എന്തുകൊണ്ട് മാതൃസഭയായ ഓർത്തോഡോക്സ് സഭയിലേക്ക് മടങ്ങിക്കൂടാ?
യാക്കോബായ / പാത്രിയർക്കീസ് കക്ഷി എന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ഒരു ഭാഗമായ പ്രിയ സഹോദരങ്ങളോട് കുറച്ച് കാര്യങ്ങൾ സ്നേഹത്തോടെ പറയുന്നു. എന്തുകൊണ്ട് മാതൃസഭയായ ഓർത്തോഡോക്സ് സഭയിലേക്ക് മടങ്ങിക്കൂടാ, ആരാണ് തടസ്സം, എന്താണ് യഥാർത്ഥ പ്രശ്നം ?
ഒന്നാമതായി നമുക്ക് രണ്ടു കക്ഷികളേപ്പറ്റി ചിന്തിക്കാം, ഇവയുടെ രൂപീകരണം, കാരണം ഒക്കെ രണ്ടുതരത്തിൽ വേർഷൻസ് ഉണ്ടല്ലോ രണ്ടു കൂട്ടർക്കും, തൽക്കാലം അതിലേക്ക് വിശദമായി കടക്കുന്നില്ല, അതിൽ പ്രധാനമായും ഉരുത്തിരിഞ്ഞത് മൂന്ന് കാര്യമാണ്,
ഒന്നാമതായി: ആരാണ് മലങ്കര സഭയുടെ പരമാധികാരി,
രണ്ടാമതായി: ആർക്കാണ് ഭരണപരമായി സഭയുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അധികാരം,
മൂന്നാമതായി: മുടക്കിനെപ്പറ്റി പ്രചരിപ്പിച്ച കാര്യങ്ങൾ,
ഇത്രയും കാര്യങ്ങൾക്ക് 1958 -ലെ സുപ്രീം കോടതി വിധിയോടെ വിരാമമായി,
മലങ്കരസഭയുടെ 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായി രണ്ടു കക്ഷികളും പരസ്പരം യോജിച്ചു. അതായത് മലങ്കരയിൽ ഉണ്ടായിരുന്ന ഓർത്തഡോക്സ് സഭയുടെ സന്താനങ്ങൾ യോജിച്ചു എന്ന്, അല്ലാതെ സിറിയൻ ഓർത്തഡോക്സ് സഭയും മലങ്കര സഭയും യോജിച്ചു എന്നല്ല. പലർക്കും തെറ്റിധാരണ ഉണ്ടാകുന്ന കാര്യമാണ് അത്. ആ യോജിപ്പിലൂടെ മലങ്കര സഭയുടെ മക്കൾ ഒന്നിച്ചു, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനെ പരി. മാർത്തോമ്മാ ശ്ളീഹായുടെ സിംഹാസനത്തിൽ തന്നെ സ്വീകരിച്ചു എല്ലാവരും, സിറിയൻ ഓർത്തഡോക്സ് (അന്ത്യോക്യൻ) സഭയുടെ പാത്രിയർക്കീസ് ബാവയെ 1934 സഭാ ഭരണഘടനയിൽ പെടുന്ന എല്ലാ ബഹുമതികളോടെ സ്വീകരിച്ചു.
ഈ യോജിപ്പോടെ ഞാൻ മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് അവസാനമായി (അധികാരം, സ്വത്ത്, മുടക്ക്).
