മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം
ചോദ്യം: സഭാസമാധാനരംഗത്ത് വളരെ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ അച്ചന്‍. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെക്കുറിച്ച് എന്താണഭിപ്രായം?
ഉത്തരം: എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നന്നായി പഠിച്ചെഴുതിയ വിധിയാണ്. മലങ്കരസഭയുടെ ചരിത്രത്തെയും തനിമയെയും തിരിച്ചറിഞ്ഞ സുവ്യക്തമായ വിധിയുമാണ്. ഇരു കൂട്ടരും അതിന്‍റെ സന്ദേശം ഉള്‍ക്കൊണ്ട് നന്നായി പ്രതികരിച്ചാല്‍ വിശ്വാസികളുടെ തീരാദുഃഖവും സമൂഹത്തിന്‍റെ വലിയ നാണക്കേടും അവസാനിപ്പിക്കാന്‍ കഴിയും.
ചോദ്യം: ഇതിന്‍റെ അനന്തരഫലങ്ങള്‍ എന്താവാം?
ഉത്തരം: ഇന്ത്യയിലെ പരമോന്നത കോടതി ഒരു ക്രിസ്തീയ സഭയ്ക്ക് നല്‍കിയ വിധിന്യായമാണിത്. മുന്‍ സുപ്രീം കോടതിവിധികളിലെന്നപോലെ ജഡ്ജിമാരുടെ അന്തിമലക്ഷ്യം ഇതിനോട് ബന്ധപ്പെടുന്ന സമൂഹത്തില്‍ സമാധാനവും അനുരഞ്ജനവും ഉണ്ടാകണമെന്നാണ്. അതിനുള്ള സുശക്തമായ അടിസ്ഥാനം 1934-ലെ ഭരണഘടനയില്‍ നിന്നും മുന്‍ വിധികളില്‍ നിന്നും കോടതി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. നാം അതിനെ നല്ല മനസ്സോടെ സ്വീകരിച്ചാല്‍ സമാധാനം ഉണ്ടാകും. അത് സമൂഹത്തിന്‍റെ വിജയം. അതിനെ നിഷേധിക്കുകയോ വികലമാക്കുകയോ ചെയ്താല്‍ പിന്നെ ഒരിക്കലും തീരാത്ത അസമാധാനം ഫലം. എല്ലാവര്‍ക്കും പരാജയം.
ചോദ്യം: അപ്പോള്‍ ആര്‍ക്കാണ് വിജയം, ആര്‍ക്കാണ് പരാജയം എന്നു പറയാന്‍ പാടില്ലെന്നാണോ?
ഉത്തരം: ക്രിസ്തീയ സഭയെന്ന നിലയില്‍ വിജയപരാജയങ്ങളല്ല ഇവിടെ പ്രധാനം. പ്രശസ്തമായ ഒരു പുരാതന കുടുംബത്തിന്‍റെ ഭദ്രത വഴക്കു മൂലം നഷ്ടപ്പെട്ടു. രണ്ടു കൂട്ടരും കോടതിയെ സമീപിച്ചു. അത് വീണ്ടെടുക്കാനുള്ള നീതിനിഷ്ഠമായ നല്ല മാര്‍ഗ്ഗങ്ങള്‍ കോടതി നല്‍കിയിരിക്കുന്നു. പരമോന്നത കോടതിയുടെ തീരുമാനം എന്തായിരുന്നാലും അംഗീകരിക്കും എന്ന ധാരണയിലാണല്ലോ ഇരുകൂട്ടരും കേസിനു പോകുന്നത്. അതുകൊണ്ട് ഇരുകൂട്ടരും ഏറ്റവും നന്നായി അത് ഉപയോഗിച്ച് സഭാകുടുംബത്തിന്‍റെ ഐക്യവും ക്രിസ്തീയ സാക്ഷ്യവും വീണ്ടെടുക്കണം. ജയിച്ചാല്‍ നാം ഒന്നിച്ച്. തോറ്റാലും നാമൊന്നിച്ച്.
ചോദ്യം: മുന്‍ പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവായുമായും ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് അപ്രേം ബാവായുമായും അച്ചന് നല്ല സ്നേഹബന്ധമാണെന്ന് കേട്ടിട്ടുണ്ട്. അവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ?
ഉത്തരം: തീര്‍ച്ചയായും. സഖാ പ്രഥമന്‍ ബാവായെ നേരില്‍ കാണുമ്പോഴും എഴുത്തുകളിലൂടെയും മലങ്കരസഭയുടെ ഐക്യത്തെക്കുറിച്ച് എപ്പോഴും പറഞ്ഞിട്ടുണ്ട്. ഓരോ പ്രാവശ്യവും മറുപടി പറയും: ‘നിങ്ങളവിടെ ഒന്നായാല്‍ ഞാന്‍ അക്കൂടെ എപ്പോഴും നില്‍ക്കും.’ എന്നാല്‍ തെറ്റായ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങി പ്രവൃത്തിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറയുകയും എഴുതികൊടുക്കുകയും ചെയ്ത ഒരു സംഗതി, മലങ്കരസഭ ഒരുമിച്ച് ഒരിക്കല്‍ സ്വീകരിച്ചിരുന്ന കാനോനിക കാതോലിക്കേറ്റിന്‍റെകൂടെ നില്‍ക്കുകയാണ് ആത്യന്തികമായി പാത്രിയര്‍ക്കേറ്റിന് വിജയം എന്നാണ്. ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവായുമായും ദീര്‍ഘകാലമായി വ്യക്തിപരമായ സ്നേഹബന്ധമുണ്ട്. അദ്ദേഹം ഇന്ത്യയില്‍ വന്നപ്പോള്‍ ആദ്യമൊക്കെ സമാധാനത്തെക്കുറിച്ച് വളരെ നന്നായി പറഞ്ഞത് എല്ലാവരും ഓര്‍ക്കുന്നുണ്ട്. അര്‍മീനിയയില്‍ വച്ച് പരിശുദ്ധ മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായെ കണ്ടപ്പോള്‍ വളരെ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹം നമ്മുടെ കാതോലിക്കാ ബാവായ്ക്ക് നല്‍കിയത്. അവിടെ ഉണ്ടായിരുന്ന മറ്റ് ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്മാരൊക്കെ അതിന് സാക്ഷികളാണ്.
ചോദ്യം: അദ്ദേഹം വിധിയുടെ വെളിച്ചത്തില്‍ സമാധാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ?
ഉത്തരം: എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കാരണം അദ്ദേഹം മലങ്കരസഭയിലെ പ്രശ്നം നന്നായി അറിയാവുന്ന ആളും താരതമ്യേന ചെറുപ്പവുമാണ്. സിറിയയിലെയും ഇറാക്കിലെയും സുറിയാനി സഭയ്ക്കുണ്ടായ മഹാദുരന്തവും അദ്ദേഹത്തിന്‍റെ സഭയില്‍ ഈയിടെ ഉണ്ടായ ഗൗരവതരമായ ആഭ്യന്തരപ്രശ്നങ്ങളും ഇവിടുത്തെ ‘യാക്കോബായ’ നേതൃത്വവുമായുള്ള രസക്കേടും ഒക്കെ അദ്ദേഹത്തെ ഭാരപ്പെടുത്തുന്നുണ്ട്. മലങ്കരയില്‍ സമാധാനമുണ്ടാക്കരുത് എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ചില നേതാക്കന്മാരും ഇവിടെ ഉണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച്, മലങ്കരസഭയും അന്ത്യോഖ്യാ പേട്രിയര്‍ക്കേറ്റുമായി കാനോനികവും ക്രിസ്തീയവുമായ ബന്ധം പുനഃസ്ഥാപിക്കാന്‍ അദ്ദേഹം ധൈര്യപ്പെടും എന്നാണ് എന്‍റെ ആശയും പ്രാര്‍ത്ഥനയും.
