മലങ്കര സഭയിലെ സമകാലീന വിമർശകരും വിമർശനങ്ങളൂം വസ്തുതകളും
വിമർശനങ്ങൾ പൊതുവെ സമൂഹത്തിൽ പലവിധമുണ്ടെങ്കിലും, പ്രധാനമായ വിമർശകരുടെ ഉദ്ദേശ്യശുദ്ധിയെ കൂടെ വിലയിരുത്തിയാൽ ആഭ്യന്തരമായ വിമർശനങ്ങളെ രണ്ടായി തിരിക്കാം. ഒരു വ്യവസ്ഥിതിയുടെ/ സംവിധാനങ്ങളുടെ ന്യുനതകളെ വിമർശന വിധേയമായി ചൂണ്ടി കാണിച്ചു കൊണ്ട് അതിനു ആവശ്യമായ തിരുത്തൽ നടപടികൾ നിർദ്ദേശിക്കാം. മറ്റൊന്ന്, വിമർശന വിധേയമായ വിഷയത്തിന് അപ്പുറം ചില ഗൂഡ ലക്ഷ്യങ്ങളുടെ പൂർത്തീകരണതിനായി വിമർശിക്കുകെയും, അത്തരം വിമർശനങ്ങളെ ശത്രുക്കൾക്ക് ആയുധമാക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്. ഇവിടെ വിമർശകരുടെ ഉദ്ദേശ ശുദ്ധിയെ കൂടെ പരിഗണിക്കുന്നതിന് ഒപ്പും, വിമർശനവിധേയരായവരും അത്തരം സംവിധാനങ്ങളും തുറന്ന മനസോടു കൂടി ഉയർന്നു വരുന്ന വിമർശനങ്ങളെ പരിശോധിക്കാനും, ഉത്തരവാദിത്വപ്പെട്ടവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വേണ്ട തിരുത്തൽ നടപടികൾ സ്വീകരിക്കാനും, അർത്ഥരഹിതമായ വിമർശനങ്ങളെ അവഗണിക്കാനും കഴിയണം. വിമർശനങ്ങൾ എപ്പോഴും വസ്തുതാപരമായിരിക്കണമെന്നില്ലെങ്കിലും അതിനെ തുറന്നു മനസ്സോടു കേൾക്കാനും, പരിശോധിക്കാനുമുള്ള വിശാലതയും ഭരണപരമായ വൈഭവും മലങ്കര സഭയുടെ നേതൃത്തിനുണ്ടാകണം. ഈ ദിവസങ്ങളിൽ മലങ്കര സഭയ്ക്കും, പരിശുദ്ധ പിതാവിനും എതിരെ ഉയർന്നു വരുന്ന വിവിധ വിമർശനങ്ങളെ സ്വതന്ത്രമായി വിശകലനം ചെയ്യുമ്പോൾ, സത്യസന്ധമായി സഭയോട് മാത്രം കൂറു പുലർത്തുന്ന എനിക്ക് ചിലതു തുറന്നു പറയാതെ വയ്യ. ഈ വിമർശനം സദുദ്ദേശപരവും, മലങ്കര സഭയുടെ ശോഭനമായ ഭാവിക്കും വേണ്ടിയുള്ളതാണ് എന്ന് ഉറച്ച ബോധ്യം അക്ഷരങ്ങളെ മയപ്പെടുത്താൻ എന്നെ അനുവദിക്കുന്നില്ല.
