Ancient ParishesOVS - Latest News

പുതുപ്പള്ളിപ്പള്ളി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ദേവാലയം

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ച മലങ്കരയിലെ ആദ്യ പള്ളി, ഭാരതത്തിലെ വിശ്വപ്രശസ്ത ക്രൈസ്തവദേവാലയം, ദക്ഷിണേന്ത്യൻ തീർഥാടനകേന്ദ്രം. വിശുദ്ധരായ ഗീവർഗീസ് ബഹനാൻ സഹദാമാരുടെയും വിശുദ്ധ ദൈവമാതാവിന്റെയും ദിവ്യ സാന്നിധ്യത്താൽ അതിധന്യം. പുതുപ്പള്ളിപ്പള്ളിയെപ്പറ്റി ഒറ്റവാക്കിൽ വിശേഷിപ്പിക്കാുന്നതാണിത്. സഭയ്ക്കു ആത്മീയോർജം പകർന്നു നൽകിയ പരിശുദ്ധൻ മാരുടെ സാന്നിധ്യത്താൽ സമ്പന്നമാണ് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇൗ ദേവാലയം.

‘പുതുപ്പള്ളി പള്ളി’ എന്ന് ഇന്നറിയപ്പെടുന്ന വലിയപള്ളി കൊല്ലവർഷം 925ൽ (എ.ഡി. 1750) ആണ് സ്ഥാപിക്കപ്പെട്ടത്. വിശുദ്ധ ബഹനാന്റെ മുറി എന്നറിയപ്പെടുന്ന പഴയ പള്ളിയുടെ ഭാഗങ്ങളും മദ്ബഹായും നിലനിർത്തിക്കൊണ്ടാണ് പുതിയ പള്ളി നിർമിച്ചത്. പഴയ പള്ളിയുടെ വടക്കേ ഭിത്തി പുതിയ പള്ളിയുടെ തെക്കേ ഭിത്തിയായി വരത്തക്കവണ്ണം രൂപകൽപന ചെയ്തു. പുതുപ്പള്ളിയിൽ വലിയ പള്ളി ഉണ്ടാകുമ്പോൾ കൂനൻകുരിശു സത്യം എന്ന അഭൂതപൂർവമായ വിപ്ലവത്തിലൂടെ മലങ്കരസഭ സ്വാതന്ത്യ്രം വീണ്ടെടുത്തിട്ട് ഒരു നൂറ്റാണ്ടോളമായിരുന്നു (97 വർഷം). മാർത്തോമ്മാ അഞ്ചാമനാണ് മാർ ഗീവർഗീസ് സഹദായുടെ നാമത്തിൽ പള്ളി പണിയാൻ അനുവാദം നൽകിയത്.

2001 ജനുവരി 16നു പുതുപ്പള്ളി പള്ളി അതിന്റെ ചരിത്രത്തിലെ പുതിയ ഒരു അധ്യായത്തിലേക്കു പ്രവേശിച്ചു. പള്ളിയിൽ അനുദിനം എത്തുന്ന ഭക്തജനങ്ങൾക്കും ഇടവകയിലെ മുഴുവൻ ജനങ്ങൾക്കും ഒരുമിച്ചു ചേർന്ന് ആരാധനയിൽ സംബന്ധിക്കത്തക്ക രീതിയിൽ പള്ളി വിപുലീക രിക്കാൻ തീരുമാനിച്ചു. പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ തിരുമേനിയുടെ ആശീർവാദത്തോടെയാണ് പുനരുദ്ധാരണ നവീകരണ പ്രക്രിയയ്ക്ക് ആരംഭം കുറിച്ചത്.

അതിമനോഹരമായ ഒരു ദേവാലയ സമുച്ചയമാണ് ഇന്നു പുതുപ്പള്ളി പള്ളി. പരിശുദ്ധ ത്രിത്വത്തിന്റെ സമന്വയഭാവം, പാശ്ചാത്യവും പൗരസ്ത്യവും ഭാരതീയവുമായ സംസ്കാരങ്ങളുടെ സമന്വയം ഇവിടെ പ്രതിഫലിക്കുന്നു. പള്ളിയുടെ ഉള്ളിലേക്കു പ്രവേശിച്ചാൽ ഒന്ന് മറ്റൊന്നിൽനിന്നു വേറിട്ടു നിൽക്കുന്നതായി തോന്നാം. പുതിയ പള്ളിയുടെ എടുത്തുപറയേണ്ട പ്രത്യേകത, ഒൻപതു ത്രോണോസുകൾ ഉണ്ടെന്നുള്ളതാണ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിലാണ് മധ്യഭാഗത്തുള്ള വലിയ പള്ളിയുടെ പ്രധാന ത്രോണോസ്. ഇടതും വലതുമായി ഇന്ത്യയുടെ കാവൽപിതാവായ വിശുദ്ധ മാർത്തോമ്മാ ്ലശീഹായുടെയും പരിശുദ്ധനായ പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും ത്രോണോസുകൾ പണികഴിപ്പിച്ചിരിക്കുന്നു.