ചോദ്യം: മലങ്കരസഭയില്‍ സമാധാനത്തിന് എതിരായി നില്‍ക്കുന്നത് ശ്രേഷ്ഠബാവാ ആണെന്ന് എല്ലാവരും പറയുന്നു. അച്ചന്‍റെ അഭിപ്രായമെന്താണ്?
ഉത്തരം: വ്യക്തികളെക്കുറിച്ച് പറയാന്‍ എനിക്ക് താല്‍പ്പര്യമില്ല. എങ്കിലും ചിലപ്പോള്‍ പറയേണ്ടി വരുമല്ലോ. അദ്ദേഹം അസാമാന്യമായ സംഘടനാശേഷിയുള്ള ആളാണ്. സര്‍വ്വതന്ത്ര സ്വതന്ത്രനായിട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. രാഷ്ട്രീയത്തിലായിരുന്നെങ്കില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടേനെ. പക്ഷെ അവിടെ ഭരണഘടന പാര്‍ലമെന്‍റ്, പാര്‍ട്ടി, പ്രതിപക്ഷം, ഇലക്ഷന്‍ കമ്മീഷന്‍, കോടതി തുടങ്ങിയ സംഗതികള്‍ ഉണ്ടാകും. ഏത് തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെയും ഇവ നിയന്ത്രിക്കും. ഇപ്പോള്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ അങ്ങനെ പരിമിതികളൊന്നുമില്ല. എന്നാല്‍ ക്രിസ്തീയ സഭയുടെ സ്വഭാവം, മലങ്കര സഭയുടെ ഭാവി, വിശ്വാസികളുടെ ഐക്യം, ക്രിസ്തീയ സഭയുടെ സാക്ഷ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനദ്ദേഹത്തിനും നമുക്കെല്ലാവര്‍ക്കും കുറെ സമയവും സാവകാശവും കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് ചിന്തിക്കുന്ന നല്ല മനുഷ്യരുണ്ട്.
ചോദ്യം: അദ്ദേഹത്തിന് സമാധാനകാര്യത്തില്‍ താല്‍പ്പര്യമില്ലെന്നാണോ അച്ചന്‍ പറയുന്നത്?
ഉത്തരം: അദ്ദേഹത്തിന്‍റെ നേതൃപാടവം തര്‍ക്കമറ്റ സംഗതിയാണ്. എങ്ങോട്ടാണ് വിശ്വാസികളെ നയിക്കുന്നത് എന്ന ചോദ്യം മാത്രമേയുള്ളു. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംഘര്‍ഷവും നിലനിര്‍ത്തിയെങ്കിലേ ചിലര്‍ക്ക് നേതാക്കളായി നിലനില്‍ക്കാനാവൂ. എ.ഡി. 2000-ല്‍ അദ്ദേഹം രണ്ടു പ്രാവശ്യം എന്നെ അദ്ദേഹത്തിന്‍റെ വാസസ്ഥലങ്ങളായ കോതമംഗലത്തും പുത്തന്‍കുരിശിലും ക്ഷണിക്കുകയും അത്യൂഷ്മളമായി സ്വീകരിക്കുകയും സഭയുടെ സമാധാനത്തെക്കുറിച്ച് എന്‍റെ അടുത്തു നിന്ന് കരഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഞാനോര്‍മ്മിക്കുന്നു. അന്ന് മലങ്കരസഭയുടെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും സെമിനാരിയുടെ പ്രിന്‍സിപ്പാളും ഒക്കെ ആയിരുന്നതുകൊണ്ട് ആയിരിക്കാം എന്നെ അദ്ദേഹം വിളിച്ചതും സംസാരിച്ചതും. അദ്ദേഹം സഭൈക്യത്തിനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചപ്പോള്‍ എന്‍റെ കണ്ണുകളും നിറഞ്ഞത് ഓര്‍ക്കുന്നു. എങ്കിലും അധികം താമസിയാതെ എനിക്ക് മനസ്സിലായി അദ്ദേഹം രഹസ്യമായി ആസൂത്രണം ചെയ്തുകൊണ്ടുവരുന്ന ചില കാര്യങ്ങളുടെ പശ്ചാത്തല പഠനത്തിന്‍റെ ഭാഗമായിട്ടാണ് എന്നെ വിളിച്ചതെന്ന്.
ചോദ്യം: അദ്ദേഹം ഉണ്ടാക്കിയ ഭരണഘടന അസാധുവും സുപ്രീം കോടതി വിധിയെ മറികടക്കാനും വേണ്ടി ആണെന്നാണല്ലോ കോടതി പറയുന്നത്?
ഉത്തരം: അത് സാമാന്യബുദ്ധിയില്‍ പോലും നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമാണല്ലോ. ഇരുകൂട്ടരും അംഗീകരിക്കുകയും മലങ്കരസഭയിലുണ്ടായ ചരിത്രപരമായ ഐക്യത്തിന് അടിസ്ഥാനമായിത്തീരുകയും ചെയ്ത പൊതുഭരണഘടന സമ്മതിച്ച്, സ്വീകരിച്ച് എഴുതികൊടുക്കുകയും മറ്റും ചെയ്തയാള്‍ പെട്ടെന്ന് ഒരു ഭരണഘടനയും മറ്റും സൃഷ്ടിച്ചാല്‍ അതെന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സമൂഹത്തിന്‍റെ പൊതുനന്മയും, സമുന്നതമായ ക്ഷേമവും ഉത്തമമായ ധാര്‍മ്മിക തത്വങ്ങളും കണക്കിലെടുത്താണ് ഒരു നല്ല ഭരണഘടന ഉണ്ടാകുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും അക്രമം പ്രോത്സാഹിപ്പിക്കാനും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നിറവേറ്റാനുംവേണ്ടി ഉണ്ടാക്കുന്നതല്ല ഭരണഘടന. 1934-ലെ ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉത്തമങ്ങളായതുകൊണ്ടാണല്ലോ 1958-ലും 1995-ലും 2017-ലും ഇന്ത്യയുടെ പരമോന്നത കോടതി ആ ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.
ചോദ്യം: ഇന്ത്യന്‍ ഭരണഘടനയ്ക്കപ്പുറത്തല്ല സഭയുടെ ഭരണഘടന. അതുകൊണ്ട് സഭാഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതയില്ലെന്ന് ചില നേതാക്കന്മാര്‍ പറയുന്നുണ്ടല്ലോ?
ഉത്തരം: നിയമത്തെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അറിവുള്ള ആരും അങ്ങനെ പറയാന്‍ ഇടയില്ല. ഇന്ത്യയുടെ ഭരണഘടനയെ കാലോചിതമായും സന്ദര്‍ഭോചിതമായും വ്യാഖ്യാനിക്കാനുള്ള ചുമതലയാണ് സുപ്രീംകോടതിക്കുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഒക്കെ ഭരണഘടന വിലയിരുത്തുന്നത്. പൊതുനന്മയും സാമൂഹ്യ അനുരഞ്ജനവും ലക്ഷ്യമാക്കി സുപ്രീംകോടതി നല്‍കുന്ന വിധിയെ ചോദ്യം ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയെയും ജുഡീഷ്യറിയെയും അവഹേളിക്കലാണ്. വിധിയെ എങ്ങനെ മറികടക്കാമെന്നല്ല, ക്രിസ്തീയവും ക്രിയാത്മകവുമായി അതിനെ എങ്ങിനെ ഉപയോഗിക്കാം എന്നാണ് നോക്കേണ്ടത്.
