പുനരൈക്യ രേഖകകളിലെ അബദ്ധങ്ങള്‍
മലങ്കര കത്തോലിക്ക വൈദീകനായിരുന്ന ഫാ. തോമസ് ഇഞ്ചക്കലോടി രചിച്ച Mar Ivanios Volume 1 എന്ന പുസ്തകത്തില്‍ പുനരൈക്യ രേഖകള്‍ എന്ന നിലയില്‍ കുറേയധികം കത്തുകള്‍ ഫാ. തോമസ് ഇഞ്ചക്കലോടി ഉദ്ധരിച്ചിട്ടുണ്ട്. മാര്‍ ഈവാനിയോസ് റോമിലേക്കയച്ച മെമോറാണ്ടങ്ങള്‍, മാര്‍ ഈവാനിയോസ് ബാംഗ്ളൂരിലെ റോമന്‍ കത്തോലിക്ക അപോസ്തോലിക് ഡെലിഗേറ്റിനയച്ച കത്തുകള്‍ അങ്ങനെ നിരവധി കത്തുകളുടെ മലയാളത്തിലുള്ള തര്‍ജമകള്‍ ആ ഗ്രന്ഥത്തില്‍ ഫാ. തോമസ് ഇഞ്ചക്കലോടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കത്തുകളുടെ ആധികാരികത ഒരു ചോദ്യചിഹ്നമായി മാറുന്നത് ഈ ഗ്രന്ഥത്തിലെ 344-ആം പേജില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഒരു കത്ത് പരിശോധിക്കുമ്പോളാണ്. മാര്‍ ഈവാനിയോസ് ബാംഗ്ളൂരിലെ അപോസ്തോലിക് ഡെലിഗേറ്റിനയച്ച കത്താണത്. കത്തെഴുതുന്ന തീയതി 1928 ജൂലൈ 21 ആണെന്നാണ് അതില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ കത്തിൻ്റെ ആധികാരികതയെ കുറിച്ച് സംശയമുളവാക്കുന്നത് ആ കത്തിലെ ഒരു പരാമര്‍ശമാണ്. ആ പരാമര്‍ശം ഇപ്രകാരമാണ്.
‘‘മാര്‍ തേയോഫിലോസ് തിരുമേനിയും ഞാനും പല തരത്തിലുള്ള പീഢനങ്ങളാണ് ഇപ്പോള്‍ ആനുഭവിച്ചുകൊണ്ടിരുക്കുന്നത്. എന്നാല്‍ ഈ ദൃശ്യ പീഢനങ്ങള്‍ ഞങ്ങളുടെ നിശ്ചയത്തില്‍ നിന്നും ഞങ്ങളെ അണുമാത്രം വ്യതിചലിപ്പിക്കുന്നതല്ല. ”’
ഇതാണ് പ്രസ്തുത കത്തിലെ ഒരു പരാമര്‍ശം. ഇവിടെ വലിയൊരു അബദ്ധം കടന്നു കൂടിയിട്ടുണ്ട്. ഈ കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മാര്‍ തേയോഫിലോസ് തിരുമേനി ആരാണ് എന്നതാണ് ചോദ്യം. ബഥനിയിലെ യാക്കോബ് മാര്‍ തേയോഫിലോസിനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ കത്തെഴുതുന്ന ദിവസം അതായത് 1928 ജൂലൈ 21 -ന് അദ്ദേഹം ഫാ. ജേക്കബ് OIC ആണ്. അദ്ദേഹം ഒരു മെത്രാനായി വാഴിക്കപ്പെടുന്നതും യാക്കോബ് മാര്‍ തേയോഫിലോസ് എന്ന പേര് സ്വീകരിക്കുന്നതും 1929 ഫെബ്രുവരി 16-നാണ്. അപ്പോള്‍ 1928 ജൂലൈ 21 -ന് എഴുതി എന്ന് പറയപ്പെടുന്ന കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മാര്‍ തേയോഫിലോസ് തിരുമേനി ആരാണ് ?.
