OVS - Latest NewsOVS-Kerala News

ബഥനി ആശ്രമം ശതാബ്ദി നിറവിൽ;

കുന്നംകുളം ∙ ചരിത്രപ്രസിദ്ധമായ ഒട്ടേറെ ഇടപെടലുകളിലൂടെ നാടിനു മാതൃകയായി മാറിയ ബഥനി ആശ്രമം ശതാബ്ദിയുടെ നിറവിൽ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആദ്യ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായുള്ള ഒരു വർഷം നീളുന്ന പരിപാടികൾക്കു തുടക്കമായി. പഴയ സെമിനാരിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ നടത്തിയ ശതാബ്ദി പ്രഖ്യാപനത്തോടെയാണു നൂറാം വാർഷികാഘോഷത്തിനു തുടക്കമായത്. റാന്നി– പെരുനാട് മുണ്ടൻമലയിൽ 1918-ലാണു ബഥനി ആശ്രമം സ്ഥാപിക്കുന്നത്. ആശ്രമ സ്ഥാപകരിൽ ഏറ്റവും മുൻനിരയിൽനിന്നു പ്രവർത്തിച്ചതു മാർ ഇവാനിയോസ്, അലക്സിയോസ് ശെമ്മാശൻ എന്നിവരായിരുന്നു. ആശ്രമം സ്ഥാപിച്ചു രണ്ടു വർഷത്തിനു ശേഷം ഇതിന്‍റെ ആദ്യ ശാഖ കുന്നംകുളത്തു തുടങ്ങി.

1937-ൽ മേൽപട്ടം സ്വീകരിച്ച ഫാ.അലക്സിയോസ്, അലക്സിയോസ് മാർ തേവോദോസിയോസ് എന്ന പേരിൽ ബഥനി ആശ്രമത്തിന്‍റെ പ്രവർത്തനം ഇതര പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. നാട്ടുകാർ നൽകിയ സാമ്പത്തിക സഹായങ്ങൾ ഉപയോഗിച്ചു 9.55 ഏക്കർ ഭൂമി വാങ്ങിയാണു കുന്നംകുളത്തു തൃശൂർ റോഡിലുള്ള ശാഖ തുടങ്ങിയത്. ചെറിയ ചാപ്പലും ഓലമേഞ്ഞ പർണശാലയുമാണ് ആശ്രമത്തിന് ആദ്യം നിർമിച്ചത്. ഇപ്പോൾ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ, വെള്ളിത്തിരുത്തിയിലുള്ള ബ്ലൂമിങ് ബഡ്സ് സി.ബി.എസ്.ഇ സ്കൂൾ, കുറുക്കൻപാറയിലെ സെന്റ് മേരീസ് നഴ്സറി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ബഥനി ആശ്രമത്തിന് ഇൗ മേഖലയിലുണ്ട്.

‘ഹൃദയസ്പർശം’ സർവമത സമ്മേളനം പരിശുദ്ധ ബാവ തിരുമേനി ഉത്ഘാടനം ചെയ്തു

കുന്നംകുളം ∙ ശതാബ്ദിയുടെ ഭാഗമായി കുന്നംകുളം ശാഖയിൽ ‘ഹൃദയ സ്പർശം’ സർവമത സമ്മേളനം നടത്തി . നാളെ ഉച്ചയ്ക്കു രണ്ടിനു ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍റെ മതം എന്നത് മനുഷ്യത്വമായിരിയ്ക്കണമെന്നും ആ മനുഷ്യത്വം നഷ്ടപ്പെടുന്ന അവസരത്തിലാണ് സമൂഹം മലീമസപ്പെടുന്നതെന്നും ആ മാനവീകത തിരികെ കൊണ്ടുവരുന്നതിന് സർവ്വമത സൗഹാർദ്ദം അത്യാവശ്യമാണെന്നും പരിശുദ്ധ പിതാവ് ഉത്ബോധിപ്പിച്ചു. ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷത വഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഫാ.കെ.എം.ജോർജ് എന്നിവർ പ്രഭാഷണം നടത്തി.

സെമിനാറുകൾ, ശതാബ്ദി കൂട്ടായ്മകൾ, പത്തു കുടുംബങ്ങൾക്കു ഭൂമി– ഭവന സമർപ്പണം, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടത്തുമെന്നു മാനേജർ ഫാ.സോളമൻ, ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.പത്രോസ്, ഭദ്രാസന വൈദിക സംഘം സെക്രട്ടറി ടി.സി.ജേക്കബ്, അധ്യാപകനായ എം.രാംദാസ് എന്നിവർ അറിയിച്ചു.

https://ovsonline.in/articles/bethany-and-ivanios/

error: Thank you for visiting : www.ovsonline.in