ചോദ്യം: സമാധാനത്തിനിരുഭാഗവും ചെയ്യേണ്ടത് എന്താണ് എന്നു പറയാമോ?
ഉത്തരം: പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ചില നേതാക്കള്‍ കോടതിവിധിയെ അതിന്‍റെ നല്ല അര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യുന്നതായി പത്രവാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. ഇരുഭാഗത്തും ഉള്ള വിശ്വാസികളായ ജനങ്ങള്‍ എപ്പോഴും സമാധാനത്തിലും അനുരഞ്ജനത്തിലും സന്തോഷിക്കുന്നവരാണ്. അവരില്‍ നിന്ന് ചിലരെ തീവ്രവാദികളാക്കി മാറ്റാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യവശാല്‍ ചില മേല്പട്ടക്കാരാണ്. ഇത് മഹാ അപരാധമാണ്. അതുകൊണ്ട് എന്‍റെ എളിയ അഭിപ്രായത്തില്‍ ഇരുഭാഗത്തുമുള്ള നേതാക്കള്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയ്ക്ക് ഒരുമിച്ച് വരണം. അവരുടെ പ്രസ്താവനകളിലോ പ്രസംഗങ്ങളിലോ തീവ്രവാദത്തിന്‍റെയോ അവഹേളനത്തിന്‍റെയോ ഭാഷ ഉണ്ടാകരുത്. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ കോടതി തന്നെ ആഗ്രഹിക്കുന്നതുപോലെ ക്രിസ്തുവിന്‍റെ സഭയാണിതെന്ന് വിചാരിച്ചുകൊണ്ട് പെരുമാറണം. ചില വൈദികരും മെത്രാന്മാരുമൊക്കെ ചെയ്യുന്ന പ്രസംഗങ്ങളും ഉപയോഗിക്കുന്ന വാക്കുകളും പലരെയും ആഴമായി മുറിപ്പെടുത്തുന്നുണ്ട്. ഇത് ക്രിസ്തീയമോ മനുഷ്യത്വത്തിന് യോജിച്ചതോ അല്ല.
ചോദ്യം: പാത്രിയര്‍ക്കീസിനും മറ്റും എന്താണിതില്‍ സ്ഥാനം ഉള്ളത്?
ഉത്തരം: സഖാ പ്രഥമന്‍ ബാവാ പറഞ്ഞതുപോലെ മലങ്കരയില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടായി നിന്നാല്‍ പാത്രിയര്‍ക്കീസ് ബാവാമാര്‍ക്ക് അക്കൂടെ സമാധാനപ്രേമികളായി നില്‍ക്കാനേ തരമുള്ളു. കഴിഞ്ഞ കാലങ്ങളില്‍ ചില പാത്രിയര്‍ക്കീസുമാര്‍ക്ക് മലങ്കരയില്‍ അധികാരമോഹമുണ്ടായതുകൊണ്ടാണല്ലോ പ്രശ്നങ്ങള്‍ ആദ്യം ഉടലെടുത്തത്. ഇനി അങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് നമ്മള്‍ ഭയപ്പെടേണ്ട. കാരണം, ഇന്ത്യാഗവണ്മെന്‍റും സുപ്രീംകോടതിയും പൊതുസമൂഹവും ഭാരതീയമായ സഭയെക്കുറിച്ചാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും തരത്തില്‍ വൈദേശികമായ അധികാരകേന്ദ്രങ്ങളോ സമാന്തര ഭരണസംവിധാനമോ ഒന്നും ഇന്ത്യന്‍ സമൂഹങ്ങളില്‍ ഉണ്ടാകുന്നതിനെ അവര്‍ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അറിയാം പഴയ വിധികളും പുതിയ വിധിയും അനുസരിച്ച് മലങ്കരയില്‍ വന്ന്, ഇവിടത്തെ നിയമത്തിനതീതമായി, ഇവിടെ സമാന്തര ഭരണസംവിധാനമുണ്ടാക്കാന്‍ കഴിയുകയില്ല എന്ന്. അതേസമയം മലങ്കരസഭ ഒരുമിച്ചു നിന്നാല്‍ പാത്രിയര്‍ക്കീസിനെ ആത്മീയ പിതാവായി സ്വീകരിക്കുന്നതിനും ഉചിതമായി ബഹുമാനിക്കുന്നതിനും എല്ലാവിധ ഭരണഘടനാ സംവിധാനവുമുണ്ട്. വിധിയെക്കുറിച്ചും അതിന്‍റെ നല്ല സാധ്യതകളെക്കുറിച്ചും മലങ്കരസഭ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവായെ അറിയിക്കുകയും സമാധാനത്തിനായി അദ്ദേഹത്തിന്‍റെ സഹകരണം പ്രതീക്ഷിക്കയും ചെയ്യണം.
ചോദ്യം: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണല്ലോ ശ്രേഷ്ഠബാവാ സാധാരണജനങ്ങളെ ആവേശം കൊള്ളിക്കുന്നത്. അതൊരു വലിയ ഘടകമല്ലേ?
ഉത്തരം: തീര്‍ച്ചയായും പാത്രിയര്‍ക്കാ സിംഹാസനത്തോട് ഭക്തിയും സ്നേഹവും കാണിക്കുന്ന ജനങ്ങളുടെ നിലപാടിനെ നാം ആദരിക്കണം. എന്നാല്‍ ശ്രേഷ്ഠബാവാ അദ്ദേഹത്തിന്‍റെ സ്വന്തം അജണ്ട നടപ്പിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യമാണിത് എന്നാണ് പലരും പറയുന്നത്. പുതുതായി ചുമതലയേറ്റ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അപ്രേം ബാവാ ഇന്ത്യയില്‍ വരാനൊരുങ്ങിയപ്പോള്‍ ശ്രേഷ്ഠബാവാ അതിനെ എതിര്‍ക്കുകയും, അതറിഞ്ഞ് പാത്രിയര്‍ക്കീസ് നിരാശനായി യാത്ര റദ്ദാക്കുകയും പിന്നീട് ഇന്ത്യയില്‍ നിന്ന് ഒരുന്നത ഡലിഗേഷന്‍ പോയി അദ്ദേഹത്തെ സമ്മതിപ്പിച്ച് ഇവിടെ കൊണ്ടുവന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എനിക്കിപ്പോഴും ഇത് മനസ്സിലായിട്ടില്ല. അന്ത്യോഖ്യാ സിംഹാസനം എന്ന് എപ്പോഴും പറയുകയും ആ പേരില്‍ പാവപ്പെട്ട ജനങ്ങളെ തെരുവിലിറക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും, പാത്രിയര്‍ക്കീസ് ബാവാ ഇവിടെ വരേണ്ട എന്ന്.
ചോദ്യം: സഭയില്‍ സമാധാനമുണ്ടാകുന്നു എന്ന് സങ്കല്‍പിച്ചാല്‍ ഇത്രയേറെ മെത്രാന്മാരെ എന്തുചെയ്യും?
