OVS - ArticlesOVS - Latest News

നീതിനിഷേധം നീതിനിഷേധം യാക്കോബായ സഭക്കെതിരെ നീതിനിഷേധം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രസ്താവന ആണിത്. സാദ്ധ്യമായ എല്ലാ വേദികളിലും മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും യാക്കോബായ സഭാ നേതൃത്വം തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നും തങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നും തങ്ങളുടെ ഇടവക പള്ളികളില്‍ നിന്ന് തങ്ങള്‍ പുറത്താക്കപ്പെടുന്നു എന്നുമൊക്കെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരു തവണ എങ്കിലും കേട്ടിട്ടുള്ളവരാകും കേരളത്തിലെ മുഴുവന്‍ മലയാളികളും. നമുക്ക് ഈ ആരോപണങ്ങളിലെ വസ്തുതകള്‍ വിശദമായി ഒന്നു പരിശോധിക്കാം. (മലങ്കര സഭാതര്‍ക്ക വിഷയത്തില്‍ താല്‍പര്യം ഉള്ളവര്‍ ഈ ആര്‍ടികിള്‍ മുഴുവന്‍ ശ്രദ്ധയോടെ വായിക്കും എന്നു പ്രതീക്ഷിക്കുന്നു.)

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപബ്ളിക് ആണ് നമ്മുടെ രാജ്യം. വ്യവസ്ഥാപിതമായ ഒരു ഭരണഘടനയാല്‍ ഭരണനിര്‍വഹണം നടത്തപ്പെടുന്ന ഒരു രാജ്യമാണ് നമ്മുടേത്. വെറുതേ ഭരണഘടനയില്‍ പൗരാവകാശങ്ങളെ കുറിച്ച് എഴുതി വെക്കുക മാത്രമല്ല രാജ്യത്തെ ഓരോ പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ എല്ലാം ലഭ്യമാക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളും നമ്മുടെ രാജ്യത്തുണ്ട്. പൗരൻ്റെ ഭരണഘടനാവകാശങ്ങള്‍ ഉറപ്പിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളും, നീതിന്യായ കോടതികളും ഒക്കെ ചേര്‍ന്ന് മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പൗരൻ്റെ എല്ലാ ഭരണഘടന അവകാശങ്ങളും ഉറപ്പു വരുത്തുന്ന ഒരു ഭരണനിര്‍വഹണ രീതിയാണ് നമ്മുടെ രാജ്യത്തുള്ളത്.

നമ്മുടെ രാജ്യത്തെ ഏതെങ്കിലും ഒരു പൗരന് ഭരണഘടന നല്‍കുന്ന ഏതെങ്കിലും ഒരു അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ രാജ്യത്തെ നീതിന്യായ കോടതികളെ സമീപിക്കാം. പൗരാവകാശങ്ങളുടെ ലംഘനം ഉണ്ടായാല്‍ ട്രയല്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ പരാതി നല്‍കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനും ഉണ്ട്.

സുപ്രീം കോടതിയില്‍ നിന്ന് ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു വിധിയും ഉണ്ടാവാന്‍ നമ്മുടെ രാജ്യത്തെ നിയമപ്രക്രിയ അനുസരിച്ച് സാദ്ധ്യത ഇല്ല. ഇനി എന്തെങ്കിലും സാഹചര്യത്തില്‍ അപ്രകാരം ഒരു വിധി ഉണ്ടായാല്‍ തന്നെ വിധിയിലെ ഭരണഘടന അവകാശ ലംഘനം ചൂണ്ടിക്കാണിച്ചു റിവ്യൂ പെറ്റീഷന്‍ നല്‍കാം അവിടെയും പരാജയപ്പെട്ടാല്‍ ക്യൃറേറ്റീവ് പെറ്റീഷന്‍ നല്‍കാം. അതായത് രാജ്യത്ത് ഒരു പൗരനും ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല എന്ന് നമ്മുടെ രാജ്യത്തെ ഭരണഘടനയും നീതിന്യായ സംവിധാനവും 100% ഉറപ്പു വരുത്തിയിട്ടുണ്ട് എന്നര്‍ത്ഥം. ഇപ്രകാരം ഒരു നീതിനിര്‍വഹണ സംവിധാനമുള്ള നമ്മുടെ രാജ്യത്താണ് ഒരു പ്രബല വിഭാഗം തങ്ങള്‍ക്ക് ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നാരോപണവുമായി രംഗത്ത് വരുന്നത്.

