OVS - ArticlesOVS - Latest News

മലങ്കരസഭാ ഭരണഘടന കെട്ടിയിറക്കിയതല്ല

1947 ഓഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. തുടര്‍ന്ന് രാജ്യത്തിന് ഒരു ഭരണഘടന എഴുതിയുണ്ടാക്കാന്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ അദ്ധ്യക്ഷനായി ഒരു കമ്മറ്റിയെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമതി (Constituent Assembly of India) നിയമിച്ചു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ അവര്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടന കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി 1949 നവംബര്‍ 26-ന് അംഗീകരിച്ചു. 1950 ജനുവരി 26-ന് പ്രാബല്യത്തില്‍വന്ന ഇന്ത്യന്‍ ഭരണഘടനയക്ക് 2019 മാര്‍ച്ച് വരെ 103 ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്.

സമാനമായ, ഇതിലും കാലദൈര്‍ഘ്യമുള്ള ഒരു ചരിത്രമാണ് മലങ്കരസഭാ ഭരണഘടനാ നിര്‍മ്മാണ പ്രക്രിയയ്ക്കുള്ളത്. മലങ്കര സഭയുടെ അടിസ്ഥാന നിയമമായി 1889-ല്‍ സെമിനാരിക്കേസിലെ റോയല്‍കോര്‍ട്ടു വിധിയിലും വട്ടിപ്പണക്കേസ് അന്തിമ വിധിയിലും അംഗീകരിച്ചിരുന്ന 1876-ലെ മുളന്തുരുത്തി സുന്നഹദോസിൻ്റെ കാനോനാകളുടെ അടിസ്ഥാനത്തിലാണ് മലങ്കരസഭാ ഭരണഘടനാ നിര്‍മ്മാണ പ്രക്രിയ നിവര്‍ത്തിച്ചത്.

1930 സെപ്റ്റംബര്‍ 4-ന് കോട്ടയം പഴയ സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ 17 അംഗങ്ങളുള്ള ഒരു ഭരണഘടനാ നിര്‍മ്മാണ കമ്മറ്റിയെ തിരഞ്ഞെടുത്തു. പൂതകുഴിയില്‍ എബ്രഹാം കത്തനാര്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, റ്റി. വി. ജോണ്‍ കത്തനാര്‍, എന്‍. ജീ. കുറിയാക്കോസ് കത്തനാര്‍, ചെറിയമഠത്തില്‍ സ്‌കറിയാ മല്പാന്‍, ഇ. ജെ. ജോണ്‍, കെ. സി. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി, സി. പി. തരകന്‍, സി. റ്റി. ഈപ്പന്‍, ഒ. എം. ചെറിയാന്‍, പത്രോസ് മത്തായി, റ്റി. ജോസഫ്, ജേക്കബ് കുര്യന്‍, കെ. റ്റി. മാത്യു, പി. റ്റി. ഈപ്പന്‍, ഇ. ജെ. പീലിപ്പോസ് എന്നിവര്‍ അംഗങ്ങളും അവരില്‍ റാവുസാഹിബ് ഒ. എം. ചെറിയാന്‍ കണ്‍വീനറുമായിരുന്നു.

പക്ഷേ ഭരണഘടനാ നിര്‍മ്മാണ കമ്മറ്റിയുടെ പ്രവര്‍ത്തനം സുഗമമല്ലായിരുന്നു. ഒ. എം. ചെറിയാന്‍ എഴുതിയുണ്ടാക്കിയ ഒരു നക്കല്‍ ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി വാദപ്രതിവാദം നടത്തണമെന്നു കമ്മറ്റിക്കാര്‍ ആദ്യമെ തീരുമാനിച്ചു.  അതനുസരിച്ച് തിരുവനന്തപുരം പള്ളിയില്‍ രണ്ടുമൂന്നു പ്രാവശ്യം പലദിവസങ്ങളിലായി കമ്മറ്റി കൂടിയെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചില്ല എന്നു മാത്രമല്ല, കമ്മറ്റിയില്‍ വ്യക്തമായ മെത്രാധിപത്യ – ജനാധിപത്യ ആഭിമുഖ്യമുള്ള രണ്ടു കക്ഷികള്‍ രൂപപ്പെടുകയും ചെയ്തു. വിശ്വാസം പട്ടത്വം അച്ചടക്കം എന്നിവയൊഴികെ, മുഖ്യമായും ധനപരമായ വിഷയങ്ങള്‍, മെത്രാന്മാരുടെയും കത്തനാരുമാരുടെയും അവൈദികരുടേയും പ്രതിനിധികള്‍ അടങ്ങുന്ന കമ്മറ്റിക്ക് ആയിരിക്കണമെന്ന് ജനാധിപത്യ വാദികളും മറിച്ച്, എല്ലാ അധികാരവും മെത്രാന്മാര്‍ക്കും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിനും ആയിരിക്കണമെന്നു മെത്രാധിപത്യ വാദികളും നിര്‍ദ്ദേശിച്ചു. ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ ഭരണഘടനാ നിര്‍മ്മാണം ഏതാണ്ട് സ്തംഭനാവസ്ഥയിലെത്തി.

ഇതിനിടയില്‍ 1107 മിഥുനം 9 (22 ജൂണ്‍ 1932) മുതലുള്ള ലക്കങ്ങളില്‍ കേരള കേസരി എന്ന മുദ്രിത മാദ്ധ്യമം ഭരണഘടനാ നിര്‍മ്മാണ ശ്രമങ്ങളേപ്പറ്റിയുള്ള പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അഭിപ്രായങ്ങളും അദ്ദേഹത്തിൻ്റെ ഭരണഘടനാ നിര്‍ദ്ദേശങ്ങളും പ്രസിദ്ധപ്പെടുത്തി. അവയില്‍ മലങ്കരസഭയും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വ്യക്തമാക്കുന്ന വകുപ്പുകള്‍ ഉദ്ധരിക്കുന്നത് വര്‍ത്തമാനകാല സാഹചര്യത്തില്‍ തികച്ചും പ്രസക്തമാണ്.