1970 കാലഘട്ടം വരെ ഈ യോജിപ്പ് തുടർന്നു, പിന്നീട് എന്തു സംഭവിച്ചു എന്ന് നമുക്ക് നോക്കാം, ചില സ്ഥാനമോഹികൾ ഞാൻ അവരെ പേര് എടുത്തു പറയുന്നില്ല, അവർ മലങ്കര ഓർത്തഡോക്സ് സഭയിൽ മെത്രാനാകാൻ ആഗ്രഹിച്ചു എന്നാൽ യോഗ്യതയില്ലെന്ന് സ്വയം ബോധ്യമുള്ള അവർ, അന്ത്യോക്യൻ പാത്രിയർക്കീസ് ബാവയെ തെറ്റിധരിപ്പിച്ചു വെറും ചുമന്നകുപ്പായത്തിനുവേണ്ടി മലങ്കരമക്കളെ വേർതിരിച്ച് രണ്ട് സഭയാക്കി, എന്നിട്ട് വിഘടിച്ച് നിന്ന് അതിൽ ചുമന്നകുപ്പായം സ്വന്തമാക്കി, നാളിതുവരെ അത് തുടരുന്നു, അതായത് രണ്ടു കക്ഷിയായി നിന്ന് പോരടിച്ചെങ്കിലേ അവർക്ക് നിലനിൽപ്പ് ഉള്ളൂ എന്നറിയാവുന്ന അവർ കാലാകാലങ്ങളായി അതിനുളള ഓരോരോ മാർഗ്ഗങ്ങൾ തേടുന്നു. അത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം, എന്നേപ്പോലെയും നിങ്ങളേപ്പോലെയും ഉള്ള സാധാരണക്കാർക്ക് ഇത് ഒരു പ്രശ്നമല്ല, അധികാരവും സ്വത്തും മോഹിച്ചല്ല നമ്മളേപ്പോലുള്ള സാധാരണക്കാൻ ആരാധനക്കായി പള്ളിയിൽ പോകുന്നത്, പരി. സഭയുടെ കൂദാശകൾ സ്വീകരിച്ച് കുടുംബകല്ലറകളിൽ 6 അടി മണ്ണിൽ തീരണം അത്രമാത്രം (ഭാഗ്യമുണ്ടെങ്കിൽ, നല്ല മരണം/അടക്കം ഒരു അനുഗ്രഹമാണ്).
ഇവിടെ ആരാധനപരമായി / വിശ്വാസപരമായി ഒരു വിത്യാസവും ഇല്ല എന്നതിൽ എത്ര ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്, വിവാഹം, മാമോദീസ ഓക്കെ രണ്ട് കൂട്ടരും മുടക്ക് നോക്കിയാണോ നടക്കുന്നത്, ഇതെല്ലാം ചില കുപ്പായധാരികളുടെ തൊഴിൽ നഷ്ടമാകുമെന്നുള്ള ധാരണയിൽ തെറ്റിധാരണ പരത്താൻ വേണ്ടിയുള്ള ആയുധം മാത്രം.
ഈ കക്ഷി വഴക്ക് നമ്മുടെ മലങ്കരയിൽ മാത്രമേ ഉള്ളൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കണം, ഓറിയന്റൽ സഭകളിൽ എല്ലാവർക്കും തുല്യപരിഗണന ആണ്, അവിടെ തോമാശ്ലീഹായ്ക്ക് പട്ടത്വമില്ലെന്ന വാദമോ, മലങ്കര ഓർത്തഡോക്സ് സഭ അന്ത്യോക്യൻ സഭയാൽ മുടക്കപ്പെട്ടതാണെന്നതിനാൽ ഒരു കൗദാശീക സംസർഗ്ഗത്തിനോ പറ്റില്ല എന്ന വാദം സിറിയൻ ഓർത്തഡോക്സ് സഭ ഉന്നയിക്കുന്നുണ്ടോ ? ചിന്തിക്കണം സഹോദരങ്ങളെ .
കോളനിവൽക്കരണം ആരും വേണ്ടന്ന് വക്കില്ല, ഒരു അവസരം കിട്ടിയാൽ മലങ്കര സഭയും ഒരു പക്ഷേ മറ്റു രാജ്യങ്ങളിൽ ശ്രമിച്ചേക്കാം (എന്റെ വ്യക്തിപരമായ കാര്യമാണുട്ടോ), അതുപോലെ അന്ത്യോക്യൻ സഭ ഒരു കോളനി ഉണ്ടാക്കാനുള്ള അവസരം മാർത്തോമ്മാ സഭയുടെ ഉൽഭവം നിമിത്തമായി, അതിന് ഒരു അന്ത്യം കണ്ടതാണ് പരി.വട്ടശ്ശേരി തിരുമേനിയുടെ കാലത്ത് 1912 -ൽ, എന്നാൽ അതിൽ കുറച്ച് നേട്ടം കൊയ്ത ഇവിടുള്ള ചിലർക്ക് അതിൽ തന്നെ കടിച്ച് തൂങ്ങി കിടക്കാനാണ് ആഗ്രഹം, നമ്മൾ ആരേയും തടയുന്നില്ല അപ്രകാരം സ്വകാര്യ നേട്ടങ്ങൾ കിട്ടിയിട്ടുള്ളവർക്ക് അന്ത്യോക്യൻ സഭയുടെ കോളനി ആയി ഇനിയും തുടരാം, പക്ഷേ കോളനികൾ ഒരിക്കലും അവരുടെ അധികാരസ്ഥാനത്ത് എത്തില്ലെന്ന് മനസ്സിലാക്കിയാൽ നന്ന്, സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭരണഘടന പഠിച്ചാൽ ഞാൻ പറഞ്ഞകാര്യങ്ങൾ കൂടുതൽ മനസ്സിലാവും.