നമുക്ക് യാക്കോബായ സഭയുടെ നീതിനിഷേധം എന്ന ആരോപണത്തെ വസ്തുതാപരമായി ഒന്നു പരിശോധിക്കാം. 2017 ജൂലൈ 3 -നാണ് മലങ്കര സഭാതര്‍ക്ക കേസില്‍ സുപ്രധാനമായ ഒരു വിധിപ്രസ്താവം സുപ്രീം കോടതിയില്‍ നിന്നുണ്ടാവുന്നത്. പ്രസ്തുത കേസില്‍ സുപ്രീം കോടതി ജഡ്ജി ഒരു സുപ്രഭാതത്തില്‍ ഞെട്ടിയുണര്‍ന്ന് വിധി പ്രസ്താവിച്ചതൊന്നുമല്ല. കേസില്‍ ഉള്‍പെട്ട രണ്ടു പക്ഷത്തിൻ്റെയും വാദങ്ങള്‍ വിശദമായി കേട്ട് ഏതാണ്ട് കേസിലെ രേഖകള്‍ എല്ലാം പരിശോധിച്ച് വിശകലനം ചെയ്താണ് അന്തിമ വിധി പുറപ്പെടുവിച്ചത്. ഈ വിധിയില്‍ യാക്കോബായ വിഭാഗത്തിന് അവരുടെ സാമാന്യ നീതിയോ ഭരണഘടന അവകാശങ്ങളോ യാതൊന്നും തന്നെ നിഷേധിച്ചിട്ടില്ല. അത് കോടതി വിധി വായിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകുന്ന കാര്യമാണ്. സുപ്രീം കോടതി വിധിയില്‍ പറയുന്ന സുപ്രധാന കാര്യങ്ങള്‍ ഇവയാണ്.

1). മലങ്കര സഭ ഒരു ട്രസ്റ്റാണ്. കാതോലിക്ക വിഭാഗവും (ഓര്‍ത്തഡോക്സ് സഭ) പാത്രികീസ് (യാക്കോബായ) വിഭാഗവും  മലങ്കര സഭയിലെ രണ്ടു വിഭാഗങ്ങള്‍ ആണ് അല്ലാതെ രണ്ടു വ്യത്യസ്ത സഭകള്‍ അല്ല.
2). സഭാതര്‍ക്കത്തില്‍ വിശ്വാസപരമായ യാതൊരു തര്‍ക്കവും ഇല്ല മറിച്ച് ഇതൊരു അധികാര തര്‍ക്കം മാത്രമാണ്. ഈ അധികാര തര്‍ക്കം 1958-ല്‍ സുപ്രീം കോടതി തന്നെ പരിഹരിച്ചതുമാണ്. അങ്ങനെ 1958 മുതല്‍ 1975 വരെ ഇരുപക്ഷവും തര്‍ക്കങ്ങള്‍ ഇല്ലാതെ ഒന്നായി പോയതുമാണ്.
3). 1958 മുതല്‍ 1975 വരെ ഇരുപക്ഷവും ഒന്നായി സ്വീകരിച്ച 1934 ഭരണഘടന അനുസരിച്ച് തുടര്‍ന്നും മലങ്കര സഭയുടെ പള്ളികളെല്ലാം ഭരിക്കപ്പെടണം.
4). ഇനി പാത്രികീസ് വിഭാഗത്തിലെ ആര്‍ക്കെങ്കിലും ഈ ഭരണഘടന അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് മലങ്കര സഭയില്‍ നിന്ന് സ്വമനസാലേ പുറത്തു പോകാം. പുറത്തു പോകുന്നവര്‍ക്ക് മലങ്കര സഭയുടെ പള്ളികളിന്‍മേല്‍ പിന്നീട് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. മലങ്കര സഭയുടെ സ്വത്തുക്കളും പള്ളികളും ഭാഗം വക്കാനും പാടില്ല.