ഈ അബദ്ധം എങ്ങനെയാണ് ഇതില്‍ കടന്നു കൂടിയത്. ഇതൊരു പ്രിന്റിംഗ് മിസ്റ്റേക് ആണെന്ന് ഒരിക്കലും കരുതാന്‍ കഴിയില്ല കാരണം മാര്‍ ഈവാനിയോസ് ബാംഗ്ളൂരിലെ അപോസ്തോലിക് ഡെലിഗേറ്റിനയച്ച കത്തുകളുടെയും മറുപടി കത്തുകളുടെയും ഒരു സീരീസില്‍ നിന്നും കൃത്യമായ തീയതി പ്രതിബാധിച്ചു കൊണ്ടയച്ച ഒരു കത്താണിത്. ഇതിനു മുമ്പും ശേഷവും കത്തുകളയച്ചിട്ടുണ്ട്. ആ പാറ്റേണ്‍ പരിശോധിച്ചാല്‍ ഒരിക്കലും ഇതൊരു പ്രിന്റിംഗ് മിസ്റ്റേക് ആണെന്ന് കരുതാന്‍ കഴിയില്ല. പുനരൈക്യ രേഖകള്‍ എന്ന പേരില്‍ മലങ്കര കത്തോലിക്ക സഭ പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥത്തിലും നമുക്ക് ഈ കത്ത് കാണാന്‍ കഴിയും (പുനരൈക്യ രേഖകള്‍ പേജ് 107, 108 ). ഇവിടെയും ഈ കത്തില്‍ ഇതേ അബദ്ധം നമുക്ക് കാണാന്‍ സാധിക്കും. എങ്ങനെയാണ് ഈ അബദ്ധം സംഭവിച്ചത്. ഒരു പക്ഷേ പുനരൈക്യ രേഖകള്‍ എന്ന നിലയില്‍ അവതരിപ്പിക്കാനായി കൃത്രിമമായി കത്തുകള്‍ ചമച്ചുണ്ടാക്കിയപ്പോള്‍ സംഭവിച്ച ഒരു അബദ്ധം ആവാം ഇത് എന്ന് കരുതാതെ വേറെ തരമില്ല.
മാര്‍ ഈവാനിയോസിൻ്റെ പുനരൈക്യത്തിനുള്ള അപേക്ഷയില്‍ അന്തിമ തീരുമാനം എടുത്ത ശേഷം റോം ബാംഗ്ളൂരിലെ അപോസ്തോലിക് ഡെലിഗേറ്റ് വഴി മാര്‍ ഈവാനിയോസിന് അയച്ചു കൊടുത്ത അംഗീകാരപത്രത്തിലും ഇത്തരമൊരു വൈരുദ്ധ്യം നമുക്ക് കാണാന്‍ സാധിക്കും. മലങ്കര കത്തോലിക്ക സഭ പ്രസിദ്ധീകരിച്ച ”പുനരൈക്യരേഖകള്‍’‘ എന്ന ഗ്രന്ഥത്തിലെ 140 -ആം പേജില്‍ പ്രസ്തുത അംഗീകാരപത്രം ഉള്‍പെടുത്തിയിട്ടുണ്ട്. 1930 ഓഗസ്റ്റ് 20 എന്ന തീയതി വച്ചു കൊണ്ട് അയച്ചിട്ടുള്ള അംഗീകാരപത്രത്തിൻ്റെ രണ്ടാം ഖണ്ഠിക ആരംഭിക്കുന്നത് ഇപ്രകാരമാണ് . ”1926 നവംബര്‍ മാസത്തില്‍ മെമോറാണ്ടം സമര്‍പ്പിച്ച മെത്രാന്‍കക്ഷിയില്‍ പെട്ട 5 മെത്രാന്മാരില്‍ ഒരുവനും അന്നത്തെ നിശ്ചയത്തില്‍ വിശ്വസ്തനായി നില്‍ക്കുന്നവനുമായ മാര്‍ ഈവാനിയോസും പ്രസ്തുത അപേക്ഷയില്‍ സഹകരിക്കുകയും കയ്യൊപ്പിടുകയും ചെയ്ത മാര്‍ തേയോഫിലോസും …. ” . 1926-ല്‍ റോമിലേക്കയച്ച ആദ്യ മെമോറാണ്ടത്തില്‍ മാര്‍ ഈവാനിയോസ് പോലും ഒപ്പു വച്ചിട്ടില്ല എന്നാണ് മാര്‍ ഈവാനിയോസ് മെത്രാന്‍ തൻ്റെ ആത്മകഥാകഥനം എന്ന പുസ്തകത്തില്‍ പറയുന്നത്. റോമിലേക്കയച്ച ആദ്യ മെമോറാണ്ടത്തില്‍ തൻ്റെ പേരോ ഒപ്പോ വക്കാതെ ആണ് മാര്‍ ഈവാനിയോസ് ഫാദര്‍ റൊബാരിയോയെ ഏല്‍പിച്ചത് എന്ന് തോമസ് ഇഞ്ചക്കലോടി