  • 3) ക്രിസ്തീയസഭകള്‍ ഓരോ കാരണങ്ങളാല്‍ തമ്മില്‍ വേര്‍പിരിഞ്ഞതിൻ്റെ ശേഷം നമ്മുടെ സഭയ്ക്ക് അബ്‌സീനിയര്‍ ഉള്‍പ്പെടെയുള്ള ഈഗുപ്തായ സഭയോടും അര്‍മേനിയന്‍ സഭയോടും കമ്യൂണിയനും അന്ത്യോഖ്യായുടെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിക്കീസിൻ്റെ അധികാരത്തില്‍പ്പെട്ട് അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുമായി കമ്യൂണിയന്‍ മാത്രമല്ല, കമ്യൂണിയനെക്കാള്‍ കൂടുതല്‍ സംബന്ധവുമുള്ളതാണ്.
  • 4) നമ്മുടെ സഭയ്ക്കുള്ള സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്താത്തവിധത്തില്‍ മേല്‍ പറഞ്ഞ സഭകളുമായുള്ള കമ്യൂണിയനും സംബന്ധവും കഴിവുള്ളപക്ഷം മേലാലും പാലിക്കപ്പെടേണ്ടതാണ്.
  • 5) നമ്മുടെ സഭയുടെ വിശ്വാസാചാരനിര്‍മ്മലതയും സ്വാതന്ത്ര്യവും മേലാലും വിഘ്‌നം കൂടാതെ സംരക്ഷിക്കുന്നതിനുവേണ്ടി മാര്‍ത്തോമ്മാ ശ്‌ളീഹായുടെ സിംഹാസനത്തില്‍ അന്ത്യോക്യയുടെ അക്കാലത്തെ കാനോനിക പാത്രിക്കീസിൻ്റെ സാന്നിദ്ധ്യത്തോടും സഹകരണത്തോടും മലങ്കരസമുദായത്തിൻ്റെ ആനുകൂല്യം, അംഗീകരണം, ആഹ്ളാദകരമായ സഹകരണം എന്നിവയോടും കൂടെ പാത്രിക്കീസിൻ്റെ അദ്ധ്യക്ഷതയില്‍ കൂടിയ എപ്പിസ്‌ക്കോപ്പല്‍ സിനഡിനാല്‍ ആരോഹണം ചെയ്തു സ്ഥാപിക്കപ്പെട്ട പൗരസ്ത്യ കാതോലിക്കാ സിംഹാസനവും കാതോലിക്കാ സ്ഥാപനവും എന്തെല്ലാം പ്രയാസങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടിവന്നാലും അതുകളെയൊക്കെ സഹിച്ച് നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടത് നമ്മുടെ കടമയാണ്. ഈ നമ്മുടെ കടമ നിവര്‍ത്തിക്കുന്നതും സൗകര്യം പോലെ പിന്നാലെ ആയിക്കൊള്ളാമെന്നു വെച്ചു ദീര്‍ഘതയില്‍ ഇടാവുന്നതല്ല. ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കേണ്ടത് പലതുണ്ട്.
  • 6) അന്ത്യോഖ്യ സിംഹാസനവുമായുള്ള ബന്ധം നിലനിര്‍ത്തിയാലും നമ്മുടെ സ്ഥാനാഭിഷേകം മൂറോന്‍ കൂദാശ മുതലായ കൂദാശകള്‍ പാത്രിക്കീസിൻ്റെ സംബന്ധമോ അനുവാദമോ സഹകരണമോ കൂടാതെ നടത്താവുന്നതാണ്. അങ്ങിനെ കൂദാശകള്‍ക്ക് പാത്രിക്കീസിൻ്റെ സംബന്ധം ഇല്ലാതിരുന്നാല്‍ പൂര്‍ണ്ണത ഇല്ലെന്നും അതുമൂലം ആത്മവരം മുതലായതു ലഭിക്കുന്നതല്ലെന്നും മറ്റും പ്രസ്താവിച്ച് പരമാര്‍ത്ഥികളായ ജനങ്ങളില്‍ കപടഭക്തി വര്‍ദ്ധിപ്പിക്കുകയും സഭകളില്‍ ഇടര്‍ച്ചകളും കുഴപ്പങ്ങളുമുണ്ടാക്കി തീര്‍ക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഈ സഭയില്‍ നാട്ടു മെത്രാന്‍ ഉണ്ടായിതുടങ്ങിയതുമുതല്‍ വല്ല കാരണത്താലും നാട്ടു മെത്രാന്മാരുടെ എതിരാളികളായിത്തീര്‍ന്നവര്‍ ഇതുവരെ കുഴപ്പമുണ്ടാക്കിട്ടുള്ളതൊക്കയും മേല്‍ വിവരിച്ച കപടഭക്തി പ്രദര്‍ശിപ്പിച്ചും അതിനെ അടിസ്ഥാനപ്പെടുത്തിയുമാണെന്നു നമ്മുടെ സഭയുടെ ചരിത്രം ഏകദേശമായിട്ടെങ്കിലും അറിയാവുന്നവര്‍ സമ്മതിക്കാതിരിക്കയില്ല. അതിനാല്‍ അന്ത്യോക്യ പാത്രിക്കീസിൻ്റെ സിംഹാസനത്തിനും ആ സിംഹാസനത്തിന്‍ കീഴില്‍ ശീമയിലുള്ള നമ്മുടെ സഹോദരസഭയ്ക്കും ലൗകികമായ സഹായം ആശ്വാസം ബഹുമാനം എന്നിങ്ങനെയുള്ളവയില്‍ മാത്രം സംബന്ധമുണ്ടായിരിപ്പാന്‍ തക്കവണ്ണം കരുതി പ്രവര്‍ത്തിക്കേണ്ടതും അതുകള്‍ക്ക് സ്ഥിരമായ ഒരു അതിര്‍ത്തി നിര്‍ണ്ണയിക്കേണ്ടതുമാണ്.
  • 7) നമ്മുടെ പൗരസ്ത്യസിംഹാസനത്തിൻ്റെ അധികാര സീമ ഇന്‍ഡ്യയും അതിൻ്റെ സമീപമുള്ള ദ്വീപുകളും നമ്മുടെ മിഷ്യന്‍ വേലയുടെ ഫലമായി അന്യദേശങ്ങളില്‍ സഭകള്‍ ഉണ്ടായാല്‍ അവകളും ആയിരിക്കണം. ഈ നമ്മുടെ സിംഹാസനത്തിൻ്റെ അധികാരസീമയ്ക്കുള്ളില്‍ പാത്രിക്കാസിംഹാസനത്തില്‍ നിന്നു നേരിട്ട് ഭരിപ്പാന്‍ തക്കവണ്ണം പള്ളികളോ, സഭകളോ സ്ഥാപിക്കയൊ ഈ സഭാംഗങ്ങളെ അതിലേക്കു ചേര്‍ക്കുകയോ ചെയ്യുന്നതിന് അനുവദിച്ചുകൂടാ. അതിന് എതിരായി പാത്രിക്കീസ് പ്രവര്‍ത്തിക്കുന്നപക്ഷം ആ സിംഹാസനവുമായി ഉള്ള ലൗകികബന്ധവും കൂടെ പിരിയുവാന്‍ തക്കവണ്ണവുമായിരിക്കണം. കുന്നംകുളം മുതലായ സ്ഥലങ്ങളില്‍ സിംഹാസനപ്പള്ളി എന്നും മറ്റും പറഞ്ഞ് ശീമക്കാര്‍ ചിലതൊക്കെ സ്ഥാപിച്ചു വരുന്നതിനാലും അങ്ങുമിങ്ങും പട്ടംകൊടുത്തു കക്ഷി ഉണ്ടാക്കുന്നതിനാലുമത്രെ അതുകളെ മനസ്സില്‍ വച്ചുകൊണ്ട് അധികാരസീമയെ സംബന്ധിച്ച് ഇത്രയും പറഞ്ഞത്*.
  • 8) പാത്രിയര്‍ക്കാ സിംഹാസനവും കാതോലിക്കാ സിംഹാസനവും തമ്മിലുള്ള സംബന്ധം പാലിക്കുന്നതിന് ആവശ്യപ്പെടുന്ന എഴുത്തുകുത്തുകള്‍ പാത്രിക്കീസും കാതോലിക്കോസും തമ്മിലും അവരില്‍ ആരെങ്കിലും കാലം ചെയ്തു പിന്‍ഗാമിയെ നിയമിക്കുന്നതുവരെയുള്ള കാലത്തു കാര്യാനേഷണത്തിനായി പകരം നിയമിക്കപ്പെടുന്ന ആളുകള്‍ തമ്മിലും നടത്തേണ്ടതും അവരവരുടെ സഭയെ അറിയിപ്പാനുള്ളത് അവര്‍ മുഖാന്തരം അറിയിക്കാവുന്നതുമാണ്.

