OVS - Latest NewsOVS-Kerala News

ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ മലങ്കര സഭയുടെ അദ്ധ്യക്ഷ പദവിയിലേയ്ക്ക്

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരി. എപ്പിസ്ക്കോപ്പൽ സിനഡും മാനേജിങ് കമ്മറ്റിയും ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു. സെപ്റ്റംബർ 16ആം തീയതി രാവിലെ 10 മണിയ്ക്കു ആരംഭിച്ച എപ്പിസ്കോപ്പൽ സിനഡ് 1 മണിയോടെ സമാപിച്ചു. എപ്പിസ്കോപ്പൽ കൗൺസിലിൻ്റെ പ്രസിഡണ്ടും, സീനിയർ മെത്രാപ്പോലീത്തായുമായ അഭി. കുറിയാക്കോസ് മാർ ക്ലീമീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സിനഡിൽ സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സന്നിഹിതരായിരുന്നു.

മാനേജിങ് കമ്മറ്റി 17/9/2021 വെള്ളിയാഴ്ച്ച രാവിലെ 10.30 യ്ക്ക് ആരംഭിച്ചു. 11.40 -ന് സമാപിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വാഴൂർ സെൻ പീറ്റേഴ്സ് ഇടവക അംഗമാണ് അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മറ്റത്തിൽ പരേതനായ ചെറിയാൻ അന്ത്രയോസിന്റെയും പാമ്പാടി വാലായിൽ വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി എം എം മത്തായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. പുതുപ്പള്ളി സെൻ്റ് ജോർജ്ജ് വലിയപള്ളി ഇടവകയിൽ മീനടം പൊടിമറ്റമാണ് അഭി.സേവേറിയോസ് തിരുമേനിയുടെ മൂല കുടുംബം. മലങ്കര മൽപ്പാനായിരുന്ന കാലം ചെയ്ത യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ കുടുംബമായ നരിമറ്റം കുടുംബമാണ് പിതാമഹൻ്റെ മാതൃ കുടുംബം. അഭി. സേവേറിയോസ് തിരുമേനിയുടെ വല്യമ്മച്ചി കാലം ചെയ്ത ഭാഗ്യസ്മരണർഹനായ സ്തേഫാനോസ് മാർ തേവോദോസ്യോസ് തിരുമേനിയുടെ കുടുംബമായ പാത്താമുട്ടം കയ്യാലത്ത് കുടുംബത്തിൽ ഉൾപ്പെടുന്നു. മാതൃ പാരമ്പര്യത്തിൽ മലങ്കര സഭയിലെ അഭി. യൂഹാനോൻ മാർ സേവേറിയോസിൻ്റെയും, അഭി. സ്തേഫാനോസ് മാർ തേവോദോസ്യോസിൻ്റെയും പിൻതലമുറക്കാരിൽ അഭി.മാത്യൂസ് മാർ സേവേറിയോസ് ഉൾപ്പെടുന്നു.

മലങ്കര സഭയിലെ ശ്രേഷ്ഠ മൽപ്പാനായിരുന്ന ചെറിയ മഠത്തിൽ വൈദീകരുടെയും, കരിങ്ങണാമറ്റത്തിൽ കശീശ്ശൻമാരുടെയും പാരമ്പര്യം നിലനിൽക്കുന്ന വാഴൂർ സെൻ്റ് പീറ്റേഴ്സ് ദേവാലയമാണ് അഭി. തിരുമേനിയുടെ മാതൃഇടവക. വാഴൂർ സെൻ്റ് പീറ്റേഴ്സ് എൽ.പി സ്കൂൾ (1954- 59), സെൻ്റ് പോൾസ് യു.പി സ്കൂൾ (1959- 61), വാഴൂർ S V R V ഹൈസ്കൂൾ (1961 – 1965 ) എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ പoനം പൂർത്തിയാക്കി. 1965 ൽ വാഴൂർ S V R V സ്കൂളിൽ നിന്നും S. S. L. C Topper ആയിട്ടാണ് M.A മത്തായി പാസ്സായത്. വാഴൂർ N.S.S കോളേജിൽ നിന്ന് പ്രീഡിഗ്രിയും കോട്ടയം C. M. S കോളേജിൽ നിന്ന് സ്പെഷ്യൽ കെമിസ്ട്രിയിൽ ബിരുദവും സമ്പാദിച്ചു. 1973-ൽ കോട്ടയം പഴയ സെമിനാരിയിൽ വൈദീക വിദ്യാഭ്യാസത്തിനായി ചേർന്നു. 1977 ൽ B.D ബിരുദം പൂർത്തീകരിച്ചു.

റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയിൽ നിന്ന് (1977 – 79) വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും റോമിലെ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് M.T.H ഉം (1979-81) കരസ്ഥമാക്കി. സുറിയാനി പാരമ്പര്യത്തിൽ മാബൂഗിലെ മാർ പീലക്സിനോസിൻ്റെ ക്രിസ്തു ശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് റോമിലെ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് Phd – ഡോക്ട്രേറ്റ് ലഭിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തൻമാരിൽ ഒരാൾ ആണ് വന്ദ്യ പിതാവ്. കണ്ടനാട് ഭദ്രാസന ഭരണനിർവഹണ ത്തോടൊപ്പം സാഹചര്യവശാൽ 2019 മുതൽ മലബാർ,ഇടുക്കി മെത്രാസന ങ്ങളുടെ അധിക ചുമതലയും വഹിക്കുന്നു. സുദീർഘ കാലം പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായിരുന്ന വന്ദ്യ പിതാവ് നിലവിൽ പൗരസ്ത്യ കാതോലിക്കയുടെ അസിസ്റ്റന്റും ഓർത്തഡോക്സ് വൈദിക സെമിനാരി വൈസ് പ്രസിഡന്റും ആണ്.

ദൈവ കരുണയുടെ മാനുഷിക മുഖമാണ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. അനുകമ്പയാണ് അദ്ദേഹത്തിന്റെ അധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. കണ്ടനാട് ഭദ്രാസനത്തിലെ വിവിധ ഭാഗങ്ങളിൽ ക്രമാനുഗതമായി പടുത്തുയർത്തപ്പെട്ട ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഓരോന്നും വന്ദ്യ പിതാവിന്റെ സഹജീവ സ്നേഹത്തിന്റെ പ്രത്യക്ഷ പ്രതിഫലനങ്ങളാണ്.

1. പ്രതീക്ഷാ ഭവൻ: ബുദ്ധിമാന്ദ്യവും അംഗവൈകല്യമുള്ള നിർധനരായ സ്ത്രീകളെ പരിപാലിക്കുന്നു .
2.  പ്രശാന്തി ഭവൻ: നിരാലംബരായ രോഗികളുടെ പാർപ്പിടം.
3. പ്രത്യാശ ഭവൻ: ബുദ്ധിമാന്ദ്യവും അംഗവൈകല്യമുള്ള നിർധനരായ പുരുഷന്മാരെ പരിപാലിക്കുന്നു .
4. പ്രതിഭാ ഭവൻ: സ്വയംതൊഴിൽ പരിശീലന പദ്ധതി.
5. പ്രദാനം: ചികിത്സാ സഹായ പദ്ധതി.
6. പ്രമോദം: അന്നദാന പദ്ധതി.
7. പ്രസന്നം: മാനസികാരോഗ്യകേന്ദ്രം 8.പ്രപാലനം: പെൻഷൻപദ്ധതി
9. പ്രഭാതം: സൗജന്യ കമ്പ്യൂട്ടർ പരിശീലനം. 10.പ്രബോധനം :പൊതു വായനശാല
11. പ്രാപ്തി: ഭവനനിർമ്മാണം,വിവാഹം, ഉന്നതവിദ്യാഭ്യാസം എന്നിവയ്ക്കുള്ള സഹായം.
12. പ്രയോജന മെഡിക്കൽസ് :സൗജന്യ മരുന്ന് വിതരണം.
13. പ്രവാഹം : സൗജന്യ ഡയാലിസിസ്
14. പ്രീതി ക്ലിനിക് ആൻഡ് ലാബ് :സൗജന്യ വൈദ്യപരിശോധനയും പ്രഥമ ശുശ്രൂഷയും.
15. പ്രശാന്തം: ക്യാൻസർ രോഗികൾക്കുള്ള സംരക്ഷണകേന്ദ്രം.
16. പ്രകാശം: നേത്ര രോഗികൾക്ക് സൗജന്യ പരിശോധനയും പ്രഥമ ശുശ്രൂഷയും.

