഷങ്ങള്‍ മലങ്കര സഭയെ പഠിപ്പിച്ച പാഠങ്ങളാണ്. …കര്‍ത്താവേ! പരിപാകതയുള്ള ഇടയന്മാരെ എഴുന്നേല്‍പ്പിക്കേണമേ… എന്നാണ് ആചാര്യന്മാരെപ്പറ്റിയുള്ള പ. സഭയുടെ ഉദാത്തമായ പ്രാര്‍ത്ഥന. പകരം, …ദൈവമേ! കരുണയുള്ള യജമാനന്മാരെ ഞങ്ങള്‍ക്കു തരേണമേ… എന്ന അപേക്ഷിക്കേണ്ട ഗതികേട് പല ഭദ്രാസനങ്ങളിലും ഇക്കാലത്ത് ഉണ്ടായി. അതില്‍ പലതിന്റെയും ദുരന്തം പൊതുസഭയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനി സംഭവിക്കരുത്. മേയിച്ചു ഭരിക്കുന്നവര്‍ അല്ലാതെ മേഞ്ഞു ഭരിക്കുന്നവര്‍ ഇനി മലങ്കര സഭയ്ക്ക് വേണ്ട.

ഇതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനം, പ. പൗലൂസ് അദ്ധ്യക്ഷന്മാരുടെ യോഗ്യതകളെക്കുറിച്ച് നല്‍കുന്ന അപ്പോസ്‌തോലിക പ്രബോധനവും (1 തീമോഥിയോസ് 3-ാം അദ്ധ്യായം) അതേ വിഷയത്തെപ്പറ്റിയുള്ള പ. പൗലൂസ് ദ്വിതീയന്‍ ബാവായുടെ മഹാപുരോഹിത പ്രാര്‍ത്ഥനയും (OVS Online, 08 ഫെബ്രുവരി 2022) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുക്കുവാനുള്ള അടിസ്ഥാന യോഗ്യതകളായി സമ്മതിദായകര്‍ കണക്കാക്കണം എന്നതാണ്.

ഭരമേല്പ്പിച്ചതിനെ പാലിച്ചവര്‍ ആയിരിക്കണം മലങ്കര സഭയുടെ അദ്ധ്യക്ഷന്മാര്‍. പ. സഭ ഏല്പിച്ച ചെറുതോ വലുതോ ആയ ഉത്തരവാദിത്വം – അത് ഇടവകപ്പള്ളിയാകാം, പൊതുസ്ഥാപനമാകാം, പ്രസ്ഥാനമാകാം, അദ്ധ്യാപനമാകാം, വലുതാവാം, ചെറുതാവാം – ഭംഗിയായും വിജയകരമായും നിശബ്ദമായും മാത്രം പൂര്‍ത്തികരിച്ചവരെ മാത്രം മേല്പട്ടസ്ഥാനത്ത് പരിഗണിച്ചാല്‍ മതി. പ. സഭയ്ക്കും പൊതു സമൂഹത്തിനും നല്‍കിയ സംഭാവനകളും പരിഗണിക്കാം. അവിവാഹിത വൈദീകനായി പട്ടമേറ്റ നാള്‍മുതല്‍ ചുവന്ന കുപ്പായം സ്വപ്നം കണ്ടു നടക്കുന്നവരെ കൈക്കൊള്ളരുത്. അതിനായി പാട്ടുപെട്ടിയോ പ്രസംഗപ്പെട്ടിയോ ചുമന്ന് ഊരുചുറ്റുന്നവരേയും ഭാവിയിലും പരിത്യജിക്കണം.

പഴയ വീഴ്ചകളില്‍നിന്നും പാഠം ഉള്‍ക്കൊള്ളുക എന്നതാണ് അടുത്തത്. അതിനായി അപചയം സംഭവിച്ചത് എവിടെയെന്ന് പഠിക്കണം. ഈ ജീര്‍ണ്ണതയ്ക്ക് പല കാരണങ്ങള്‍ കണ്ടെത്താനാവും. താന്‍ അല്ലാത്തത് ആണെന്നു ഭാവിക്കുക എന്നതാണ് അവയിലൊന്ന്. അത് വിദ്യാഭ്യാസ യോഗ്യതയാവാം, ശബ്ദ സൗകുമാര്യം ആകാം, വിജ്ഞാന സമ്പത്താകാം, പ്രസംഗ പാടവമാകാം, ഭരണ കാര്യശേഷിയാവാം, മറ്റെന്തുമാകാം. ചിലര്‍ അവ നടിക്കുന്നതാണ് ഒരു പ്രധാന അപചയം. ഓര്‍ത്തഡോക്‌സി അറിയാവുന്നത് എനിക്കു മാത്രം, എന്നില്‍നിന്ന് (മാത്രം) ഓര്‍ത്തഡോക്‌സി പഠിക്കുക എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതില്‍ ഒന്നു മാത്രം.

