കിടക്കയെയെയും ചുമന്ന കാലുകളെയും മറക്കാത്തവരാകാം
ധ്യാന വേദി ലക്കം 3
പൗരസ്ത്യ സഭയുടെ വിശ്വാസ പാരമ്പര്യമനുസരിച്ചു പരിശുദ്ധ നോമ്പ് കാലങ്ങളിൽ ദൈവബന്ധം അല്പം കൂടി മുറുകെ പിടിക്കേണ്ടുന്ന ഒരു കാലയളവാണ്. ഞാന്‍ മാത്രം എന്ന സ്വാര്‍ത്ഥതയുടെ തലം ഉപേക്ഷിച്ചു അപരത്വം ജീവിതത്തിലേക്ക് സാംക്ഷികരിക്കാന്‍ ഈ നോമ്പില്‍ നമ്മൾക്ക് സാധിക്കണം. അയല്‍ക്കാരൻ്റെ പ്രയാസം കാണാതെ, അവൻ്റെ വേദന കാണാന്‍ കഴിയാത്ത എനിക്ക് എങ്ങനെയാണ് കാല്‍വരിയിലെ ക്രൂശിന്റെ സ്നേഹത്തെ കാണാനും ധ്യാനിക്കാനും സാധിക്കുക എന്നത് ചിന്തിനീയമാണ്. ഇന്നത്തെ വി. ഏവൻഗേലിയോൻ ഭാഗമായി മലങ്കര സഭ ക്രമീകരിച്ചിരിക്കുന്നത് വിശുദ്ധ മര്‍ക്കോസ് 2: 1-12 വരെയുള്ള വേദ ഭാഗമാണ്. പരസഹായമില്ലാതെ ചലിക്കുവാന്‍ പോലും കഴിയാത്ത ഒരു പക്ഷവാത രോഗിയെ യേശു സുഖപ്പെടുത്തുന്നതാണ് ഈ വേദ ഭാഗത്ത് കാണുവാന്‍ കഴിയുന്നത്. പ്രധാനമായും രണ്ടു ചിന്തകളാണ് ഈ വേദഭാഗത്ത് നമ്മുക്ക് കാണുവാന്‍ സാധിക്കുന്നത് .
1) പ്രതിസന്ധികള്‍ക്കിടയില്‍ ഏറ്റു എടുക്കേണ്ടുന്ന മധ്യസ്ഥത
പക്ഷവാത രോഗിയെക്കാള്‍ അധികം ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്, രോഗിയെ ചുമന്ന കൊണ്ടുവരുന്ന ആളുകളുടെ അധ്വാനത്തെയും വിശ്വാസത്തെയുമാണ്. അക്കാലത്തെ യാഥാസ്ഥിതിക യഹൂദാ മത സമൂഹ വിഭാഗങ്ങൾ ഒന്നുംതന്നെ യേശുവിനെ പൂര്‍ണ അനുഭാവത്തോടെ ഉള്‍ക്കൊണ്ടിരുന്നില്ല. വീട് നിറഞ്ഞു നിന്നിരുന്ന പുരുഷാരത്തിലേറെയും, യേശുവില്‍ കുറ്റം കണ്ടുപിടിക്കുവാന്‍ കൂടിയവരായിരുന്നു. അവര്‍ സൃഷ്ട്ടിച്ച പ്രതിസന്ധി വളരെ വലുതായിരുന്നു, കാരണം ഈ രോഗിയെ വഹിച്ചു കൊണ്ട് പോകുമ്പോള്‍ ആളുകള്‍ പരിഹസിക്കാം, സമൂഹത്തില്‍ നിന്നും ഒറ്റപെടുത്താം. ഇങ്ങനെ തങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാമെന്ന പ്രതിബന്ധങ്ങളെ തെല്ലും പരിഗണിക്കാതെയാണ് ഈ നാലുപേര്‍ തളർവാത രോഗിയെ ചുമന്നു കൊണ്ടു യേശുവിന്റെ അടുക്കലേക്കു വരുന്നത്. ആൾക്കൂട്ടത്തിന്റെ പെരുപ്പത്തിന് ഇവര്‍ ഏറ്റെടുത്ത ദൗത്യത്തിൽ നിന്നും ഇവരെ പിന്തിരിപ്പിക്കുവാന്‍ സാധിച്ചില്ല. തങ്ങളുടെതല്ലാത്ത ഒരു കാര്യത്തിനുവേണ്ടി സഹിച്ച പ്രയാസങ്ങൾ, പ്രതിസന്ധികളാണ് യേശുവിന് മുന്‍പില്‍ വിലയേറിയ വിശ്വാസമായി മാറുന്നത്. ഈ അനുഗൃഹീത നോമ്പില്‍ നാം ഏറ്റു എടുക്കേണ്ടതും ഇത്തരത്തിലുള്ള ചുമതലകളാണ്. ഈ സമൂഹത്തില്‍ ശാരീരികപരവും ആത്മീയപരവുമായി അനേകര്‍ ചലനമറ്റ കിടക്കുകയാണ്. ദൈവാരാധന ബന്ധത്തില്‍ നിന്നും, പരിശുദ്ധ സഭയുടെ കൂദാശകളിൽ നിന്നും അകന്നു മാറി നില്‍ക്കുകയാണ് അനേകർ നമ്മുടെ ചുറ്റിലും. ഇവരെ ക്രിസ്തു ബന്ധത്തില്‍, പരിശുദ്ധ സഭയുടെ സത്യവിശ്വാസ ജീവിത്തിലേക്കു ചുമന്നു കൊണ്ടുവരുവാന്‍ നമ്മൾക്ക് സാധിക്കണം. അന്യന്റെ വേദന എന്‍റെ വേദനയായി മാറണം, എങ്കില്‍ മാത്രമേ നമ്മുടെ ആത്മീയ ജീവിതം ദൈവ സന്നിധിയിൽ മൂല്യമുള്ളതായി തീരുകയുള്ളു.