ഇതാണ് കോടതി വിധി. ഇവിടെ ആരുടെയും ഭരണഘടനാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല. കോടതി വിധിയില്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു റിവ്യൂ പെറ്റീഷന്‍ അടക്കം 3 പെറ്റീഷനുകള്‍ യാക്കോബായ സഭ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. 3 പെറ്റീഷനും സുപ്രീം കോടതി നിര്‍ദാഷണ്യം തള്ളുകയാണ് ചെയ്തത്. കക്ഷികള്‍ കോടതി വിധിയെ തെറ്റിദ്ധരിച്ചിട്ടാവാം ഇപ്രകാരം ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തത് എന്ന് പറഞ്ഞാണ് യാക്കോബായ സഭ ഫയല്‍ ചെയ്ത മൂന്നാമത്തെ പെറ്റീഷന്‍ സുപ്രീം കോടതി തള്ളിയത്. ഇവിടെ സുപ്രീം കോടതി, രാജ്യത്തിൻ്റെ പരമോന്നത നീതിപീഠം യാക്കോബായ സഭക്ക് ഒരു നീതിയും നിഷേധിച്ചിട്ടില്ല എന്നാവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്.

ഇനി നമുക്ക് സഭാ കേസിൻ്റെ ചരിത്രം ഒന്നു നോക്കാം. 1911-ല്‍ ആണ് മലങ്കര സഭയില്‍ തര്‍ക്കം ആരംഭിക്കുന്നത്. 1913-ല്‍ പാത്രികീസ് വിഭാഗം ആണ് തിരുവിതാംകൂര്‍ ജില്ലാ കോടതിയില്‍ ആദ്യത്തെ കേസ് നല്‍കുന്നത്. കോടതികളില്‍ പാത്രികീസ് വിഭാഗത്തിൻ്റെ തോല്‍വിയുടെ ചരിത്രം ആരംഭിക്കുന്നതും അവിടെയാണ്. തിരുവിതാംകൂര്‍ ജില്ലാകോടതിയില്‍ പാത്രികീസ് വിഭാഗം തന്നെ കൊടുത്ത കേസ് അവര്‍ തോറ്റു.

ജില്ലാ കോടതിയില്‍ തോറ്റപ്പോള്‍ പാത്രിയർകീസ് വിഭാഗം തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്ന് ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഏറ്റവും പ്രഗല്‍ഭനായ വക്കീലായിരുന്നു മദ്രാസിലെ സി പി രാമസ്വാമി. അദ്ദേഹത്തെ ആണ് പാത്രിയർകീസ് വിഭാഗം തങ്ങള്‍ക്കായി തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ വക്കാലത്ത് ഏല്‍പിച്ചത്. തിരുവിതാംകൂര്‍ കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയായ സര്‍ സി പി രാമസ്വാമി അയ്യര്‍ വട്ടിപ്പണം കേസില്‍ യാക്കോബായ സഭക്ക് വേണ്ടി കേസ് വാദിക്കാനാണ് മദ്രാസില്‍ നിന്ന് ആദ്യമായി തിരുവിതാംകൂറില്‍ എത്തിയത്. അന്നത്തെ രാജ്യത്തെ ഏറ്റവും പ്രഗല്‍ഭനായ വക്കീലായിരുന്ന സര്‍ സി പി പാത്രിയർകീസ് വിഭാഗത്തിന് വേണ്ടി കേസ് വാദിച്ചിട്ടും ഫലമുണ്ടായില്ല തിരുവിതാംകൂര്‍ ഹൈക്കോടതിയിലും ബാവാകക്ഷി കേസില്‍ തോറ്റു. ബാവാകക്ഷി കൊണ്ടുവന്ന പ്രഗല്‍നായ വക്കീല്‍ പിന്നീട് തിരുവിതാംകൂര്‍ ദിവാനായി മാറിയതും ചരിത്രം.