സന്യാസാശ്രമങ്ങളില്‍ പൂര്‍ണ്ണസമയം സഭയ്ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് ദയറായക്കാരുടെ പരമവും പ്രധാനവുമായ ധര്‍മ്മം. അതാണവരുടെ കടമ. പൂര്‍ണ്ണസമയം പ്രാര്‍ത്ഥനയില്‍ മുഴുകുവാനാണ് ദയറായക്കാര്‍ക്ക് ദീര്‍ഘമായ യാമ പ്രാര്‍ത്ഥനകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ. പാമ്പാടി തിരുമേനിയേപ്പോലെയുള്ള സന്യാസിമാര്‍ മേല്പട്ടസ്ഥാനത്തു വന്നപ്പോള്‍ തങ്ങളുടെ ദയറായ നിഷ്ഠ കൈവിട്ടില്ല. പ്രാര്‍ത്ഥന മുടക്കിയില്ല. അതേസമയം സാധാരണക്കാരുടെമേല്‍ തങ്ങളെ മാത്രം ബാധിക്കുന്ന ദയറാ നിയമം കെട്ടിവെയ്ക്കാന്‍ ശ്രമിച്ചുമില്ല.

എന്നാല്‍ പിന്നീട് സംഭവിച്ചതെന്താണ്? സന്യാസിമാര്‍ക്കു കല്പിക്കപ്പെട്ടിരിക്കുന്നതും തങ്ങള്‍ സ്വയം കരുപ്പിടിപ്പിച്ചതുമായ കുറെ വരട്ടു നിയമങ്ങള്‍ സ്വന്തം ഭദ്രാസനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവായി ചിലരുടെ ശ്രമം. ദയറായിസം എന്നു പേരിട്ടു വിളിക്കാവുന്ന ഇതിന് സന്യാസവുമായി ബന്ധമൊന്നുമില്ല. ഇത് ഒരിനം മുഷ്‌ക്ക് മാത്രമാണ്. അവയില്‍ പലതും വേദവിപരീതത്തിലേയ്ക്കു വരെ നീളുന്നതുമാണ്. മെത്രാന്റെ സമ്മര്‍ദ്ദംമൂലം സാധാരണക്കാരന്റെ നിത്യജീവിതത്തെപ്പോലും ബാധിക്കുന്ന ഈ മുരട്ടു ദയറായിസം ജനത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന നിസഹായരായ ഇടവക വൈദീകരാണ് ഈ പ്രക്രിയയുടെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക. അതിനി സംഭവിക്കരുത്.

ഓര്‍ത്തഡോക്‌സിയുടെ സവിശേഷത അതിന്റെ ബഹുസ്വരതയാണ്. അടിസ്ഥാന വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കാല ദേശങ്ങള്‍ക്കനുസരിച്ച സംസ്‌ക്കാരങ്ങള്‍ രൂപപ്പെടുത്തുക എന്നത് ഓര്‍ത്തഡോക്‌സിയുടെ സവിശേഷതയാണ്. അതിനാലാണ് ഓര്‍ത്തഡോക്‌സ് സഭകള്‍ എല്ലാം ദേശീയ/വംശീയ സഭകളായി നിലനില്‍ക്കുന്നത്. 1686-ല്‍ മലങ്കര നസ്രാണികള്‍ ഓര്‍ത്തഡോക്‌സ് വിശ്വാസം ഔദ്യോഗികമായി അംഗീകരിച്ചശേഷം ഇവിടെ രൂപപ്പെട്ടത് നസ്രാണി സംസ്‌കൃതിക്കനുസൃതമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയാണ്.

ഈ പ്രാദേശിക സംസ്‌കൃതിയെ അംഗീകരിക്കാത്തതാണ് അടുത്ത പ്രശ്‌നം. എന്നോ മെസപ്പൊട്ടോമ്യയിലെയോ, ഗ്രീസിലെയോ ഏതെങ്കിലും ഒരു സന്യാസി അവിടുത്തെ കാല-ദേശ സ്ഥിതിക്കനുസരിച്ച് എഴുതിയതിന്റെ ഒരു തുണ്ടിന് സ്വന്തമായ വ്യാഖ്യാനം നല്‍കി, അതാണ് ഓര്‍ത്തഡോക്‌സി അതിനനുയോജ്യമല്ലാതെ മലങ്കരയില്‍ നടക്കുന്നതെല്ലാം വേദവിപരീതമാണ് എന്നാക്രോശിക്കുന്നത്, ഖേദപൂര്‍വം പറയട്ടെ, ഓര്‍ത്തഡോക്‌സി അല്ല; വെറും വരട്ടു ദയറായിസം മാത്രമാണ്. എനിക്കു കിട്ടാത്തതൊന്നും ആരും അനുഭവിക്കേണ്ട എന്ന സാഡിസ്റ്റിക്ക് മനോഭാവം.