മലങ്കര സഭയ്ക്ക് എതിരെ വിഘിടിത വിഭാഗവും അവരുടെ പ്രചാരകരും ഉയർത്തുന്ന എല്ലാ വിമർശനങ്ങളടെയും കേന്ദ്ര ബിന്ദു മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ, പരിശുദ്ധ കാതോലിക്ക ബാവയാണ്. മലങ്കര സഭയ്ക്കുള്ളിൽ നിന്നും കോട്ടയം കേന്ദ്രമാക്കി രാഷ്ട്രീയ ചായ്‌വോടെ കൂടിയ വിവിധ ബുദ്ധിജീവികളുടെയും, പ്രമുഖ വൈദികരടെയും ഒക്കെ ഗ്രൂപ്പകൾ ഒളിഞ്ഞും തെളിഞ്ഞും ഉയർത്തുന്ന വിമർശനങ്ങളുടെയും സാരോപദശങ്ങളുടെയും ലക്ഷ്യവും പരിശുദ്ധ കാതോലിക്ക ബാവയാണ് എന്നതും സത്യമാണ്. അപ്പോൾ, ഇവിടെ മലങ്കര സഭയുടെ വിവിധ വിഭാഗത്തിൽപെട്ട വിമർശകരുടെ ലക്‌ഷ്യം നിശ്ചിതമാണ്, ഒന്നാണ്. 2017 ജൂലൈ 3-നു ശേഷം എന്താണ് പരിശുദ്ധ കാതോലിക്ക ബാവയെ ഇവർക്കു ഇത്രമേൽ അനഭിമിതനാക്കുന്നത് എന്ന് പരിശോധിച്ചാൽ മാത്രമേ വിമർശനങ്ങളടെയും, വിമര്ശകരുടെയും ലക്ഷ്യങ്ങൾ മനസിലാകൂ. ഇതിൽ വിഘിടിത വിഭാഗത്തെ “യാക്കോബായ വിഭാഗം” എന്ന് നമ്മളും, രാജ്യത്തിൻ്റെ നിയമവ്യസ്ഥിതികളും വിളിക്കുമ്പോഴും 1970-കളിൽ അന്ത്യോക്യൻ പാത്രിയർകീസിനെ മറയാക്കി നടത്തിയ വിഘടനവാദം കൊണ്ട് കയ്യേറിയ 400-ൽ പരം ഇടവകളുടെ ബലത്തിൽ സ്വയം “യാക്കോബായ സഭ” എന്ന് വിളിക്കുകെയും മാധ്യമങ്ങളെ കൊണ്ടും, രാഷ്ട്രീയക്കാരെ കൊണ്ടും വിളിപ്പിക്കുകയും ചെയ്യുന്ന ഈ കൂട്ടർ കോടതി വിധി അംഗീകരിക്കാനോ, സഭയിൽ യോജിപ്പ് ഉണ്ടാക്കാനോ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല എന്ന മാത്രമല്ല, കൈയൂക്കും, രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ചു ഇടവകകളിൽ അരാജകത്വം സൃഷ്ടിച്ചു. മലങ്കര സഭയുടെ നേതൃത്തെ നിരന്തരം അപമാനിച്ചും, മലങ്കര സഭയുടെ പൗരോഹത്യത്തെ അവഹേളിച്ചും, ശവശരീരങ്ങളെ പോലും ആയുധമാക്കിയും, വിശ്വാസികളെ വാശിയും, വൈരാഗ്യവും നിറച്ച മലങ്കര സഭയ്ക്കും അതിൻ്റെ നേതൃത്തിനും എതിരെ കലാപത്തിനിറക്കി. വിഘിടിത നേതൃത്വം ഒരു വഴിക്കു ഭീഷണിയും വെല്ലുവിളിയുമായി മുന്നോട്ടു പോകുമ്പോഴും മറുഭാഗത്തു കൂടെ പലവിധ സമ്മർദ്ദങ്ങളിൽ കൂടെ കോടതി വിധികളിൽ വെള്ളം ചേർക്കാനും, സർക്കാരിൻ്റെയും, ചില സഭകളുടെയും സഹായത്തോടെ സമാധാന ചർച്ച എന്ന് കൗശലത്തിലൂടെ വിധി നടത്തിപ്പ് അട്ടിമറിക്കാനും ശ്രമിച്ചെങ്കിലും പരിശുദ്ധ ബാവ തിരുമേനിയുടെ സമാനതകളില്ലാത്ത ഇച്ഛാശക്തിക്കു മുന്നിൽ എല്ലാം ഒന്നന്നായി തകർന്നു വീണു.