1928-ല്‍ തിരുവിതാംകൂര്‍ രാജ്യത്തെ പരമോന്നത കോടതി വിധി കാതോലിക്ക വിഭാഗം ആണ് മലങ്കര സഭയുടെ ഔദ്യോഗിക നേതൃത്വം എന്നു വിധിച്ചതോടെ ഔദ്യോഗിക മലങ്കര സഭാ നേതൃത്വം അന്നത്തെ സഭയുടെ എല്ലാ പള്ളികളുടെയും ഒരു യോഗം വിളിച്ചു കൂട്ടി. മലങ്കര സഭയുടെ ഭരണനിര്‍വഹണത്തിന് ഒരു ഭരണഘടന പാസാക്കുക എന്നതായിരുന്നു ആ മീറ്റിംഗ് വിളിച്ചു കൂട്ടിയതിൻ്റെ ഉദ്ദേശം. രണ്ടു പക്ഷത്തിൻ്റെയും കൈവശമുള്ള പള്ളികളില്‍ നോട്ടീസ് നല്‍കി ക്ഷണിച്ചാണ് മീറ്റിംഗ് വിളിച്ചു കൂട്ടിയത് എങ്കിലും പാത്രിയർകീസ് വിഭാഗം ഈ മീറ്റിംഗില്‍ പങ്കെടുത്തില്ല. 1934 ഡിസംബര്‍ മാസത്തില്‍ കോട്ടയത്ത് കൂടിയ മലങ്കര സഭയുടെ യോഗം മലങ്കര സഭയുടെ ഭരണത്തിനായി ഒരു ഭരണഘടന പാസാക്കി. ഈ ഭരണഘടന ആണ് 1934 ഭരണഘടന എന്നറിയപ്പെടുന്നത്.

ഈ ഭരണഘടന ഏകപക്ഷീയമായി പാസാക്കിരതല്ല. 1928 -ല്‍ തിരുവിതാംകൂര്‍ രാജ്യത്തെ പരമോന്നത കോടതി രണ്ടു പക്ഷത്തിൻ്റെയും വാദം കേട്ട് സഭാതര്‍ക്കത്തില്‍ അന്തിമ വിധി പറഞ്ഞതനുസരിച്ച് മലങ്കര സഭയുടെ നേതൃത്വം എല്ലാ നടപടി ക്രമങ്ങളും പാലിച്ച് സഭയുടെ എല്ലാ പള്ളികളിലും നോട്ടീസയച്ച് എല്ലാ പള്ളികളില്‍ നിന്നും പ്രതിനിധികളെ ക്ഷണിച്ച് മലങ്കര സഭ ഔദ്യോഗികമായി പാസാക്കിയ ഭരണഘടന ആണ് 1934 ഭരണഘടന. പാത്രിയർകീസ് കക്ഷിക്ക് ഭരണഘടന പാസാക്കിയ ഈ മീറ്റിംഗില്‍ പങ്കെടുത്ത് ഭരണഘടന പാസാക്കുന്നതിനെ എതിര്‍ക്കുകയോ ഭേദഗതി ആവശ്യപ്പെടുകയോ ചെയ്യാമായിരുന്നു എന്നിരിക്കെ പാത്രിയർകീസ് വിഭാഗം പൂര്‍ണമായി ഈ മീറ്റിംഗ് ബഹിഷ്കരിക്കുകയും സമാന്തര ഭരണസംവിധാനവുമായി മുന്നോട്ടു പോവുകയുമാണ് ചെയ്തത്.

1950-ല്‍ ഭാരതം റിപബ്ളിക് ആയതോടെ വ്യവസ്ഥാപിത കോടതികള്‍ സ്ഥാപിക്കപ്പെട്ടു. അങ്ങനെ സഭാതര്‍ക്കത്തില്‍ ബാവാകക്ഷിക്ക് കൂടുതല്‍ വ്യവഹാരത്തിനുള്ള വഴികള്‍ തുറക്കപ്പെട്ടു. തിരുവിതാംകൂര്‍ ഹൈക്കോടതി വിധി അസാധുവാക്കണം എന്നാവശ്യപ്പെട്ട് പാത്രിയർകീസ് വിഭാഗം വീണ്ടും കേസ് നല്‍കി. ഈ കേസ് വ്യവഹാരം സുപ്രീം കോടതി വരെ നീണ്ടു. സുപ്രീം കോടതി 5 അംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ച് തന്നെ ഈ കേസിലെ ഇരു പക്ഷത്തിൻ്റെയും വാദം വിശദമായി കേട്ടു. 1958-ല്‍ ഭാരതത്തിൻ്റെ പരമോന്നത നീതിപീഠത്തിൻ്റെ 5 അംഗ ഭരണഘടന ബെഞ്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിൻ്റെ വാദങ്ങള്‍ ശരിവച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു.