പ്രധാന പള്ളിയുടെ തെക്കുഭാഗത്തായി പുതുക്കിപ്പണിത ഭാഗത്ത് മധ്യത്തിൽ വിശുദ്ധ ബഹനാൻ സഹദായുടെയും അവിടെ താഴെ ഇടതും വലതുമായി പരിശുദ്ധനായ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെയും പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും ത്രോണോസുകൾ നിർമിച്ചിരിക്കുന്നു. സഭാഭാസുരൻ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിക്കുന്ന ത്രോണോസ് പുതുപ്പള്ളി പള്ളിയിലാണ്. അത് ഒരു ദൈവനിയോഗമാണ്. അദ്ദേഹത്തിനു കോറൂയാ പട്ടം ലഭിച്ചത് പുതുപ്പള്ളി പള്ളിയിൽവച്ചായിരുന്നല്ലോ.

പള്ളിയുടെ വടക്കുഭാഗത്ത് പുതുതായി പണിതീർത്ത ഭാഗത്തു വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മർത്തശ്മൂനിയമ്മ, മോർത്ത് യൂലിത്തി എന്നിവരുടെയും നാമധേയത്തിലുള്ള ത്രോണോസുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ശുദ്ധിമതികളുടെ നാമത്തിലുള്ള മലങ്കരയിലെ ഏക ദേവാലയവും ഇതുതന്നെയാണ്.

തെക്കും വടക്കുമുള്ള ചാപ്പലുകൾക്കു മുന്നിലായി രണ്ടു കൽവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.ഒൻപതു ത്രോണോസുകൾ നമ്മുടെ കർത്താവിന്റെ സാന്നിധ്യം അനുഭവിച്ചറിയുന്ന ഒൻപതു വിശുദ്ധർ അവരിൽ അഭയം പ്രാപിച്ചുകൊണ്ടുള്ള പ്രാർഥനകൾ പുതുപ്പള്ളി പള്ളിയെ നമ്മുടെ ദേശത്തെ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമാണ് പുതുപ്പള്ളി പള്ളി. സഹദായുടെ ഭൗതിക ശരീരത്തിന്റെ സാന്നിധ്യം അനേകായിരങ്ങൾക്ക് സൗഖ്യദായകമായ നീരുറവയായി തീർന്നിരിക്കുന്നു. ‘സാന്ത്വനം’ എന്ന പേരിൽ പുതുപ്പള്ളി പള്ളിയിൽ പ്രവർത്തിച്ചു വരുന്ന പ്രാർഥനാസംഗമം അനേകർക്കു രോഗസൗഖ്യവും മനഃശാന്തിയും ധന്യജീവിതവും നൽകി വരുന്നു. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിലാണ് സാന്ത്വനസംഗമം. ഗാനശുശ്രൂഷയും തിരുവചനഘോഷണവും തിരുശേഷിപ്പിങ്കൽ നടത്തുന്ന മധ്യസ്ഥ പ്രാർഥനയും ജീവിത ക്ലേശങ്ങളാൽ വീർപ്പുമുട്ടുന്ന ഏവർക്കും ധന്യമായ അനുഭവമാണ്.

വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വത്തിന്റെ സ്മാരകമായി പണിതീർത്തിരിക്കുന്ന ‘സഹദാ സ്മാരക മന്ദിരം’ പുതുപ്പള്ളി പള്ളിക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. അതിവിപുലമായ ഓഫിസ് സമുച്ചയവും ധ്യാനമന്ദിരവും ഓഡിറ്റോറിയവും ബുക്ക് സ്റ്റാളും ഭക്തജനങ്ങൾക്ക് താമസിക്കാനും ധ്യാനിക്കാനും ആവശ്യമായ സൗകര്യങ്ങളും ഇവിടെയുണ്ട്.

വിദ്യാഭ്യാസ രംഗത്ത് പള്ളിയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ഒരു സ്കൂൾ പള്ളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചു വരുന്നു. പുതുതായി സെന്റ് ജോർജ് ചർച്ച് സി. ബി. എസ്. ഇ. സ്കൂൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ മികവു പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പും സാമ്പത്തിക സഹായവും നൽകിവരുന്നു. താളംതെറ്റിയ മനസ്സുമായി ജീവിക്കുന്നവർക്ക് കുടുംബങ്ങൾക്ക് സുഗന്ധലേപനവുമായി ഇവിടെ സെന്റ് ജോർജ് കൗൺസലിങ് സെന്റർ പ്രവർത്തിച്ചു വരുന്നു.

ഇടവകയിൽ വിവിധ വാർഡുകളിലായി പ്രാർഥനാ യോഗങ്ങളും സൺഡേ സ്കൂളും പ്രവർത്തിച്ചു വരുന്നു. മർത്തമറിയം സമാജം, വനിതാസാമാജം, എം. ജി. ഒ. സി. എസ്. എം. എന്നിവയുടെ യൂണിറ്റുമുണ്ട്. അറുപതു വയസ്സു കഴിഞ്ഞവരുടെ സംഘടനയായ സെന്റ് ജോർജ് എൽഡേഴ്സ് ഫോറവും പുതുപ്പള്ളി പള്ളിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഒരു അഭയഭവനും വൃദ്ധസദനവും നടത്തുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഭവനരഹിതർക്കു വീട്, വനിതകൾക്കു വിവാഹ സഹായധനം, രോഗികൾക്കും ആലംബഹീനർക്കും പ്രത്യേക സഹായങ്ങൾ അങ്ങനെ ജീവകാരുണ്യപ്രവർത്തനങ്ങളിലും സ്തുത്യർഹമായി പള്ളി പങ്കു വഹിക്കുന്നുണ്ട്.

error: Thank you for visiting : www.ovsonline.in