പക്ഷേ ഈ കരടു ഭരണഘടന ജനാധിപത്യ വാദികളെ തൃപ്തിപ്പടുത്തിയില്ല. റോമന്‍ രീതിയിലുള്ള എപ്പിസ്‌ക്കോപ്പല്‍ സമഗ്രാധിപത്യത്തെ അവര്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തു. തുടര്‍ന്ന് ഇരു വിഭാഗവും തങ്ങളുടെ വാദമുഖങ്ങള്‍ പ്രത്യേകം എഴുതി തയാറാക്കി അസോസിയേഷനില്‍ സമര്‍പ്പിക്കണമെന്ന ധാരണയിലെത്തിയെങ്കിലും മെത്രാധിപത്യ വാദികള്‍ അപ്രകാരം ചെയ്തില്ല.

അതേ സമയം ജനാധിപത്യ വാദികളായ റ്റി. ജോസഫ്, ജേക്കബ് കുര്യന്‍, പി. റ്റി. ഈപ്പന്‍, പത്രോസ് മത്തായി, കെ. റ്റി. മാത്യു എന്നിവര്‍ തങ്ങളുടെ അഭിപ്രായവും തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കരടു ഭരണഘടനയും അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പരമ്പരാഗതമായ മലങ്കര മെത്രാന്‍ സ്ഥാനം നിര്‍ത്തലാക്കി ആ അധികാരങ്ങള്‍ കാതോലിക്കായില്‍ ലയിപ്പിക്കണമെന്ന മാര്‍ ദീവന്നാസ്യോസിൻ്റെ നിര്‍ദ്ദേശം ജനാധിപത്യ വാദികള്‍ക്ക് സ്വീകാര്യമല്ലയിരുന്നു. ജനാധിപത്യവാദികളുടെ നക്കല്‍ ഭരണഘടനയില്‍ കാതോലിക്കാ, പാത്രിയര്‍ക്കീസ് എന്നിവരെപ്പറ്റിയുള്ള പരാമര്‍ശനങ്ങളും ഇന്ന് പ്രസക്തമാണ്.

  • 4. കാതോലിക്കോസ്
  • 73. മലങ്കര സുന്നഹദോസിനാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ആളിനെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് കാതോലിക്കോസായി ആരോഹണം ചെയ്യേണ്ടതാണ്.
  • 74. മലങ്കരസഭയുടെ ആത്മീയ മേലന്വേഷണം കാതോലിക്കോസിൻ്റെ ശ്രേഷ്ടകര്‍മ്മമാണ്….
  • 5. പാത്രിയര്‍ക്കീസ്
  • 75. പാത്രിയര്‍ക്കീസിന് കാതോലിക്കോസിൻ്റെ സംസ്ഥാനത്തുള്ള കാനോനികാവകാശങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ചുരുക്കത്തില്‍ ഭരണഘടനാ നിര്‍മ്മാണവേളയില്‍ ഒരിക്കലെങ്കിലും ജനാധിപത്യ വാദികളോ മെത്രാധിപത്യ വാദികളോ കാതോലിക്കായില്‍ കേന്ദ്രീകൃതമായ മലങ്കരസഭയുടെ ആത്മീയ ഭരണ സംവിധാനം പാത്രിയര്‍ക്കീസിനു തീറെഴുതുന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ലന്നു വ്യക്തം.

ഇതിനിടെ 1108 വൃശ്ചികം 15-ന് (1932 നവംബര്‍ 30) റാവു സാഹീബ് ഒ. എം. ചെറിയാന്‍ കരടു ഭരണഘടന അച്ചടിച്ചു. പിറ്റേന്ന് ഒരു കത്തോടെ സഭയിലെ അനേക പ്രമുഖര്‍ക്ക് അഭിപ്രായമാരാഞ്ഞുകൊണ്ട് അയച്ചുകൊടുത്തു. ഈ കത്തിലെ പ്രസക്ത ഭാഗം താഴെ പറയുംപ്രകാരമാണ്.