1934 ഭരണഘടന പാസാക്കിയ മലങ്കര സഭയുടെ നടപടിക്ക് സുപ്രീം കോടതി അംഗീകാരം നല്‍കി. മലങ്കര സഭയുടെ ഔദ്യോഗിക ഭരണഘടന ആയി സുപ്രീം കോടതി 1934 ഭരണഘടനയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി ഭരണഘടന ബെഞ്ചിൻ്റെ വിധിയോടെ മലങ്കര സഭാതര്‍ക്കം 1958 -ല്‍ അവസാനിച്ചു. 1934 ഭരണഘടന അംഗീകരിച്ചു കൊണ്ട് മലങ്കര സഭയിലെ രണ്ട് വിഭാഗങ്ങളും യോജിച്ച് ഒന്നായി തീര്‍ന്നു.

സുപ്രീം കോടതി വിധി വരുന്ന സമയത്ത് പാത്രിയർകീസ് വിഭാഗത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മെത്രാപോലീത്ത ആയിരുന്ന വയലിപറമ്പില്‍ തിരുമേനി അങ്കമാലി ഭദ്രാസനത്തിലെ പാത്രിയർകീസ് വിഭാഗത്തിൻ്റെ കൈവശം ഇരിക്കുന്ന എല്ലാ പള്ളികളിലും നിര്‍ബന്ധ പൂര്‍വം 1934 ഭരണഘടന നടപ്പാക്കണം എന്ന് കല്‍പന അയച്ചു. അദ്ദേഹം മുന്‍കൈ എടുത്ത് 1934 ഭരണഘടന പാത്രികീസ് വിഭാഗത്തിൻ്റെ കൈവശം ഇരുന്ന പള്ളികളിലെല്ലാം നടപ്പാക്കി. വയലിപറമ്പില്‍ തിരുമേനിയേക്കാള്‍ വലിയ പാത്രിയർകീസ് ഭക്തന്‍ ഇതുവരെയും മലങ്കരയില്‍ ജനിച്ചിട്ടുമില്ല ജനിക്കാനും പോകുന്നില്ല. അദ്ദേഹത്തിന് സര്‍വാത്മനാ സ്വീകാര്യമായിരുന്നു 1934 ഭരണഘടന എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ആങ്ങനെ 1958 മുതല്‍ 1975 വരെ മലങ്കര സഭ തര്‍ക്കങ്ങളില്ലാതെ 1934 ഭരണഘടന അനുസരിച്ച് ഒന്നായി പോയി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ 1975-ല്‍ വീണ്ടും വിഘടനവാദം മലങ്കര സഭയില്‍ ഉണ്ടായി. പഴയ കക്ഷികള്‍ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു. വീണ്ടും കക്ഷിവഴക്കും കോടതി വ്യവഹാരങ്ങളും ആരംഭിച്ചു. ആ കേസും ഭാരതത്തിൻ്റെ സുപ്രീം കോടതി വരെ നീണ്ടു. 1995-ല്‍ സുപ്രീം കോടതിയുടെ 3 അംഗ ബഞ്ച് കേസില്‍ അന്തിമ വിധി പറഞ്ഞു.

