സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പാത്രിയര്‍ക്കീസ് പക്ഷം ശ്രമിക്കുന്നു ; ഓർത്തഡോക്‌സ് സഭ പ്രതിഷേധിച്ചു
ഭാരതത്തിലെ പരമോന്നത നീതി പീഠമായ ബഹു.സുപ്രീംകോടതി 2017 ജൂലൈ 3ന് സമുദായക്കേസില്‍ പുറപ്പെടുവിച്ച അന്തിമ ഉത്തരവില്‍ പ്രകാരം 1934-ലെ മലങ്കര സഭ ഭരണഘടനക്ക് അനുസൃതമായി ഭരിക്കപ്പെടുന്ന കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓർത്തഡോക്‌സ് പള്ളിയില്‍ പാത്രിയാര്‍ക്കീസ് പക്ഷം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഇന്ന് നടന്ന ശവ സംസ്കാരവുമായി ബന്ധപ്പെട്ടു നിലവില്‍ ഉണ്ടായിരിക്കുന്ന ക്രമീകരണങ്ങള്‍ക്ക് എതിരായി പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഇരുനൂറോളം പേരെ പോലീസ് സംരക്ഷണം നിലനില്‍ക്കുന്ന പള്ളിയില്‍ അനധികൃതമായി പ്രവേശിപ്പിച്ച പ്രാദേശിക പോലീസ് – റവന്യൂ അധികാരികളുടെ നടപടിയില്‍ കോലഞ്ചേരി പള്ളി മാനേജിംഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ വികാരി ഫാ.ജേക്കബ് കുര്യന്‍,സഹവികാരിമാരായ ഫാ.ലൂക്കോസ് തങ്കച്ചന്‍,ഫാ.ടി.വി ആന്‍ഡ്രൂസ് ഇടവകാംഗങ്ങളായ ഫാ.സേറ പോള്‍,ഡീക്കൺ എല്‍ദോസ് ബാബു,ട്രസ്റ്റിമാരായ ബാബു പള്ളിക്കാക്കുടി,ജോയ് പറമ്പില്‍,സെക്രട്ടറി തോമസ് മുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓർത്തഡോക്‌സ് പള്ളിയിലും ചാപ്പലായ അതിപുരാതനമായ കോട്ടൂര്‍ സെന്‍റ് ഓർത്തഡോക്‌സ് പള്ളിയിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് വിറളിപൂണ്ട പാത്രിയര്‍ക്കീസ് പക്ഷം ഇത്തരം ജല്പനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോട്ടൂര്‍ പള്ളിയുടെ പുനരുദ്ധാരണം ആരംഭിക്കവെ എതിര്‍പ്പുമായി പാത്രിയര്‍ക്കീസ് പക്ഷം എത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വിധിക്ക് ശേഷം പള്ളി സ്വതന്ത്രമാക്കപ്പെട്ടിട്ട് ഒരാണ്ട് തികയുമ്പോള്‍ ഇടവക രജിസ്റ്റര്‍ പുതുക്കുന്ന വേളയില്‍ യാക്കോബായ വിഭാഗത്തിലെ 25-ലേറെ കുടുംബങ്ങളാണ് പള്ളി മാനേജിംഗ് കമ്മിറ്റിയെ സമീപിച്ചിരുന്നത്. കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന സ്ഥിതിവിശേഷമാണ് പാത്രിയര്‍ക്കീസ് പക്ഷത്തില്‍ ഉയരുന്നത്. ഇടവകാംഗങ്ങളെ ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല ,അനുഭാവ പൂര്‍വ്വമായ സമീപനമാണ് ഇടവക സ്വീകരിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.