അച്ചൻ്റെ ആര്‍ചുബിഷപ് മാര്‍ ഈവാനിയോസ് എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് നമ്മള്‍ മുമ്പുള്ള അദ്ധ്യായങ്ങളില്‍ പരിശോധിച്ചതുമാണ്. മാര്‍ ഈവാനിയോസ് പോലും ഒപ്പിടാത്ത ഈ മെമോറാണ്ടത്തില്‍ മാര്‍ തേയോഫിലോസ് വരെ ഒപ്പിട്ടു എന്നാണ് റോമില്‍ നിന്നും അയച്ച അംഗീകാരപത്രത്തില്‍ പറയുന്നത്. എങ്ങനെയാണ് ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഇതില്‍ കടന്നു കൂടിയത്. 1926 നവംബര്‍ മാസത്തില്‍ മെത്രാന്‍കക്ഷിയില്‍ ആകെയുണ്ടായിരുന്നത് 4 മെത്രാന്‍മാര്‍ മാത്രമാണെന്നിരിക്കെ റോമിൻ്റെ അംഗീകാരപത്രത്തില്‍ എങ്ങനെയാണ് 5 മെത്രാന്മാര്‍ വന്നത്.
പുനരൈക്യ രേഖകള്‍ എന്ന ഗ്രന്ഥത്തില്‍ ഉള്‍പെടുത്തിയിട്ടുള്ള പല രേഖകളിലും ഇത്തരത്തിലുള്ള നിരവധി അബദ്ധങ്ങളും വൈരുദ്ധ്യങ്ങളും നമുക്ക് കാണുവാന്‍ സാധിക്കും. പുനരൈക്യ രേഖകള്‍ എന്ന ഗ്രന്ഥത്തിലെ 120 -ആം പേജില്‍ കൊടുത്തിരിക്കുന്ന ഒരു കത്തില്‍ ബഥനി മെത്രാനു കീഴില്‍ തിരുവല്ലയില്‍ ഒരു രൂപത ഉണ്ട് എന്നും ഈ രൂപതാ ഭരണത്തിനായി ബഥനി മെത്രാന്‍ മാര്‍ തേയോഫിലോസ് എപ്പിസ്കോപ്പായെ അംഗീകാരപത്രം നല്‍കി നിയമിച്ചിരിക്കുന്നു എന്നൊക്കെ കാണുന്നു. മലങ്കര സഭയില്‍ ബഥനി ആശ്രമത്തിനു കീഴില്‍ തിരുവല്ലയില്‍ ഒരു ഭദ്രാസനം നിലനിന്നിരുന്നതായി ആര്‍ക്കെങ്കിലും അറിയുമോ?. ഇത് ഒരുപക്ഷേ മാര്‍ ഈവാനിയോസ് റോമിനെ തെറ്റിദ്ധരിപ്പിക്കാനായി മനപൂര്‍വം എഴുതിയതാവാം. ഇപ്രകാരം തൻ്റെ കീഴില്‍ ഒരു ഭദ്രാസനം ഉണ്ട് എന്ന് റോമിനെ തെറ്റിദ്ധരിപ്പിച്ചാല്‍ തനിക്ക് കൂടുതല്‍ പരിഗണനയും സ്ഥാനവും ലഭിക്കും എന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാവാം. റോമാ സഭയിലേക്ക് താന്‍ വരുന്നത് ഏകനായല്ല തൻ്റെ കൂടെ വലിയൊരു ജനവിഭാഗവുമുണ്ട് എന്ന് റോമിനെ ധരിപ്പിച്ച് അതിലൂടെ പരമാവധി നേട്ടമുണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശവും അങ്ങനെയെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവും. എന്തായാലും നമ്മുടെ വിഷയം അതല്ലാത്തതിനാല്‍ അത് ഈ പുസ്തകത്തിൻ്റെ രചനയുടെ ഉദ്ദേശലക്ഷ്യത്തില്‍ ഉള്‍പെടുത്തുന്നില്ല. പുനരൈക്യ രേഖകളിലെ വൈരുദ്ധ്യങ്ങളേ ചൂണ്ടിക്കാണിച്ചപ്പോള്‍ സാന്ദര്‍ഭികമായി പരാമര്‍ശിച്ചു എന്നു മാത്രം.
കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info