OVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളി മദ്ബഹയിലെ പുരാതന ചിത്രത്തിനു പുനർജനി

കോലഞ്ചേരി: – കോലഞ്ചേരി പള്ളിയുടെ മദ്ബഹയിലെ 150 വർഷത്തിനു മുകളിൽ പഴക്കമുള്ള ചിത്രം പുനർജനിക്കുന്നു. പഴയ പള്ളിയിൽ ഉപയോഗിച്ചിരുന്ന ചിത്രം പള്ളി പുതുക്കിയപ്പോൾ അതിലേക്കു മാറ്റി പ്ലാവിൻ പലകയിൽ വരച്ചു ഭിത്തിയിൽ ഉറപ്പിച്ച നിലയിലാണ് ചിത്രം. വിശുദ്ധ പത്രാസ്, പൗലോസ് ശ്ലീഹൻമാരുടെ ചിത്രത്തിൻ്റെ അരികുകളിലും വസ്ത്രത്തിൻ്റെ കസവുകളിലും ശിരസ്സിന് മുകളിലുള്ള പ്രഭാവലയത്തിലും സ്വർണ്ണ നിറത്തിൽ ഇലകളുണ്ടായിരുന്നു. 1963 ൽ പള്ളി പെയിൻ്റടിച്ചപ്പോൾ ഈ ഇലകൾക്കു മുകളിലും ചായം തേച്ചു. പാശ്ചാത്യരുടെ മുഖഛായയാണ് ചിത്രത്തിൽ. അക്കാലത്തു കേരളം സന്ദർശിച്ച ഏതെങ്കിലും വിദേശി വരച്ചതാവാം എന്നും കരുതുന്നു. നീല. ചുവപ്പ്, തവിട്ടു നിറങ്ങൾ വിദേശികൾ കൂടുതലായി ഉപയോഗിക്കുന്നതാണ്.
ചിത്രത്തിൻ്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കിയ വികാരി ഫാ.ജേക്കബ് കുര്യൻ ചെമ്മനവും മറ്റു പള്ളി ഭാരവാഹികളും അതിൻ്റെ നവീകരണ ചുമതല കോഴിക്കോട് സ്വദേശി ജിജുലാൽ കുന്നത്തിനെ ഏൽപിച്ചു. ചിത്രത്തിനു മുകളിൽ അടിച്ച പെയിൻ്റ് നീക്കം ചെയ്യലായിരുന്നു ആദ്യ ജോലി. ഇതിനൊപ്പം കറയും കരിയും നീക്കി. അടർന്നുപോയ പെയിൻ്റ് പാളി ഉറപ്പിച്ചു. അടർന്ന ഭാഗങ്ങൾ ബോണ്ടിങ്ങ് പൗഡർ ഉപയോഗിച്ചു യോജിപ്പിച്ചു. ചിത്രത്തിനു പുതിയ കോട്ടിങ്ങ് നൽകി പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് റീ ടച്ചിങ്ങ് നടത്തിയാണു ചിത്രം 150 വർഷം മുന്നത്തെ അതേ പകിട്ടോടെ പുനർജനിച്ചത് . ചിത്ര പുനരുദ്ധാരണം അടുത്ത മാസം ആദ്യം പൂർത്തിയാവും. ഈ ചിത്രത്തിനു പുറമേ യേശുവിൻ്റെ ജനനം മുതൽ മരണം വരെയുള്ള 14 മുഹൂർത്തങ്ങളുടെ ചിത്രവും മദ്ബഹയിലുണ്ട്.

കോട്ടൂർ പള്ളിയിൽ ഗ്രീക്ക്‌ നിറക്കൂട്ടിൽ ഐക്കൺ ചിത്രങ്ങൾ


കോലഞ്ചേരി:-കോട്ടൂർ പള്ളിയിൽ പൗരാണിക ദൃശ്യങ്ങളൊരുക്കി ഗ്രീക്ക്‌ നിറക്കൂട്ടിൽ ഐക്കൺ അഥവാ പ്രതിരൂപാത്മക ചിത്രങ്ങൾ പൂർത്തിയായി. കോട്ടൂർ സെയ്ന്റ്‌ ജോർജ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ നവീകരണത്തിന്റെ ഭാഗമായി മദ്‌ബഹയിലും ഭിത്തികളിലും പൗരസ്ത്യ ഓർത്തഡോക്സ്‌ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഗ്രീക്ക്‌ ചിത്രകലാ രീതിയനുസരിച്ചാണ്‌ നിറങ്ങൾ നിറയുന്നത്‌.

സഭാതർക്കം മൂലം അടഞ്ഞുകിടന്നിരുന്ന പള്ളി നവീകരിച്ച്‌ കൂദാശ നടത്തുന്നതിന്‌ മുന്നോടിയായാണ്‌ പ്രതിരൂപ ചിത്രങ്ങൾ വരച്ചത്‌. പ്രതിരൂപാത്മക ചിത്രങ്ങൾ കാണുന്നവർക്ക്‌ ദൈവ ചിന്തയുണ്ടാകുമെന്നാണ്‌ ഗ്രീക്ക്‌ വിശ്വാസം. ലൂക്ക സുവിശേഷകൻ വരച്ച കന്യകാമറിയത്തിന്റെ ചിത്രമാണ്‌ ഈ ഗണത്തിൽ ഏറ്റവും പഴക്കമുള്ള ഐക്കൺ ചിത്രം. മൗണ്ട്‌ സീനായി മലയിലെ സന്ന്യാസി ആശ്രമത്തിന്റെ മേൽഭാഗത്ത്‌ വരച്ചിട്ടുള്ള ക്രിസ്തുവിന്റെ ചിത്രത്തിന്‌ നാലു നൂറ്റാണ്ടോളം പഴക്കമുണ്ട്‌. കോട്ടൂർ പള്ളിയിൽ മദ്‌ബഹയിൽ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ചിത്രത്തിൽ ആദമിനെയും ഹൗവ്വയെയും കൈപിടിച്ചുയർത്തുന്ന ചിത്രമാണ്‌ വരച്ചിട്ടുള്ളത്‌. 18 അടി ഉയരവും 12 അടി വീതിയുമാണുള്ളത്‌.

error: Thank you for visiting : www.ovsonline.in