ഉത്തരം: ഇത് ഒരു വലിയ കീറാമുട്ടിയാണ്. പുരാതന സഭയുടെ പൊതു ചരിത്രം നോക്കിയാല്‍ സഭയില്‍ ഭിന്നത ഉണ്ടാക്കാന്‍ മിക്കവാറും നേതൃത്വം കൊടുക്കുന്നതും അത് നിലനിര്‍ത്തുന്നതും നിര്‍ഭാഗ്യവശാല്‍ മേല്‍പട്ടക്കാരാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ കാനോനികവും ലൗകികവുമായ എല്ലാ നിയമങ്ങളും അനുസരിച്ച് മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുത്ത മേല്പട്ടക്കാരാണ് ഉള്ളത്. എങ്കില്‍പ്പോലും അവരുടെ എണ്ണം ഇത്തിരി കൂടിപ്പോയി എന്നു പരിതപിക്കുന്ന ധാരാളം വിശ്വാസികള്‍ ഉണ്ട്. അപ്പോള്‍ അതിലേറെ എണ്ണമുള്ള ഒരു മേല്പട്ടസംഘം കൂടിയാവുമ്പോള്‍ വിശ്വാസികള്‍ക്ക് താങ്ങാനാവാത്ത ഭാരമായിരിക്കും. ഇപ്പോള്‍തന്നെ രൂക്ഷമായിരിക്കുന്ന എപ്പിസ്കോപ്പല്‍ അണ്‍എംപ്ലോയ്മെന്‍റ് ഇനിയും കൂടും. അതുകൊണ്ട് സമാധാനത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തുകയും ഇരുഭാഗത്തെ ജനങ്ങളും അവരെ നയിക്കുന്ന വൈദികരും ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താല്‍ അവരുടെ ഉന്നത ഇടയന്മാരെ എന്തു ചെയ്യണം എന്ന് അവര്‍ക്ക് തീരുമാനിക്കാനാകും. പുതിയൊരു ഐക്യസംവിധാനത്തില്‍ ജനങ്ങളെയും അവരുടെ യോഗ്യരായ വൈദികരെയും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനം. മെത്രാന്മാരുടെ കാര്യത്തിനൊക്കെ സന്ദര്‍ഭം വരുമ്പോള്‍ പരിഹാരങ്ങള്‍ ഉരുത്തിരിയും. മെത്രാന്മാരുടെ എണ്ണം കുറഞ്ഞതുകൊണ്ട് സഭ സഭയല്ലാതാകയില്ല.
ചോദ്യം: കേരളത്തിലും മറ്റുമുള്ള ഇതരസഭകള്‍ ഇപ്പോള്‍ മദ്ധ്യസ്ഥം വഹിക്കാന്‍ തയ്യാറായി വരുന്നുണ്ടോ?
ഉത്തരം: എന്‍റെ അറിവില്‍ ഒന്നുമില്ല. വാസ്തവത്തില്‍ ഇപ്പോഴാണ് നല്ല മദ്ധ്യസ്ഥന്മാര്‍ രംഗത്തു വരേണ്ടത്. സഭാവഴക്കും പരസ്യമായ അടിപിടികളും ഇനിമേല്‍ ഉണ്ടാകാതെവണ്ണം സുഭദ്രമായ ഒരു വിധി സുപ്രീംകോടതി നല്‍കിയിരിക്കെ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ അവര്‍ക്ക് നല്ല അടിസ്ഥാനമുണ്ട്. എന്നാല്‍ മലങ്കരസഭയുടെ സമാധാനത്തിലും ഐക്യത്തിലും സന്തോഷിക്കുന്നവര്‍ കൂടിയായിരിക്കണം മദ്ധ്യസ്ഥന്മാരും.
ചോദ്യം: ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളില്‍ ക്രിസ്തീയ സഭയുടെ ഭാവിയുമായി ഈ കാര്യങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്താം?
ഉത്തരം: സുപ്രധാനമായ ഒരു ചോദ്യമാണിത്. ഇന്ത്യയില്‍ വെറും രണ്ടുരണ്ടര ശതമാനമുള്ള ക്രിസ്ത്യാനികളില്‍ ഒരു നിസ്സാര സംഖ്യയേ ആകുന്നുള്ളു ഇരുകൂട്ടരും ചേര്‍ന്നുള്ള മലങ്കര സുറിയാനിക്കാര്‍. വൈദേശികമായ പോര്‍ച്ചുഗീസ് ശക്തിക്കും റോമന്‍ ആധിപത്യത്തിനും ഇംഗ്ലീഷ് മിഷനറി അധിനിവേശത്തിനും എതിരെ പിടിച്ചുനിന്ന സമൂഹമാണിത്. നമുക്കു കൂടെയുണ്ടായിരുന്ന ഒത്തിരിയേറെ ജനങ്ങള്‍ ഈ മൂന്ന് സ്വാധീനങ്ങള്‍ക്കും വീനീതവിധേയരായി പുരാതന ഇന്ത്യന്‍ സഭയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ മലങ്കരസഭ പ്രകടിപ്പിച്ച സ്വാതന്ത്ര്യവും, തനിമയും നാം ഒരിക്കലും വിസ്മരിക്കരുത്. റോമിന്‍റെയും മറ്റ് വൈദേശിക കേന്ദ്രങ്ങളുടെയും വിധേയത്വത്തിലേക്ക് പോയവര്‍ ഇപ്പോള്‍ കുറെ ദശകങ്ങളായി ഇന്ത്യന്‍ സഭയുടെ തനിമ എന്താണെന്ന് ഗാഢമായി അന്വേഷിക്കുകയാണ്. അങ്ങനെ ഒരു തിരിച്ചുവരവിന്‍റെ പാതയിലുള്ള സഹോദരങ്ങളുമായി ചേര്‍ന്ന് പൗരസ്ത്യവും ഭാരതീയവും സത്യവിശ്വാസത്തിലധിഷ്ഠിതവുമായ ഏക സഭാശരീരമായി നാം തീരണം (ഇതേക്കുറിച്ച് പല ലേഖനങ്ങളിലും സൂചിപ്പിക്കാന്‍ ഇടയായിട്ടുണ്ട്). എങ്കില്‍ മാത്രമേ എന്തെങ്കിലും ക്രിസ്തീയ സാക്ഷ്യം നമ്മുടെ ഈ ഭാരതത്തില്‍ ഫലപ്രദമായി നമുക്കുപയോഗിക്കാന്‍ ആകൂ. ‘വിശ്വാസികളുടെ സഭ’ എന്നൊക്കെയുള്ള പേരില്‍ അമേരിക്കന്‍ പണത്തെയും മറ്റും ആശ്രയിച്ച് ഉയര്‍ന്നുവരുന്ന പുത്തന്‍ സഭകളെയും അവയുടെ നേതാക്കളെയും വളരെ സൂക്ഷിക്കണം. ഇപ്പോള്‍തന്നെ, പണവും സ്ഥാനവും കൊതിക്കുന്ന ചില സ്ഥാനികളെയൊക്കെ അവര്‍ വലയിലാക്കിക്കഴിഞ്ഞു. ഇന്‍ഡ്യയില്‍ ക്രിസ്തീയതയുടെ നാശത്തിന് ഇത് വഴിയൊരുക്കും.
ചോദ്യം: ഐക്യം അസാധ്യമെന്നറിഞ്ഞിട്ടും, സഭയുടെ ഐക്യത്തിനുവേണ്ടി വാദിക്കുന്ന അച്ചന്‍ സ്വപ്നജീവിയാണെന്ന് ചിലര്‍ ആരോപിക്കാറുണ്ടല്ലോ?