  …ഈ കമ്മറ്റി മെമ്പറന്മാര്‍ പലപ്രാവശ്യം തിരുവനന്തപുരത്തു കൂടുകയും, മിസ്റ്റര്‍ ചെറിയാന്‍ എഴുതിത്തീര്‍ത്തിരുന്നതും മുന്‍ ഘടനക്കമ്മറ്റി മെമ്പറന്മാര്‍ വിമര്‍ശനം ചെയ്തതും ആയ ലഘുഗ്രന്ഥത്തെ ആധാരമാക്കി വീണ്ടും വിമര്‍ശനം നടത്തുകയും ചെയ്തു. സാരമായ ഏതാനും തത്വങ്ങളെക്കുറിച്ച് യോജിക്കുവാന്‍ നിവൃത്തി ഇല്ലാതെവന്ന കമ്മറ്റി അംഗങ്ങള്‍, വിമര്‍ശനവിഷയമായ നക്കല്‍ ഘടനയില്‍പെട്ട പല വകുപ്പുകളെക്കുറിച്ച് പ്രായേണ രണ്ടു കക്ഷികളായി പിരിഞ്ഞു. 1108 ചിങ്ങം 28-ാം തീയതി കോട്ടയം സിമ്മനാരിയില്‍ കൂടുവാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന മലങ്കര മാനേജിംഗ് കമ്മറ്റിയുടെ യോഗത്തില്‍, ഘടനകമ്മറ്റിയില്‍പ്പെട്ട രണ്ടു കക്ഷികള്‍ പ്രത്യേകം പ്രത്യേകം അച്ചടിപ്പിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നുള്ള ദിക്കായി. എന്നാല്‍ അങ്ങനെയല്ല നടന്നത്. മലങ്കര മാനേജിംഗ് കമ്മറ്റി കൂടുന്നതിൻ്റെ തലേന്ന്, ഘടനകമ്മറ്റി മെമ്പറന്മാര്‍ കോട്ടയം എം. ഡി. സിമ്മനാരിയില്‍ യോഗം കൂടി, ദീര്‍ഘമായ വാദപ്രതിവാദത്തിൻ്റെ ശേഷം തത്വങ്ങളെ സംബന്ധിച്ചു പ്രായേണ ഏകമതം സ്വീകരിക്കുകയും, ഘടനക്രമത്തിൻ്റെ വകുപ്പുകളെ ഏകരീതിയില്‍ എഴുതാമെന്ന് ആശയ്ക്ക് മാര്‍ഗ്ഗം തുറക്കുകയും ചെയ്തു. ഘടനക്കമ്മറ്റി മെമ്പറന്മാര്‍ യോജിച്ചു സ്വീകരിച്ച തത്വങ്ങള്‍ ഇന്നവയാണെന്നും, മാനേജിംഗ് കമ്മറ്റി അനുകൂലിക്കുന്നപക്ഷം അവ അനുസരിച്ച് ഘടനക്രമത്തിനു നക്കല്‍ എഴുതി താമസിയാതെ ഹാജരാക്കാമെന്നും, മലങ്കര മാനേജിംഗ് കമ്മറ്റിയുടെ യോഗത്തില്‍ ഘടനകമ്മറ്റിക്കാര്‍ ഏകാഭിപ്രായമായി പ്രസ്താവിച്ചു. മലങ്കര മാനേജിംഗ് കമ്മറ്റി യോഗത്തില്‍ 23-ാം തീയതിയും പിറ്റേന്ന് ഉച്ചവരെയ്ക്കും വാദം നടന്നതിൻ്റെ ഫലമായി – തത്വങ്ങളെ സംബന്ധിച്ച് പ്രായേണ എല്ലാവരും യോജിക്കുകയും, ഏകാഭിപ്രായം രൂപപ്പെടുകയും ചെയ്തു. ആ തത്വങ്ങള്‍ അനുസരിച്ച്, ഘടനകമ്മറ്റിക്കാര്‍ ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് ഘടനക്രമം വീണ്ടും എഴുതണമെന്നും, ഘടനക്കമ്മറ്റിയില്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താകൂടെയും അംഗമായിരിക്കണമെന്നും, മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ച് ഘടനക്കമ്മറ്റി വീണ്ടും തിരുവനന്തപുരത്തു കൂടുകയും, സന്നിഹിതന്മാരായ മെമ്പറന്മാര്‍, ഭരണക്രമം ഏകാഭിപ്രായമായി പാസ്സാക്കുകയും ചെയ്തു. അങ്ങനെ പാസ്സായ ഭരണക്രമമാണ് താഴെച്ചേര്‍ക്കുന്നത്. ഘടനക്കമ്മറ്റിയില്‍ അംഗമാണെന്നുള്ള നിലയ്ക്ക് നിങ്ങള്‍ക്ക് ഈ ലഘു ഗ്രന്ഥത്തിൻ്റെ ഒരു പ്രതി ഞാന്‍ അയച്ചുകൊള്ളുന്നതാണ്. മാനേജിംഗ് കമ്മറ്റി മെമ്പറന്മാര്‍ക്കും, വേറെ യുക്തമെന്നു തോന്നുന്നവര്‍ക്കും അയച്ചുകൊടുക്കുവാന്‍ വേണ്ട പദ്ധതികള്‍, ഞാന്‍ മാനേജിംഗ് കമ്മറ്റി സെക്രട്ടറി മിസ്റ്റര്‍ കെ. കെ. തോമസിന് അയച്ചുകൊടുക്കുന്നുമുണ്ട്.

വിശ്വാസം, പട്ടത്വം, അച്ചടക്കം എന്നിവ പൂര്‍ണ്ണമായും എപ്പിസ്‌ക്കോപ്പസിയുടെ നിയന്ത്രണത്തിലാക്കുകയും പൊതുവായ ഇതര കാര്യങ്ങളില്‍ ജനത്തിന് നിര്‍ണ്ണയാധികാരവും എന്നാല്‍ എപ്പിസ്‌ക്കോപ്പസിക്ക് മേല്‍ക്കൈയ്യും ഉള്ള ഒരു സമവായ സംവിധാനമാണ് ഒ. എം. ചെറിയാന്‍ കരടു ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ ഇതുകൊണ്ടൊന്നും മഞ്ഞ് ഉരുകിയില്ല. മെത്രാധിപത്യവാദികള്‍ അവരുടെ സമഗ്രാധിപത്യന്യായത്തില്‍ ഉറച്ചു നില്‍ക്കുകയും ജനാധിപത്യ വാദികള്‍ അതു വകവെച്ചു കൊടുക്കാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തിന് ഒ. എം. ചെറിയാൻ്റെ ഈ സന്തുലിത കരടുപോലും അയവുണ്ടാക്കിയില്ല. ചുരുക്കത്തില്‍ ഭരണഘടനാ നിര്‍മ്മാണം വീണ്ടും അനന്തമായി നീണ്ടു.

ഒ. എം. ചെറിയാൻ്റെ കരട് ഭരണഘടനയില്‍ പാത്രിയര്‍ക്കീസുമായുള്ള ബന്ധം നിര്‍വചിച്ചിരിക്കുന്നത് താഴെ പറയും പ്രകാരമാണ്.

  1. പൌരസ്ത്യ സുറിയാനി (ഓര്‍ത്തഡോക്‌സ്) സഭ ആകെയുള്ള ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഒരു വിഭാഗവും സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ പാത്രീക്കിസും ആകുന്നു.
  2. മലങ്കര സുറിയാനി (ഓര്‍ത്തഡോക്‌സ്) സഭ, പൗരസ്ത്യസുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ ഉള്‍പ്പെട്ടതും പൌരസ്ത്യ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ കാതോലിക്കായും ആകുന്നു.

1934 ഫെബ്രുവരി 23-ന് പ. വട്ടശ്ശേരില്‍ തിരുമേനി കാലംചെയ്തു അദ്ദേഹവും, പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായും മെത്രാധിപത്യ വാദികളായിരുന്നുവെന്ന് മഹാ ചരിത്രകാരനായ ഇസഡ് എം പാറേട്ട് പറയുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കാലശേഷം ആ വര്‍ഷം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കാന്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ നടത്തിയ ഹോംസ് യാത്രയാണ് മഞ്ഞ് ഉരുക്കിയതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.

   …ശക്തനായ ഗീവറുഗീസ് ദീവന്നാസ്യോസ് എപ്പിസ്‌ക്കോപ്പല്‍ തത്ത്വം എന്നതില്‍ ഉറച്ചുനിന്നു. ഭരണകാര്യങ്ങളില്‍ –പണക്കാര്യങ്ങളില്‍പ്പോലും- അയ്‌മേനികള്‍ക്കു പ്രവേശനം കൊടുക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. മാനേജിങ്ങ് കമ്മറ്റിയിലും മറ്റും ഉരസലുകള്‍ ഉണ്ടായിട്ടും അദ്ദേഹം തൻ്റെ നിലയില്‍ മാറ്റം വരുത്താന്‍ കൂട്ടാക്കിയില്ല. കാതോലിക്കോസിൻ്റെ ഹോംസുയാത്ര വിഫലമായതോടുകൂടി ആവക സംഗതികളില്‍ പെട്ടെന്നു മാറ്റം സംഭവിച്ചു. സ്ഥിതിഗതികള്‍ക്കുണ്ടായ മാറ്റത്തെക്കാള്‍ അധികം ആ മാറ്റത്തിന് സ്വാധീനം ചെലുത്തിയത് അദ്ധ്യക്ഷസ്ഥാനത്തുവന്ന മാറ്റമാണെന്നുള്ളതില്‍ സംശയമില്ല. ഭരണകാര്യങ്ങളില്‍ അയ്‌മേനികള്‍ക്കു കൂടുതല്‍ പങ്കു കൊടുക്കണമെന്നുള്ള ബോധം മേല്പട്ടക്കാരുടെ സുന്നഹദോസിന് ഉണ്ടായി. അവര്‍ സമ്മതിച്ചതുകൊണ്ടോ, ജനപ്രതിനിധികള്‍ കൈ കേറ്റിക്കുത്തിയതുകൊണ്ടോ എന്തുമാവട്ടെ, അതു മാനേജിങ്ങ് കമ്മറ്റിയില്‍ പ്രകടമായി. ധനപരമായ സംഗതികളില്‍ സുന്നഹദോസും മാനേജിങ്ങ് കമ്മറ്റിയും രണ്ടു ഘടകങ്ങളായി ഗണിക്കപ്പെടുക; പണക്കാര്യത്തില്‍ അവ രണ്ടും യോജിച്ചു ചെയ്യുന്ന തീരുമാനങ്ങള്‍ മാത്രം നടപ്പില്‍ വരുത്തുക എന്നൊരു ധാരണയില്‍ എത്തിച്ചേര്‍ന്നു…

മലങ്കര മെത്രാപ്പോലീത്താ സ്ഥാനം നിര്‍ത്തല്‍ ചെയ്ത് ആ അധികാരങ്ങള്‍ കാതോലിക്കായില്‍ ലയിപ്പിക്കണമെന്നായിരുന്നു മാര്‍ ദീവന്നാസ്യോസിൻ്റെയും മെത്രാധിപത്യവാദികളുടെയും താല്‍പ്പര്യം. പക്ഷേ ചരിത്രപരമായ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഇല്ലാതാക്കുന്നത് ജനാധിപത്യവാദികള്‍ക്ക് സമ്മതമല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഇരു സ്ഥാനങ്ങളും നിലനിര്‍ത്തുകയും പക്ഷേ ഒരേ വ്യക്തിതന്നെ അവ വഹിക്കുകയും ചെയ്യുന്ന ഒരു സംവിധാനം രൂപപ്പെടുത്തി ഇരുകൂട്ടരേയും തൃപ്തിപ്പെടുത്തുന്നതില്‍ ഒ. എം. ചെറിയാന്‍ വിജയിച്ചു.

തുടര്‍ സംഭവവികാസങ്ങളുടെ വ്യക്തമായ രേഖ 1934 ഡിസംബര്‍ 26-ന് മലങ്കരസഭാ ഭരണഘടന പാസാക്കിയ എം. ഡി. സെമിനാരി അസോസിയേഷൻ്റെ മിനിട്ട്‌സ് ആണ്. അതിലെ പ്രസക്ത ഭാഗം.

ഭരണഘടന.

  • 5. 1110 തുലാം 27-നും 28-നും (1934 നവംബര്‍ 12, 13) കൂടിയ അസോസിയേഷന്‍ കമ്മറ്റിയോഗത്തില്‍ പാസാക്കപ്പെട്ട ഭരണഘടനാ ബില്‍ പൊതു അസോസിയേഷന്‍ യോഗത്തില്‍ ആലോചനയ്‌കെടുക്കുന്നതിനു മുമ്പായി ആ ബില്ലിനെ ഓരോ വകുപ്പായി വായിച്ച് വേണ്ട ഭേദഗതികള്‍ വരുത്തി അസോസിയേഷനില്‍ സമര്‍പ്പിക്കുന്നതിനായി മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഈ യോഗത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും ചേര്‍ന്ന് ഒരു സബ്‌ജെക്റ്റ് കമ്മറ്റിയെ രൂപീകരിക്കണമെന്നും, ഈ കമ്മറ്റി ഉച്ചഭക്ഷണത്തിനുശേഷം കൂടി ബില്ലില്‍ വരുത്തേണ്ട ഭേദഗതികളോടുകൂടി അസോസിയേഷനില്‍ സമര്‍പ്പിക്കണമെന്നും ഇ. ജെ പീലിപ്പോസ് അവര്‍കള്‍ അഭിപ്രായപ്പെടുകയും പി. എം. മാമ്മന്‍ അവര്‍കള്‍ (വേങ്ങല്‍ ബഥനി പള്ളി) പിന്‍താങ്ങുകയും യോഗം അംഗീകരിയ്ക്കുകയും ചെയ്തതനുസരിച്ച് യോഗത്തില്‍നിന്നും താഴെ പേര്‍പറയുന്ന പ്രതിപുരുഷന്മാരെ തിരഞ്ഞെടുത്തു. യോഗം ഉച്ചഭക്ഷണത്തിനായി ഒരുമണിയോടുകൂടെ പിരിഞ്ഞു.

Subjects Committee

  • 1. സി. വി. ഇയ്യു, കുന്നംകുളം, 2. പി. സി. കുഞ്ഞാത്തു, കുന്നംകുളം, 3. കെ. എം. ജോര്‍ജ്ജ്, വക്കീല്‍ പുത്തന്‍കാവ്, 4. ജോണ്‍ ജേക്കബ്, Retd. Sanitary Officer, 5. തറയില്‍ കുഞ്ഞുവര്‍ക്കി, ആമ്പല്ലൂര്‍, 6. ചെമ്പകശ്ശേരില്‍ ദത്തോസ് ഈശോ, പുതുപ്പള്ളി, 7. സി. എം. ജോണ്‍ എം.എ., പുലിയൂര്‍, 8. പി. എം. മാമ്മന്‍, തിരുവല്ല, 9. സി. ജി. വര്‍ഗീസ് B.A, L.T., തിരുവല്ല, 10. ഇ. റ്റി. തോമസ് M.A, L.T., തിരുവനന്തപുരം, 11. കെ. എ. ഫിലിപ്പ് B.A, L.T., കോഴഞ്ചേരി, 12. പി. വി. വര്‍ഗീസ് B.A, L.T., ചെങ്ങന്നൂര്‍, 13. സി. റ്റി. കോശി മുതലാളി, അടൂര്‍, 14. വി. ജി. ജോര്‍ജ്ജ് B.A, L.T., കൈപ്പെട്ടൂര്‍, 15. കെ. എം. ഫിലിപ്പ് വക്കീല്‍, വഞ്ചിത്ര 16. റ്റി. ജോസഫ് B.A. തിരുവനന്തപുരം, 17. പി. ജേക്കബ് കുര്യന്‍, മാവേലിക്കര, 18. കെ. ഐ. വര്‍ഗീസ് മാപ്പിള, ചെന്നിത്തല, 19. കെ. വി. ചാക്കോ M.A, L.T., പുത്തന്‍കാവ് 20. കെ. എന്‍. ചാക്കോ, വക്കീല്‍ ചെങ്ങനശ്ശേരി, 21. എന്‍. ജി. കുര്യന്‍ M.A, B.D., പതേതനംതിട്ട 22. കെ. എം. മാത്തുള്ള മാപ്പിള, ഉമയാറ്റുകര, 23. പി. കെ. ചാക്കോ B.A. കോട്ടയം, 24. റ്റി. എസ്. വര്‍ഗീസ് B.A, L.T., അയിരൂര്‍, 25. എം. എം. എബ്രഹാം, കോട്ടയം, 26. ജോര്‍ജ്ജ് ജോസഫ്, കോട്ടയം, 27. കെ. എം. വര്‍ഗീസ് മാപ്പിള, കോട്ടയം, 28. എം. വി. വര്‍ഗീസ് B.A, L.T., പുതുപ്പള്ളി, 29. കെ. എം. സഖറിയ M.A, L.T., പള്ളം. 30. റ്റി. ഒ. കോശി വൈദ്യന്‍ B.D., തേവലക്കര, 31. വി. എ. വര്‍ഗീസ് B.A, L.T., മല്ലപ്പള്ളി, 32. സി. ഐ. നൈനാന്‍ B.A, L.T., മാവേലിക്കര, 33. പി. എം. ജേക്കബ്, തിരുവല്ല, 34. സി. ഒ. ഉമ്മന്‍ B.A, L.T., പുത്തന്‍കാവ്.

സബ്ജക്ട്‌സ് കമ്മറ്റി ഒന്നര മണിക്കു മാര്‍ ദീവന്നാസ്യോസ് സിമ്മിനാരി ഹോളില്‍ത്തന്നെ കൂടുകയും എ. എം. വര്‍ക്കി അവര്‍കളെ അഗ്രാസനരായി തിരഞ്ഞെടുക്കുകയും ഭരണഘടനാബില്‍ ഓരോ വകുപ്പായി വായിച്ച് വേണ്ട ഭേദഗതി ചെയ്യുകും ചെയ്തു.

അനന്തരം അസോസിയേഷന്‍ യോഗം വീണ്ടും നാലുമണിക്കു കൂടി.

  • 6. സബ്ജക്ട്‌സ് കമ്മറ്റിക്കാരാല്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതികളോടുകൂടി ഭരണഘടനാ ബില്ലിനെ ഈ യോഗം പാസാക്കിയിരിക്കുന്നു എന്ന നിശ്ചയത്തെ ഇ. ജെ. പീലിപ്പോസു അവര്‍കള്‍ അവതരിപ്പിക്കുകയും ദിവ്യശ്രീ റ്റി. വി. ജോണ്‍ കത്തനാര്‍ അവര്‍കള്‍ പിന്താങ്ങുകയും യോഗം ഐകകണ്‌ഠ്യേനെ പാസാക്കുകയും ചെയ്തു.
  • ഭരണഘടന’ അസോസിയേഷന്‍ ഐകകണ്‌ഠ്യേനെ പാസാക്കിയിരിക്കുന്നതിനാല്‍ ഇനിയും എപ്പിസ്‌ക്കോപ്പല്‍ സിന്നഡ് ഒരു നിശ്ചയം ചെയ്യുന്നതുവരെ എപ്പിസ്‌ക്കോപ്പല്‍ സിന്നഡും പരീക്ഷാര്‍ത്ഥം ഭരണഘടനാ നിബന്ധനകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതായി എപ്പിസ്‌ക്കോപ്പല്‍ സിന്നഡിൻ്റെ പ്രസിഡന്റ് എന്ന നിലയില്‍ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് യോഗത്തില്‍ പ്രഖ്യാപനം ചെയ്തു.

1958-ല്‍ സുപ്രീം കോടതി വിധിയോടെ അവസാനിച്ച ഒന്നാം സമുദായ കേസില്‍ 64-ാം നമ്പറായി ഹാജരാക്കിയ 1934-ലെ അസോസിയേഷന്‍ മിനിട്‌സിൻ്റെ പ്രസക്ത ഭാഗങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ഇവിടെങ്ങും കൈയ്യെഴുത്തുപ്രതി കടന്നു വരുന്നില്ല.

