അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത – (1911 – 1997)
ഭാഗ്യസ്മരണാർഹൻ അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനി 1911 മെയ് മാസം ഒൻപതാം തീയതി കോട്ടയം, പുത്തനങ്ങാടി കല്ലുപുരക്കൽ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി ജനിച്ചു .
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊച്ചിൻ മഹാരാജാസ് കോളേജിൽ നിന്ന് ബാച്ചിലർ ബിരുദവും , ഇംഗ്ലണ്ട് കാന്റർബറി സെന്റ് അഗസ്റ്റിനിൽ നിന്നും മാസ്റ്റർ ബിരുദവും , കാർഡിഫ് യൂണിവേഴ്സിറ്റി -ചിക്കാഗോ ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉപരിപഠനവും ഡോക്ടറേറ്റും കരസ്ഥമാക്കി .
1929 ൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയിൽ നിന്നും ശെമ്മാശ്ശ പട്ടവും ,1944 ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയിൽ നിന്നും വൈദീക സ്ഥാനവും ലഭിച്ചു.
1966 ഓഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി കോലഞ്ചേരിയിൽ പരിശുദ്ധ ബസേലിയോസ് ഔഗേൻ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടന്ന ശുശ്രൂഷയിൽ മെത്രാപോലിത്ത സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു, തുടർന്ന് അങ്കമാലി ഭദ്രാസനാധിപനായി നിയമിതനായി. നിരവധി സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , അനാഥാലയങ്ങൾ, ആശുപത്രികൾ എന്നിവ അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ പ്രയത്നഫലമായി ഉദ്ധരിച്ചു. കോതമംഗലം, ചാലാട്, പോത്താനിക്കാട് മുതലായ സ്ഥലങ്ങളിൽ ആശുപത്രികൾക്ക് അഭിവന്ദ്യ തിരുമേനി തറക്കല്ലിടുകയുണ്ടായി .പാവങ്ങൾക്ക് സ്വയം തൊഴിൽ പര്യാപ്തത ഉറപ്പുവരുത്തുന്ന പദ്ധതികൾ, അന്ധരായ കുഞ്ഞുങ്ങൾക്കായുള്ള സ്കൂളുകൾ അങ്ങനെ നിരവധി സ്ഥാപനങ്ങൾ അഭിവന്ദ്യ തിരുമേനി സ്ഥാപിച്ചു .
1979 ഫെബ്രുവരി മാസം ഒന്നാം തീയതി പരിശുദ്ധ സഭ അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയെ മുംബൈ ഭദ്രാസനാധിപനായി നിയമിച്ചു. ബോംബെ ഭദ്രാസനത്തിന്റെ ഇന്ന് കാണുന്ന നവി മുബൈയിലെ വാശി ഓർത്തഡോൿസ് സെന്റർ ആസ്ഥാനത്തേക്ക് 1988 ൽ പ്രവർത്തനം ആരംഭിക്കുന്നതുവരെ അഭിവന്ദ്യ തിരുമേനി മുബൈ ചെമ്പുർ സെന്റ് ഗ്രിഗോറിയോസ് പള്ളി അദ്ദേഹത്തന്റെ ആസ്ഥാനമാക്കി പ്രവർത്തിച്ചു.
അതെ വർഷം ഒക്ടോബര് അഞ്ചാം തീയതി അഭിവന്ദ്യ തെയോഫിലോസ് തിരുമേനി പരിശുദ്ധ അൽവാരീസ് മാർ യൂലിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സെന്റ് ഇൻസ് സെമിത്തേരിയിൽ നിന്നും ഗോവ റിബൻഡർ സെന്റ് മേരീസ് പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചു .
മലങ്കര സഭയുടെ അംബാസ്സഡർ, കോട്ടയം പഴയ സെമിനാരി പ്രിൻസിപ്പൽ, എം .ജി .ഓ .സി.എസ്.എം പ്രസിഡന്റ്, ഫെയിത് ആൻഡ് ഓർഡർ ഡിവിഷൻ സെക്രട്ടറി, WCC സെൻട്രൽ കമ്മിറ്റി മെമ്പർ അങ്ങനെ നിരവധി പ്രധാന ചുമതലകളിൽ അഭിവന്ദ്യ തെയോഫിലോസ് തിരുമേനി സേവനം അനുഷ്ഠിച്ചിരുന്നു.
വേൾഡ് ക്രിസ്ത്യൻ കൌൺസിൽ തുടക്കം കുറിച്ചതിൽ പ്രധാന പങ്കു വഹിച്ചത് അഭിവന്ദ്യ തിരുമേനിയാണ്. WCC ചുമതലക്കാരിൽ ഈസ്റ്റേൺ ഓർത്തഡോക്സ് സഭ സന്നർശിച്ച ആദ്യ വ്യക്തി അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയാണ്, ഈസ്റ്റേൺ ഓർത്തഡോക്സ് സഭ WCC യിൽ അംഗത്വമെടുത്തതിൽ അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയുടെ സന്ധർശനം ഒരു പരിധിവരെ സ്വാധീനിച്ചിരുന്നു. ഈസ്റ്റേൺ ഓർത്തഡോക്സ് സഭ അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയെ വളരെയധികം ആദരിച്ചിരുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയിലെ പരിശുദ്ധ പീമൻ പാത്രിയർകിസ് പിതാവിന്റെ തിരഞ്ഞെടുപ്പിൽ വിശിഷ്ടമായി ക്ഷണിക്കപ്പെട്ട ഏക വ്യക്തി അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയായിരുന്നു.
1997 സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനി ഇഹലോകവാസം വെടിഞ്ഞു കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു, ഭൗധീക ശരീരം ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കപ്പെട്ടിരിക്കുന്നു .
പരിശുദ്ധ സഭ എല്ലാ വർഷവും സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ ദുക്റോനോ പെരുന്നാൾ വളരെ ഭക്ത്യാദരവോടുകൂടെ കൊണ്ടാടുന്നു. അഭിവന്ദ്യ പിതാവിന്റെ ഓർമ നമ്മുക്ക് കാവലും കോട്ടയുമായ് തീരട്ടെ .