ഉത്തരം: ശരിയാണ്. “നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണു” മെന്നാണ് യോവേല്‍ പ്രവാചകന്‍ പറയുന്നത് (2:28). പെന്തിക്കോസ്തി നാളില്‍ ശ്ലീഹന്മാരുടെമേല്‍ പരിശുദ്ധാത്മാവ് ആവസിച്ചപ്പോള്‍ പത്രോസ് ശ്ലീഹാ ഉദ്ധരിച്ചത് ഈ പ്രവചനമാണ് (അപ്പോ. പ്രവൃത്തി 2:17). അതുകൊണ്ട് ദൈവം കരുണ ചെയ്താല്‍ നമ്മുടെ സഹകരണമുണ്ടെങ്കില്‍ നമ്മുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം. വൈദിക സെമിനാരിയില്‍ പത്തുമുപ്പതു വര്‍ഷം പ്രവര്‍ത്തിക്കുകയും മറ്റും ചെയ്തപ്പോള്‍ ഒരിക്കല്‍പോലും വിദ്യാര്‍ത്ഥികളെ കക്ഷിപരമായി വാശിപിടിപ്പിക്കുകയോ അത്തരം ഉദ്യമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല എന്ന് തെളിഞ്ഞ മനസ്സാക്ഷിയോടെ പറയാന്‍ കഴിയും. വിശുദ്ധ കുര്‍ബാനയില്‍ സഭാനേതാക്കന്മാരെ ഓര്‍ക്കുന്ന ഭാഗത്ത് പരിശുദ്ധ കാതോലിക്കാ ബാവായെയും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെയും ഇരുസഭകളെയും ഓര്‍ക്കാറുണ്ട്. ശ്രേഷ്ഠബാവായുടെ നയങ്ങളെയും പ്രവര്‍ത്തനശൈലിയെയും ഒട്ടുംതന്നെ അംഗീകരിക്കുന്നില്ല എങ്കിലും അദ്ദേഹത്തെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നുണ്ടെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്നാണല്ലോ തിരുവചനം പഠിപ്പിക്കുന്നത്.
ചോദ്യം: ‘പിളരുന്തോറും വളരും, വളരുന്തോറും പിളരും’ എന്ന മൊഴിയനുസരിച്ച്, മലങ്കരസഭ രണ്ടോ നാലോ ആയി പിളര്‍ന്നാല്‍ അത്രയും വളര്‍ച്ച ഉണ്ടാവുകയില്ലേ?
ഉത്തരം: അത് നമ്മുടെ കേരള കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമാണല്ലോ. ഇപ്പോള്‍ അവര്‍ എവിടെ എത്തിനില്‍ക്കുന്നു എന്നന്വേഷിക്കാവുന്നതാണ്. ക്രിസ്തീയ സഭയെക്കുറിച്ച്, ക്രിസ്തുവിന്‍റെ ഏകശരീരം എന്നാണല്ലോ പൗലോസ് ശ്ലീഹായും മറ്റും പഠിപ്പിക്കുന്നത്. ഒത്തിരിയേറെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സഭയ്ക്കു കഴിയും. പ്രാദേശിക സഭകള്‍ എല്ലാം തന്നെ അതാതിന്‍റെ ഭാഷയും സംസ്കാരവും ഭരണവ്യവസ്ഥയും നിലനിര്‍ത്തുന്നു. എന്നാല്‍ സ്നേഹത്തിലും കൂദാശകളുടെ സംസര്‍ഗ്ഗത്തിലും ക്രിസ്തുവിന്‍റെ ഏകശരീരവുമാണ്. ഓര്‍ത്തഡോക്സ് പാരമ്പര്യമനുസരിച്ച് സഭകളെല്ലാം തദ്ദേശീയമായി സംഘടിപ്പിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്നു. തദ്ദേശീയ സഭകള്‍ (local churches) തമ്മില്‍ ക്രിസ്തുവിലുള്ള ഏക വിശ്വാസവും കൗദാശികബന്ധവും സ്നേഹസഹകരണങ്ങളുമാണ് സാര്‍വ്വത്രിക സഭ എന്ന ആശയത്തെ സൃഷ്ടിക്കുന്നത്. നമ്മള്‍ ഇവിടെ ചെയ്യുന്നതുപോലെ പള്ളികളിലും തെരുവിലും അടിച്ചും രക്തം ചൊരിഞ്ഞും സെമിത്തേരിയില്‍ ശവം വച്ച് വിലപേശിയുമൊന്നുമല്ല പിളരേണ്ടതും വളരേണ്ടതും.
ചോദ്യം: അപ്പോള്‍ രാഷ്ട്രീയ മാതൃക സഭയ്ക്ക് സ്വീകാര്യമല്ല എന്നാണോ അച്ചന്‍ പറയുന്നത്?
ഉത്തരം: നല്ല രാഷ്ട്രീയത്തില്‍ പോലും ഇങ്ങനെയൊരു മാതൃകയില്ല. അടുത്ത കാലത്ത്, രണ്ട് പ്രഗല്‍ഭ കമ്യൂണിസ്റ്റ് നേതാക്കള്‍ – സി.പി.എമ്മിലെ എം. എ. ബേബിയും സി.പി.ഐ. യിലെ പന്ന്യന്‍ രവീന്ദ്രനും – പരസ്യമായി പറഞ്ഞതോര്‍ക്കുന്നുണ്ടോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍ച്ച അപ്രസക്തമായി എന്നും, വീണ്ടും രണ്ടു ഭാഗവും ഒന്നാകണമെന്നും. എനിക്ക് അത്ഭുതം, നല്ല വിവരമുള്ള ഈ രണ്ടു നേതാക്കളും തുടങ്ങിവച്ച ഒരു പരസ്യചര്‍ച്ച പെട്ടെന്ന് മുങ്ങിപ്പോയി എന്നതാണ്. ആരാണ് അത് മുക്കിയത്? എന്തുകൊണ്ടാണ്? ആര്‍ക്കറിയാം. ഇതാ ഇന്നു രാവിലെ പത്രത്തില്‍ വായിച്ചു, സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞിരിക്കുന്നു ഇരുപാര്‍ട്ടികളും തമ്മില്‍ ലയിക്കണമെന്ന്. 1964-ലെ പിളര്‍പ്പ് ഇന്ന് അപ്രസക്തമായെന്നും, ഈ പാര്‍ട്ടികള്‍ രണ്ടും തളരുകയായിരുന്നു എന്നും. ഒരേ ജോലികള്‍ ചെയ്ത് രണ്ടു പാര്‍ട്ടികള്‍ പകര്‍പ്പുകളായി മാറേണ്ട എന്നും. ഞാന്‍ കമ്യൂണിസ്റ്റുകാരനല്ല, എങ്കിലും എനിക്ക് വളരെ സന്തോഷമുണ്ടായി ഇതൊക്കെ കേട്ടപ്പോള്‍. കാരണം, വലതുപക്ഷ തീവ്രവാദത്തിന് തടയിടാനും സാമൂഹ്യസമത്വത്തിനുവേണ്ടി പുരോഗമനപരമായ നടപടികള്‍ എടുക്കാനും കമ്യൂണിസ്റ്റ് ഐക്യത്തിന് സാധിക്കുമെന്നാണ് എന്‍റെ എളിയ വിശ്വാസം. ഇത്രയും ബോധം എന്തുകൊണ്ടാണ് മലങ്കരസഭയില്‍ പിളര്‍പ്പ് ഉണ്ടാക്കണം എന്ന് പറയുന്ന ദൈവദാസന്മാരായ നേതാക്കള്‍ക്കില്ലാത്തത്? പിളരുന്തോറും തളരുന്ന സഭയാണോ നമുക്കു വേണ്ടത്? ഒരു കാര്യം പറയാം. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍, സാധാരണ സഖാക്കള്‍ക്ക് ഒരിക്കലും മനസ്സിലായിട്ടില്ല, എന്തിനാണ് നേതാക്കള്‍ അവരെ പിളര്‍ത്തിയതെന്ന്. മലങ്കരസഭയിലെ സാധാരണ വിശ്വാസികള്‍ക്ക് ഒരിക്കലും മനസ്സിലായിട്ടില്ല എന്തിനാണ് ചില നേതാക്കള്‍ അവരോട് പിളര്‍പ്പിന്‍റെ സുവിശേഷം പറയുന്നതെന്ന്? എങ്കിലും അവര്‍ പാവം കുഞ്ഞാടുകള്‍. ഇടയന്മാരെ വിശ്വസിക്കുന്നു, അനുധാവനം ചെയ്യുന്നു, അറുപ്പാനുള്ള ആടുകളെപ്പോലെ!