ബഹു. സുപ്രീം കോടതി വിധികൾ പൂർണ്ണ അർത്ഥത്തിൽ നടപ്പിൽ വരുത്തുന്നതിലൂടെയുള്ള ‘ശാശ്വതമായ സമാധാനം’ എന്ന ഒറ്റ അജണ്ടയിലേക്കു പരിശുദ്ധ ബാവ ഉറച്ചതോടെ മോഹഭംഗവും ആശങ്കയും നിറഞ്ഞത് യാക്കോബായ നേതൃനിരയിൽ മാത്രമല്ല. വിലപേശലിനും ഒത്തുകളിക്കും അവസരം നഷ്ട്‌പ്പെടുന്ന രാഷ്ട്രീയ മുന്നണികൾക്കും, കച്ചവട മാധ്യമങ്ങൾക്കും ഒപ്പും മലങ്കര സഭയുടെ നിലവിലെ സംവിധാനങ്ങളിൽ അപ്രസ്കതരായ തീർന്ന പ്രശസ്ത വൈദിക – അല്മായകാരിലും നിരാശയുടെ കാർമേഘങ്ങൾ മൂടി. ഇത്തരം സമ്മർദ്ദങ്ങൾക്കും, ക്രൂരമായ അവഹേളനത്തിനും, ഒറ്റപ്പെടുത്തലകൾക്കും ഒന്നും മലങ്കര സഭയുടെ പരമാധ്യക്ഷനെ തളര്ത്താൻ കഴിയുന്നില്ല എന്നത് തന്നെയാണ് വിമർശകരുടെയും വിമർശനത്തിൻ്റെയും എണ്ണവും വണ്ണവും വർധിപ്പിക്കുന്നത്. ശക്തമായ ഒരു സഭ ഭരണഘടനയും, വ്യക്തമായ സുപ്രീം കോടതി വിധികളും ഉണ്ടായിട്ട്, എന്ത് കൊണ്ട് മലങ്കര സഭയിലെ തർക്കം ശാശ്വതമായ നിലയിൽ പരിഹരിക്കാൻ കഴിയുന്നില്ല എന്ന് പരിശോധിക്കുമ്പോൾ, അതിനു വലിയൊരു അളവ് വരെ കാരണക്കാർ കൂട്ടത്തിൽ നിന്ന് തന്നെ കാലിൽ ചവിട്ടുന്ന പ്രഗല്ഭരും, പണ്ഡിതരുമൊക്കെയാണ് എന്ന് പറയാതെ വയ്യ. ഈ കൂട്ടർക്ക് പരിശുദ്ധ ബാവയോടെ അതൃപ്തിയുള്ള ചില മെത്രാന്മാർ മുതൽ രാഷ്ട്രീയ ചാണക്യന്മാർ, ബ്യുറോക്രാറ്സ്, ബിസിനസ്ക്കാർ വരെയുള്ളവരുടെ ആശംസയും ആശീർവാദവുമുണ്ട്. സഭയിൽ ഇവരിൽ ചിലരുടെ സ്ഥാനത്തിനും, മാനത്തിനും, മോഹത്തിനും പരിശുദ്ധ പിതാവും, പിതാവിൻ്റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളും തടസം നിൽക്കുന്നു എന്ന ചിന്ത ഇവരെ പലപ്പോഴും ക്രിസ്തുവിൻ്റെ കാലഘട്ടത്തിലെ പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നിലവാരത്തിലേക്ക് താഴ്ത്തുന്നു. മലങ്കര സഭയുടെ ബഹുമാന്യരായ ചില സെമിനാരി ഗുരുക്കന്മാരെ പോലും ഇത്തരം താൽപര്യങ്ങൾക്കു മുന്നിൽ നിർത്തുന്നത് വിശ്വാസികൾക്ക് വേദനാജനകമാണ്. മലങ്കര സഭയിലെ പ്രമുഖരായ ചില വൈദികരുടെ പേരിൽ അടുത്ത പുറത്തു വന്ന പരസ്യ കത്തിനും, പേര് വെച്ചും വെയ്ക്കാതെയും മാസങ്ങളായി പ്രചരിപ്പിക്കപ്പെടുന്ന വാറോലകൾക്കും എല്ലാം ഏതാണ്ട് ഒരേ ഭാഷയും ആശയവുമാണ്. വിമർശനങ്ങളും, നിർദ്ദേശങ്ങളും പരിശുദ്ധ ബാവയെ നേരിൽ കണ്ടു ബോധിപ്പിക്കാൻ അവസരങ്ങളും അവകാശങ്ങളുമുള്ള ഈ മഹത്വ വ്യകതികൾ, ഉള്ളടക്കം