പിതാവേ! അവിടുത്തെ നാമത്തില്‍!! ഡോ. എം. കുര്യന്‍ തോമസ്
‘എടാ, എനിക്ക് അദ്ദേഹവുമായി പല കാര്യത്തിലും അഭിപ്രായ വിത്യാസമുണ്ട്. അത് ഞാന്‍ മുഖത്തുനോക്കി പറയുന്നുമുണ്ട്. പക്ഷേ അദ്ദേഹത്തിന് അകത്തോ പുറത്തോ ഒരു പ്രശ്‌നം ഉണ്ടായാല്‍ ഞാന്‍ അദ്ദേഹത്തെ സംരക്ഷിക്കും. കാരണം അദ്ദേഹം എന്റെ സഭയുടെ തലവനാണ്. കാതോലിക്കായാണ്. അതെന്റെ കടമയാണ്.’
പല സന്ദര്‍ഭങ്ങളില്‍ കാലംചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവായെപ്പറ്റി ഈ വാചകം ഈ ലേഖകനോട് ആവര്‍ത്തിച്ചത് കടന്നുപോയ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഭാഗ്യസ്മരണാര്‍ഹനായ കിഴക്കേത്തലയ്ക്കല്‍ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായാണ്. അവസാനം പറഞ്ഞത് കാലംചെയ്യുന്നതിന് ഒരുമാസം മുമ്പ്. അദ്ദേഹം അപ്രകാരം ചെയ്തിരുന്നു എന്നും ഈ ലേഖകന് വ്യക്തിപരമായി അറിയാം. കാരണം ഏതെങ്കിലും പത്രത്തില്‍ പ. സഭയേയോ, പ. പിതാവിനേയോ അപകീര്‍ത്തീപ്പെടുത്തുന്ന എന്തെങ്കിലും എഴുതിവന്നാല്‍ രാവിലെ 10 മണിക്ക് മുമ്പ് ഒരു വിളി വരും. എടാ, ഇന്നത്തെ പത്രം കണ്ടോ? മറുപടി എഴുതണം. അതായിരുന്നു മാര്‍ അത്താനാസ്യോസ്.
ഇപ്രകാരം പ. സഭയേയും പ. പിതാവിനേയും കരുതിയിരുന്ന മാര്‍ അത്താനാസ്യോസ്, ഇവ രണ്ടിനേയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള കരുവായി എന്നത് വിധി വൈ പൈരത്വം! ഇന്ന് അദ്ദേഹത്തിന്റെ നാമം ഉപയോഗിക്കുന്നത് താന്‍ ജീവിതാവസാനംവരെ സംരക്ഷിച്ച പൗരസ്ത്യ കാതോലിക്കാ എന്ന പ. പിതാവിനെ കൊലക്കേസ് പ്രതിയാക്കാനാണ്! ഇതിനു പിറകില്‍ ആര്, എന്നത് എന്നത് പിന്നീടുള്ള കാര്യം.
2018 ഒക്‌ടോബര്‍ 24-ന് എറണാകുളം റെയില്‍വേ സ്റ്റേഷനു സമീപം ഉണ്ടായ ഒരു അപകടത്തില്‍ മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. മഹാപ്രളയ ദുരന്തം മൂലം വിമാന യാത്ര അസാദ്ധ്യമായിരുന്ന അക്കാലത്ത് ബറോഡായില്‍ ആയിരുന്ന അദ്ദേഹം, നാട്ടിലെത്തേണ്ടത് അടിയന്തിര ആവശ്യമായിരുന്നതിനാല്‍ ലഭ്യമായ ട്രെയിന്‍ യാത്രാ സൗകര്യം ഉപയോഗിച്ചു. അത് അദ്ദേഹത്തിന് അപരിചിതവുമല്ലായിരുന്നു. ഈ യാത്രയുടെ അവസാനമാണ് അദ്ദേഹത്തിന്റെ അന്ത്യ യാത്ര ആയി മാറിയത്.
സ്വാഭാവികമായും അസ്വഭാവിക മരണം എന്ന നിലയില്‍ കേസെടുത്ത് ലോക്കല്‍ പോലീസും റെയില്‍വേ പോലീസും കേസെടുത്ത് സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ സുഹൃത്തും ഗുജറാത്ത് സര്‍ക്കാരിനു ബഹുമാന്യനുമായ മാര്‍ അത്താനാസ്യോസിന്റെ മരണത്തെക്കുറിച്ച് ഇരു കൂട്ടരും തങ്ങളുടെ മേലധികാരികള്‍ക്ക് അപകട മരണം എന്ന റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവാ കാലം ചെയ്തു. പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ശുപാര്‍ശ ചെയ്യുകയും മാനേജിംഗ് കമ്മറ്റി അത് അംഗീകരിക്കുകയും ചെയ്തു. ഒക്‌ടോബര്‍ 14-ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതോടെ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയനായി വാഴിക്കെപ്പടുമെന്ന് ഉറപ്പായി.