ചോദ്യം: മലങ്കരയില്‍ സമാധാനത്തിനും ഐക്യത്തിനും വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നത് യാക്കോബായ വിഭാഗം ആണെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ടല്ലോ?
ഉത്തരം: ചരിത്രവസ്തുതകള്‍ നന്നായി പഠിച്ചാണ് കോടതി അങ്ങനെ പറഞ്ഞത്. എന്‍റെ ഒരു ചെറിയ അനുഭവം പറയാം. 1995-ലെ വിധി കഴിഞ്ഞ്, ഇരു കൂട്ടരും സമ്മതിച്ച്, സുപ്രീംകോടതി നിശ്ചയിച്ച ജസ്റ്റീസ് മളിമഠിന്‍റെ നിരീക്ഷണത്തില്‍ മലങ്കര അസോസ്യേഷന്‍ നടത്താന്‍ തീരുമാനിച്ചല്ലോ. അതിന്‍റെ അജണ്ടാ നിശ്ചയിക്കാന്‍, നാട്ടകത്ത് സര്‍ക്കാര്‍ ബംഗ്ലാവില്‍ വച്ച് ജസ്റ്റീസ് മളിമഠ് ഇരുഭാഗക്കാരേയും വിളിച്ചു. പാത്രിയര്‍ക്കീസ് ഭാഗത്തുനിന്ന് ഒരു നല്ല ഡലിഗേഷന്‍ വന്നു. ദേവലോകത്തുനിന്ന് പോയ സംഘത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. ഹൃദയം നിറഞ്ഞ പ്രത്യാശയോടെയാണ് അവിടെ ചെന്നത്. മളിമഠ് ജഡ്ജിക്കും വലിയ സന്തോഷം. ചരിത്രപരമായ ഒരു വലിയ സംഭവം നടക്കാന്‍ പോകുന്നു. വര്‍ഷങ്ങളോളം വഴക്കടിച്ച ഒരു സഭ വീണ്ടും ഒന്നാകാന്‍ പോകുന്നു. അതിന്‍റെ സാക്ഷിയും നിയമകാര്‍മ്മികനുമാകാന്‍ നിയുക്തനായ നല്ലവനായ ആ ഹിന്ദു ന്യായാധിപന് വലിയ ആഹ്ലാദവും അഭിമാനവും.
അജണ്ടാ ചര്‍ച്ച തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്….. ഒന്നൊന്നായി ഇരുഭാഗവും സമ്മതിച്ച് രേഖപ്പെടുത്തി. അങ്ങനെ പകുതിയായപ്പോള്‍, പെട്ടെന്ന് പാത്രിയര്‍ക്കാ ഭാഗത്തെ ചില നേതാക്കള്‍ക്ക് ഉള്‍വിളി. അവര്‍ പറഞ്ഞു, ഞങ്ങളുടെ നേതാവിനോട് (ദൂരെയിരിക്കുന്ന മാര്‍ ദീവന്നാസ്യോസ്) ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്; പത്തു മിനിട്ടു തരണം. സമ്മതിച്ചു. പത്ത് മിനിട്ട് ഇരുപതായി, ഇരുപത്തഞ്ചായി. മളിമഠ് ക്ഷമയോടെ കാത്തിരുന്നു. അവര്‍ വന്നു. വന്നപാടെ പറഞ്ഞു: ഞങ്ങള്‍ വാക്കൗട്ട് ചെയ്യുകയാണ്. ഇതു പറഞ്ഞതും, മുണ്ടുടുത്തു വന്ന ഒരു അത്മായ നേതാവ്, വളരെ കയറ്റി മുണ്ടു മടക്കി കുത്തി മാന്യനായ ജഡ്ജിക്കു മുമ്പില്‍ പുറംതിരിഞ്ഞ് നടന്നുപോയി. തുടര്‍ന്ന് ഓരോരുത്തരായി നടന്നിറങ്ങി. അവസാനം മനസ്സില്ലാമനസ്സോടെ ആയിരിക്കണം ഒരു മെത്രാച്ചനും ഇറങ്ങിപ്പോയി. തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായ ഈ നീക്കത്തില്‍ അന്ധാളിച്ച് ഹൈന്ദവനായ ജഡ്ജി തന്‍റെ മുമ്പിലിരുന്ന കടലാസ്സില്‍ എന്തോ കുത്തിവരച്ചുകൊണ്ട് ആത്മഗതമായി പറഞ്ഞു:”I thought this was a Christian Church” (ഞാന്‍ വിചാരിച്ചു, ഇതൊരു ക്രിസ്തീയ
സഭയാണെന്ന്!).
ചോദ്യം: ദേവലോകത്തെ കാതോലിക്കാ ബാവാ വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികളെല്ലാം കയറി പിടിച്ചടക്കാന്‍ പോകുന്നുവെന്നും, അതുകൊണ്ട് സംരക്ഷണസേനകളുണ്ടാക്കി ഒരു യുദ്ധത്തിന് തയ്യാറെടുക്കണമെന്നുമാണല്ലോ പുത്തന്‍കുരിശില്‍ നിന്നു വരുന്ന സന്ദേശം?