ഇത്തവണ രണ്ടു പക്ഷത്തെയും യോജിപ്പിക്കാന്‍ സുപ്രീം കോടതി തന്നെ നേരിട്ടിറങ്ങുകയായിരുന്നു. ഇരുപക്ഷത്തിൻ്റെയും ജനസംഖ്യക്ക് ആനുപാതികമായി പ്രതിനിധികളെ തെരഞ്ഞെടുക്കാനും ആ പ്രതിനിധികള്‍ ചേര്‍ന്ന് മലങ്കര സഭാതലവനെ തെരഞ്ഞെടുക്കണം എന്നും അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ആളെ ഇരു പക്ഷവും അംഗീകരിച്ച് ഒന്നായി പോകണം എന്നുമായിരുന്നു സുപ്രീം കോടതിയുടെ തീര്‍പ്പ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിയുക്തമായ നടത്തിപ്പിന് റിട്ടയര്‍ഡ് ജഡ്ജിയായിരുന്ന ജസ്റ്റിസ് മളീമഠിനെ സുപ്രീം കോടതി നിയോഗിച്ചു.

അങ്ങനെ തെരഞ്ഞെടുപ്പ് പ്രക്രിയ 2002-ല്‍ പൂര്‍ത്തിയായി. ജസ്റ്റിസ് മളീമഠിൻ്റെ നിരീക്ഷണത്തില്‍ കൂടിയ മലങ്കര അസോസിയേഷന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നു മല്‍സരിച്ച മാത്യൂസ് ദ്വിതിയന്‍ ബാവ വന്‍ ഭൂരിപക്ഷത്തോടെ മലങ്കര സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. പാത്രിയർകീസ് വിഭാഗത്തില്‍ നിന്നു മല്‍സരിച്ച തോമസ് മാര്‍ ദീവന്നാസിയോസിന് കേവലം 3 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

സുപ്രീം കോടതി നേരിട്ടിറങ്ങി വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം നോക്കി തന്നെ സഭാതര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പാത്രിയർകീസ് വിഭാഗം ഏകപക്ഷീയമായി ഈ വോട്ടെടുപ്പ് പ്രക്രിയ ബഹിഷ്കരിച്ച് പുത്തന്‍കുരിശ് ആസ്ഥാനമായി പുതിയ സഭയും പുതിയ ഭരണഘടനയും സ്ഥാപിച്ചു. ഇതാണ് 2002 ഭരണഘടന. അങ്ങനെ 2002 -ല്‍ അതുവരെ ഉണ്ടായിരുന്ന ബാവാകക്ഷി ഒരു സ്വതന്ത്ര സഭയായി മാറി.

അപ്പോള്‍ വന്ന ചോദ്യം ഈ 2002-ല്‍ ഉണ്ടായ സഭക്ക് മലങ്കര സഭയുടെ പള്ളികളില്‍ എന്തെങ്കിലും അവകാശം ഉണ്ടോ എന്നാണ്. അത് വീണ്ടും തര്‍ക്ക വിഷയമായി സുപ്രീം കോടതിക്ക് മുന്നില്‍ വന്നു. ആ കേസിലെ അന്തിമ വിധിയാണ് 2017 ജൂലൈ 3-ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. 2002 ഭരണഘടന മലങ്കര സഭയുടെ പള്ളികളില്‍ ബാധകമല്ല എന്നും മലങ്കര സഭയുടെ ഇടവക പള്ളികള്‍ക്ക് 1934 ഭരണഘടന മാത്രമാണ് ബാധകം എന്നും. ഇനി ഇപ്പോള്‍ മലങ്കര സഭയിലെ ഇടവാംഗങ്ങള്‍ ആയിരിക്കുന്നവര്‍ക്ക് 1934 ഭരണഘടന അംഗീകരിച്ചാല്‍ ആ ഇടവക പള്ളിയില്‍ തുടരാം എന്നും. ഇനി 2002-ലെ യാക്കോബായ സഭയില്‍ ചേരാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് അതില്‍ ചേരാം പക്ഷേ ചേരുന്നവര്‍ക്ക് മലങ്കര സഭയുടെ പള്ളികള്‍ വീതം വച്ചു കൊടുക്കാന്‍ കഴിയില്ല എന്നുമാണ് 2017-ലെ സുപ്രീം കോടതി വിധി.