മലങ്കര സഭാ ഭരണഘടനയുടെ തുടര്‍ ഗതിവിഗതികള്‍ അറിയുവാനുള്ള ആധികാരിക രേഖ അസോസിയേഷന്‍ സെക്രട്ടറി കെ. എം. മാത്തന്‍ മാപ്പിള 1936-ല്‍ തിരുവല്ല നാഷണല്‍ പ്രിന്റിംഗ് പ്രസില്‍നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 110 ധനു 11-ാംനു മുതല്‍ മിഥുനം 31-ാംനു വരയുള്ള കാലഘട്ടത്തിലെ റിപ്പോര്‍ട്ട് ആണ്. ടി. നാലാം പുറത്ത് മലങ്കര അസോസിയേഷന്‍ യോഗം എന്ന ശീര്‍ഷകത്തില്‍, …5. 110 തുലാം 27-ം 28-ം തീയതികളില്‍ കൂടിയ അസോസ്യേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പാസാക്കപ്പെട്ട ഭരണഘടന ബില്‍ ഓരോ വകുപ്പായി വായിച്ച് അംഗങ്ങളുടെ വിമര്‍ശനത്തിനു സേഷം അവയെ ഐകകണ്‌ഠ്യേന പാസ്സാക്കി… എന്നു ചേര്‍ത്തിരിക്കുന്നു. വീണ്ടും 15 -16 പേജുകളില്‍ … നമ്മുടെ ചിരകാല പ്രതീക്ഷയുടെ ഫലമായി സഭയ്ക്കു കാലോചിതമായി ഒരു ഭരണഘടന പാസ്‌ക്കി എന്നുള്ളത് റിപ്പോര്‍ട്ടുവര്‍ഷത്തില്‍ നാം സാധിച്ചിട്ടുള്ള സംഗതികളില്‍ പ്രധാനമായ ഒന്നാണ്. അവയെ പല ഇടവകകളും ഇതിനകം നടപ്പില്‍ വരുത്തി ഇടവകകളുടെ ഭരണം ക്രമീകരിച്ചിട്ടുണ്ട്… എന്നും നിരീക്ഷിക്കുന്നു.

1935-ല്‍ മലയാള മനോരമ പ്രസില്‍ അച്ചടിച്ചതും 1958-ലെ സുപ്രീം കോടതി കോണ്‍സ്റ്റിസ്റ്റൂഷന്‍ ബഞ്ച് വിധിയോടെ പര്യവസാനിച്ച ഒന്നാം സമുദായക്കേസില്‍ AM അക്കമായി ഹാജരാക്കുകയും ചെയ്ത അടിസ്ഥാന ഭരണഘടനയുടെ വിശദാംശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. മലയാള മനോരമ പ്രസില്‍ അച്ചടിച്ച സഭാ ഭരണഘടനയുടെ 1,000 കോപ്പികളെക്കുറിച്ചു 17-ാം പേജിലെ പരാമര്‍ശനം.

   …100 കാലിക്കോ ബയന്റും 900 കടലാസുബയന്റുമായി 1,000 ഭരണഘടനാ പുസ്തക പ്രതികള്‍ അച്ചടിക്കുകയുണ്ടായി. കാലിക്കോ ബയന്റു പ്രതികള്‍ കാതോലിക്കാ ബാവായിക്കും, മെത്രാപ്പോലീത്താമാര്‍ക്കും, സെക്രട്ടറി ഫണ്ടിലേയ്ക്കു സംഭാവന ചെയ്ത കമ്മറ്റി അംഗങ്ങള്‍ക്കും, വിതരണം ചെയ്തതു പോകെ – ബാക്കി പ്രതികള്‍ വില്പനയ്ക്കായി നീക്കി വെച്ചു. കടലാസു ബയന്റില്‍ ഓരോ പള്ളിക്കും ഓരോ പ്രതി അയയ്ക്കുകയും നീക്കിയുള്ള പ്രതികള്‍ വില്‍പനയ്ക്കായി നീക്കി വെയ്ക്കുകയും ചെയ്തു. കാലിക്കോ ബയന്റു പ്രതി ഒന്നിന് മൂന്നണയും, കടലാസുബയന്റു പ്രതി ഒന്നിന് രണ്ടണയും വിലയാണ്. വില്പനയ്ക്കു ഏജന്റെന്മാരായി മലയാള മനോരമ കമ്പനിയെയാണ് ഏര്‍പ്പെടുത്തിയത്. ഏജന്റുമാര്‍ മുഖാന്തിരവും മി. പി. എം. ജേക്കബ് മുഖാന്തിരവും പ്രതികള്‍ വിറ്റ് ഈടാക്കിയ സംഖ്യ സെക്രട്ടറിയുടെ ഫണ്ടില്‍ വരവു വെച്ചിട്ടുണ്ട്. ബാക്കി പുസ്തക പ്രതികള്‍ മനോരമ കമ്പനിയിലും മി. പി. എം. ജേക്കബ് വശവും തുമ്പമണ്‍ ഡിസ്റ്റ്രിക്ട് സെകരട്ടറിയായി നിയമിക്കപ്പെട്ടിരുന്ന ദിവ്യശ്രീ ശങ്കരത്തില്‍ മാത്യൂസ് കത്തനാര്‍ വശവും ഇരിപ്പുണ്ട്. അച്ചടിക്കപ്പെട്ട ഭരണഘടനയുടെ വിതരണവും വില്പനയും നീക്കിയിരിപ്പും കാണിക്കുന്ന സ്റ്റേറ്റ്‌മെന്റ് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

ഇനി ഭരണഘടനയെ സംബന്ധിച്ചു പ്രതിപാദിക്കുന്ന ടി. റിപ്പോര്‍ട്ടിലെ അനുബന്ധം 13

കാലിക്കോ ബയന്റ്: – അച്ചടിച്ചത് 100 പ്രതി
കാതോലിക്കാ ബാവാ തിരുമേനിയ്ക്കു 2
3 മെത്രപ്പോലീത്താ തിരുമേനിമാര്‍ക്കു 3
മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനിക്കു 1
അസോസിയേഷന്‍ സെക്രട്ടറിയുടെ ഫണ്ടിലേയ്ക്കു സംഭാവന ചെയ്ത മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ക്കു 49

വിറ്റതു: –
(1) മി. പി. എം. ജെയിക്കബു വിറ്റതു 6
(2) മലയാള മനോരമയില്‍ വിറ്റതു (8)

നീക്കിയിരുപ്പു: –
(1) സിക്രട്ടറിവശം 6
(2) മനോരമയില്‍ 24

ആകെ 100 പ്രതി

പേപ്പര്‍ ബയന്റു: അച്ചടിച്ചത് 900 പ്രതി
കാതോലിക്കാ ബാവാ തിരുമേനിയ്ക്കു 1
സമുദായ സെക്രട്ടറിക്കു 1
മി: ഇ. ജെ. പിലിപ്പോസിനു 1
Copy right റജിസ്റ്റര്‍ ചെയ്യുവാന്‍ ഗവര്‍മ്മെന്റിലേയ്ക്കു അയച്ചത് 2
പള്ളികള്‍ക്കയച്ചതു 340

വിറ്റതു:-
(1) മനോരമയില്‍ 153
(2) മി. പി. എം. ജെയിക്കബു മുഖാന്തിരം 50

നീക്കിയിരിപ്പു:-
(1) മനോരമയില്‍ 226
(2) ദിവ്യശ്രീ ശങ്കരത്തില്‍ മത്തായി കത്തനാര്‍ വശം 24
(3) മി. പി. എം. ജെയിക്കബു വശം 6
(4) സമുദായ സെക്രട്ടറി വശം 90

ആകെ 900

ഇത്രയും കൃത്യമായ വിവരമാണ് 1934 ഡിസംബര്‍ 26-നു പാസാക്കിയ സഭാ ഭരണഘടനയുടെ മലയാള മനോരമയില്‍ അച്ചടിച്ച കോപ്പികളെപ്പറ്റി ഭരണഘടന നിലവില്‍വന്ന 1934 ഡിസംബര്‍ 26 മുതല്‍ 1936 ജൂലൈ 14 വരെയുള്ള കാലത്തെ അച്ചടിച്ചു പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോര്‍ട്ടിലുള്ളത്. ഇവിടൊരിടത്തും കയ്യെഴുത്തു പ്രതികളെപ്പറ്റി പരാമര്‍ശനമില്ല.