ഇത്രയും നേരം ഞാൻ പറഞ്ഞ് വന്നത് പഴയകാര്യങ്ങൾ, നമുക്ക് മുന്നോട്ട് ചിന്തിക്കാം, യാക്കോബായ സുറിയാനി സഭ എന്നതിൽ നിലനിൽക്കുന്നവർക്ക് പുതിയ പള്ളികൾ വച്ച് സിറിയൻ കോളനി ആയി തുടർന്ന് പോകാം, ആരും തടയില്ല, എന്നാൽ മലങ്കര സഭയുടെ പള്ളികൾ, സ്വത്തുക്കൾ, സെമിത്തേരിഎന്നിവ നഷ്ടമാവും. വെറും സ്വാർത്ഥമതികളായ ചുമന്നകുപ്പായധാരികളുടെ തെറ്റിധാരണയിലാണ് നിങ്ങൾ ഇതെല്ലാം നഷ്ടപ്പെടുത്തുന്നത് എന്ന പൂർണ്ണബോധ്യത്തോടെ എല്ലാം നഷ്ടപ്പെടുത്തി പോകാം. നിലനിൽപ്പ് ഇല്ലാ എന്ന് ഒന്നും ഞാൻ പറയുന്നില്ല, മലങ്കര സഭയിൽ നിന്നും പോയ എത്രയെത്ര സഭകളാണ് ഇന്ന് കേരളത്തിൽ ഉള്ളത്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
മലങ്കര ഓർത്തഡോക്സ് സഭയിലേക്ക് മടങ്ങി വരുന്നവർക്കുള്ള മറുപടി
നിങ്ങൾക്ക് ഒന്നും നഷ്ടപെടില്ല; വിശ്വാസം, സ്വന്തം ഇടവക പള്ളി, കൂടെപ്പിറപ്പുകളുടെ കുഴിമാടം, മാന്യമായ കൂദാശകൾ. നിലവിൽ മാതൃസഭയോട് ചേർക്കപ്പെട്ട നിരവധി ദേവാലയങ്ങൾ ഉണ്ട് മലങ്കരസഭയിൽ, സ്വന്തം രീതിയിൽ ഒന്നു അന്വേഷിച്ച് നോക്കൂ അവർ അവിടെ എങ്ങനെ ഒക്കെ പോകുന്നു എന്ന്, മലങ്കര സഭയിൽ ആദ്യമായി സുപ്രീം കോടതിയിൽ നിന്നുള്ള വിധി പൂർണ്ണമായും നടപ്പിലാക്കിയ പോത്താനിക്കാട് ഉമ്മണിക്കുന്ന് വി. മർത്തമറിയം ഓർത്തഡോക്സ് മഹാഇടവകയിലെ ഒരംഗമെന്ന നിലയിൽ അവിടത്തെ കാര്യങ്ങൾ നേരിട്ടറിയുന്ന വ്യക്തിയായ ഞാൻ പറയുന്നത് 100% വിശ്വസിക്കാം. പണ്ട് പാത്രിയർക്കീസ് വിഭാഗത്തിൽ നിലനിന്നിരുന്ന പല തീവ്ര ചിന്താഗതി ഉള്ളവർ പോലും ഇന്ന് പരി. കാതോലിക്കാബാവയുടെ കീഴിൽ, കാതോലിക്കേറ്റിൽ അടിയുറച്ച് നിലകൊള്ളുന്നു, മാനേജിംഗ് കമ്മറ്റി, ആത്മീയ സംഘടകളുടെ തലപ്പത്ത് എന്തിനേരെ പറയുന്നു പള്ളി ട്രസ്റ്റി വരെ ആയി നിലകൊള്ളുന്നു, മടങ്ങി വന്നവരെ ആരും രണ്ടാം തരക്കാരായി മാറ്റി നിറുത്തിയിട്ടില്ല, വെറും 28 ഓർത്തഡോക്സ് കുടുംബങ്ങളിൽ നിന്ന് 500 -ന് മേലെ കുടുംബങ്ങളായി സമാധാനത്തോടെ കഴിയുന്നു.
സ്നേഹത്തോടെ നിറുത്തുന്നു,
അജയ് ജോർജ്, ഉമ്മണികുന്ന് വി. മർത്തമറിയം ഓർത്തഡോക്സ് മഹാഇടവക,
പോത്താനിക്കാട്, അങ്കമാലി ഭദ്രാസനം.
https://ovsonline.in/articles/malankara-church-dispute-3/