സുപ്രീം കോടതി ഒരു ഇടവകക്കാരനെയും പുറത്താക്കാന്‍ പറഞ്ഞിട്ടില്ല. മറിച്ച് രണ്ടു പക്ഷവും ഒന്നിച്ച് പോകണം എന്നും അതിനായി ഇരു വിഭാഗങ്ങളും സ്വമേധയാ അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ശരിവച്ചിട്ടുള്ളതുമായ 1934 ഭരണഘടന മാനദണ്ഠം ആയി നിശ്ചയിക്കുകയുമാണ് സുപ്രീം കോടതി ചെയ്തത്. ഈ വിധിയില്‍ എന്തെങ്കിലും നീതിനിഷേധം ഉള്ളതായി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞ 3 വര്‍ഷമായി പാത്രികീസ് വിഭാഗത്തിനു സാധിച്ചിട്ടുമില്ല.

2017 വിധിക്ക് ശേഷം റിവ്യൂ പെറ്റീഷന്‍ കോടുത്തു. ശേഷം സുപ്രീം കോടതിയില്‍ തന്നെ വിവിധ ബെഞ്ചുകളില്‍ ഈ കേസ് വീണ്ടും പരിഗണിക്കപ്പെട്ടു എവിടെയും സുപ്രീം കോടതി വിധിയില്‍ നീതിനിഷേധം ഉള്ളതായി പാത്രിയർകീസ് വിഭാഗത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യൂറേറ്റീവ് പെറ്റീഷന്‍ കൊടുത്തിട്ട് തിരിച്ചടി ഭയന്ന് നിരുപാധികം പെറ്റീഷന്‍ കോടതി പരിഗണിക്കുന്നതിന് മുമ്പ് പിന്‍വലിക്കുകയും ചെയ്തു.

ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കേ നീതിനിഷേധം എന്നു പറയുന്നതില്‍ എന്തടിസ്ഥാനം ആണുള്ളത്. 1913-ല്‍ തിരുവിതാംകൂര്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ എത്ര ജഡ്ജിമാരുടെ മുന്നില്‍ വാദം നടത്തി. സി പി രാമസ്വാമി അടക്കമുള്ള പ്രഗല്‍ഭരായ വക്കീലന്മാര്‍ പഠിച്ച പണി മുഴുവന്‍ പയറ്റിയിട്ടും കോടതികളില്‍ തെളിയിക്കാന്‍ കഴിയാത്ത നീതിനിഷേധം എന്ത് നീതിനിഷേധം ആണ്. നീതിനിഷേധം ഉണ്ടെങ്കില്‍ അത് ബോദ്ധ്യപ്പെടുത്തേണ്ടത് കോടതികളെയാണ്. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്തല്ല. ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയുമല്ല.

പാത്രികീസ് വിഭാഗത്തിലെ ആരെയും ഇടവക പള്ളിയില്‍ നിന്ന് പുറത്താക്കില്ല. ഒരു ഇടവക പള്ളിയിലെ അംഗങ്ങള്‍ക്കെല്ലാം ആ പള്ളിയില്‍ അവകാശം ഉണ്ട്. അതു ഭൂരിപക്ഷ ന്യൂനപക്ഷം നോക്കിയല്ല ഒരു ഇടവകക്കാരൻ്റെ അവകാശം നിര്‍ണയിക്കപ്പെടുന്നത്.

കോതമംഗലം പള്ളിയില്‍ പാത്രിയർകീസ് കക്ഷി ഒരു ലക്ഷം ഉണ്ട് ഓര്‍ത്തഡോക്സുകാര്‍ 3 പേരേ ഉള്ളൂ അതുകൊണ്ട് ഓര്‍ത്തഡോക്സുകാരന് അവൻ്റെ ഇടവക പള്ളിയില്‍ അവകാശം ഇല്ല അവന്‍ പിരിഞ്ഞു പോകണം എന്നു പറഞ്ഞാല്‍ അതാണ് നീതിനിഷേധം. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരേ അവകാശമാണുള്ളത്. ഭൂരിപക്ഷം പറയുന്നതനുസരിച്ച് ന്യൂനപക്ഷം മുന്നോട്ടു പോകണം എന്നത് ഫാസിസ്റ്റ് നയമാണ്. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാനൊന്നും അധികാരമില്ല. കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സുകാരന്‍ ഒരാളേ ഉള്ളെങ്കില്‍ പോലും അയാള്‍ക്ക് അവൻ്റെ ഇടവകപള്ളിയിലുള്ള അവകാശം നിഷേധിക്കാന്‍ ഭൂരിപക്ഷത്തിനോ ഭരണകൂടത്തിനോ അധികാരം ഇല്ല. കോതമംഗലം പള്ളിയില്‍ ഒരുലക്ഷം യാക്കോബായക്കാര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ പള്ളി ഇടവകക്കാര്‍ ആയി തുടരാമല്ലോ. ഓര്‍ത്തഡോക്സുകാര്‍ പള്ളിയില്‍ നിന്ന് പിരിഞ്ഞു പോകണം എന്നു പറയാന്‍ നിങ്ങള്‍ക്കെന്തധികാരമാണുള്ളത്.