പഴയ റോമാ സാമ്രാജ്യത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമല്ല, മലങ്കര നസ്രാണിക്കും, എത്യോപ്യാക്കാര്‍ക്കും ലോകത്തിലെ മറ്റെല്ലാ വംശജര്‍ക്കും സ്വന്തമായ ഓര്‍ത്തഡോക്‌സ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും അനുഷ്ഠിക്കുവാനുമുള്ള അധികാരവും അവകാശവുമുണ്ട്. മലങ്കര സഭയിലേതന്നെ നസ്രാണി – കൊങ്കിണി – ഇതര വംശീയ ന്യൂനപക്ഷങ്ങള്‍ – രണ്ടാം തലമുറ പാശ്ചാത്യ പ്രവാസികള്‍ ഇവരുടെ വ്യത്യസ്ഥ സംസ്‌ക്കാരങ്ങളേയും ആചാരങ്ങളേയും അംഗീകരിക്കാത്തവര്‍ മേല്പട്ട സ്ഥാനത്ത് ഇനി വരരുത്.

പ്രത്യേകിച്ച് വേദശാസ്ത്ര അടിത്തറയൊന്നുമില്ലങ്കിലും മലങ്കരയില്‍ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന ഒന്നാണ് വി. മൂന്നിന്മേല്‍ കുര്‍ബാന. ഇത് തെറ്റാണന്നു വിശ്വസിച്ചിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ ജീവിതാന്ത്യം വരെ അതില്‍ കാര്‍മ്മികനായില്ല. പക്ഷേ ഉത്തമ സന്യാസിയായിരുന്ന അദ്ദേഹം തന്റെ ഭദ്രാസനത്തില്‍ അത് നിരോധിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുമില്ല. അതാണ് യഥാര്‍ത്ഥ ഇടയന്‍.

കൈമുത്തുകളാലും കാപ്പിമേശകളാലും പ്രീതിപ്പെടുകയും, സ്തുതിപാഠകരാല്‍ ചുറ്റപ്പെടുകയും, അവരുടെ സ്തുതിഗീതങ്ങളാല്‍ പ്രാബല്യപ്പെടുകയും, അയോഗ്യരെ മാത്രം ഉന്നതസ്ഥാനങ്ങളിലേയ്ക്ക് തള്ളിക്കയറ്റുകയും ചെയ്യുന്നവരെ മെത്രാന്മാരായി വേണോ എന്ന് അസോസിയേഷന്‍ അംഗങ്ങള്‍ ചിന്തിക്കുക. സ്വന്തം…വായ്ക്ക് ഒരു കാവല്‍ക്കാരനേയും അധരങ്ങള്‍ക്ക് സൂക്ഷിപ്പുകാരനേയും… നിയമിച്ചു കിട്ടാത്തവരും വേണ്ടേ വേണ്ട.

ഇവിടെയാണ് കുഞ്ചന്‍ നമ്പ്യാരുടെ ഗോവര്‍ദ്ധനചരിതം ഓട്ടന്‍ തുള്ളലിലെ …വല്ലാമക്കളിലില്ലാമക്കളിതെല്ലാവര്‍ക്കും സമ്മതമല്ലോ... എന്ന ഭാഗം പ്രസക്തമാകുന്നത്. തലതിരിഞ്ഞ മക്കള്‍ ഉള്ളതിനേക്കാള്‍ മക്കളില്ലാത്ത അവസ്ഥയായ അനപത്യത ആണ് നല്ലത് എന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെ മലയാളി നാട്ടറിവാണ് കുഞ്ചന്‍ നമ്പ്യാര്‍ ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ന് മലങ്കര നസ്രാണിയുടെ സ്ഥിതിയും ഇതു തന്നെയല്ലേ? എണ്ണം തികയ്ക്കാന്‍ ഒപ്പിച്ചു തിരഞ്ഞെടുക്കണോ? അതിന്റെ തിക്തഫലം പ. സഭ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ? അതോ എണ്ണം തികഞ്ഞില്ലെങ്കിലും അദ്ധ്യക്ഷസ്ഥാനത്തിനു യോഗ്യതയുള്ളവരെ മാത്രം വിജയിപ്പിക്കണമോ?

എണ്ണത്തിലല്ല വണ്ണത്തിലാണ് കാര്യം എന്ന യാഥാര്‍ത്ഥ്യബോധത്തോടെ പള്ളി പ്രതിപുരുഷന്മാര്‍ ഈ മെത്രാന്‍ തിരഞ്ഞെടുപ്പിനെ സമീപിച്ചാല്‍ മലങ്കരസഭയ്ക്ക് ഉത്തമാരായ ഇടയന്മാരെ ലഭിക്കും. പ. സഭയുടെ ശോഭനമായ ഭാവിക്ക് അതാണ് നല്ലത്. ആട്ടിന്‍തൊഴുത്തിന്റെ വാതിലിലൂടെയല്ലാതെ കടക്കാന്‍ ആരെയും അനുവദിക്കരുത്.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 16 ഫെബ്രുവരി 2022)

error: Thank you for visiting : www.ovsonline.in