എന്ത് തന്നെയായാലും മലങ്കര സഭയുടെ നിർണ്ണായക ദിനങ്ങളിൽ പൊതുസമൂഹത്തിൽ ഒരു വിപരീത ചർച്ചയാക്കിയത് ആർക്കും അംഗീകരിക്കാൻ കഴിയില്ല. കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട വൈദികർ, യാക്കോബായ വിഭാഗത്തിലെ തങ്ങൾക്കു നേരിട്ട് വ്യകതിബന്ധങ്ങളുള്ള എത്ര വൈദികരെ മലങ്കര സഭയോട് ചേർക്കാൻ പ്രയത്‌നിച്ചു എന്ന് കൂടെ ഈ സന്ദർഭത്തിൽ പരിശോധിക്കപ്പെടണം. സുരക്ഷിത ലാവണങ്ങളിലിരുന്ന സമാധാനവും, സുവിശേഷവും ആഹ്വാനം ചെയ്യുന്നവർ എത്രമാത്രം വസ്തുതാപരമായ യാഥാർഥ്യങ്ങളും, സാഹചര്യങ്ങളും ഉൾക്കൊണ്ടാണ് വിമർശിക്കുന്നത് എന്നത് സഭാതർക്കത്തിൽ ദുരിതപ്പെടുന്ന മനുഷ്യർക്കോ, സഭയുടെ നീതിയുടെ പോരാട്ടങ്ങളെ രാഷ്ട്രീയ കണ്ണാടിയിലൂടെയല്ലാതെ കാണുന്ന ആയിരക്കണക്കിന് സാധാരണ വിശ്വാസികൾക്കോ ഇന്നേവരെ മനസിലായിട്ടില്ല. അല്ലെങ്കിലും പലപ്പോഴും പണ്ഡിതരും, പ്രഗത്ഭരും, അതിബുദ്ധിമാന്മാരും ഒക്കെ ആവശ്യത്തിന് ഉപകാരപ്പെടാത്ത നിർഗുണ പരബ്രഹ്മങ്ങളായിരിക്കുമെന്നത് മലങ്കര സഭയ്ക്കും അനുഭവപാഠമാണ്. ചരിത്രവും, വരും തലമുറകളും മലങ്കര സഭയിൽ ഇവരെയും ഇവരുടെ സംഭാവനകളെയും എങ്ങനെ അടയാളപ്പെടുത്തണം എന്ന്, അവർ തന്നെ തീരുമാനിക്കട്ടെ.
പരിശുദ്ധ കാതോലിക്ക ബാവ ഗ്രാമീണ ശൈലിയുള്ള, പ്രാർത്ഥന ജീവിതവുമുള്ള നിഷ്‌ക്കളങ്കനായ ഒരു പിതാവാണ്. ആത്മാർത്ഥമായി തന്നോട് ഒപ്പും നിൽക്കുന്നവരെ സ്നേഹത്തോടും, വിശ്വാസത്തോടും ചേർത്ത് നിർത്തുകെയും, അതെ സമയം മാനസികമായ അടുപ്പവും ഐക്യവുമില്ലാത്തവരോട് ഒരു സുരക്ഷിത അകലം പാലിക്കാനും, പെരുമാറ്റങ്ങളിൽ കൗശലം വശമില്ലാത്ത പരിശുദ്ധ പിതാവ് ശ്രദ്ധിക്കുന്നു എന്നാണ് മനസിലാക്കുന്നത്. പരിശുദ്ധ പിതാവ് ഒരു മികച്ച പ്രാസംഗികനോ, നയതന്ത്രഞ്ജനോ ഒന്നുമല്ല. പരിശുദ്ധ പിതാവിൻ്റെ പ്രസംഗങ്ങളും സംഭാഷണങ്ങളും ഒക്കെ വളരെ സാധാരണവും, വലിയ ആലോചനയിലും, ബുദ്ധിയിലും ഒന്നും കടഞ്ഞെടുക്കാത്തതുമാണ്. ഇന്റർനെറ്റും, സോഷ്യൽ മീഡിയയും ഒന്നും ശീലിക്കാൻ ശ്രമിക്കാത്ത, മാസത്തിൽ നിശ്ചിത ദിവസങ്ങൾ മൗനവ്രതത്തിലും ഉപവാസത്തിലും കഴിയുന്ന പരിശുദ്ധ പിതാവിന് ദൃശ്യ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ഒന്നും ശോഭിക്കാൻ കഴിയുന്ന രീതിയിൽ സംസാരിക്കാൻ അറിയില്ല എന്നത് ഇന്നിൻ്റെ ആധുനിക ലോകത്തു ഒരു വലിയ പോരായ്മയായി തോന്നിയേക്കാം. എങ്കിലും ഒരു കാലഘട്ടം കഴിഞ്ഞാൽ ഇങ്ങനെയൊരു പിതാവ് മലങ്കര സഭയെ ദൈവകൃപയാൽ സകല പ്രതിബന്ധങ്ങളെയും, ആക്ഷേപങ്ങളെയും നേരിട്ട് കൊണ്ട് വിജയകരമായി നയിച്ചിരുന്നു എന്നത് അത്‌ഭുതമായി തോന്നും. മലങ്കര സഭയിൽ അദ്ദേഹത്തേക്കാളും പ്രഗത്ഭരും, മുതിർന്നവരുമുണ്ടായിട്ടും സഭയെ നയിക്കാൻ പരിശുദ്ധ പിതാവിനെ തിരഞ്ഞെടുത്തത്, വിക്കനായ മോശയെ ഇസ്രായേൽ ജനതയുടെ മോചനത്തിനായി തിരഞ്ഞെടുത്ത സാക്ഷാൽ ദൈവമാണ്. പരിശുദ്ധ പിതാവിൻ്റെ ദൈവാശ്രയവും, ഉറച്ച നിലപാടുകളും, ഇച്ഛാശക്തിയുമാണ് ഏറ്റവും വലിയ ഗുണവും, മലങ്കര സഭയുടെ പുണ്യവും. മലങ്കര സഭയെ ദുർബലപ്പെടുത്തുന്ന, ഭാവിയിൽ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന ഒരു കാര്യവും പരിശുദ്ധ പിതാവിൻ്റെ കാലത്ത് ഉണ്ടാകില്ല എന്ന സാധാരണ വിശ്വാസികളുടെ ഉത്തമ വിശ്വാസമാണ് പരിശുദ്ധ പിതാവിൻ്റെ ശക്തി. ധീരരും പുണ്യവാന്മാരമായ മലങ്കര സഭയുടെ പിതാക്കന്മാരുടെ പുകൾപെറ്റ ചരിത്രം ഓർമയിൽ സൂക്ഷിക്കുന്ന പരിശുദ്ധ ബസേലിയോസ്സ് പൗലോസ് രണ്ടാമന്, മലങ്കര സഭയുടെ ചരിത്രം പിൽക്കാലത്തു പിതാവിനെ എങ്ങനെ രേഖപ്പെടുത്തണം എന്ന് കൃത്യമായ ബോധ്യമുണ്ട്. ഇന്ന് ഇദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്ന കപട സമാധാനവാദികളും, ബുദ്ധിജീവികളും എല്ലാം ഒരു കാലത്തു പരിശുദ്ധ പിതാവിൻ്റെ ഇശ്ചാശക്തിയും, ദീർഘ വീക്ഷണവുമാണ് മലങ്കര സഭയ്ക്ക് നന്മയുണ്ടാക്കിയത് എന്ന് സമ്മതിക്കേണ്ടി വരും എന്നത് തീർച്ചയാണ്.
എങ്കിലും പരിശുദ്ധ പിതാവിൻ്റെയും, സഭയുടെ സംവിധാനങ്ങളുടെയും ചില കാര്യങ്ങളെ സദുദ്ദേശപരമായ വിമർശന ബുദ്ധിയോടെ ചൂണ്ടി കാണിക്കാതെ ഈ എഴുത്തു അവസാനിപ്പിക്കാൻ തരമില്ല. തൊട്ടു മുകളിൽ പറഞ്ഞ ഗുണവശങ്ങൾ തന്നെയാണ് പരിശുദ്ധ പിതാവിനെ ഏറെ വിമർശനങ്ങൾക്ക് ഏല്പിച്ചു കൊടുക്കുന്നതും എന്നത് വിരോധാഭാസമാണ്. പരിശുദ്ധ പിതാവ് സത്യസന്ധതയും, ആദർശവും, കർത്തവ്യബോധവുമുള്ള ഒരു ഭരണാധികാരിയാണെങ്കിലും പഴയകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവ നേതാക്കന്മാരെ പോലെ സമൂഹത്തിലെ തൻ്റെ പ്രതിച്ഛായെ പറ്റി അശേഷം വേവലാതിയും, ധാരണയുമില്ല. ഇവിടെയാണ് സഭയുടെ PRD ശരിക്കും ശ്രദ്ധ ചെലുത്തേണ്ടത്. പരിശുദ്ധ പിതാവ് ഒരു നല്ല ഭരണാധികാരിയുടെ മെഴ്‌വഴക്കത്തോടെയും, സാമർഥ്യത്തോടെയും പിതാവിൻ്റെ വിമർശകരെയും കൂടെ കേട്ട്, നിലപാടുകൾ അവരോടു കൃത്യമായി അറിയിച്ചു, അവരുടെ കഴിവുകളെ കൂടെ ഉപയോഗിക്കാവുന്ന മേഖലയിൽ ഉപയോഗിച്ചു മുന്നോട്ടു പോയാൽ വിമതർക്ക് സ്വാഭാവികമായി പിൻവലിയേണ്ടി വരും. കൂടുതൽ സൂക്ഷമതയോടെയും, നയപരമായും കാര്യങ്ങൾ കൃത്യമായി പറയാൻ പരിശുദ്ധ പിതാവിന് കഴിയണം. പരിശുദ്ധ പിതാവിൻ്റെ കരുത്തു വർധിക്കുന്നത് സഭയ്ക്ക് ഗുണവും, പിതാവ് ദുർബലപ്പെടുന്നത് അത്യന്തതികമായി സഭയ്ക്ക് ദോഷവും ചെയ്യും. ജനാതിപത്യ ഘടനയും, ഭരണഘടനപരമായ അവകാശങ്ങളോട് കൂടിയ അഡ്‌മിസ്‌നിസ്ട്രേഷൻ ബോഡിയുമുള്ള മലങ്കര സഭയിൽ ഏകപക്ഷീയ ശൈലിയും, കൂടിയാലോചനകളില്ലാത്ത തീരുമാനങ്ങളും മലങ്കര സഭയ്ക്ക് ഗുണം ചെയ്യില്ല. പരിശുദ്ധ പിതാവിനോട് ഒപ്പും ചേർന്ന് നിൽക്കുന്നവരിൽ ചിലർ പിതാവിനെ നിരന്തരം അബദ്ധങ്ങളിൽ ചാടിക്കുന്നു എന്ന് ഒരു സംസാരം, പരിശുദ്ധ പിതാവ് തന്നെ അറിയണം. അത്തരം വ്യകതികൾ പരിശുദ്ധ പിതാവിനും, അതുവഴി മലങ്കര സഭയ്ക്കും ഒരു ബാധ്യതയാകും എന്ന തിരിച്ചറിവിൽ അകറ്റി നിർത്തുന്നതാണ് ഉചിതം. പരിശുദ്ധ പിതാവിനോടും, സഭയോടും സ്നേഹവും ആത്മാര്ഥതയുമുള്ളവർ കേവലം സ്തുതിപാഠകരായി തരം താഴാതെ പരിശുദ്ധ പിതാവിന് ശരിയാ ദിശാബോധം കൊടുക്കെകയും, പിതാവിൻ്റെ ശക്തിയും, ദുർബലതയും ഒരേപോലെ അദ്ദേഹത്തെ ബോധ്യപ്പെടുത്തകയും ചെയ്യണം. സോഷ്യൽ മീഡിയയോ, ദൃശ്യ മീഡിയായോ ഒന്നും ഉപയോഗിക്കാത്ത പരിശുദ്ധ പിതാവിന്, അദ്ദേഹം നിഷ്ക്കളങ്ക ബുദ്ധിയിൽ മാധ്യമങ്ങളോടും, ക്യാമറകളുടെ മുന്നിലും പറയുന്ന കാര്യങ്ങൾ എങ്ങനെ സമൂഹത്തിൽ പ്രതിധ്വനിക്കും എന്ന് വലിയ ഗ്രാഹ്യമില്ല. മനസ്സറിയാത്ത വിവാദങ്ങളിലും, നാവു പിഴയിലേക്കും പരിശുദ്ധ പിതാവിനെ ആനയിച്ചു കൊണ്ട് പോകുന്ന സഭയുടെ മാധ്യമ വിഭാഗക്കാർ പോലും ഉയർന്നു വരുന്ന വിവാദങ്ങളെയും, ആക്ഷേപങ്ങളെയും ഒന്നും പ്രതിരോധിക്കാൻ കാണില്ല. അത്തരം കഠിനാധ്വാനങ്ങൾ ഒക്കെ സാധാരണ വിശ്വാസികൾ സൈബർ പേജകളും, ഗ്രൂപ്പകളും വഴി നടത്തി കൊള്ളും എന്നാണ് ധാരണ. പരിശുദ്ധ പിതാവിനെ, സ്ഥാനത്തിൻ്റെ മഹത്വം മനസിലാക്കി ചാനൽ സ്റ്റുഡിയോ റൂമിലെ വിചാരണയ്ക്കും, പത്ര സമ്മേളനത്തിലും കൊണ്ട് ഇരുത്തി കൊടുക്കാതെ, അത് സഭയുടെ മെത്രാൻമാരും, സ്ഥാനികളും ചെയ്യട്ടെ എന്ന് തീരുമാനമാണ് നല്ലത്. പരിശുദ്ധ പിതാവിനെ വിശ്വാസികളോടും, പൊതുസമൂഹത്തോടും പറയാനുള്ളത് പള്ളികളിലെ പ്രസംഗങ്ങളിലും, പ്രസ് റിലീസ് വഴിയും പരസ്യപ്പെടുത്തുന്നതാണ് നല്ലത്. സഭയുടെ മാധ്യമ വിഭാഗത്തിൽ ഏകാംഗ വക്താവിനെ കൂടാതെ കൂടുതൽ സാങ്കേതിക – മാധ്യമ പ്രവർത്തന പരിചയമുള്ള പ്രതിഭകളെ കൂടെ ഉൾപ്പെടുത്തി കാലോചിതമായ വെല്ലുവിളികളെ സ്വീകരിക്കാൻ തക്കവണ്ണം വിപുലീകരിക്കണം. ‘നല്ലത് ചെയ്‌താൽ മാത്രം പോരാ , ചെയ്തത് നല്ലതാണ്‘ എന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കൂടെ മാധ്യമ വിഭാഗത്തിനുള്ളപ്പോൾ ആവശ്യമായ വിഭവശേഷിയും മുതൽമുടക്കും ഈ മേഖലയിൽ അടിയന്തിരമായി ഉണ്ടാകണം. നേര് നിരങ്ങിയെ നീങ്ങു എന്ന് പിതാവ് പറഞ്ഞതുപോലെ, യാക്കോബായ വിഭാഗം സർവശക്തിയും ഉപയോഗിച്ചു ബ്രഹ്‌മാണ്ഡ പ്രചാരണങ്ങളും, സന്നാഹങ്ങളും ഒരുക്കി പൊതുസമൂഹത്തെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുമ്പോൾ നുണകൾ സത്യത്തെ കാതങ്ങൾ പിന്നിലാക്കും. പരിശുദ്ധ പിതാവിൻ്റെ പേർസണൽ സെക്ടറിയും, പ്രിൻസിപ്പൽ സെക്ട്രറിയുമൊക്കെ പിതാവിൻ്റെ മീറ്റിംഗുകളിലും, പ്രോഗ്രാമുകളിലും കൂടുതൽ ജാഗ്രത പുലർത്തണം, ആവശ്യമായ നിർദ്ദേശങ്ങൾ സമയോചിതമായി പിതാവിനെ അറിയിക്കണം. അതെ പോലെ സഭയുടെ കേന്ദ്ര ഓഫീസിൽ ഒരു “ഡിജിറ്റൽ ഡാറ്റാ” സ്റ്റോറേജ് സംവിധാനം ഒരുക്കി സഭയുടെ എല്ലാ രേഖകളും, വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിൽ പരിരക്ഷിക്കപ്പെടണം .
1912-ൽ പരിശുദ്ധ വട്ടശ്ശേരി തിരുമേനി മലങ്കര സഭയിൽ സ്വയം ശീര്ഷകത്തിൻ്റെയും സ്വാത്രത്തിൻ്റെയും ഭാഗമായുള്ള പൗരസ്ത്യ കാതോലിക്കേറ്റ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയപ്പോഴും, ആ പിതാവ് കൂട്ടു ട്രസ്ടിമാരുടെയും, പല വൈദിക പണ്ഡിതന്മാരുടെയും, സഭാ പ്രമാണിമാരുടെയും ഒക്കെ എതിർപ്പുകളെ നേരിട്ടാണ് മലങ്കര സഭയെ സ്വാത്രത്തിൻ്റെ പൊൻപുലരിയിലേക്കു നയിച്ചത്. സമാനമായ എതിർപ്പുകളും, വിമർശനങ്ങളുമാണ് 2017 ജൂലൈ മുതൽ ബസേലിയോസ് പൗലോസ് രണ്ടാമൻ പിതാവും നേരിടുന്നത് എങ്കിലും, ഒരു പ്രധാന വ്യത്യാസം നിഴലിച്ചു കാണുന്നു. പരിശുദ്ധ വട്ടശ്ശേരി തിരുമേനിയ്ക്ക് വ്യസ്ഥിതികളെയും, വിമർശനങ്ങളെയും വെല്ലുവിളിച്ചു നിസ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാൻ കരുത്തായത്, തൊട്ടു പിന്നിൽ അദ്ദേഹം