മലങ്കര സഭയുടെ ഇടവക പള്ളികളില്‍ ഇടവകക്കാര്‍ ആയ എല്ലാവര്‍ക്കും ആ പള്ളിയില്‍ തുല്യഅവകാശം ആണ്. ഓര്‍ത്തഡോക്സുകാരനെ പുറത്താക്കാന്‍ പാത്രിയർകീസുകാരനോ പാത്രിയർകീസുകാരനെ പുറത്താക്കാന്‍ ഓര്‍ത്തഡോക്സുകാരനോ അധികാരം ഇല്ല.

ഇവിടെ ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് രാജ്യത്തിൻ്റെ നിയമവും സുപ്രീം കോടതി വിധിയും അടിസ്ഥാനമാക്കി സഭ ഒന്നിച്ചു പോകണം എന്നാണ്. എന്നാല്‍ പാത്രിയർകീസ് പക്ഷം ഓര്‍ത്തഡോക്സുകാര്‍ ന്യൂനപക്ഷമായതിനാല്‍ പള്ളിയില്‍ നിന്ന് പിരിഞ്ഞു പോകണം എന്നും നിലപാടെടുക്കുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നീതിനിഷേധിക്കപ്പെടുന്നത് എന്ന് പൊതുസമൂഹം വിലയിരുത്തുക.

മുമ്പ് പറഞ്ഞത് പോലെ ഒരു സുപ്രഭാതത്തില്‍ സുപ്രീം കോടതി ജഡ്ജിക്ക് വെളിപാടുണ്ടായതനുസരിച്ച് ലഭിച്ചതല്ല 2017-ലെ വിധി. 1913 മൂതല്‍ വിവിധ കോടതികളില്‍ നടന്ന വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും അടിസ്ഥാനത്തില്‍ എല്ലാ ഭാഗവും സൂഷ്മമായി കേട്ട് എല്ലാ നിയമവശവും പരിശോധിച്ച് എഴുതപ്പെട്ട വിധിയാണത്. ഏതാണ്ട് 200 ഓളം ജഡ്ജിമാര്‍ എഴുതിയ ജഡ്ജ്മെന്റിൻ്റെ തുടര്‍ച്ചയുമാണത്. 100 വര്‍ഷമായി നടത്തിയ വ്യവഹാരങ്ങളില്‍ തുടരെ തുടരെ പരാജയപ്പെട്ട പാത്രിയർകീസ് വിഭാഗം ഇപ്പോള്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദം ചെലുത്തി നിയമനിര്‍മാണം നടത്തിക്കാനുള്ള പണിപ്പുരയിലാണ്. എഴുതിയ പരീക്ഷകളിലെല്ലാം പരാജയപ്പെട്ട വിദ്യാര്‍ത്ഥി മോഡറേഷന്‍ നല്‍കി ജയിപ്പിക്കണം എന്നാവശ്യപ്പെട്ടു സമരം ചെയ്യുന്നതു പോലെ ഒരു സമരം എന്നല്ലാതെ ഇവിടെ പാത്രിയർകീസ് വിഭാഗത്തിന് യാതൊരു നീതിയും നിഷേധിക്കപ്പെട്ടിട്ടില്ല.

വിതച്ചതേ കൊയ്യൂ എന്നത് ദൈവ നിശ്ചയമാണ്.

error: Thank you for visiting : www.ovsonline.in