അപ്പോള്‍ ദേ, വര്‍ഷങ്ങള്‍ക്കുശേഷം 2021-ല്‍ എറണാകുളം കോടതിയില്‍ ഒരു സ്വകാര്യ അന്യായം. മാര്‍ അത്താനാസ്യോസിന്റെ മരണം കൊലപാതകമാണ്. അന്വേഷിക്കണം. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഒന്നാം പ്രതിയും, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ , അസോസ്യേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. കീഴ്‌വഴക്കനുസരിച്ച് കോടതി അന്വേഷണ ഉത്തരവിട്ടു. അതില്‍ അസ്വഭാവികത ഒന്നുമില്ല.
നസ്രാണികളുടെ ജാതിക്കു തലവനും ഇന്ത്യയൊക്കയുടേയും വാതിലുമായ പ. പിതാവിനെ കൊലപാതകി എന്നു വിശേഷിപ്പിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ അര്‍മാദിക്കാം. മലങ്കര സഭയും അതിന്റെ പരമാദ്ധ്യക്ഷനും മുടക്കപ്പെടവരെന്നും അദ്ദേഹത്തെ സ്വീകരിക്കെരുതെന്നും പറഞ്ഞ് പൗരസ്ത്യ കാതോലിക്കായ പാത്രിയര്‍ക്കീസന്മാരുടെ തിണ്ണ നിരങ്ങിയ മെത്രാന് ഈ പേരില്‍ അടുത്ത വിനോദയാത്ര സംഘടപ്പിക്കാം. കാണാതെ പോകരുത്. ഇതെല്ലാം എന്തിനു വേണ്ടി എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. 1934 ഭരണഘടന അംഗീകരിച്ച് സമാധാനത്തോടെ പോകാന്‍ തയാറാണോ എന്ന ചോദ്യത്തിന് അന്തിമ ഉത്തരം അടുത്തയാഴ്ച വിഘടിത വിഭാഗം കേരളാ ഹൈക്കോടതിയില്‍ നല്‍കണം. അത് നിഷേധാത്മകമെങ്കില്‍ 2017-ലെ സുപ്രീം കോടതി വിധി പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഈ സാഹചര്യം മറികടക്കാന്‍ മലങ്കര സഭയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണോ ഇത്?
അതോ 2022 മാര്‍ച്ചില്‍ നടക്കേണ്ടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടേയും സ്ഥാനികളുടേയും തിരഞ്ഞെടുപ്പു മുമ്പില്‍ക്കണ്ട് മുമ്പും സഭയെ വട്ടത്തിലാക്കിയ രാഷ്ട്രീയ സ്വാധീനമുള്ള ചില ഞരമ്പുരോഗികളുടെ കുതന്ത്രമോ?
ഇതില്‍ എതായാലും നസ്രാണികളുടെ ജാതിക്കു തലവനും ഇന്ത്യയൊക്കയുടേയും വാതിലുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പൗരസ്ത്യ കാതോലിക്കായ്ക്ക് ഇതൊരു അഗ്നിപരീക്ഷയാണ്. മലങ്കര നസ്രാണികള്‍ക്ക് ഒരു വെല്ലുവിളിയും. പ. പിതാവിനെ ഇല്ലാത്ത കോലക്കേസില്‍ കുടുക്കിയവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തി പുറത്തെ അന്ധകാരത്തില്‍ തള്ളേണ്ടത് ആത്മാഭിമാനമുള്ള ഏതു നസ്രാണിയുടേയും ബാദ്ധ്യതയാണ്.
ജീവിതാന്ത്യം വരെ തന്റെ സഭയ്ക്കുവേണ്ടിയും, സഭാദ്ധ്യക്ഷനായ പ. പിതാവിന്റെ സ്ഥാന മഹിമയ്ക്കുവേണ്ടിയും പോരാടിയ നസ്രാണി ജാത്യാഭിമാനിയായ, കിഴക്കേതലയ്ക്കല്‍ തോമ്മാ കത്തനാരുടെ പൗത്രനായ, കാതോലിക്കേറ്റിന്റെ കാവല്‍ഭടന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുത്തന്‍കാവില്‍ കൊച്ചു തിരുമേനിയുടെ സഹോദര പുത്രനായ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ പേരില്‍ പ. പിതാവിനേയും സഭാ സ്ഥാനികളേയും അപമാനിക്കാന്‍ ബോധപൂര്‍വമായി നടത്തുന്ന ഈ ശ്രമം നസ്രാണികള്‍ ഉടന്‍ തിരിച്ചറിയും. അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കും. പ. പിതാവിനേയും സഭാസ്ഥാനികളേയും സമ്മര്‍ദ്ദത്തിലാക്കി തന്‍കാര്യം നേടാനുള്ള ശ്രമം, അത് ആരുടേതാണെങ്കിലും, ജാത്യാഭിമാനികളായ നസ്രാണികളുടെ മുമ്പില്‍ ചിലവാകില്ല.
(OVS Online, 23-10-2021)