ഉത്തരം: ഇതൊരു ദുഃഖകരമായ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. ദേവലോകത്തെ ബാവായ്ക്ക് സൈനിക സന്നാഹങ്ങളോ ക്വട്ടേഷന്‍ സംഘങ്ങളോ ഒന്നുമില്ല. ഏതെങ്കിലും പള്ളിയില്‍, വാതില്‍ പൊളിച്ചു കയറാന്‍ അദ്ദേഹത്തിനു താല്പര്യമോ ശക്തിയോ ഇല്ലെന്നാണ് എന്‍റെ അറിവ്. രണ്ടു ഭാഗത്തുമുള്ള വിവരമുള്ളവര്‍ ഒരുമിച്ചിരുന്ന് സംസാരിച്ച്, ഈ മണ്ണില്‍ നിന്ന് ഒരു വലിയ ശാപം നീക്കിക്കളയാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വലിയ ഒരു സാക്ഷ്യമില്ല. നാമെല്ലാം ഓരോ അളവില്‍ കുറ്റവും കുറവും സ്വാര്‍ത്ഥതയുമുള്ളവരാണ്. എങ്കിലും മനുഷ്യര്‍ എന്ന നിലയില്‍ വല്ലപ്പോഴുമെങ്കിലും നമ്മുടെ ഇടുങ്ങിയ പൊട്ടക്കിണറുകളില്‍ നിന്ന് പുറത്തു വന്ന്, ഒരുമിച്ചിരുന്ന് ദൈവത്തിന്‍റെ വിശാലമായ ആകാശവും സൃഷ്ടിയുടെ സുന്ദരമായ താളക്രമവും അനന്തതയുടെ ആഴവും ദര്‍ശിച്ച് ദൈവത്തെ സ്തുതിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു. ഇപ്പോള്‍ സിറിയയിലും ഇറാക്കിലും സംഭവിച്ചതുപോലെ, ഒരുപക്ഷേ 100 വര്‍ഷം കഴിഞ്ഞ്, തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ കലഹങ്ങളുടെ അര്‍ത്ഥശൂന്യത, അന്നുള്ളവര്‍ക്ക് ബോധ്യപ്പെട്ടേക്കാം. നമ്മുടെ നേതാക്കളുടെ ഊര്‍ജ്ജവും പാവം വിശ്വാസികളുടെ പണവും എന്തിനാണ് ഒരു സമൂഹത്തിന്‍റെ നാശത്തിനു വേണ്ടി നല്‍കിയത് എന്ന് ആരെങ്കിലും ചോദിച്ചേക്കാം.
ചോദ്യം: ഓര്‍ത്തഡോക്സ് സഭ ഭരണഘടന മാറ്റുമെന്നും അന്ത്യോക്യാ പാത്രിയര്‍ക്കീസിന് ഇപ്പോള്‍ ഭരണഘടനാനുസൃതമായി നല്‍കിയിരിക്കുന്ന സ്ഥാനം എടുത്തു കളയുമെന്നും ആണല്ലോ ‘യാക്കോബായ’ വിഭാഗം പ്രചരിപ്പിക്കുന്നത്. അതില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ഉത്തരം: വാസ്തവത്തില്‍ ഇങ്ങനെയൊരു ഭയം കാലം ചെയ്ത സാക്കാ പ്രഥമന്‍ ബാവായ്ക്ക് ഉണ്ടായിരുന്നു. ഒരുപക്ഷേ ഇന്ത്യയില്‍ നിന്നു ചിലര്‍ അദ്ദേഹത്തില്‍ നിരന്തരം കുത്തിവച്ച ഭയമായിരിക്കാം. ഒരു തരത്തിലും മലങ്കരയില്‍ സഭാസമാധാനത്തിനും ഐക്യത്തിനും അദ്ദേഹം വഴങ്ങരുത് എന്ന് ശഠിക്കുന്നവരായിരിക്കണമല്ലോ അങ്ങനെ അദ്ദേഹത്തെ ഭയപ്പെടുത്തിയത്.
ചോദ്യം: ഇക്കാര്യം സാക്കാ ബാവായോട് അച്ചന്‍ സൂചിപ്പിച്ചിട്ടുണ്ടോ?
ഉത്തരം: ഉണ്ട്. ദമാസ്ക്കസില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെ മറാഅത് സെയ്ദ്നായ എന്ന ഗ്രാമപ്രദേശത്ത് ഒരു മലഞ്ചെരുവില്‍ സാക്കാ ബാവാ പണികഴിപ്പിച്ച സെമിനാരിയുണ്ട്. മൂന്ന് തവണ അവിടെ ഞാന്‍ താമസിച്ചിട്ടുണ്ട് (അത് അദ്ദേഹത്തിന്‍റെ പുതിയ ആസ്ഥാനം കൂടിയായിരുന്നു. കബറടക്കിയതും അവിടെത്തന്നെ.) അവിടെ വച്ച് ഇക്കാര്യം ബാവാ തന്നെ പറയാനിടയായി. ഡബ്ലിയു.സി.സി. യുടെ ഒരു ചെറിയ മീറ്റിംഗ് അരമനയില്‍ വച്ച് നടന്നു. സമാധാനകാര്യത്തെക്കുറിച്ച് സ്വകാര്യമായി അദ്ദേഹത്തോടു ചോദ്യങ്ങള്‍ ചോദിച്ചു. ഇന്ത്യയിലെ ഓര്‍ത്തഡോക്സ് സഭ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചെന്നോ പാത്രിയര്‍ക്കേറ്റിനെ തള്ളിയെന്നോ ഒന്നും അദ്ദേഹം പറഞ്ഞില്ല. പിന്നെന്താണ് പ്രശ്നം എന്നതായിരുന്നു എന്‍റെ സംശയം.
ഒരവസരത്തില്‍ ഞാന്‍ ചോദിച്ചു: ‘അങ്ങയുടെ മുന്‍ഗാമിയും മലങ്കരസഭ മുഴുവനും ചേര്‍ന്ന് സ്വീകരിച്ച കാനോനിക കാതോലിക്കേറ്റുമായി വീണ്ടും ബന്ധം തുടരുന്നതിന് പിന്നെന്താണ് തടസ്സം?’ അദ്ദേഹം അല്പം മൗനമായിരുന്നിട്ട് മടിയോടെ പറഞ്ഞു: ‘നിങ്ങള്‍ അവിടെ ഭരണഘടന ഭേദഗതി ചെയ്യും’ (You will change the Constitution in Malankara). അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘പിതാവേ, എന്‍റെ എളിയ അറിവനുസരിച്ച്, ഒന്നായിത്തീരുന്ന സഭയില്‍ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല. കാരണം, ഐക്യം വന്നാല്‍ ഇരു ഭാഗങ്ങളും ചേര്‍ന്നാണ് അസോസിയേഷന്‍ കൂടുന്നതും ഭരണഘടനയില്‍ എന്തെങ്കിലും ഭേദഗതി ആവശ്യമുണ്ടെങ്കില്‍ ചെയ്യുന്നതും എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. അപ്പോള്‍ ഞങ്ങള്‍ക്ക് എങ്ങിനെ അത് ചെയ്യാന്‍ കഴിയും?’ ബാവാ അതിനു മറുപടിയൊന്നും പറഞ്ഞില്ല. എനിക്കു മനസ്സിലായി, അത് അദ്ദേഹത്തിന്‍റെ സ്വന്തമായ ഭയമായിരുന്നില്ല. ഇവിടെ നിന്ന്, പിളര്‍പ്പ് നിലനിര്‍ത്താന്‍ ചിലര്‍ ഉപയോഗിച്ച ആപ്പായിരുന്നു അത്.
ചോദ്യം: ഇത്രയൊക്കെ പ്രകോപനം ഉണ്ടായിട്ടും മലങ്കര ഓര്‍ത്തഡോക്സ് സഭ തുബ്ദേനില്‍ നിന്നോ, ഭരണഘടനയില്‍ നിന്നോ പാത്രിയര്‍ക്കീസിന്‍റെ പേര് മാറ്റിയില്ല എന്ന് സാക്കാ ബാവായോട് അച്ചന്‍ പറഞ്ഞിട്ടില്ലേ?
ഉത്തരം: എന്തിനാണ് അത് പറയുന്നത്. അദ്ദേഹത്തിന് അക്കാര്യങ്ങളൊക്കെ നന്നായി അറിയാമല്ലോ. ഇന്ത്യയില്‍ ഉള്ളവര്‍ക്കും അറിയാം.
