മലങ്കരയുടെ മഹിതാചാര്യൻ മാലാഖമാർക്കൊപ്പം
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ വിടവാങ്ങുന്ന ഈ നേരത്തു പോലും കാലവും ചരിത്രവും സമൂഹവും യോഗ്യൻ യോഗ്യൻ എന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ഒരു വലിയ ഇടയൻ്റെ അത്രമേൽ ത്യാഗപൂർണമായ ഒരു സഭാശുശ്രൂഷ കാലഘട്ടം അവസാനിക്കുമ്പോൾ ഇന്നലെകളെക്കാൾ ശക്തനായി പിതാക്കന്മാരോട് ഒപ്പം സ്വർഗ്ഗീയ സന്നിധിയിൽ പൗലോസ് ദ്വിതീയൻ ബാവ ഉണ്ട് എന്നത് ആശ്വാസകരമാണ്.
നിലപാടുകൾ കൊണ്ട് സഭക്കായി പ്രതിരോധം തീർക്കുമ്പോഴും അതിലൊന്നും ചെറിയ മുറിവുകൾ പോലും ഉണ്ടാവാൻ പാടില്ല എന്ന് നിർബന്ധം ഉണ്ടായിരുന്ന പിതാവാണ് പൗലോസ് ദ്വിതീയൻ ബാവ. തനിക്ക് കിട്ടുമായിരുന്ന പ്രശംസകൾക്കപ്പുറം സഭയുടെ സ്വാതന്ത്ര്യമായിരുന്നു പിതാവിൻ്റെ മുഖ്യപരിഗണ.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന പ്രസ്ഥാനം പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ പേരില്ലാതെ പൂർണമാവുകയില്ല. കോലഞ്ചേരിയിൽ നിരാഹാരം അനുഷ്ഠിച്ച പരിശുദ്ധ പിതാവിനെ കാണാൻ പോയവർ ഒത്തുചേർന്ന് ആരംഭിക്കുകയും സഭയുടെ വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി വിപുലപ്പെടുകയും ചെയ്ത ഓ.വി.എസിൻ്റെ ഓരോ വളർച്ചയുടെ പടികളിലും പൗലോസ് ദ്വിതീയൻ എന്ന വലിയ ഇടയൻ്റെ കൈയൊപ്പ് ഉണ്ടായിരുന്നു. ഞങ്ങളിൽ അർപ്പിച്ച വിശ്വാസം ഞങ്ങളും സംരക്ഷിച്ചു. തെറ്റുകളിൽ ശാസിക്കുകയും ശരികളിൽ ഒപ്പം നിൽക്കുകയും ചെയ്ത പിതാവിനെയാണ് ഞങ്ങൾ കണ്ടത്.
ഓ.വി.എസ് അംഗങ്ങൾക്ക് അവരുടെ ആശങ്കകളും ആശയങ്ങളും പിതാവിനെ അറിയിക്കാൻ അദ്ദേഹം എന്നും അവസരങ്ങൾ നൽകി. ഓ.വി.എസ് ലോഗോ പ്രസിദ്ധീകരിക്കപ്പെടുന്നത് ദേവലോകം അരമനയിൽ വെച്ചു പരിശുദ്ധ പിതാവിൻ്റെ തൃക്കരങ്ങൾ കൊണ്ടാണ്. ഈ വർഷത്തെ ഒഴികെയുള്ള എല്ലാ ഓ.വി.എസ് അവാർഡ്ദാന ചടങ്ങുകളിലേക്ക് പിതാവ് എഴുന്നള്ളി വന്നു ഞങ്ങളെ അനുഗ്രഹിച്ചു.
പൗലോസ് ദ്വിതീയൻ എന്ന വലിയ ഇടയൻ നമ്മളിൽ നിന്ന് വിടവാങ്ങുന്ന ഈ സമയത്തും സ്വർഗ്ഗമാണ് നമ്മുക്ക് ബലം നൽകുന്ന പ്രത്യാശ. അവിടെ ഇനി നമ്മുക്കായി നാഥനോട് അപേക്ഷിക്കാൻ പിതാക്കന്മാരോട് ചേർന്ന് ഇനി നമ്മുടെ ബാവയും ഉണ്ടാവും.
ഞങ്ങളുടെ പരിശുദ്ധ പിതാവിന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ്റെ പ്രണാമം
മലങ്കര സഭയുടെ വലിയ ഇടയൻ്റെ വിയോഗത്തിൽ അനുശോചന – അനുസ്‌മരണ പ്രവാഹം.