എട്ടാം മാർത്തോമ്മ അഭിമാനകരമായ ചരിത്രത്തിനുടമ: കാതോലിക്കാ ബാവാ
ചെങ്ങന്നൂർ :- മലങ്കര സഭയിൽ അഭിമാനകരമായ ചരിത്രത്തിന് ഉടമയാണ് എട്ടാം മാർത്തോമ്മയെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ എട്ടാം മാർത്തോമ്മയുടെ ചരമ ദ്വിശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. ഫാ.കെ.എം. ജോർജ് പ്രഭാഷണം നടത്തി. ആറാം മാർത്തോമ്മ അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിനു കാതോലിക്കാ ബാവാ സമ്മാനിച്ചു. ഡയാലിസിസ് രോഗികൾക്കു സഹായമെത്തിക്കാനായി മാർ സേവേറിയോസ് നടപ്പാക്കുന്ന പ്രവാഹം പദ്ധതിയുടെ ഉദ്ഘാടനവും കാതോലിക്കാ ബാവാ നിർവഹിച്ചു.
ഫാ. രാജൻ വർഗീസ്, ഫാ. ജാൾസൺ പി. ജോർജ്, സുനിൽ പി. ഉമ്മൻ, വർഗീസ് തോമസ്, മനോജ് പി. ചെറിയാൻ, ഫാ. തോമസ് കൊക്കാപ്പറമ്പിൽ, എ.ജി. വർഗീസ് എന്നിവർ പ്രസംഗിച്ചു. കത്തീഡ്രലിൽ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്, ആറാം മാർത്തോമ്മ, എട്ടാം മാർത്തോമ്മ എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു രാവിലെ കാതോലിക്കാ ബാവാ കുർബാന അർപ്പിച്ചു. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. മാത്യൂസ് തിമോത്തിയോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. സമൂഹ സദ്യയോടെ പെരുന്നാൾ സമാപിച്ചു.