ഓശാന പെരുനാൾ ആഘോഷിച്ചു
പഴഞ്ഞി :- സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഓശാന പെരുനാളിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി. പ്രദക്ഷിണം, കുരുത്തോല വാഴ്‍വ്, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു. വികാരി ഫാ. സൈമൺ വാഴപ്പിളളി, സഹവികാരി ഫാ. മാത്യു വർഗീസ് കൊളങ്ങാട്ടിൽ എന്നിവർ സഹകാർമികരായി. ബുധനാഴ്ച വരെ പുലർച്ചെ രാത്രിനമസ്കാരം, ഒൻപതിന് മൂന്നാംമണി നമസ്കാരം, 12ന് ഉച്ച നമസ്കാരം, ആറിന് സന്ധ്യാനമസ്കാരം എന്നിവയുണ്ടാകും..
പെസഹ വ്യാഴാഴ്ച രണ്ടിന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാർമികനായി കാൽകഴുകൽ ശുശ്രൂഷയുണ്ടാകും..സഭയിലെ ഒട്ടേറെ വൈദികർ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കും. തുടർന്ന് പെസഹ ഊട്ടും ഉണ്ടാകും. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് കുർബാന. തുടർന്ന് യാമപ്രാർഥനകൾ, പ്രസംഗം, സ്ലീബ വന്ദനവ്, കബറടക്കം എന്നിവ നടക്കും. ശനിയാഴ്ച 10.30ന് മൂന്നാംമണി നമസ്കാരം, തുടർന്ന് ഉച്ചനമസ്കാരം, ഒൻപതാം മണി നമസ്കാരം, കുർബാന എന്നിവയുണ്ടാകും.. ഞായറാഴ്ച പുലർച്ചെ 2.30ന് രാത്രി നമസ്കാരത്തോടെ ഉയിർപ്പിന്റെ ശുശ്രൂഷ ആരംഭിക്കും. ഉയിർപ്പ്, പ്രദക്ഷിണം, കുർബാന എന്നിവയുണ്ടാകും.