ചോദ്യം: 1958-ലെ വിധിയനുസരിച്ച് ഇരു ഭാഗവും തമ്മില്‍ യോജിച്ചപ്പോള്‍ ഉണ്ടായ നല്ല അനുഭവങ്ങള്‍, പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും യോജിച്ചാല്‍ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?
ഉത്തരം: ഇടവകതലത്തില്‍, ധാരാളം നല്ല അനുഭവങ്ങള്‍ പഴയ യോജിപ്പില്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് പരിചയമുള്ള ഒരു ഉദാഹരണം പറയാം. പ്രശസ്തമായ മണര്‍കാട് സെന്‍റ് മേരീസ് പള്ളി 1958-ലെ വിധിയും 1964-ലെ കാതോലിക്കാവാഴ്ചയും എല്ലാം സ്വീകരിച്ച് പൂര്‍ണ്ണമായ ഐക്യത്തില്‍ വന്ന ഒരു പള്ളിയാണ്. ഐകമത്യപ്പെട്ട സഭയില്‍ അത് കോട്ടയം ഭദ്രാസനത്തില്‍, പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഭരണസീമയിലായിരുന്നു. കുലീനനും നീതിനിഷ്ഠനുമായിരുന്ന പാറേട്ട് തിരുമേനി അദ്ദേഹത്തിന്‍റെ മേല്പട്ടസ്ഥാനം ഉചിതമായി ഉപയോഗിച്ചു. മണര്‍കാട് പള്ളിയുടെ ആഭ്യന്തരഭരണത്തിലോ പട്ടക്കാരുടെ കാര്യത്തിലോ യാതൊരു അനാവശ്യ ഇടപെടലും അദ്ദേഹം നടത്തിയില്ല. മണര്‍കാട് പള്ളിയിലെ വൈദികരെസ്ഥലംമാറ്റാതെ തന്നെ അവര്‍ക്ക് മറ്റ് ഇടവകപള്ളികളുടെ ചാര്‍ജ് കൂടി കൊടുത്തു. എല്ലാവര്‍ക്കും സന്തോഷമായി. ഈയിടെ പാറേട്ട് തിരുമേനിയുടെ ജൂബിലി ഗ്രന്ഥം ഇറക്കിയപ്പോള്‍, മണര്‍കാട് പള്ളി വികാരിയായ കോര്‍എപ്പിസ്ക്കോപ്പാ ഇട്ട്യാടത്ത് അച്ചനും സീനിയര്‍ വൈദികന്‍ കോര്‍എപ്പിസ്ക്കോപ്പാ കിഴക്കേടത്ത് അച്ചനും തിരുമേനിയെക്കുറിച്ച് നല്ല സാക്ഷ്യങ്ങള്‍ നല്‍കിയത് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ എല്ലാ ഇടവകകളും വിധിയനുസരിച്ച് ഭരണഘടനയ്ക്കു വിധേയമായി ഒരുമിച്ചു പോകാന്‍ തീരുമാനിച്ചാല്‍, അത്തരം ഇടവകകള്‍ക്കും ജനങ്ങള്‍ക്കും യോഗ്യരായ വൈദികര്‍ക്കും ഏതെങ്കിലുംതരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ചോദ്യം: ‘കോട്ടയം മോഡല്‍’ എന്ന പേരില്‍ പ്രശസ്തമായ പരസ്പര സൗഹൃദബന്ധം രണ്ട് കക്ഷികള്‍ തമ്മില്‍ അടുത്തകാലത്ത് ഉണ്ടായല്ലോ. അത് സഭയ്ക്കു മുഴുവനും മാതൃകയാക്കാമോ?
ഉത്തരം: കോട്ടയത്ത് ആദരണീയരായ കല്ലൂപ്പറമ്പില്‍ അച്ചന്‍, ഒളശ്ശയിലെ മഞ്ചയില്‍ അച്ചന്‍ തുടങ്ങിയവരുടെ ശവസംസ്ക്കാരമൊക്കെ വളരെ ഉചിതമായി പരസ്പര സഹകരണത്തോടു കൂടി ചെയ്തു. അതുപോലെ മാമോദീസാ, വിവാഹം, രോഗികളുടെ തൈലാഭിഷേകം തുടങ്ങിയ കൂദാശകളിലും പരസ്പര വൈദിക – എപ്പിസ്ക്കോപ്പല്‍ തലത്തില്‍ സഹകരണം ഉണ്ടായത് ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്ന നല്ല ഓര്‍മ്മകളാണ്. ഇപ്പോള്‍ വിധിയനുസരിച്ച് മലങ്കരസഭയില്‍ കക്ഷികള്‍ ഇല്ല. അതുകൊണ്ട് വീണ്ടും ഏകശരീരമായിത്തീര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രത്യാശയും, സാക്ഷ്യവും സന്തോഷവും വളരെയേറെ വര്‍ദ്ധിക്കുമല്ലോ.
ചോദ്യം: എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍ അച്ചന് ഭാവിയെക്കുറിച്ച് നിരാശയോ പ്രത്യാശയോ?
ഉത്തരം: പ്രത്യാശയില്ലാത്തവന്‍ ക്രിസ്ത്യാനിയല്ല. മനുഷ്യന്‍റെ കഴിവിലും യുക്തിയിലുമല്ല നമ്മുടെ പ്രത്യാശ, ദൈവത്തിന്‍റെ കരുണയിലും സ്നേഹത്തിലുമാണല്ലോ. അതുകൊണ്ട്, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ മുന്‍നിര്‍ത്തി മലങ്കരസഭ (രണ്ട് വിഭാഗങ്ങളും ചേര്‍ന്നത്) ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം. ഭരണപരമായ പുതിയ സംവിധാനത്തോടൊപ്പം പരസ്പരമുണ്ടാക്കിയ മുറിവുകളെ ഉണക്കാനുള്ള ഒരു വലിയ ചികിത്സയും (Healing Process) ആരംഭിക്കണം. ഇപ്പോഴത്തെ വിധിയെ അതിനുള്ള നിമിത്തമായും ദൈവനിയോഗമായും ഇരുകൂട്ടരും കരുതണം. വിജയമെന്നോ പരാജയമെന്നോ ചിന്തിക്കാതെ, വിവേകത്തിന്‍റെ വഴിയില്‍ നമ്മുടെ ജനങ്ങളെ ഇടയന്മാര്‍ നയിക്കണം. ജനങ്ങളല്ലല്ലോ കലഹം തുടങ്ങി വച്ചത്. വിഷം കയറ്റിയില്ലെങ്കില്‍ ഇപ്പോഴും അവരില്‍ നല്ല പങ്ക് ഒരുമിച്ച് പോകണമെന്ന് ആഗ്രഹിക്കുന്നു. ഒരുമയ്ക്കു വേണ്ടിയുള്ള ദൈവജനത്തിന്‍റെ ദിവ്യമായ ആഗ്രഹം തിരിച്ചറിഞ്ഞ്, അവരുടെ പ്രത്യാശയ്ക്ക് ഭംഗം വരുത്താതെ, ഇടയന്മാര്‍ ദൈവേഷ്ടത്തിന് വിധേയപ്പെടണം, വിനയപ്പെടണം.
(ഫാ. ഡോ. കെ. എം. ജോര്‍ജുമായി ജോയ്സ് തോട്ടയ്ക്കാട് നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്നും)