സഹായത്തിനു നിർത്തിയ കരുത്തുറ്റ ഉത്തമ അല്മായ- വൈദിക പ്രതിഭകളാണ്. അത്തരം സഭാസ്നേഹമുള്ള, കാര്യപ്രാപ്തിയുള്ള മികച്ച വൈദിക – അല്മായ വ്യക്തിത്വങ്ങൾ ഇന്ന് നേതൃത്വത്തിന് ഒപ്പം തുലോം പരിമിതമാണ്. എങ്കിലും പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ കാലത്തു ഇന്നത്തെ പോലെയുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങളും, ദൃശ്യ മീഡിയ വാർത്ത കച്ചവടങ്ങളും, ട്രോളും, ഹാഷ്ടാഗും, PR ഏജൻസികളും ഒന്നുമില്ലാതെ, കേവലം അച്ചടി മാധ്യമങ്ങളായ മനോരമയും, കേരളഭൂഷണവം പോലെയുള്ള വളരെ കുറച്ചു പത്രങ്ങൾ മാത്രമായത്, വട്ടശ്ശേരി പിതാവിൻ്റെ സൗഭാഗ്യം എന്നേ സത്യങ്ങൾ തമസ്ക്കരിച്ചുള്ള വർത്തമാന കാലഘട്ട മാധ്യമ – പൊതുസമൂഹ വിചാരണകൾ കാണുമ്പോൾ പറയാൻ കഴിയൂ. നിയമപരമായും ധാർമികമായും യാക്കോബായ വിഭാഗം നിരവധി തോൽവികൾ ഏറ്റു വാങ്ങുമ്പോഴും, കായേന്റെ മനസിലെ ദുർവാശിയും, അസൂയയും, വൈരാഗ്യവും ആളികത്തിച്ചു മലങ്കര സഭയെയും, പരിശുദ്ധ കാതോലിക്ക ബാവയെയും, ഇടവകകളെയും, വൈദികരെയും ഏതു വിധേനെയും അപമാനിച്ചും, അപകീർത്തിപ്പെടുത്തിയും പല കെണികളിലും വീഴ്ത്താൻ നിരന്തരം പരിശ്രമിക്കും. ദൈവകൃപയാലും, പിതാക്കന്മാരുടെ പ്രാർത്ഥനയാലും അന്ത്യമ നിയമം വിജയം നേടിയിതിനാൽ നമ്മൾ കുറ്റകരമായ ആലസ്യത്തിലേക്കു വീഴാതെ, കോട്ടയ്ക്കുള്ളിൽ കടക്കാൻ ഒരു ചെറിയ പഴുതെങ്കിലും വീണു കിട്ടുമോ എന്നറിയാൻ വേട്ടപ്പട്ടികളുടെ ശൗര്യത്തോടെയും, ക്രൗര്യത്തോടെയും കോട്ടയ്ക്കു പുറത്തു നിരന്തരം പായുന്ന മുറിവേറ്റ വിഘിടിത വിഭാഗത്തെ നാം സദാ ഗൗരവത്തോടെ തന്നെ വീക്ഷിക്കണം. ഒരു അർദ്ധാവസരം പോലും പാഴാക്കാതെ വീണു കിട്ടുന്നതും, വീഴ്‍ത്തി എടുക്കുന്നതുമായ എല്ലാ സാഹര്യത്തെയും പരമാവധി മുതലെടുക്കാൻ ആവശ്യമായ എല്ലാത്തരം സംവിധാനങ്ങളും, മാധ്യമ പ്രചാരണങ്ങളും അവർ സമർത്ഥമായി ഉപയോഗിക്കും. അതിനാൽ പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെ പോലെ നിഷ്‌കളങ്കതയുമുള്ളവരായി, നമ്മുടെ ഒരോ വാക്കും, ചിന്തയും, പ്രവർത്തിയും തികഞ്ഞ ജാഗ്രതയോടെയും, ദീര്ഘവീക്ഷണത്തോടെയും കൂടെ ദൈവാശ്രയത്തിൽ മലങ്കര സഭയിൽ ശാശ്വത സമാധാനത്തിനായി പരിശുദ്ധ പിതാവിനു പിന്നിൽ അണിചേരാം.
വി.രൂപെൻ മാത്യു
https://ovsonline.in/latest-news/malankara-nasranis/