1934-ല്‍ പാസാക്കി, 1935-ല്‍ മലയാള മനോരമ പ്രസില്‍ അച്ചടിച്ച് വിതരണം ചെയ്യകയും, ഒന്നാം സമുദായക്കേസില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്ത മലങ്കര സഭാ ഭരണഘടനയുടെ ആദ്യ വകുപ്പുകള്‍ ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാണ്.

  1. മലങ്കരസഭ – ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഒരു വിഭാഗവും, ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസും ആകുന്നു.
  2. മലങ്കരസഭ – മാര്‍ത്തോമ്മാശലീഹായാല്‍ സ്ഥാപിതമായതും, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ ഉള്‍പ്പെട്ടതും, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ കാതോലിക്കായും ആകുന്നു.

ചുരുക്കത്തില്‍ 1951-ല്‍ നിയമാനുസൃതം സഭാ ഭരണഘടന ഒന്നാം വകുപ്പിലെ പാത്രിയര്‍ക്കീസ് എന്നത് ഭേദഗതി ചെയ്ത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്നു ആക്കാതെ ഇരുന്നെങ്കില്‍ ഇന്ന് കാപ്പിക്കാനോന്‍ പ്രണേതാക്കള്‍ക്ക് മിണ്ടാട്ടത്തിനു അവസരം പോലും ഉണ്ടാകുമായിരുന്നില്ല.

ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സമതിയിലെ പതിനായിരക്കണക്കിനു പേജുകളില്‍ നിരന്നുകിടക്കുന്ന ചര്‍ച്ചകള്‍ ഇന്നു പുരാരേഖാ സഞ്ചയത്തിലാണ്. ഗവേഷകര്‍ക്കു മാത്രമാണ് അവ ഇന്ന് പ്രസക്തമാകുന്നത്. ഒരര്‍ത്ഥത്തില്‍ 1950 ജനുവരി 26-നു പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥിതിയും ഏതാണ്ട് അപ്രകാരമാണ്. 2019-ല്‍ ഏറ്റവും അവസാനം പാസാക്കിയ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടുത്തി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഇന്നത്തെ ഒര്‍ജിനല്‍. അതേപോലെ നിലവില്‍ അവസാനത്തെ ഭരണഘടനാ ഭേദഗതി – സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നത് – ഉള്‍പ്പെടുത്തി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതാണ് ഇന്ന് മലങ്കര സഭയുടെ നിലവിലുള്ള ഒര്‍ജിനല്‍ സഭാ ഭരണഘടന.

ഈ രേഖകളില്‍നിന്നും വിശകലനങ്ങളില്‍നിന്നും സുതാര്യമായ പ്രക്രിയയിലൂടെ ദീര്‍ഘകാല പരിശ്രമം കൊണ്ടാണ് മലങ്കര സഭാ ഭരണഘടന ജന്മമെടുത്തതെന്നു വ്യക്തമാണ്. മെത്രാധിപത്യം, ജനാധിപത്യം എന്നീ വ്യത്യസ്ഥങ്ങളായ ചിന്താധാരകള്‍ സമന്വയിക്കുകയും ഏവര്‍ക്കും സമ്മതമായ ഒരു സമവായ സമവാക്യം രൂപം കൊള്ളുകയും ചെയ്യുന്ന ബിന്ദുവരെ ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടന്നു എന്നും വ്യക്തമാണ്. വിവിധഘട്ടങ്ങളിലെ നക്കല്‍ ഭരണഘടനകള്‍ അച്ചടിച്ച് ബന്ധപ്പെട്ടവര്‍ കൈമാറി വിചിന്തനം ചെയ്തു. ഇവയുടെ എല്ലാം പരിസമാപ്തിയായി ആണ് 1934 ഡിസംബര്‍ 26-ന് എം. ഡി. സെമിനാരിയില്‍ അസോസിയേഷന്‍ കൂടി മാനേജിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്ത സഭാ ഭരണഘടനയില്‍ വീണ്ടും ചില ഭേദഗതികളോടെ പാസാക്കിയത്. നാലു വര്‍ഷത്തിലധികം നീണ്ട ഒരു ദീര്‍ഘപ്രക്രിയ ആയിരുന്നു അത്.

നടപടിച്ചട്ടങ്ങള്‍ കൃത്യമായും പാലിച്ച് തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ നിയമാനുസൃതം വിളിച്ചുചേര്‍ത്ത അസോസിയേഷന്‍ പാസാക്കിയതിനാലും, ഉള്ളടക്കത്തിലെ സമഗ്രതയുമാണ് 1934-ല്‍ പാസാക്കിയ മലങ്കരസഭാ ഭരണഘടനയെ 1958, 1995, 2002, 2017 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സുപ്രീംകോടതിയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ബഞ്ച് അടക്കം അംഗീകരിച്ചതും മലങ്കരസഭയ്ക്ക് മുഴുവന്‍ ബാധകമാണന്നു അസന്നിഗ്ദമായി പ്രഖ്യാപിച്ചതും.

മലങ്കര സഭാ ഭരണഘടന എന്തെന്നുപോലും മറിച്ചു നോക്കാതെ അതിനെ വിമര്‍ശിക്കുകയും, അതിൻ്റെ അസ്തിത്വത്തേയും ഉത്ഭവത്തേയും ചോദ്യം ചെയ്യുകയും പ. പരുമല തിരുമേനിയുടെ വാക്കുകള്‍ കടമെടുത്താല്‍, ചില കീറ്റക്രാസുകള്‍ ഉയര്‍ത്തിക്കാട്ടി 1934 ഭരണഘടനയുടെ മൂലരേഖ എന്ന് അട്ടഹസിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രവണതയാണ് ഇത്തരമൊരു രേഖാധിഷ്ഠിത വിശകലനത്തിന് വഴിയൊരുക്കിയത്.

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in