പ്രസ്തുത പ്രസ്ഥാനങ്ങളുടെ സേവനങ്ങൾ ജാതി മത ഭേദമെന്യേ ഏവർക്കും സൗജന്യ മായി നൽകുന്നു. എല്ലാ പ്രസ്ഥാനങ്ങളും മലങ്കര മെത്രാപ്പൊലി ത്താ യുടെ പേരിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു.

ദൈവ സ്നേഹത്തിന്റെ കെടാവിളക്കുകൾ പോലെ പൊതുസമൂഹത്തിനു വെളിച്ചം നൽകുന്ന ഈ സ്ഥാപനങ്ങൾക്കെല്ലാം മാർ സേവേറിയോസ് മെത്രപ്പൊലീത്തയുടെ അക്ഷീണപരിശ്രമങ്ങളുടെ നിരവധി കഥകൾ പറയാനുണ്ട്. കരുണയുടെ അപ്പോസ്തോലനായിരുന്ന ഭാഗ്യസ്മരണാർഹനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയോട് മാതൃവഴിയുള്ള ബന്ധം ഈ പ്രവർത്തനങ്ങളിൽ വന്ദ്യ പിതാവിന് എന്നും പ്രചോദനമായിതീർന്നിരിക്കുമെന്ന് ഉറപ്പാണ്.

കരുണയുടെ കൈവഴികൾ ഓരോന്നായി തന്നിലൂടെ പ്രവഹിക്കുമ്പോഴും സകലവും ദൈവത്തിന്റെ ദാനം എന്ന ബോധ്യത്തോടെ അദ്ദേഹം വിനയപൂർവം ദൈവസന്നിധിയിൽ സ്വയം സമർപ്പിച്ചു. പ്രാർത്ഥന കളിലെ നിഷ്ഠകളും ആരാധനകളിലെ ചിട്ടകളും നോമ്പ് ഉപവാസങ്ങളിലെ കണിശതകളും അദ്ദേഹത്തിന്റെ ദൈവാശ്രയത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. തന്നിൽ ഭരമേൽപ്പിക്കപ്പെട്ടതെല്ലാം അണുവിട വ്യത്യാസം കൂടാതെ അനന്തര തലമുറകളിലേക്ക് യഥായോഗ്യം കൈമാറണമെന്ന ഈ ആത്മബോധത്തിന്റെ പിന്നിൽ മലങ്കര മൽപ്പാനായിരുന്ന കാലംചെയ്ത യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയോട് പിതൃവഴിക്കുള്ള ബന്ധം ഒരുപക്ഷേ കാരണമായിതീർന്നിരി ക്കാം.

വ്യവഹാരരഹിത മലങ്കര സഭ എന്ന വലിയ സ്വപ്നത്തിനു വേണ്ടി നിരവധി യാതനകൾ ഏറ്റുവാങ്ങിയ പരിശുദ്ധ ബസേലിയോസ് മാർത്തൊമ്മ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനി മുതൽ പിന്നിലേക്ക് ഓരോ മുൻഗാമിയുടെയും നിശ്ചയദാർഢ്യത്തോടും സത്യവിശ്വാസസ്ഥിരതയോടും ചേർന്നുപോകുന്ന പൊതു നിലപാടിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന മഹാപുരോഹിതൻ എന്ന നിലയിൽ അഭിമാനത്തോടെ മലങ്കര സഭാമക്കൾ ഏക സ്വരത്തിൽ ഏറ്റുപാടുന്നു ഓക്സിയോസ്  (അവിടുന്ന് യോഗ്യനാകുന്നു). പ. സുന്നഹാദോസിന്റെയും മാനേജിങ് കമ്മറ്റിയുടെയും തീരുമാനം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിച്ചു കഴിഞ്ഞു സ്ഥാനരോഹണം നിർവഹിക്കപ്പെടും.

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും

error: Thank you for visiting : www.ovsonline.in