2) കിടക്കയെ മറക്കാതിരിക്കുന്നവരാകുക.
പാപമോചനത്തിലൂടെ രോഗസൗഖ്യം ലഭിച്ച പക്ഷവാത രോഗിയോട് യേശു നാഥൻ പറയുന്ന പ്രധാനപ്പെട്ട ഒരു നിര്‍ദേശമാണ്, “എഴുന്നേറ്റ കിടക്കയെടുത്തു വീട്ടിലേക്കു പോകുക“. വളരെയേറെ അര്‍ഥങ്ങള്‍ നിറഞ്ഞ വാക്കുകളാണ് യേശു അവിടെ അരുളിയത്. ഇത്രയും നാള്‍ ഈ രോഗിയെ ചുമന്നത് ഈ കിടക്കയാണ്, രോഗത്തിൻ്റെ കാഠിന്യമൂലം നിരവധി വർഷങ്ങൾ ചലിക്കാന്‍ കഴിയാത്ത അവൻ്റെ കണ്ണുനീരിന്റെ അനുഭവം ഏറ്റുവാങ്ങിയത് ഈ കിടക്കയാണ്. എന്നാല്‍ പൂര്‍ണ ആരോഗ്യവാനായ അനുഭവത്തില്‍ നിന്നെ താങ്ങിയ കിടക്കയെ നീ മറക്കരുത്. മെച്ചപ്പെട്ട വർത്തമാന കാലയളവില്‍ നമ്മുടെ പ്രയാസത്തിൽ, നമ്മുടെ കഷ്ടതയുടെ അനുഭവത്തില്‍ കൂടെ നിന്നവരെ മറക്കുന്നവരാകരുത്, കടമകളെ കടങ്ങളാക്കുന്നവരാകരുത്. ഓരോരുത്തരും ജന്മം നല്‍കി വളര്‍ത്തിയ അപ്പനെയും അമ്മയെയും, കൂടെ പിറന്ന സഹോദരങ്ങളെയും വിസ്മരിച്ചു പോകുന്ന, സ്വാർത്ഥതയുടെയും ചതിയുടെയും പുത്തന്‍ കമ്പോളവത്കരണ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. നമ്മളുടെ കഴിഞ്ഞ കാലങ്ങളെ മറക്കാതെ, താങ്ങി നിർത്തിയ കിടക്കളെ മറക്കാതെ, ചുമന്ന നടന്ന അപര കാലുകളെ മറക്കാതെ ദൈവം നല്‍കിയ കൃപകളിൽ സന്തോഷത്തോടെ ദൈവത്തെ മുറുക്കെ പിടിക്കുന്നവരായി നമ്മള്‍ പരിണമിക്കണം. അതിനു ഈ പരിശുദ്ധ നോമ്പ് നമ്മൾക്ക് ഇടയാകട്ടെ.
പ്രാര്‍ത്ഥന :– ഇത്രത്തോളും അടിയനെ തളർച്ചയിലും തകർച്ചയിലും നിന്നു വിടുവിച്ച അയച്ച ദൈവമായ കര്‍ത്താവേ, പ്രതിസന്ധികൾക്കിടയിലും അന്യൻറെ വേദനയെ എന്‍റെ വേദനയാക്കി ചുമക്കുവാനും, നീ നല്‍കിയ അനുഗ്രഹങ്ങൾക്കിടയിൽ എന്‍റെ കഴിഞ്ഞ കാല കിടക്കകളെയും, ചുമന്ന നടന്ന കാലുകളെയും മറക്കാതിരിക്കുവാനും ഞങ്ങളെ ഒരുക്കണമേ,
ആമേന്‍.
ജെ എൻ
https://ovsonline.in/latest-news/50-day-lent-week-2/