പുണ്യവാനായ നൊറോനാ പിതാവിന്റെ ഓർമപ്പെരുന്നാൾ
പുണ്യശ്ലോകനായ അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായോടൊപ്പം റോമൻ കത്തോലിക്കാ സഭയിൽ നിന്നും മലങ്കര സഭയിലേക്ക് പുനരൈക്യപ്പെട്ട് അതു വഴി ബ്രഹ്‌മവാർ സമൂഹത്തെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തോട് ചേർത്ത് നിർത്തി പരിപാലിച്ച ഭാഗ്യസ്മരണാർഹനായ നൊറോനാ പിതാവിന്റെ (Blessed Padre Noronha) ഓർമ്മ ജൂലൈ 23ന് പരിശുദ്ധ സഭ കൊണ്ടാടുന്നു.
ഗോവയിലെ റോമൻ കത്തോലിക്കാ വൈദികൻ ആയിരുന്ന പാദ്രെ നൊറോനാ 1887ൽ ആണ് പ. അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയോടൊപ്പം മലങ്കര സഭയെ പുൽകിയത്. അദ്ദേഹം സഭാവിശ്വാസത്തിലും ചരിത്രത്തിലും വൈദ്യചികിത്സയിലും പ്രാവീണ്യം നേടിയിരുന്നു. ബ്രഹ്മവാർ സമൂഹത്തിന്റെ ആസ്ഥാന ദേവാലയം ആയ സെ. മേരീസ് കത്തീഡ്രൽ (Syrian Church of Brahmavar) നിർമ്മിക്കുന്നതിന് നേതൃത്വം നൽകി.
ബ്രഹ്‌മവാർ സമൂഹത്തിന്റെ ആത്മീയ ആചാര്യൻ ആയ പാദ്രെ നൊറോനായെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവാ, പ്രാദേശിക വിശുദ്ധൻ (Blessed Padre Noronah) ആയി ഉയർത്തി. കത്തീഡ്രൽ ദേവാലയത്തിന് അകത്താണ് അദ്ദേഹത്തിന്റെ കബറിടം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാറിൽ ആണ് സെ. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്.